EditorialOVS - Latest News

ആറടി മണ്ണിൻ്റെ പിന്നിലെ കൗശലവും സാധ്യതകളും

2017 ജൂലൈ 3-ലെ ബഹു. സുപ്രീം കോടതി വിധിയോടെ അന്തിമ തീർപ്പ് കല്പിക്കപെട്ട മലങ്കര സഭ തർക്ക ഇടവകകളുടെ ഭാവി 2019 ജൂലൈ രണ്ടോടുകൂടെ സംശയങ്ങൾക്കും ദുർവ്യാഖ്യാനങ്ങൾക്കും തെല്ലും ഇട നൽകാതെ തീരുമാനിക്കപ്പെട്ടിരിക്കുന്നു. സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് പറയുന്നത് മാത്രമേ സർക്കാരിന് നടപ്പാക്കാൻ ബാധ്യതയുള്ളൂ എന്നും, മലങ്കര സഭയുടെ വിധി നടത്തിപ്പിന് കേരള സർക്കാർ കക്ഷിയല്ല എന്നമുള്ള വിചിത്ര വാദത്തിൻ്റെ അന്ത്യ കൂദാശയായിരുന്നു ജൂലൈ രണ്ടാം തീയതി ബഹു. സുപ്രീം കോടതിയിൽ ജസ്റ്റ്. അരുൺ മിശ്രയും, ജസ്റ്റ്. ആർ. ഷായും ചേർന്ന് നടത്തിയത്. അതി ഗൗരവമായ പരാമർശവും, തത്തുല്യ കോടതി വിധിയും മൂലം പിടിവള്ളി നഷ്ടപെട്ട യാക്കോബായ നേതൃത്വവും, കേരള സർക്കാരും തിരഞ്ഞെടുപ്പിന് വേണ്ടി തയാറാക്കിയിരുന്ന മന്ത്രിസഭാ ഉപായ സമിതിയുടെ ചർച്ച നാടകത്തിനു വീണ്ടും ബെല്ല് മുഴുക്കി കൊണ്ട് പിറവം, കോതമംഗലം, കട്ടച്ചിറ, ചാലിശ്ശേരി തുടങ്ങിയ ഇടവകകളുടെ സുപ്രീം കോടതി വിധി നടത്തിപ്പും, ബഹു. ഹൈകോടതി മുതൽ താഴോട്ടുള്ള നിരവധി ഇടവകളുടെ കോടതി വിധി നടത്തിപ്പും വൈകിപ്പിക്കാനും, നടപ്പിൽ വരുത്താതെയിരിക്കാനുമുള്ള രാഷ്ട്രീയ അടവ് നയം പയറ്റുന്നു.

നിയമത്തെയും ജുഡീഷ്യറിയും വെല്ലുവിളിച്ചു കൊണ്ട് നിരോധിത യാക്കോബായ വിഭാഗത്തെ ഏതു വിധേനയും സംരക്ഷിക്കാനുമാണ് സർക്കാർ അവസാന ഘട്ടത്തിലും ശ്രമിക്കുന്നത്. ഒരു ജനാധ്യപത്യ രാജ്യത്തു ഭരണഘടനയ്ക്കും, ജുഡീഷ്യറിയുടെ തീർപ്പുകൾക്കും യാതൊരു വിലയും നൽകാതെ ഒത്തുകളി രാഷ്ട്രീയത്തിന്റേയും, വോട്ടു ബാങ്ക് കച്ചവടത്തിൻ്റെയും, പാർട്ടി സംഭാവനയുടെയും കനത്തിൽ ആവലാതിക്കാരനു നീതി നീഷേധിക്കപെടുന്ന സംഭവങ്ങൾ പ്രബുദ്ധ കേരളത്തിൽ ആവർത്തിക്കപ്പെടുന്നത് ലജ്‌ജാകരവും പ്രതിഷേധാർഹവുമാണ്. എങ്കിലും ഇന്ത്യൻ ജുഡീഷ്യറിയുടെ വിധികൾ നടപ്പിൽ വരുത്താൻ ഒരു നിർഭയനായ ന്യായാധിപൻ ഇച്ഛാശക്തിയോടെ ഉറച്ച നിലപാട് ആവർത്തിച്ചാൽ, സർക്കാരും പോലീസും എത്ര വഞ്ചനാപരമായ നിലപാടുകളും, ഭരണഘടനാവിരുദ്ധമായ പ്രവർത്തികളാലും ആഞ്ഞു ശ്രമിച്ചാലും, നീതി – ന്യായ ബോധമില്ലാത്ത ഒരു തീവ്ര മത വിഭാഗത്തെ മുഴുവൻ ആണിയേൽ നിർത്താൻ കഴിയും എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് 2019 ജൂലൈ മലങ്കര സഭയ്ക്കും പൊതു സമൂഹത്തിനും കാണിച്ചു തരുന്നത്. ക്ലൈമാക്സിൽ എത്തി നിൽക്കുന്ന മലങ്കര സഭ തർക്കം കേരള സർക്കാരും, മലങ്കര സഭയുടെ നേതൃത്വവും അവരവരുടെ ഉത്തരവാദിത്വങ്ങളും, ബാധ്യതകളും യഥാവിധി നടപ്പാക്കിയാൽ മലങ്കര സഭ തർക്കം എന്ന നൂറ്റാണ്ടകളുടെ ശാപം രണ്ടു വർഷം കൊണ്ട് പൂർണമായും ചരിത്രമാകും.

