1958: നിഴലും പൊരുളും
മലങ്കര നസ്രാണികളുടെ ഉയര്‍ന്ന സാമ്പത്തികസ്ഥിതിയെപ്പറ്റിയും അവരനുഭവിക്കുന്ന രാഷ്ട്രീയ സ്വാതന്ത്ര്യത്തെപ്പറ്റിയും അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമാര്‍ക്ക് വ്യക്തമായ ധാരണ കിട്ടിയത് പതിനെട്ടാം നൂറ്റാണ്ടിൻ്റെ മദ്ധ്യത്തിലാണ്. ആ കാലംമുതല്‍ തുര്‍ക്കി സാമ്രാജ്യത്തില്‍ സാമ്പത്തികമായും രാഷ്ട്രീയമായും നൂറ്റാണ്ടുകളായി ഞെരിക്കപ്പെട്ടിരുന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസുമാര്‍ മലങ്കര സഭയുടെ ലൗകീക ഭരണം കൈക്കലാക്കാനും സ്വത്തും പണവും കുത്തിവാരാനും നടത്തിയ ശ്രമങ്ങളാണ് അന്നു മുതല്‍ ഇതഃപര്യന്തം മലങ്കര സഭയിലുണ്ടായ പ്രശ്‌നങ്ങളുടെയെല്ലാം മൂല കാരണം. 1750-കളില്‍ അന്തോഖ്യയുടെ ഗീവര്‍ഗീസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് മലങ്കരയിലേയ്ക്കയച്ച കല്പന മുതലുള്ള രേഖകള്‍ ഇത് വ്യക്തമാക്കുന്നുണ്ട്.
മറുവശത്ത് നസ്രാണിയും മോശമല്ലായിരുന്നു. തങ്ങള്‍ക്ക് തദ്ദേശീയ മെത്രാനുണ്ടായ കാലംമുതല്‍ മെത്രാനെതിരെ ഓരോ കക്ഷികള്‍ കാലാകാലങ്ങളില്‍ രൂപപ്പെട്ടിരുന്നു. താത്വിക – വിശ്വാസ ഭിന്നതകളൊന്നുമായിരുന്നില്ല ഇത്തരം വിഭാഗീയതകള്‍ക്ക് കാരണമായിരുന്നത്. അനേകരുടെ വ്യക്തിപരമായ അഭിപ്രായ ഭിന്നതകളും കുടുംബ വഴക്കുകളുമൊക്കെ മെത്രാനെതിരായി തിരിയുമ്പോള്‍ അവര്‍ താല്‍ക്കാലികമായി ഒരുമിക്കുന്ന ഒരു പ്രതിഭാസം മാത്രമായിരുന്നു അത്. പാത്രിയര്‍ക്കീസും കാലാകാലങ്ങളില്‍ മലങ്കരയിലുണ്ടായിരുന്ന ശീമ മെത്രാന്മാരും ഇത്തരക്കാരെ പിന്തുണച്ചതോടെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിൻ്റെ അധികാര മോഹത്തിന് ഭാഗികമായെങ്കിലും പിന്തുണ ലഭിച്ചു. ആ പ്രക്രിയ ഇന്നും തുടരുന്നു.
തമ്മില്‍തല്ലുക എന്നത് നസ്രാണിയുടെ ഒരു പൊതു സ്വഭാവമാണ്. നസ്രാണി പാരമ്പര്യം അവകാശപ്പെടുന്ന ചെറുതും വലുതുമായ സഭകളിലെല്ലാം ഏതെങ്കിലും വിധത്തിലുള്ള വിഭാഗീയത നിലവിലുണ്ട്. സീറോ-മലബാര്‍ റോമന്‍ കത്തോലിക്കാ വിഭാഗത്തിലെ കല്‍ദായ-ലത്തീന്‍ വിഭാഗങ്ങളും വര്‍ത്തമാനകാല സംഭവങ്ങളും, മാര്‍ത്തോമ്മാ സഭയിലെ പ്രൊട്ടസ്റ്റന്റ് – ഓര്‍ത്തഡോക്‌സ് പക്ഷങ്ങള്‍…. അങ്ങിനെ നീളുന്നു. പലതും പുറത്തറിയുന്നില്ല എന്നു മാത്രം. എന്തിന്? നസ്രാണി പാരമ്പര്യമുള്ള കേരളത്തിലെ ഏറ്റവും ചെറിയ സഭയായ പൗരസ്ത്യ കല്‍ദായ സഭയിലെ മെത്രാന്‍ – ബാവാ കക്ഷികള്‍ തമ്മില്‍ സുപ്രീം കോടതി വരെ നീണ്ട കേസുകള്‍ അവസാനിച്ചിട്ട് രണ്ടു ദശവല്‍സരം പോലുമായിട്ടില്ല.
സഭയില്‍ ഭിന്നതകളുണ്ടായപ്പോള്‍ വലിയ മാര്‍ ദീവന്നാസ്യോസ്, പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് എന്നിവര്‍ അനുരജ്ഞനത്തിനു ശ്രമിച്ചു. പക്ഷേ പരമാവധി വിട്ടുവീഴ്ചകളോടെ നടത്തിയ ശ്രമങ്ങളില്‍ വലിയ മാര്‍ ദീവന്നാസ്യോസ് മാത്രമാണ് വിജയം കണ്ടത്. പിന്നീട് അനുരജ്ഞനത്തില്‍ വിജയമധുരം നുണഞ്ഞത് 1958-ല്‍ പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ മാത്രമാണ്.
1929-ലാണ് കൊല്ലം മുതലായ ഇടവകകളുടെ കല്ലാശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, പ. ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ എന്ന നാമത്തില്‍ പൊരസ്ത്യ കാതോലിക്കാ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടത്. 1934-ല്‍ അദ്ദേഹത്തെ മലങ്കര മെത്രാപ്പോലീത്താ കൂടിയായി അസോസിയേഷന്‍ തിരഞ്ഞെടുത്തു. എതിര്‍പക്ഷം കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസിനെ ബദല്‍ മലങ്കര മെത്രാനായി നിയോഗിച്ചതോടെ ഒന്നാം സമുദായക്കേസിനു പ്രാരംഭമായി.
പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് കാലം ചെയ്തതിനു ശേഷം അടുത്ത മലങ്കര മെത്രാനെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് പാത്രിയര്‍ക്കീസുമായി ചര്‍ച്ച ചെയ്ത് ഭാവി കലഹങ്ങള്‍ ഒഴിവാക്കാനുള്ള ശാശ്വത സമാധാന സാദ്ധ്യതകള്‍ ആരായണമെന്ന് ഒരു ചിന്ത സഭയില്‍ പരക്കെയുണ്ടായി. അതനുസരിച്ച് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ജറുശലേമിലും ഹോംസിലുമെത്തി അന്ത്യോഖ്യയുടെ പ. അപ്രേം പ്രഥമന്‍ ബര്‍സോം പാത്രിയര്‍ക്കീസിനെ കണ്ടു. പക്ഷേ പാത്രിയര്‍ക്കീസ് തൻ്റെ സമഗ്രാധികാര വാദത്തില്‍ ഉറച്ചു നില്‍ക്കയും പ. ഗീവര്‍ഗീസ് ദ്വിതീയൻ്റെ ജീവനു ഭീഷണിയുണ്ടാവുകയും ചെയ്തതോടെ ചര്‍ച്ച പരാജയപ്പെട്ടു. ഇതിനെ തുടര്‍ന്ന് കോട്ടയം എം. ഡി. സെമിനാരിയില്‍ മലങ്കര അസോസിയേഷന്‍ വിളിച്ചുകൂട്ടി പ. ഗീവര്‍ഗീസ് ദ്വിതീയനെ മലങ്കര മെത്രാനായി തിരഞ്ഞെടുക്കുകയും സഭാ ഭരണഘടന പാസാക്കുകയും ചെയ്തു.
ഇതിനെ തുടര്‍ന്നാണ് കോട്ടയം ജില്ലാ കോടതിയില്‍ അസല്‍ നമ്പര്‍ 1113-ലെ 111-ാം നമ്പറായി 1938-ല്‍ ഒന്നാം സമുദായക്കേസ് ഫയല്‍ ചെയ്യപ്പെടുന്നത്. പ. ഗീവര്‍ഗീസ് ദ്വിതീയനെ മലങ്കര മെത്രാനായി തിരഞ്ഞെടുത്തത് നിയമ വിധേയമായി ആണോ, സഭാ ഭരണഘടന പാസാക്കിയത് സാധുവാണോ എന്ന രണ്ടു വിഷയങ്ങളാണ് ഈ കേസിലെ അടിസ്ഥാന വിഷയങ്ങളായി പിന്നീട് കോടതിക്കു മുമ്പില്‍ ഉയര്‍ന്നു വന്നത്.
ഈ കേസ് പല കോടതികള്‍ കയറിയിറങ്ങി മുമ്പോട്ടു പോകവെതന്നെ വിവിധ സമാധാനശ്രമങ്ങളും മുന്നേറിയിരുന്നു. അന്ത്യോഖ്യാ പാത്രിയര്‍ക്കീസിൻ്റെയും നാടന്‍ ക്വാജോമാരുടെയും പിടിവാശികള്‍ക്കു മുമ്പില്‍ അവയെല്ലാം എരിഞ്ഞടങ്ങി. ഭൂമിയോളം താഴാന്‍ പോലും പ. ഗീവര്‍ഗീസ് ദ്വിതീയനും മലങ്കര സഭയും തയാറായിരുന്നു. പക്ഷേ കാതോലിക്കാ സ്ഥാപനം ഇല്ലാതാക്കുവാനോ അബ്ദല്‍ മ്ശീഹാ പാത്രിയര്‍ക്കീസു വഴിയുള്ള പട്ടത്വ പിന്തുടര്‍ച്ചയെ തള്ളിപ്പറയാനോ ലൗകീകാധികാരം അടിയറവയ്ക്കാനോ അവര്‍ ഒരിക്കലും തയാറായിരുന്നില്ല. ഇരുപക്ഷവും തയാറായിരുന്നിട്ടും സമാധാനം സാധിതപ്രായമാകാതെ പോയത് ഒരു പരിധിയിലധികം ആലുവായിലെ വലിയ തിരുമേനി എന്നറിയപ്പെടുന്ന കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസിൻ്റെ ഈഗോ കാരണമായിരുന്നു.
സഹപാഠികളും കത്തനാര്‍, റമ്പാന്‍ സ്ഥാനങ്ങള്‍ ഒരുമിച്ച് സ്വീകരിച്ചവരുമായിരുന്നു പ. ഗീവര്‍ഗീസ് ദ്വിതീയനും മാര്‍ അത്താനാസ്യോസും. ഇരുവരില്‍ ആദ്യം മേല്പട്ടസ്ഥാനം ലഭിച്ചത് മാര്‍ അത്താനാസ്യോസിനായിരുന്നു. സഹപാഠിയെ മേല്‍സ്ഥാനി ആയി അംഗീകരിക്കാനുള്ള വിമുഖതയാണ് പല സമാധാന ചര്‍ച്ചകളേയും അട്ടിമറിക്കാന്‍ മാര്‍ അത്താനാസ്യോസിനെ പ്രേരിപ്പിച്ചതെന്നു ചില സമകാലിക രേഖകള്‍ സൂചന നല്‍കുന്നുണ്ട്.
1953-ല്‍ മാര്‍ അത്താനാസ്യോസ് കാലം ചെയ്തു. തല്‍സ്ഥാനത്ത് ഏബ്രഹാം മാര്‍ ക്ലിമ്മീസ്, പാത്രിയര്‍ക്കീസ് വിഭാഗം മലങ്കര മെത്രാനായി കേസില്‍ കക്ഷി ചേര്‍ന്നു. 1958 സെപ്റ്റംബര്‍ 12-ന് ഇന്ത്യന്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ച് മലങ്കര സഭയ്ക്ക് പൂര്‍ണ്ണമായും അനുകൂലമായി വിധി പ്രഖ്യാപിച്ചു. അതോടെ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായെ മലങ്കര മെത്രാനായി തിരഞ്ഞെടുത്തത് നിയമാനുസൃതമാണന്നും സഭാ ഭരണഘടന പാസാക്കിയ നടപടി സാധുവാണന്നുമുള്ള വസ്തുതകള്‍ അസന്നിഗ്ദമായി വ്യക്തമായി.
സുപ്രീം കോടതി വിധി വന്ന ഉടന്‍ത്തന്നെ സഭാ സമാധാനത്തിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു എന്നുതന്നെ പറയാം. ചിങ്ങവനം ദയറാ കേന്ദ്രീകരിച്ചായിരുന്നു മുന്‍ പാത്രിയര്‍ക്കീസ് വിഭാഗം ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്തത്. പ. ഗീവര്‍ഗീസ് ദ്വിതീയൻ്റെ ആലോചനക്കാരായി ഉണ്ടായിരുന്നത് തോമ്മാ മാര്‍ ദീവന്നാസ്യോസ്, പാറേട്ട് മാര്‍ ഈവാനിയോസ്, വട്ടക്കുന്നേല്‍ മാത്യൂസ് മാര്‍ അത്താനാസ്യോസ് (പിന്നീട് പ. മാത്യൂസ് പ്രഥമന്‍) മണലില്‍ യാക്കോബ് കത്തനാര്‍, തലക്കുളത്ത് ടി. സി. ജേക്കബ് കത്തനാര്‍, കെ. ചെറിയാന്‍ വക്കീല്‍, എറികാട്ട് ഇ. ജെ. ജോസഫ് മുതലായവരായിരുന്നു.
അനേകം ആശയ വിനിമയങ്ങള്‍ ഇരുപക്ഷവും തമ്മില്‍ നടന്നു. അന്നു ഇരുപക്ഷത്തിനുമിടയില്‍ സന്ദേശവാഹകനായി പ്രവര്‍ത്തിച്ച കെ. ചെറിയാന്‍ വക്കീലിൻ്റെ ബന്ധുവും മാര്‍ത്തോമ്മാ സഭാംഗവുമായ ഒരു വ്യക്തിയായിരുന്നു. ഈ വസ്തുത രണ്ടു ദശാബ്ദംമുമ്പ് അദ്ദേഹം ഈ ലേഖകനോട് സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ്, ഏബ്രഹാം മാര്‍ ക്ലിമ്മീസ്, കല്ലൂപ്പറമ്പില്‍ വി. എം. ഗീവര്‍ഗീസ് കത്തനാര്‍, പാലാമ്പടം പി. റ്റി. തോമസ് മുതലായ പ്രഗത്ഭര്‍ മറുഭാഗത്തിനു നേതൃത്വം കൊടുത്തതിനാല്‍ ആശയവിനിമയം സുഗമമായിരുന്നെങ്കിലും പരിഹാരം ലഘുവായിരുന്നില്ല. നിരുപാധികമായ ഒത്തുതീര്‍പ്പിന് മലങ്കരസഭാ നേതൃത്വം തയാറല്ലായിരുന്നു എന്നതായിരുന്നു പ്രധാന പ്രതിസന്ധി. പാത്രിയര്‍ക്കീസിൻ്റെ അമര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമായ അധികാരമോഹവും സമാധാനത്തിനു തടസമായിരുന്നു.
അവസാനം ഒത്തുതീര്‍പ്പിലെത്തി. പരസ്പര സ്വീകരണ കല്പനകള്‍ പാത്രിയര്‍ക്കീസും അംഗീകരിച്ചതിനെ തുടര്‍ന്ന് 1958 ഡിസംബര്‍ 16-ന് രാത്രി ഏറെ വൈകി പഴയ സെമിനാരിയില്‍ വെച്ച് പരസ്പര സ്വീകരണ കല്പനകള്‍ കൈമാറി. പൗരസ്ത്യ കാതോലിക്കായെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് നിരുപാധികം സ്വീകരിച്ചപ്പോള്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ സഭാ ഭരണഘടനയ്ക്ക് വിധേയമായി സ്വീകരിക്കുവാന്‍ നാം പ്രസാദിച്ചിരിക്കുന്നു എന്നണ് പ. ഗീവര്‍ഗീസ് ദ്വിതീയന്‍ മറുപടി നല്‍കിയത്. മുന്‍കൂര്‍ ധാരണയനുസരിച്ചു തയാറാക്കിയ ഈ കല്പനകള്‍ അംഗീകരിക്കാന്‍ സ്വകക്ഷിയാല്‍ത്തന്നെ യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് നിര്‍ബന്ധിതനായി എന്നതാണ് യാഥാര്‍ഥ്യം.
മലങ്കരയിലെ മുന്‍ പാത്രിയര്‍ക്കീസ് വിഭാഗ നേതൃത്വവും ഭൂരിപക്ഷം അനുയായികളും ഈ സമാധാനത്തെ സര്‍വാത്മനാ അംഗീകരിച്ചു എന്നതാണ് പില്‍ക്കാല ചരിത്രം നല്‍കുന്ന സാക്ഷ്യങ്ങള്‍. പിറ്റെ വര്‍ഷം തന്നെ അങ്കമാലി ഭദ്രാസനത്തില്‍ 1934-ലെ സഭാ ഭരണഘടന നടപ്പിലാക്കി വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് കല്പന പുറപ്പെടുവിച്ചു. അതിനേക്കാള്‍ മുമ്പ് 1958 ഡിസംബര്‍ 26-ന് പുത്തന്‍കാവില്‍ വിളിച്ചുകൂട്ടിയ അസോസിയേഷനില്‍ കൊച്ചി ഭദ്രാസനത്തിലെ പള്ളികള്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ട് മുളയിരിക്കല്‍ പൗലൂസ് മാര്‍ സേവേറിയോസ് 1958 ഡിസംബര്‍ 19-ന് കല്പന അയച്ചു.
