OVS - ArticlesOVS - Latest News

ആർച്ച് ബിഷപ്പ് മാർ ഈവാനിയോസിൻ്റെ കുമ്പസാരം.. യാഥാർഥ്യമെന്ത്?

മലങ്കര റീത്ത് പ്രചാരണത്തിനുള്ള മറുപടി

ആര്‍ചുബിഷപ് മാര്‍ ഈവാനിയോസും മലങ്കര കത്തോലിക്ക റീത്തും എന്ന പേരില്‍ OCP ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പ്രസിദ്ധീകരിച്ച ഓണ്‍ലൈന്‍ പുസ്തകത്തിലെ 11 -ആം അദ്ധ്യായത്തില്‍ (https://ovsonline.in/?p=25606/) പ്രതിബാധിച്ചിരിക്കുന്ന വിഷയത്തിൻ്റെ മറുപടി എന്ന പേരില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു കുറിപ്പ് പ്രചരിക്കുന്നത് വായിക്കാനിടയായി. OCP -ടെ പുസ്തകത്തിലെ 11-ആം അദ്ധ്യായത്തില്‍ പ്രതിബാധിച്ചിരിക്കുന്ന വിഷയത്തെ പ്രതിരോധിക്കാന്‍ തക്ക യുക്തിഭദ്രമായ ഒരു മറുപടിയും അതിലില്ല എങ്കില്‍ തന്നെയും മലങ്കര കത്തോലിക്കര്‍ എക്കാലത്തും പിന്തുടര്‍ന്നു പോരുന്ന തെറ്റിദ്ധരിപ്പിക്കല്‍ എന്ന തന്ത്രം ഈ മറുപടി കുറിപ്പിലും വ്യാപകമായി ഉപയോഗിച്ചിരിക്കുന്നതിനാല്‍ അതിന് ഒരു വിശദീകരണം നല്‍കേണ്ടത് ആവശ്യമാണെന്ന് കരുതുന്നു.

മാര്‍ ഈവാനിയോസ് തൻ്റെ ജീവിതാവസാനകാലത്ത് മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ കോട്ടയം ഭദ്രാസനാധിപനായിരുന്ന പാറേട്ട് മാര്‍ ഈവാനിയോസ് തിരുമേനിയുടെ പക്കല്‍ കുമ്പസാരിച്ചു എന്ന OCP-ടെ ബുക്കിലെ 11-ആം അദ്ധ്യായത്തിലെ പരാമര്‍ശം ആണ് വിവാദ വിഷയം.

പാറേട്ട് തിരുമേനിയുടെ ജീവിതം വായിച്ചും നേരിട്ടു കണ്ടും അറിഞ്ഞിട്ടുള്ള ആര്‍ക്കും അദ്ദേഹം തൻ്റെ ജീവിതകാലത്ത് എത്രമാത്രം സത്യസന്ധതയും വിശ്വസ്തതയും പുലര്‍ത്തിയിട്ടുള്ള ആളായിരുന്നു എന്ന് വിശദീകരിച്ചു കൊടുക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഒന്നായ മലങ്കര സഭയിലെ കോട്ടയം ഭദ്രാസന മെത്രാപോലീത്തായായി ഭരണം നടത്തിയ അദ്ദേഹത്തിൻ്റെ സത്യസന്ധതയെ മലങ്കര സഭയില്‍ കക്ഷിഭേദമെന്യേ എല്ലാവരും അംഗീകരിക്കുന്നതുമാണ്.

തൻ്റെ ജീവിതത്തില്‍ നടന്ന എല്ലാ സംഭവങ്ങളും സധൈര്യം തൻ്റെ ഡയറിയില്‍ അതിൻ്റെ വരുംവരായ്കകള്‍ നോക്കാതെ കുറിച്ചു വച്ചിരുന്ന പാറേട്ട് തിരുമേനി തൻ്റെ ഡയറി കുറിപ്പിലാണ് ഇക്കാര്യവും വെളിപ്പെടുത്തുന്നത്.