ബഹു. സുപ്രീം കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഇടവകയും, ഇടവകയുടെ അധീനതയിലുള്ള സ്വത്തുക്കളും, സെമിത്തേരികളും നഷ്ടപെട്ട യാക്കോബായ വിഭാഗം ഇപ്പോൾ വിധികൾ അട്ടിമറിക്കാനും സമാന്തര ഭരണവും അധികാരവും ഇടവകകളിൽ നിർത്താനും ഇപ്പോൾ മൃതശരീരങ്ങളെയാണ് ഉപയോഗിക്കുന്നത്. എന്ത് ഹീനമാർഗവും തങ്ങളുടെ ലക്ഷ്യത്തെ സാധൂകരിക്കും എന്ന് സ്വയം വിശ്വസിക്കുകെയും, വിശ്വാസികളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന തീവ്ര യാക്കോബായ വിഭാഗക്കാർ അധികാരമില്ലാത്ത സ്ഥലത്തു തങ്ങൾക്കു കയറി യഥേഷ്ട്ടം ശവമടക്ക് നടത്തണം എന്നുള്ള അതി വൈകാരിക വിഷയത്തെ ഉയർത്തി, ചില മാധ്യമങ്ങളുടെ വഴിവിട്ട സഹായത്തോടെ, പൊതുജന വികാരത്തെ മലങ്കര സഭയ്ക്ക് എതിരാക്കി സർക്കാരിന് കുളം കലക്കാൻ അവസരം കൊടുക്കുക എന്ന് തന്ത്രമാണ് നമ്മൾ കഴിഞ്ഞു ദിവസങ്ങളിൽ കണ്ടത്. ബഹു. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും, ബഹു. ഹൈകോടതിയുടേയുമൊക്കെ ദയാവായ്പ്പിൽ ലഭിച്ചിരുന്ന ആനുകൂല്യങ്ങളും പൂർണമായും അടഞ്ഞതോടെ (മാന്ദാമംഗലം, കായകുളം, വരിക്കോലി എന്നിവ അവസാന ഉദാഹരണങ്ങൾ), വിശ്വാസികളുടെ ശവമടക്ക് എന്ന ഒറ്റ വൈകാരിക അജണ്ടയിലേക്കു മലങ്കര സഭയെ വീഴ്ത്താൻ സർക്കാരും, യാക്കോബായ നേതൃത്വവും എല്ലാ അടവുകളും പയറ്റുന്നുണ്ട്. ഓർത്തഡോക്സ് വിശ്വാസികളുടെ മൃതദേഹങ്ങൾ പോലും നിയമവിരുദ്ധമായി വർഷങ്ങളോളും യാക്കോബായക്കാരുടെ കൈയ്യൂക്കിനു മുന്നിൽ തടയപ്പെട്ടപ്പോൾ, ഇന്ന് രാജ്യത്തിൻ്റെ നിയമം സ്വയമേ നിങ്ങളെയും, നിങ്ങളുടെ മൃതരെയും തടയുന്നു എന്നത് കാലത്തിൻ്റെ കാവ്യനീതി മാത്രം. ഇടവക രജിസ്റ്ററിൽ പേരുള്ള കക്ഷി വ്യത്യാസമില്ലാതെ ആരുടെയും ശവസംസ്ക്കാരം മലങ്കര സഭയുടെ നിയമാനുസൃത വൈദികരാൽ പൂർണ്ണ ബഹുമാനത്തോടെ ആചാരപരമായി നിർവഹിക്കാൻ മലങ്കര സഭ സദാ തയ്യാറാണെങ്കിലും, ശവശരീരത്തെയും അവരുടെ നിസഹായരായ ബന്ധുജനങ്ങളെയും വെച്ച് കൊണ്ടുള്ള വിശ്വാസ പോരാട്ടം എന്ന പ്രഹസനം കേവലം കുറെ കുപ്പായ തൊഴിലാളികളുടെയും, അവരുടെ പിണിയാളകളുടെയും, കുറച്ചു അന്ധം അന്ത്യോഖ്യ ഭക്തന്മാരുടെയും മാത്രം ആമാശയ വിഷയമാണ്. മലങ്കര സഭയുടെ പട്ടത്വം, മാമോദീസ, വിവാഹം എന്നിങ്ങനെയുള്ള വി.കൂദാശകൾ സ്വീകരിച്ചവരെ പൂർണമായും ഉൾകൊള്ളുകെയും, മലങ്കര സഭയുടെ പ്രസിദ്ധീകരണ വിഭാഗം പ്രിൻറ് ചെയ്ത ആരാധനാ പുസ്തകങ്ങൾ യാക്കോബായ തലവൻ മുതൽ താഴേക്ക് പരസ്യമായി ഉപയോഗിക്കുകെയും ചെയ്യുന്നു യാക്കോബായ മെത്രാന്മാർക്കും, വൈദികർക്കും, തീവ്ര വിശ്വാസികൾക്കും ഓർത്തഡോക്സ് വൈദികർ നടത്തുന്ന ശവസംസ്ക്കാര ശുശ്രൂഷയിൽ മാത്രം വിശ്വാസപരമായ അന്തരം വരുന്നത് നാടൻ ഭാഷയിൽ പറയാതെ അച്ചടി ഭാഷയിൽ പറഞ്ഞാൽ ഇരട്ടത്താപ്പം, ആത്മവഞ്ചനയുമാണ്.

രാജ്യത്തിൻ്റെ നിയമം കൊണ്ട് നിരോധിക്കപ്പെട്ട, ഇന്ത്യൻ ഭരണഘടനയിലും, ജുഡിഷ്യറിയിലും വിശ്വാസം ഇല്ലാത്ത മലങ്കര സഭയിലെ വിഘിടിത വിഭാഗം, കണക്കും, ബഡ്‌ജറ്റും, ഓഡിറ്റും ഒന്നുമില്ലാതെ തങ്ങൾ ആർജ്ജിച്ചു കൂട്ടിയ സമ്പത്തിൻ്റെ ഒരു വിഹിതം രാഷ്ട്രീയക്കാർക്കും, ഉദ്യോഗസ്ഥർക്കും യഥേഷ്ട്ടം വീതിച്ചു കൊടുത്തും, വോട്ടു ബാങ്ക് രാഷ്ട്രീയത്തിന്റെ സാധ്യതകളെ പൂർണമായും ഉപയോഗിച്ചുമാണ് പിറവവും, കട്ടച്ചിറയും, കോതമംഗലവും ഉൾപ്പെടയുള്ള ഇടവകകളിലെ വിധി നടത്തിപ്പ് നിരന്തരമായി അട്ടിമറിക്കുന്നത്. സർക്കാരിന്റെ ഈ ഒത്താശക്കു പുറമെ, എറണാകുളം ജില്ലയിലെ ഭരണകക്ഷി നേതാക്കന്മാർക്കും, ജനപ്രതിനിധികൾക്കും, റവന്യൂ – പോലീസ് ഉദ്യോഗസ്ഥർക്കും കൃത്യമായ സാമ്പത്തികവും, കുടുംബക്കാർക്കു യാക്കോബായ സ്ഥാപനങ്ങളിൽ ജോലി ഉൾപ്പെടെയുള്ള സൗജന്യങ്ങൾ നല്ക്കുന്നതും ഇവിടെ നിയമവാഴ്ചയെ തുടർച്ചയായി ബലാൽക്കാരം ചെയ്യാൻ അന്ത്യോക്യൻ അടിമ സംഘത്തിന് അവസരം നല്കുന്നു. മലങ്കര സഭയുടെ കട്ടച്ചിറ സെൻറ് മേരീസ് ഇടവകയിൽ ബഹു. സുപ്രീം കോടതി വിധിയെ തുടർന്ന് പ്രവേശിക്കുവാൻ ശ്രമിച്ച ആയിരത്തോളും ഓർത്തഡോക്സ് വിശ്വാസികളെ പള്ളിയുടെ 200 മീറ്റർ അകലത്തിൽ, 144 പ്രഖ്യാപിച്ചു യുദ്ധസമാനമായ സന്നാഹങ്ങളോടെ തടഞ്ഞ പള്ളി കസ്റ്റഡിയിൽ എടുത്ത, ഇപ്പോഴും തൽസ്ഥിതി തുടരുന്ന കേരള സർക്കാരിന് പിറവത്തും, കോതമംഗലത്തും പ്രതിഷേധ – ആത്മഹത്യാ നാടകങ്ങളുടെ ബാഹുല്യത്തിൽ വിധി നടത്തി എടുക്കാൻ കഴിയുന്നില്ല എന്ന്, ശബരിമലയിൽ അടക്കം സർക്കാരിന്റെ ക്രമസമാധാനപാലന പ്രാഗൽഭ്യം കണ്ട ആരും വിശ്വസിക്കില്ല. 2018 ഏപ്രിൽ 19-ലെ പിറവം വിധിക്കു ശേഷം കേരള സർക്കാർ മലങ്കര സഭയുടെ ഇടവകളിലെ വിധി നടത്തിപ്പിൽ ബോധപൂർവമായ അലംഭാവവും, നിസ്സംഗതയും, ഒത്തുകളിയുമാണ് നടത്തുന്നത്. ബഹു. കോടതികളുടെ വിധികൾ എന്നായാലും കൃത്യമായി നടപ്പിൽ വരുത്തിയെ തീരൂ എന്ന് പ്രാഥമിക പാഠം കേരളം ഭരിക്കുന്ന നവോഥാന നായകർക്കു അറിയാൻ കഴിയാത്തതു കൊണ്ടല്ല സുപ്രീം കോടതി വിധികൾ അട്ടിമറിക്കപ്പെടുന്നതും, ദുർവ്യാഖാനും ചെയ്യപ്പെടുന്നതും. സമവായ മുട്ടാപ്പോക്കു പറഞ്ഞു മലങ്കര സഭയുടെ വിധി നടത്തിപ്പ് പരമാവധി വൈകിപ്പിക്കാനും, അത് വഴി കോടതി അലക്ഷ്യ നടപടികൾ ഒഴിവാക്കാനും, യാക്കോബായ വിഭാഗത്തിന് വിശ്വാസികളെ നഷ്ടപ്പെടാതെ മുഖം രക്ഷിക്കുന്ന തരത്തിലുള്ള ഒത്തുതീർപ്പിലൂടെ ഒരു ഉപകാരസമരണയ്ക്കുമാണ് ശ്രമിക്കുന്നത്. ഫലത്തിൽ യാക്കോബായ നേതൃത്വവും സർക്കാരും കൂടെ നടത്തുന്ന ചർച്ചകളുടെയും, നാടകങ്ങളുടെയും പരിണിത ഫലമായി നാടകാന്ത്യത്തിൽ തീവ്ര യാക്കോബായ വിശ്വാസികൾ തങ്ങളുടെ ജാള്യതയും ദുരഭിമാനവും പേറി അഭയാർഥികളായി യാക്കോബായ അധമ നേതൃത്വത്തെ അനുഗമിച്ചു പുറത്തു പോകേണ്ടി വരും. ബഹുഭൂരിപക്ഷം വരുന്ന വിശ്വാസി സമൂഹം ദൈവത്തിന്റെയും, രാജ്യത്തിന്റെയും നിയമം അനുസരിച്ചു മലങ്കര സഭയുടെ ഭാഗമായി സന്തോഷത്തോടെയും അഭിമാനത്തോടെയും സത്യാ വിശ്വാസികളായി തങ്ങളുടെ ഇടവകയിൽ ജീവിച്ചു തങ്ങളുടെ പൂർവികരുടെ മണ്ണിൽ തന്നെ അലിഞ്ഞു ചേരും.