മലങ്കര സഭാ ന്യൂസ് Android Application → OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ |
മുന്‍ പാത്രിയര്‍ക്കീസ് ഭാഗത്തെ മെത്രാന്മാരില്‍ ഏറ്റവും ചെറുപ്പക്കാരനും തീവൃവാദിയുമായിരുന്നു മുളയിരിക്കല്‍ പൗലൂസ് മാര്‍ സേവേറിയോസ്. പരസ്പര സ്വീകരണത്തെ ആദിമുതല്‍ എതിര്‍ത്തിരുന്ന അദ്ദേഹം ചര്‍ച്ചകളിലോ 1958 ഡിസംബര്‍ 16-ന് നടന്ന പരസ്പര സ്വീകരണത്തിലോ പങ്കെടുത്തില്ല. ഇടവകപ്പള്ളികള്‍ പോയാലും താന്‍ സ്ഥാപിച്ച കൊരട്ടി സെമിനാരി മാത്രം തനിക്ക് മതി എന്നതായിരുന്നു അദ്ദേഹം സ്വീകരിച്ചിരുന്ന നിലപാട്. എന്നാല്‍ പരസ്പര സ്വീകരണം യാഥാര്‍ത്ഥ്യമായതിനെത്തുടര്‍ന്ന് അദ്ദേഹം നിലപാട് മാറ്റി. 1958 ഡിസംബര്‍ 18-ന് ദേവലോകത്തെത്തി പ. ഗീവര്‍ഗീസ് ദ്വിതീയനോട് വിധേയത്വം പ്രഖ്യാപിച്ചു.
എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു മുളയിരിക്കല്‍ പൗലൂസ് മാര്‍ സേവേറിയോസിന്റേത്. കാതോലിക്കേറ്റിനോടുള്ള വിധേയ വാഗ്ദനത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. തൻ്റെ ഭരണസീമയില്‍ അനധികൃതമായി കൈകടത്താന്‍ ശ്രമിച്ചപ്പോള്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസിനെ ഒന്നാം പ്രതിയാക്കി അദ്ദേഹം കേസ് ഫയല്‍ ചെയ്തു. നൂറ്റാണ്ടു കടന്ന മലങ്കര സഭാ തര്‍ക്കത്തില്‍ അന്ത്യോഖ്യ പാത്രിയര്‍ക്കീസ് പ്രതിയാകുന്ന ആദ്യ കേസായിരുന്നു അത്. ഒരു പക്ഷേ ഏക കേസും. 1962-ല്‍ ആകസ്മികമായി അദ്ദേഹം കാലം ചെയ്തില്ലായിരുന്നെങ്കില്‍ പ. ഗീവര്‍ഗീസ് ദ്വിതീയൻ്റെ പിന്‍ഗാമിയായി അദ്ദേഹം വാഴിക്കപ്പെടുമായിരുന്നെന്നും എങ്കില്‍ 1970-കളിലെ പാത്രിയര്‍ക്കീസിൻ്റെ വിളയാട്ടം നടക്കില്ലായിരുന്നു എന്നും സയുക്തികം വിശ്വസിക്കുന്നവര്‍ അനേകരുണ്ട്.
യോജിച്ച സഭയിലെ മെത്രാന്മാരുടെ അധികാര വിഭജനം ഒന്നൊഴികെ എല്ലാം ലളിതമായിരുന്നു. മാര്‍ ക്‌ളിമ്മീസ്, മാര്‍ ഗ്രീഗോറിയോസ്, മാര്‍ സേവേറിയോസ് എന്നിവര്‍ക്ക് യഥാക്രമം ക്‌നാനായ, അങ്കമാലി, കൊച്ചി എന്നീ അവര്‍ മുമ്പ് ഭരിച്ചിരുന്ന ഭദ്രാസനങ്ങള്‍ തന്നെ പൂര്‍ണ്ണമായും ഭരമേല്പിച്ചു. കണ്ടനാട് ആണ് കീറാമുട്ടിയായത്. ഔഗേന്‍ മാര്‍ തീമോത്തിയോസ് (പിന്നീട് പ. ഔഗേന്‍ പ്രഥമന്‍), പൗലൂസ് മാര്‍ പീലക്‌സീനോസ് എന്നിവരെ ഉള്‍ക്കൊള്ളേണ്ടിയിരുന്നു. അവസാനം ഇരുവരേയും കണ്ടനാടിൻ്റെ ജോയിന്റ് മെത്രാന്മാരായി നിയമിച്ചു.
മലങ്കരസഭയ്ക്കു പറ്റിയ ഏറ്റവും വലിയ പാളിച്ച അതായിരുന്നു. പില്‍ക്കാലത്ത് ഉടലെടുത്ത ക്‌നാനായ, മലബാര്‍, ബാഹ്യകേരളം എന്നിവ ഒഴിവാക്കിയാല്‍ 1877-ല്‍ പത്രോസ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് വരച്ച ഏഴു ഭദ്രാസനങ്ങള്‍ എന്ന മാസ്മരിക സംഖ്യയില്‍ കുടുങ്ങിക്കിടന്നവര്‍ മുമ്പെങ്ങുമുണ്ടാകാത്ത ജോയിന്റ് മെത്രാപ്പോലീത്താമാര്‍ എന്ന വിചിത്ര സൃഷ്ടിയെ രൂപകല്പന ചെയ്തത് പില്‍ക്കാല ദുരന്തങ്ങള്‍ക്ക് വഴിമരുന്നായി.
സമാധാനം കൈവരിച്ചിട്ടും ഒറ്റപ്പെട്ട മുറുമുറുക്കലുകള്‍ അവിടവിടെ നിലനിന്നിരുന്നു. ഇടവകപ്പട്ടത്തില്‍നിന്നും ഭദ്രാസനപ്പട്ടത്തിലേക്കുള്ള പരിവര്‍ത്തനം ഉള്‍ക്കൊള്ളാനാവാത്ത കുച്ചു കത്തനാരന്മാര്‍ ആയിരുന്നു അവരില്‍ ഭൂരിപക്ഷവും. സഭാ ഭരണഘടനയെന്നല്ല, ഒരു വളയത്തിനുള്ളില്‍ക്കൂടിയും ചാടാന്‍ വിമുഖരായ കുറച്ചുപേരും അക്കൂടെ കൂടി. ഇത്തരക്കാരാണ് പൗലൂസ് മാര്‍ പീലക്‌സിനോസിനെ മുമ്പില്‍ നിര്‍ത്തി 1962-ല്‍ അന്ത്യോഖ്യന്‍ മൂവ്‌മെന്റ് സ്ഥാപിച്ചത്. മീഖായേല്‍ മാര്‍ ദീവന്നാസ്യോസിൻ്റെ കാലശേഷം പാത്രിയര്‍ക്കീസ് ഭാഗത്തെ കോട്ടയം മുതല്‍ തെക്കോട്ടുള്ള ഭദ്രാസനങ്ങളുടെ മുഴുവന്‍ ചുമതല വഹിച്ചിരുന്ന പൗലൂസ് മാര്‍ പീലക്‌സിനോസിന് തന്നെ കണ്ടനാടിൻ്റെ ജൂണിയര്‍ മെത്രാന്‍ മാത്രമാക്കി ചുരുക്കിയത് സ്വാഭാവികം. ഇവിടെയും വില്ലനായത് ഈഗോ. ആ അസംതൃപ്തി വിഘടിതരും പാത്രിയര്‍ക്കീസും മുതലാക്കി എന്നുമാത്രം. മാര്‍ പീലക്‌സിനോസിൻ്റെ മുടക്കില്‍ കലാശിച്ച ഈ നാടകം 1964-ല്‍ മാര്‍ തീമോത്തിയോസ് കാതോലിക്കാ സ്ഥാനത്ത് അവരോധിക്കപ്പെടുകയും മാര്‍ പീലക്‌സിനോസിനു കണ്ടനാടിൻ്റെ പൂര്‍ണ്ണ ചുമതല ലഭിയ്ക്കുകയും ചെയ്തതോടെ കെട്ടടങ്ങി.
1959-ല്‍ കണ്ടനാട് ഭദ്രാസനം വിഭജിച്ച് ഇരു മെത്രാന്മാര്‍ക്കും സ്വതന്ത്ര ചുമതല നല്‍കിയിരുന്നെങ്കില്‍ ഒരുപക്ഷേ 1962-ലെ അന്ത്യോഖ്യന്‍ മൂവ്‌മെന്റ്, നേതാവിനെ ലഭിക്കാതെ കെട്ടങ്ങുമായിരുന്നു എന്നാണ് ഈ ലേഖകന്‍ കരുതുന്നത്. ഏതായാലും 1965-ല്‍ ആഡീസ് അബാബായില്‍ എത്യോപ്യയുടെ ഹെയ്‌ലി സലാസി ചക്രവര്‍ത്തി ഇദംപ്രഥമമായി വിളിച്ചുകൂട്ടിയ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭാ തലവന്മാരുടെ സമ്മേളനത്തില്‍ മലങ്കര സഭയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തില്‍ അംഗമാക്കി മാര്‍ പീലക്‌സിനോസിൻ്റെ മടങ്ങിവരവിനെ സഭ അംഗീകരിച്ചു.
അന്ത്യോഖ്യാ പാത്രിയര്‍ക്കീസന്മാര്‍ക്കു സഹജമായ യാക്കൂബ് ത്രിതീയൻ്റെ അധികാര/ധന തൃഷ്ണയ്ക്ക് ശമനമൊന്നും 1958-ലെ പരസ്പര സ്വീകരണം കൊണ്ട് ഉണ്ടായില്ല. 1960-ല്‍ കൊച്ചി ഭദ്രാസനത്തിലെ ആഭ്യന്തര ഭരണത്തില്‍ കൈകടത്തിയതും, 1962-ല്‍ മാര്‍ പീലക്‌സിനോസിൻ്റെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണനല്‍കിയതും അറുപതുകളുടെ അവസാനത്തില്‍ ഒരു ശീമമെത്രാനെ അന്ത്യോഖ്യാ പ്രതിനിധി എന്ന ഇല്ലാത്ത സ്ഥാനത്ത് അവരോധിച്ചയച്ച് നേരിട്ട് ഭരണത്തില്‍ കൈകടത്താന്‍ ശ്രമിച്ചതും ഒക്കെ ഇതിൻ്റെ ഉദാഹരണങ്ങള്‍ മാത്രം. ഇതിനിടയില്‍ വികസിക്കാന്‍ ആരംഭിച്ച ഗള്‍ഫ് മേഖലയിലെ പള്ളികള്‍ കൈയ്യടക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ 1964-ല്‍ പാത്രിയര്‍ക്കീസ് നടത്തിയ വിലപേശലും, മലയാളി ഉള്ളേടത്തെല്ലാം പള്ളി വെക്കുമെന്നു മലങ്കരസഭയുടെ മറുപടിയും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.
പ. ഗീവര്‍ഗീസ് ദ്വിതീയനും ഇരു ഭാഗത്തേയും മെത്രാന്മാരും നേതാക്കളും ജനങ്ങളും പരസ്പര സ്വീകരണത്തിൻ്റെ ആത്മാവിനെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടിരുന്നു. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ആവശ്യപ്പെട്ടതനുസരിച്ച് മുന്‍ പാത്രിയര്‍ക്കീസ് വിഭാഗത്തില്‍പ്പെട്ട വയലിപ്പറമ്പില്‍ മാര്‍ ഗ്രീഗോറിയോസ് ആണ് അദ്ദേഹത്തിൻ്റെ കന്തീലാ ശുശ്രൂഷയ്ക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചത്. പില്‍ക്കാലത്ത് കണിയാമ്പറമ്പില്‍ കുര്യന്‍ കോര്‍എപ്പിസ്‌ക്കോപ്പായും തുടര്‍ന്ന് ചിറത്തലാട്ട് സി. വി. ജോര്‍ജ്ജ് കോര്‍എപ്പിസ്‌ക്കോപ്പായും നിര്‍ണായകമായ സണ്ടേസ്‌കൂള്‍ ഡയറക്ടര്‍ ജനറല്‍മാരായി.