മാര്‍ ഈവാനിയോസ് റോമിലേക്ക് കത്തയച്ചതും ആശയവിനിമയം നടത്തിയതും അതീവരഹസ്യമായിട്ടായിരുന്നു എന്നത് നമ്മള്‍ OCP-ടെ പുസ്തകത്തില്‍ കൃത്യമായി വിശദീകരിച്ചതാണ്. ഇരു ചെവി അറിയാതെ അതീവ രഹസ്യ സ്വഭാവത്തില്‍ മാര്‍ ഈവാനിയോസ് കാര്യങ്ങള്‍ നീക്കിയപ്പോളും മാര്‍ ഈവാനിയോസ് റോമാ സഭയില്‍ ചേരുന്ന വിഷയം പാറേട്ട് അച്ചനുമായി പങ്കു വച്ച വിവരം ആ ദിവസം തന്നെ പാറേട്ട് അച്ചന്‍ തൻ്റെ ഡയറിയില്‍ ‘സധൈര്യം’ എഴുതി വച്ചു. ഇവിടെ സധൈര്യം എന്ന വാക്കിന് ഊന്നല്‍ കൊടുത്തത് എന്തിനെന്ന് വായനക്കാര്‍ ചിന്തിക്കുന്നുണ്ടാവും. പാറേട്ട് മാര്‍ ഈവാനിയോസിനെയും ആര്‍ചുബിഷപ് മാര്‍ ഈവാനിയോസിനെയും വിശ്വസ്തത എന്ന അളവുകോല്‍ വച്ച് ഒന്നു അളന്നു തിട്ടപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇവിടെ സധൈര്യം എന്ന വാക്കിന് അല്‍പം ഊന്നല്‍ കൊടുത്തത്. നമുക്കറിയാം റോമിലേക്ക് ആദ്യത്തെ കത്ത് അയക്കുമ്പോള്‍ അതില്‍ സ്വന്തം പേരോ വ്യക്തിത്വമോ വെളിപെടുത്താന്‍ ധൈര്യം കാണിക്കാതിരുന്ന ആളാണ് മാര്‍ ഈവാനിയോസ്. ഏതാണ്ട് 4 കൊല്ലത്തോളം റോമുമായും റോമാസഭയിലെ വിവിധ പുരോഹിതരുമായും ആശയവിനിമയം നടത്തിയ അദ്ദേഹം അത് ഒരിടത്ത് പോലും രേഖപ്പെടുത്താന്‍ ധൈര്യം കാണിക്കാതെ അതീവ രഹസ്യമാക്കി വക്കുകയാണ് ചെയ്തത്. 1929-ല്‍ പ്രസിദ്ധീകരിച്ച സ്വന്തം ആത്മകഥയില്‍ പോലും താന്‍ റോമുമായി സമ്പര്‍ക്കത്തിലാണ് എന്ന് വെളിപെടുത്താന്‍ ധൈര്യം കാണിക്കാതിരുന്ന ആര്‍ചുബിഷപ് മാര്‍ ഈവാനിയോസ് ഒരു വശത്ത് നില്‍കുമ്പോള്‍ മാര്‍ ഈവാനിയോസ് റോമാ സഭയില്‍ ചേരുന്നതിനെ കുറിച്ചുള്ള ആശയം ആദ്യമായി പങ്കുവച്ചപ്പോള്‍ അത് തൻ്റെ ഡയറിയില്‍ അന്നു തന്നെ കുറിച്ചിടാന്‍ ധൈര്യം കാണിച്ച സത്യസന്ധനായ വ്യക്തിത്വമാണ് പാറേട്ട് മാര്‍ ഈവാനിയോസ്. അതുകൊണ്ട് തന്നെ പാറേട്ട് മാര്‍ ഈവാനിയോസ് തിരുമേനിയുടെ ഡയറി കുറിപ്പുകള്‍ ചരിത്ര ഗവേഷകര്‍ക്ക് 100% വിശ്വാസയോഗ്യവുമാണ്.