രാജ്യത്തിൻ്റെ നിയമത്തിൻ്റെ മുന്നിൽ സർവ്വസാധാരണ പോലെ ഇത്തവണയും പൂർണ്ണമായും പരാജയപ്പെട്ടു കഴിഞ്ഞപ്പോൾ ദുരാഗ്രഹവും, ദുശാഠ്യവും, ദുരഭിമാനവും മാത്രം കൈമുതലായ വിഘിടിത യാക്കോബായ നേതൃത്വം, മലങ്കര സഭ ഇടവകകളുടെ യഥാർഥ അവകാശികളായ മലങ്കര ഓർത്തഡോക്സ് സഭയെ കൈയേറ്റക്കാരായും, ശവമടക്ക് പോലും തടയുന്ന കഠിനഹൃദയരായും, കൈയൂക്കിൻ്റെ ബലത്തിൽ പള്ളി കൈവശം വെച്ചനുഭവിക്കുന്നവരെ ഉടമസ്ഥരുമായും ചിത്രീകരിക്കപ്പെടുന്ന അവസ്ഥ ദുഃഖകരവും, പൊതുസമൂഹത്തിൽ തെറ്റിദ്ധാരണജനകവുമാണ്. യാക്കോബായ വിഭാഗം എല്ലാകാലവും പുലർത്തുന്ന ഒരു “ദ്വിമുഖ തന്ത്രം” മലങ്കര സഭ ഇന്നുവരെ കാര്യമായി പരിഗണിക്കുകെയോ, ഫലപ്രദമായി പ്രതിരോധിക്കുകയോ ചെയ്ത് കാണുന്നില്ല. നൂറ്റാണ്ടുകൾ പിന്നിട്ട ശത കോടികൾ ഇരുഭാഗത്തുമായും വിനിയോഗിച്ച ചരിത്ര വസ്തുതകളുടെയും തെളിവുകളുടെയും പിൻബലത്തിൽ 1958, 1995, 2002, 2017, 2018, 2019 തുടങ്ങി രാജ്യത്തിൻ്റെ പരമോന്നത നീതിപീഠത്തിൽ നിന്നും തുടർച്ചായി നേടിയ വിജയങ്ങൾ ഒക്കെയും ഈ സാഹചര്യത്തിൽ നിരർത്ഥകമാണ്. ഒരേ സമയം പൊതുസമൂഹത്തിന്റെയും, മാധ്യമങ്ങളുടെയും, രാഷ്ട്രീയക്കാരുടെയും മുന്നിൽ തങ്ങൾ അന്യായമായി പീഡിപ്പിക്കപ്പെടുന്ന, സർക്കാരും പൊതുസമൂഹവും തങ്ങളോട് അനുഭാവം കാണിക്കണം എന്ന് നിലവിളിക്കുകെയും, മറുഭാഗത്തു അക്രമത്തിൻ്റെയും, ഭീഷണിയുടെയും സ്വരത്തിൽ തങ്ങളുടെ കൈവശത്തിൽ പെടുത്തിയ ഇടവകകളിലെ ഓർത്തഡോക്സ് വിശ്വാസികളെ നിഷ്‌കരണം അടിച്ചമർത്തുകയും, അടിച്ചോടിക്കുകയും ചെയ്യുന്ന കുടില തന്ത്രം മലങ്കര സഭാ നേതൃത്വവും, വിശ്വാസികളും കൃത്യമായി പൊതുസമൂഹത്തിലും, മാധ്യമങ്ങളിലും തുറന്നു കാട്ടണം. “ആരാണ് മലങ്കര സഭയിലെ യഥാർഥ വേട്ടക്കാരും, വേട്ടമൃഗങ്ങളും”, ആരാണ് മലങ്കര സഭയുടെ തർക്കുമുള്ള ഇടവകകളുടെ ഉടമസ്ഥനെന്നും, കൈയേറ്റക്കാരനെന്നും ബഹുഭൂരിപക്ഷ പൊതു സമൂഹത്തിനും, മലങ്കര നസ്രാണികൾക്കും ഇന്നും കൃത്യമായി തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അത് മലങ്കര സഭയുടെ ക്ഷമിക്കാനാകാത്ത പോരായ്മയാണ്.