ഏതര്‍ത്ഥത്തില്‍ പരിശോധിച്ചാലും 1958-ലെ സമാധാനാനന്തര കാലം മലങ്കരസഭയ്ക്ക് വസന്തമായിരുന്നു. ആത്മീയമായും ഭൗതീകമായും സഭ കുതിച്ചുയര്‍ന്നു. പഴയ സെമിനാരിയുടെ ആധുനികവല്‍ക്കരണവും വളര്‍ച്ചയും, കോട്ടയം ബസേലിയോസ് കോളേജ്, കോലഞ്ചേരി മലങ്കര മെഡിക്കല്‍ മിഷന്‍, മലബാര്‍ – ബാഹ്യ കേരള ഭദ്രാസനങ്ങളുടെ അതിദ്രൂത വളര്‍ച്ച… നേട്ടങ്ങളുടെ പട്ടിക അനന്തമായി നീളുന്നു. ഇവ കൂടാതെ രണ്ടു പ്രാവശ്യം പൗരസ്ത്യ കാതോലിക്കായുടേയും മലങ്കര മെത്രാപ്പോലീത്തായുടേയും പിന്‍ഗാമിയേയും അഞ്ചു മെത്രാന്മാരെയും തിരഞ്ഞെടുത്തതും അവരില്‍ മൂന്നുപേരെ കോലഞ്ചേരിയില്‍വെച്ച് ആഘോഷമായി വാഴിച്ചതും ഇക്കാലത്താണ്. അതിനേക്കാള്‍ പ്രധാനമായി മലങ്കര സഭാ ഭരണഘടനയിലെ നാല്‍പ്പതോളം വകുപ്പുകള്‍ മുന്‍ പാത്രിയര്‍ക്കീസ് പക്ഷക്കാരുടെ ക്രിയാത്മകമായ പരിപൂര്‍ണ്ണ സഹകരണത്തോടെ ഭേദഗതി ചെയ്തതും ഇക്കാലത്താണ്.
1958-ലെ സമാധാനം മുഖ്യധാരാ മലങ്കര സഭയ്ക്ക് ഉണ്ടാക്കിയ നേട്ടം മനസിലാകുന്നത് 1970-കളിലെ പിളര്‍പ്പിനു ശേഷമാണ്. അതിനു മുമ്പ് വടക്ക് ഏതാനും തുരുത്തുകളില്‍ മാത്രം സ്വാധിനമുണ്ടായിരുന്ന മലങ്കര സഭ, പിളര്‍പ്പിനുശേഷം അവിടെല്ലാം പരക്കെ നിര്‍ണായകശക്തിയായി. അതായിരുന്നു 1958-നെക്കുറിച്ചുള്ള ജനവികാരം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ മാത്രം നവ വിഘടിത വിഭാഗത്തോടൊപ്പം നില്‍ക്കേണ്ടി വന്ന അപൂര്‍വം ചിലരൊഴികെ 1958-നു മുമ്പ് പാത്രിയര്‍ക്കീസ് കക്ഷിയില്‍ നിന്ന പ്രമുഖരും പണ്ഡിതരുമായ വൈദീക – അവൈദീക നേതാക്കളും സഭയുടെ മുഖ്യധാരയില്‍ത്തന്നെ തുടര്‍ന്നും ഉറച്ചുനിന്നു. കോനട്ട് അബ്രഹാം മല്പാന്‍, ഞാര്‍ത്താങ്കല്‍ കോരുത് മല്പാന്‍, ഫാ. ഡോ. വി. സി. സാമുവേല്‍, ഫാ. മത്തായി നൂറനാല്‍, ഫാ. മത്തായി ഇടയനാല്‍, ഫാ. ജോസഫ് വെണ്ടറപ്പള്ളി… കണക്കെടുത്താല്‍ ഈ പട്ടിക ഇവിടെങ്ങും അവസാനിക്കില്ല.
1958-ലെ സുപ്രീം കോടതി വിധി നടത്തിയെടുക്കാതിരുന്നതാണ് 1970-കളിലെ പിളര്‍പ്പിനു കാരണം എന്ന വാദം നിരര്‍ത്ഥകമാണ്. ഒന്നാം സമുദായക്കേസിലെ വിധി യഥാര്‍ത്ഥത്തില്‍ നടപ്പിലാക്കിയിരുന്നു. 1934 ഡിസംബര്‍ 26-നു എം. ഡി സെമിനാരിയില്‍ കൂടിയ മലങ്കര അസോസിയേഷന്‍ സാധുവാണോ, അവിടെ എടുത്ത തീരുമാനങ്ങള്‍ – പ്രധാനമായും പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കായെ മലങ്കര മെത്രാപ്പോലീത്താ ആയി തിരഞ്ഞെടുത്തതും സഭാ ഭരണഘടന പാസാക്കിയതും – നിലനില്‍ക്കുമോ എന്നതായിരുന്നു ഈ കേസിലെ മുഖ്യ വിഷയം. ഇവയെല്ലാം സുപ്രീം കോടതി നിരുപാധികം അംഗീകരിച്ചു. ടി. ഭരണഘടപ്രകാരം 1958 ഡിസംബര്‍ 26-നു വിളിച്ചുകൂട്ടിയ പുത്തന്‍കാവ് അസോസിയേഷനില്‍ പങ്കെടുക്കാന്‍ കൊച്ചി ഭദ്രാസനത്തിലെ പള്ളികള്‍ക്ക് മുളയിരിക്കല്‍ മാര്‍ സേവേറിയോസ് അയച്ച കല്പന, ടി. ഭരണഘടന അങ്കമാലി ഭദ്രാസനത്തില്‍ പിറ്റേവര്‍ഷം മുതല്‍ നടപ്പിലാക്കിയുള്ള വയലിപ്പറമ്പില്‍ മാര്‍ ഗ്രീഗോറിയോസിൻ്റെ കല്പന, ടി. അസോസിയേഷനില്‍ മാര്‍ പീലക്‌സീനോസിൻ്റെ പ്രസംഗം, 1958, 59, 62, 65, 70 വര്‍ഷങ്ങളിലെ മലങ്കര അസോസിയേഷനില്‍ മുമ്പ് പാത്രിയര്‍ക്കീസ് ഭാഗത്തു നിന്ന ഇടവകകളുടെ ഭാഗഭാഗിത്വം., 1967-ല്‍ നടന്ന 1934 സഭാ ഭരണഘടനയുടെ വിശദമായ ഭേദഗതിയിലെ അവരുടെ ഭാഗഭാഗിത്വം ഇവയൊക്കെ നിയമപരമായി നില നില്‍ക്കുന്ന വിധി നടത്തിപ്പാണ്. ഇതിനേക്കാള്‍ ഉപരി, 1958-ലെ വിധിക്കു ശേഷം ടി. വിധിപ്രകാരം നിയമാനുസൃത മലങ്കര മെത്രാന്‍ എന്നു സ്ഥാപിക്കപ്പെട്ട പ. ഗീവര്‍ഗീസ് ദ്വിതീയനും അദ്ദേഹത്തിൻ്റെ പിന്‍ഗാമിയായ പ. ഔഗേന്‍ പ്രഥമനും മലങ്കര മെത്രാൻ്റെ അധികരപരിധിയില്‍പ്പെട്ട വട്ടിപ്പണപ്പലിശ കൈപ്പറ്റി എന്ന വസ്തുതയും 1958-ലെ സുപ്രീം കോടതി വിധി നടത്തിയെടുത്തു എന്നതിനു നിയമപരമായ തെളിവാണ്.
1958-ലെ സുപ്രീം കോടതി വിധിപ്രകാരമുള്ള കോടതിച്ചിലവ് – അത് എത്രയാണെങ്കിലും – ഈടാക്കാതിരുന്നതാണ് 70-കളിലെ പിളര്‍പ്പിനു കാരണം എന്ന വാദത്തിനും നിലനില്പ്പില്ല. 1958-ലെ സുപ്രീംകോടതി വിധപ്രകാരം മലങ്കരസഭയ്ക്ക് കോടതിച്ചിലവ് ലഭിക്കേണ്ടത് ആ കേസിലെ എതിര്‍ കക്ഷികളില്‍ നിന്നാണ്. ഈ കേസിലെ എതിര്‍ കക്ഷികളാവട്ടെ പാത്രിയര്‍ക്കീസ് വിഭാഗം കൂട്ടു ട്രസ്റ്റികളായി ഉയര്‍ത്തിക്കാട്ടിയെ ഏബ്രഹാം മാര്‍ ക്ലിമ്മീസ്, കല്ലൂപ്പറമ്പില്‍ വി. എം. ഗീവര്‍ഗീസ് കത്തനാര്‍, പുല്യാട്ട് തുകലന്‍ പൗലോ അവിരാ എന്നിവരും. നിയമപ്രകാരം നിലവിലില്ലാത്ത പത്രിയര്‍ക്കീസ് കക്ഷിക്ക് അതില്‍ ഒരു ബാദ്ധ്യതയുമില്ലായിരുന്നു. അവരില്‍ കല്ലൂപ്പറമ്പില്‍ അച്ചനെങ്കിലും പൂര്‍വാര്‍ജ്ജിത സ്വത്തും ആത്മാഭിമാനവുമുള്ള വ്യക്തിയായിരുന്നു. തൻ്റെ ഭാഗം കോടതിച്ചിലവ് കെട്ടിവെക്കാന്‍ അദ്ദേഹത്തിനു ബുദ്ധിമുട്ടില്ലായിരുന്നു. തന്നെ പാത്രിയര്‍ക്കീസു വിഭാഗം കത്തനാര്‍ ട്രസ്റ്റി ആയി നിയോഗിച്ചപ്പോള്‍ നിശ്ചിത കാലയളവിനുള്ളില്‍ സഭാസമാധാനം യാഥാര്‍ഥ്യമാക്കിയിരിക്കണമെന്ന നിബന്ധനവെച്ച വ്യക്തിയാണ് കല്ലൂപ്പറമ്പില്‍ അച്ചന്‍. അത് ഒഴിവാക്കയാലും സഭാ സമാധാനത്തിനു മുന്നിട്ടിറങ്ങിയ ഇതര മുന്‍ പാത്രിയര്‍ക്കീസ്പക്ഷ നേതാക്കളായ വയലിപ്പറമ്പില്‍ മാര്‍ ഗ്രീഗേറിയോസിനും പാലാമ്പടം പി. റ്റി. തോമസിനും വ്യക്തിപരമായി നിയമം അനുശാസിക്കുന്ന യാതൊരു സാമ്പത്തിക ബാദ്ധ്യതയും നിലവിലില്ലായിരുന്നു.
പിന്നീട് എവിടെയാണ് ഇന്നും നിലനില്‍ക്കുന്ന 1970-കളിലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനമുണ്ടായത്? ഈ ചോദ്യത്തിന് വിശദമായി ഉത്തരം നല്‍കേണ്ടിവരും. പക്ഷേ അത് ഈ ലേഖനത്തിൻ്റെ പരിധിയില്‍ ഒതുങ്ങില്ല. എങ്കിലും അവ ചുരുക്കി ഇവിടെ പ്രസ്ഥാവിക്കാം.
1). 1960-കളില്‍ മെത്രാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കുറഞ്ഞ അടിസ്ഥാന യോഗ്യത സഭ നിര്‍ണ്ണയിച്ചു. പല ചുവന്ന കുപ്പായ മോഹികളേയും ഇത് ഭഗ്നാശരാക്കി.
2). വളയമില്ലാതെ ചാടി നടന്ന പല കത്തരാരുമാര്‍ക്കും വളയത്തിലൂടെ മാത്രമേ ചാടാവു എന്ന നിബന്ധന അസഹ്യമായി.
3). മുളയിരിക്കല്‍ മാര്‍ സേവേറിയോസ്, വയലിപ്പറമ്പില്‍ മാര്‍ ഗ്രീഗോറിയോസ് എന്നീ മുന്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ പ്രതിഭാധനരായ മെത്രാന്മാരുടെ അകാല വിയോഗം മുന്‍ പാത്രിയര്‍ക്കീസ് വിഭാഗത്തില്‍ ഉണ്ടാക്കിയ നേതൃത്വ പ്രതിസന്ധി. അതോടെ അവസര വാദികളും സ്ഥാനമോഹികളും അസംതൃപ്തരുടെ നേതൃത്വത്തിലെത്തി. ചുരുക്കിപറഞ്ഞാല്‍ ദുഃഖവെള്ളിയാഴ്ച നമസ്‌ക്കാരത്തില്‍ സൂചിപ്പിക്കുന്നതുപോലെ, മോശയുടെ സിംഹാസനത്തില്‍ കയ്യാപ്പാ കയറി ഇരിക്കുന്ന അവസ്ഥ!