മലങ്കര സഭയുടെ ചരിത്രം, കേസുകളുടെ നാൾ വഴികൾ, യോജിപ്പിൻ്റെ കാലഘട്ടം, വിഭാഗീയതയുടെ കാരണങ്ങൾ, മലങ്കര സഭാ ഭരണഘടന, പാത്രിക്കിസന്മാരുടെ മലങ്കരയിലെ ഇടെപെടുലകൾ, സുപ്രീംകോടതി വിധികൾ, വിധി നടത്തിപ്പ് പൂർത്തീകരിച്ചു പള്ളികൾ, ഇടവകങ്ങളുടെ അവകാശങ്ങൾ, വ്യവഹാരങ്ങൾ ക്രിസ്തീയമോ എന്നിങ്ങനെ വർത്തമാന സംഭവങ്ങളിൽ പ്രതിപാദിക്കുന്ന സകല വിഷയങ്ങളെ ചേർത്ത് സഭയുടെ പ്രസിദ്ധീകരണ വിഭാഗം താമസംവിനേ ഒരു ലഘു പുസ്‌തകം വിശ്വാസികളക്കുമായി പ്രസിദ്ധീകരിക്കണം. കാരണം പൊതുസമൂഹത്തിൻ്റെ അത്ര പോലും സഭയുടെ പോരാട്ടങ്ങളെ പറ്റി അറിവോ താല്പര്യമോ ഇല്ലയെങ്കിലും, വിമർശനത്തിന് ഒട്ടും കുറവില്ലാത്ത നമ്മുടെ ആളുകളിൽ തന്നെ വേണം ശരിയായ ബോധവത്കരണം. മുഖ്യധാരാ മാധ്യമ പ്രവർത്തകർക്കും, റിപോർട്ടൻമാർക്കും മലങ്കര സഭയുടെ നിലപാടുകളെ പറ്റിയും, ചരിത്രത്തെ പറ്റിയും അവബോധം നല്കുന്ന കൂടിക്കാഴ്ചകൾ ആസൂത്രണം ചെയ്താൽ അറിവുകേട്‌ കൊണ്ട് യാക്കോബായ വിഭാഗക്കാർക്ക് വീണു കിട്ടുന്ന അനർഹമായ സഹതാപവും, ഇരയുടെ പരിവേഷവും ഒരു പരിധി വരെ അവസാനിക്കും. ഇതോടെ ഒപ്പും, മലങ്കര സഭയുടെ മീഡിയ വിങ്, വെബ്‌സൈറ്റ്, മുഖപത്രം എന്നിവയെ കൂടുതൽ മൂർച്ചയുള്ള തലത്തിൽ പ്രവർത്തിപ്പിക്കണം. മലങ്കര സഭയുടെ പബ്ലിക് റിലേഷൻസ് വിഭാഗം കൂടുതൽ മികച്ച വക്താക്കളെയും, വാഗ്മികളെയും ഉപയോഗിച്ചു ശക്തമായ ഒരു ടീമായി സഭയുടെ മാധ്യമങ്ങൾ വഴിയും, മറ്റു ദൃശ്യ മാധ്യമങ്ങൾ വഴിയും സഭാ കേസുകളിലെ നാൾവഴികളും, ചരിത്രങ്ങളും, കോടതി വിധികളും, നിയമനിഷേധവും ഒക്കെ തുടർച്ചയായി പൊതുസമൂഹത്തിൻറെ മുന്നിലേക്ക് കൊണ്ടുവരുന്ന ക്യാമ്പയനാണ് വളരെ വൈകിയെങ്കിലും ഇനി വേണ്ടത്.

ബഹു. സുപ്രീംകോടതിയുടെ വിധികൾ ഇവിടെ നടപ്പിൽ വരുത്താതെ സർക്കാർ ഒത്തുകളിച്ച മലങ്കര സഭയെയും, ഇന്ത്യൻ ജുഡിഷ്യറിയെയും വെല്ലുവിളിച്ചിട്ടും, സർക്കാർ സുപ്രീം കോടതിയിൽ നിന്നും അതിരൂക്ഷമായ ശകാരവർഷങ്ങൾ ഏറ്റു വാങ്ങിയിട്ടും ഇവിടത്തെ വലതുപക്ഷ പ്രതിപക്ഷ മുന്നണി പോലും ഒരു രാഷ്ട്രീയായുധമാക്കി ഉപയോഗിക്കാത്തതു ഓർത്തഡോക്സ് സഭയ്ക്ക് രാഷ്ട്രീയ കരുത്തില്ലാത്തതു കൊണ്ടല്ല, മലങ്കര സഭാ നേതൃത്തിനു പ്രായോഗിക രാഷ്ട്രീയ അടവ് നയം. അവസരവാദ നയം വശമില്ലാത്തതു കൊണ്ട് മാത്രമാണ്. നീതിപീഠത്തിൽ നിന്നും നീതി എഴുതി കിട്ടിയാൽ മാത്രം പോരാ, വോട്ടുബാങ്ക് രാഷ്ട്രീയവും, മുന്നണി സമവാക്യങ്ങളും, അഴിമതിയും, സ്വജനപക്ഷപാത്വവും ഒക്കെ നിറഞ്ഞ വിളയാടുന്ന പ്രബുദ്ധ കേരളത്തിൽ ആര് ഭരിച്ചാലും നീതി അത്ര എളുപ്പം നടത്തി കിട്ടില്ല എന്ന് നാം തിരിച്ചറിയണം. ലക്ഷങ്ങൾ ചിലവഴിച്ചു നീണ്ട കാത്തിരിപ്പിനു ശേഷം കോടതി വിധി നേടിയാൽ എല്ലാം പൂർത്തിയായി എന്ന് കരുതി നിഷ്‌ക്രിയരാക്കാതെ നേതൃത്വം കൃത്യമായി മുന്നൊരുക്കത്തോടെ പണവും, സ്വാധീനവും, രാഷ്രീയ ഇടപെടലകളും, വിശ്വാസികളുടെ കരുത്തും, നിയമത്തിൻ്റെ മാർഗത്തിനൊപ്പും കൃത്യതയോടെ സമയബന്ധിതമായി ഉപയോഗിക്കാതെ നീതിയും, സമാധാനവും മലങ്കര സഭയ്ക്ക് ലഭിക്കില്ല.