സാഹചര്യങ്ങളുടെ സമ്മര്‍ദ്ദംമൂലം ഒരു വ്യാഴവട്ടക്കാലം അധികര/ധന തൃഷ്ണ അടക്കിവെക്കാന്‍ നിര്‍ബന്ധിതനായ അന്ത്യോഖ്യയുടെ യാക്കൂബ് ത്രിതീയന്‍ പാത്രിയര്‍ക്കീസ് അവസരം മുതലാക്കി കളിച്ചു. വിപണി അറിഞ്ഞുള്ള വിപണന തന്ത്രവും രാഷട്രീയ നീക്കങ്ങളുമാണ് അദ്ദേഹം നടത്തിയത്. നേരിട്ടുള്ള ഇടപെടലുകള്‍ പരാജയപ്പെട്ടതോടെ അദ്ദേഹം ആദ്യം മാര്‍ത്തോമ്മാ ശ്ലീഹായുടെ പട്ടത്വത്തെ നിഷേധിക്കുകയും പിന്നാലെ മുടക്ക് നൂലാമാല പുറപ്പെടുവിച്ച് കുഞ്ഞാടുകളെ ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു. അതിനുശേഷം മലങ്കരസഭയില്‍ നിയമാനുസൃതം മേല്പട്ടസ്ഥാനം ലഭിക്കാനുള്ള യോഗ്യതയില്ല എന്ന യാഥാര്‍ത്ഥ്യം മനസിലാക്കി മോഹഭംഗം വന്നവര്‍ക്ക് യാതൊരു മാനദണ്ഡവും പാലിക്കാതെ ചുവന്നകുപ്പായം പ്രദാനം ചെയ്ത് മെത്രാന്‍ പട്ടം കൊടുത്തു വൈറസുകളാക്കി മലങ്കരയിലേയ്ക്കു അഴിച്ചുവിട്ടു. അവരാകട്ടെ, കപ്യാരൂസോയ്ക്കു പോലും യോഗ്യതയില്ലാത്തവര്‍ക്ക് തലങ്ങും വിലങ്ങും കഹനൂസാ സ്ഥാനം കൊടുത്ത് രണ്ടാംഘട്ട ആഘാതം നിര്‍വഹിച്ചു. എല്ലാത്തിനും മകുടം ചാര്‍ത്തി അദ്ദേഹവും അദ്ദേഹത്തിൻ്റെ പിന്‍ഗാമിയും മോഹഭംഗം വന്ന രണ്ടുപേരെ ഒന്നിനു പുറകെ ഒന്നായി കാതോലിക്കാ (അതോ മപ്രിയാനായോ?) ആയി കഴലപ്പെടുത്തി സ്വന്തം കുഴി തോണ്ടി! അവരും കൊടുത്തു പാത്രിയര്‍ക്കീസിനെപ്പോലെ വട്ടേന്നു വീണതും വാവലു ചപ്പിയതുമായ കുറെ എണ്ണത്തിന് ചുവന്ന കുപ്പായം!
ഒരു കാര്യം വ്യത്മാക്കട്ടെ, 1958-ല്‍ സമാധാന കല്‍പ്പന നല്‍കിയതോ കോടതിച്ചിലവ് വേണ്ടന്നു വെച്ചതോ അല്ല 1970-കളിലെ വിഭഗീയതയ്ക്ക് കാരണം. അന്നത്തെ സഭാ സമാധാന പ്രക്രിയില്‍ പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായും അദ്ദേഹത്തിൻ്റെ ക്രന്തദര്‍ശികളായ ഉപദേഷ്ടക്കളും വിജയിച്ചു എന്നത് നിസംശയമാണ്. അതു കാലം തെളിയിച്ചു. അടിസ്ഥാനപരമായി 1970-കളിലെ വിഭാഗീയതയ്ക്കു കാരണം അതൊന്നുമല്ല. മോഹഭംഗം വന്ന സ്ഥാനമോഹികളുടെയും ധനസ്രോതസ് നഷ്ടപ്പെടുന്നതില്‍ വേവലാതി പൂണ്ട അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെയും സംഘഗാനമായിരുന്നു അത്. അതിനേക്കാള്‍ ഉപരി, നസ്രാണിയുടെ സഹജമായ കലഹവാസനയും. ആര്‍ക്കും തടയിടാനാവാത്ത ഈ യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടച്ചിട്ടു കാര്യമില്ല.
1958-ലെ സുപ്രീം കോടതി വിധിക്കു ശേഷം ഉണ്ടായതുപോലെ ഒരു മാന്യമായ ഒത്തുതീര്‍പ്പ് 2017 വിധിക്കുശേഷം എന്തുകൊണ്ട് ഉണ്ടാകുന്നില്ല എന്ന ചോദ്യത്തിനും ഉത്തരമുണ്ട്. വയലിപ്പറമ്പില്‍ മാര്‍ ഗ്രീഗോറിയോസ്, കല്ലൂപ്പറമ്പില്‍ വി. എം. ഗീവര്‍ഗീസ് കത്തനാര്‍, പാലാമ്പടം പി. റ്റി. തോമസ് മുതലയവരെപ്പോലെയുള്ള യാഥാര്‍ത്ഥ്യബോധമുള്ള നേതാക്കളുടെ അഭാവം ഒരു വശത്ത്. മാത്യൂസ് മാര്‍ അത്താനാസ്യോസ്, മണലില്‍ യാക്കോബ് കത്തനാര്‍, കെ. ചെറിയാന്‍ വക്കീല്‍ മുതലായവരെപ്പോലുള്ള സ്ഥിതപ്രജ്ഞരായ ഉപദേശകരുടെ അഭാവം മറുവശത്ത്. കൂട്ടത്തില്‍, 1958-നു വിഭിന്നമായി, എപ്പസ്‌ക്കോപ്പല്‍ തിണ്ടാട്ടത്തിൻ്റെ (Episcopi Vagnates) അനന്തരഫലമായ മലങ്കര സഭയക്ക് ഉള്‍ക്കൊള്ളാനാവത്ത കുറെ കുപ്പായ ധാരികളും!
ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 15 ഓഗസ്റ്റ് 2019)
https://ovsonline.in/articles/1674-not-1064/