കോടതി വിധികൾ നടപ്പിൽ വരുത്താതെ നീതി അനന്തമായി നിഷേധിക്കാൻ ഈ രാജ്യത്തു കഴിയില്ലെങ്കിലും, അർഹമായ നീതി അനന്തമായി നീട്ടികൊണ്ടു പോകാനും, അതിൽ അന്തസത്തയെ ചോർത്തി കളയാനും ഭരണകൂടങ്ങൾക്കു അനവധി പഴുതുകൾ ഉണ്ട്. പൂർണതലത്തിൽ സുപ്രീം കോടതി വിധി നടത്തിപ്പ് വളരെ ഏകോപനത്തോടെയും, സൂക്ഷ്മതയോടെയും നടപ്പിൽ വരുത്താൻ ഒരു കേന്ദ്രീക്രത സംവിധാനം സഭാ തലത്തിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. മലങ്കര സഭയുടെ പ്രശ്‌നബാധിത ഭദ്രാസനങ്ങളെ കൂട്ടിയോജിപ്പിച്ചു കൊണ്ട് ആവശ്യമായ സമ്മേളനങ്ങളും, കോർണർ മീറ്റിംഗങ്ങളും നടത്തി വിശ്വാസി സമൂഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്തി സജീവരാക്കണം. അഭിവന്ദ്യ മെത്രാന്മാർ തങ്ങളുടെ പ്രശ്നബാധിത ഇടവകകളിലെ വിശ്വാസി സമൂഹത്തെ നേരിട്ട് എഴുന്നള്ളി അവരെ നയിക്കണം. കപട പ്രതിഛായുടെ തടവറകളിൽ നിന്നും, കളങ്കിത ഉപജാപക വ്യകതികളുടെ ബുദ്ധിയുപദേശത്തിൽ നിന്നും, വരേണ്യ വർഗത്തിൻ്റെ തീൻ മേശകളിലും നിന്നും, രാഷ്ട്രീയകാരമായുള്ള സ്വകാര്യ ചർച്ചകളിൽ നിന്നും വിട്ടു നിന്ന മലങ്കര സഭയെ സമ്മർദ്ദത്തിലും, ഭീഷണിയിലും, ചർച്ച എന്ന കള്ള ചൂതിലും വീഴ്‌ത്താൻ ബഹുതലത്തിൽ ശത്രുക്കൾ ഒരുങ്ങി ഇറങ്ങിയ ഈ ദിവസങ്ങളിൽ മലങ്കര സഭയുടെ പരിശുദ്ധ കാതോലിക്ക ബാവ, പരിശുദ്ധ എപ്പിസ്കോപ്പൽ സിനഡ്, മലങ്കര സഭ മാനേജിങ് കമ്മിറ്റി എന്നിവ അടിയന്തിരമായി വിളിച്ചു ചേർത്ത് മലങ്കര സഭയുടെ പ്രതിരോധവും, നിയമപോരാട്ടവും, സാമൂഹിക ബോധവത്കരണവും, രാഷ്ട്രീയ സമ്മർദ്ദങ്ങളും ശക്തിപെടുത്തി മുന്നോട്ടു പോകണം. ഒപ്പും ഇനിയും വെച്ച് നശിപ്പിക്കാതെ പിറവം, കട്ടച്ചിറ ഉൾപ്പെടയുള്ള ഇടവകകളിൽ ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ നിയമാനുസൃതം പ്രവേശിക്കണം എന്ന് ഉറച്ചു നിലപാടിലേക്ക് ഭദ്രാസനങ്ങൾ മാറണം.

ഇത്തരം പ്രതികൂല വിഷയങ്ങളെ അതിജീവിച്ചു മലങ്കര സഭയുടെ പ്രമുഖ ദേവാലയങ്ങളിലെ വിധി നടത്തിപ്പിലേക്കു പോകണമെങ്കിൽ ദൈവത്തിൻ്റെ കോടതിയിലും, ഭാരതത്തിൻ്റെ നിയമ വ്യവസ്ഥതയിലും മാത്രം ആശ്രയിക്കുന്ന മലങ്കര സഭ പ്രായോഗിക തലത്തിൽ ചില കൗശലങ്ങൾക്കും, രാഷ്ട്രീയ – ഉദ്യോഗസ്ഥ പ്രഭുക്കൻമാരെ അറിഞ്ഞ ഗൗനിക്കുന്ന തലത്തിലേക്കും വഴി മാറേണ്ടി വരും. മാധ്യമങ്ങളെ കൃത്യമായി മാനേജ് ചെയ്യുന്ന കലിയുഗ സ്രേഷ്ട തന്ത്രം യാക്കോബായ വിഭാഗത്തിൽ നിന്നും കടം കൊള്ളേണ്ടി വരും. നീണ്ട വർഷങ്ങളുടെയും, ഭാരിച്ച വ്യവഹാര ചിലവകളുടെയും നിയമ പോരാട്ടത്തിന് ശേഷം ബഹു. കോടതികളിൽ നിന്നും അനുകൂല വിധികൾ സമ്പാദിക്കുന്ന മലങ്കര സഭ, നിഷ്കളങ്കമായി ഈ രാജ്യത്തെ നിയമം അതിൻ്റെ വഴിക്കു സ്വച്ഛന്ദം ഒഴുക്കും എന്ന് അവസരവാദ രാഷ്ട്രീയക്കാരുടെയും, ഒത്തുകളി മുന്നണി സംവിധാനങ്ങളുടെയും, അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെയും, തോൽക്കാതെയിരിക്കാൻ എന്ത് നെറികേടും, അക്രമവും കാണിക്കാൻ മടിക്കാത്ത കലിയുഗ സ്രേഷ്ടചാര്യന്മാരുടെയും നാട്ടിൽ വെറുതെ കിനാവ് കാണരുത്. മലങ്കര സഭ ലക്ഷങ്ങൾ വക്കീലന്മാർക്കു കൊടുത്തു കേസ് ജയിക്കുമ്പോൾ, ആ വിധി പ്രായോഗ്യത്തിൽ വരുത്താൻ മറ്റു കുറച്ചു ലക്ഷങ്ങൾ കൂടെ രാഷ്ട്രീയക്കാർക്ക് ജാഥ നടത്താനും, മതിൽ പണിയാനും, ഇലക്ഷന് വേണ്ടിയും, ഉദ്യോഗസ്ഥർക്ക് ഒരു പ്രലോസാഹനം എന്ന് നിലയ്ക്കും, വില്ക്കാൻ വേണ്ടി മാത്രം വെച്ചിരിക്കുന്ന മാധ്യമങ്ങളെ കൂടിയും പരിഗണിക്കാൻ കരുതി വയ്ക്കണമെന്ന് പറയുന്നതിൽ ഖേദമുണ്ട്, പക്ഷെ അതാണ് അനുഭവം. ഭരണഘടനാനുസൃതമായി വരവ് ചെലവ് കണക്കുകളിൽ സുതാര്യതയും, പരിശോധനയും, പാസാക്കലും ഒക്കെയുള്ള മലങ്കര സഭയെ ഇത് ഒന്നും ബാധിക്കാത്ത വിഘിടിത തീവെട്ടി കൊള്ളസംഘം കള്ളപ്പണ വിനിയോഗത്തിലൂടെ അവസാന ലാപ്പിൽ അട്ടിമറിക്കുന്നത് കോടതി വിധികൾ നേടുന്നതിലും വലിയ നേതൃപാടവും, ഏകോപനവും, സൂക്ഷ്മതയും, കൗശലവും, അടവ് നയവും വേണ്ടത് വിധി നടത്തിപ്പ് ഘട്ടത്തിലാണ് എന്ന് സമീപകാല അനുഭവങ്ങൾ നമ്മെ വീണ്ടും ഓർമിപ്പിക്കുന്നു.

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ
വി. രൂപേൻ മാത്യു

error: Thank you for visiting : www.ovsonline.in