റോമാ സഭയില്‍ ചേരണം എന്ന ആശയം പാറേട്ട് അച്ചനോട് മാര്‍ ഈവാനിയോസ് പങ്ക് വച്ചതിനെ കുറിച്ച് പാറേട്ട് അച്ചൻ്റെ ഡയറി കുറിപ്പുകള്‍ ഇപ്രകാരമാണ്.

1101 മിഥുനം ഒന്നിന് ബഥനി മെത്രാച്ചന്‍ പിഴിച്ചില്‍ കഴിക്കാന്‍ പഴയസെമിനാരിയില്‍ വന്നു എന്നും. സഭാ കാര്യങ്ങള്‍ പാറേട്ട് അച്ചനുമായി തദവസരത്തില്‍ ചര്‍ച്ച ചെയ്തു എന്നും ഇപ്രകാരം നമുക്ക് മുന്നോട്ടു പോകാനാവില്ല എന്നും. നമ്മുടെ വിശ്വാസാചാരങ്ങളും കര്‍മ്മള്‍ക്കും ഭംഗം വരാതെ റോമാ സഭയുമായി യോജിക്കുന്നതാവും നല്ലതെന്നും ബഥനി മെത്രാച്ചന്‍ പാറേട്ട് അച്ചനോട് പറഞ്ഞതായി ഡയറിയില്‍ പറയുന്നു.

റോമാ സഭയില്‍ ചേരണം എന്ന ബഥനി മെത്രാൻ്റെ ആശയം വട്ടശേരില്‍ തിരുമേനിയെ അറിയിക്കാന്‍ ബഥനി മെത്രാന്‍ പാറേട്ട് അച്ചനെ ചുമതലപ്പെടുത്തി. പാറേട്ട് അച്ചന്‍ വട്ടശേരില്‍ തിരുമേനിക്ക് മുന്നില്‍ ഈ ആശയം അവതരിപ്പിച്ച കാര്യം പാറേട്ട് അച്ചന്‍ തൻ്റെ ഡയറിയില്‍ എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്.

”വലിയ തിരുമേനി (വട്ടശേരില്‍ തിരുമേനി) ഇടതുകരം ഉയര്‍ത്തി മാറിടത്തെ മറച്ചു കൊണ്ട് താഴേക്ക് ഒഴുകി കിടന്ന വെഞ്ചാമര മീശ ഉയര്‍ത്തി അനേകായിരങ്ങള്‍ക്കായി സ്പന്ധിച്ച് കൊണ്ടിരുന്ന തൻ്റെ ശ്വാസനാളം കുറുകെ വലതുകരം വാളു കൊണ്ട് അറക്കുന്ന രീതിയില്‍ കാണിച്ചു കല്‍പിച്ചു. കത്തനാരച്ചാ നമ്മുടെ കഴുത്ത് ഈ രീതിയില്‍ അറുത്തു വേര്‍പെടുത്തിയാലും നാം ഇതിനു സമ്മതിക്കുകയില്ല.”

വട്ടശേരില്‍ തിരുമേനിയുടെ മറുപടി പാറേട്ട് അച്ചന്‍ മാര്‍ ഈവാനിയോസിനെ തിരുമൂലപുരം പള്ളിയടുത്തുള്ള ബഥനി ആശ്രമത്തില്‍ എത്തി അതേ വ്യഗ്രതയോടെ അറിയിച്ചു. വലിയ മെത്രാച്ചനിഷ്ടമില്ലാത്തത് നമുക്ക് മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കില്ലല്ലോ എന്നു പറഞ്ഞുകൊണ്ട് റോമുമായുള്ള ഐക്യം എന്ന ആശയം നമുക്കിവിടെ ഉപേക്ഷിക്കാം എന്ന് മാര്‍ ഈവാനിയോസ് പറഞ്ഞതായി പാറേട്ട് അച്ചന്‍ തൻ്റെ ഡയറിയില്‍ കൃത്യമായി എഴുതിയിരിക്കുന്നു.

മാര്‍ ഈവാനിയോസ് എവിടെയും ഇത് രേഖപ്പെടുത്താനോ വെളിപെടുത്താനോ ധൈര്യം കാട്ടാതിരുന്നപ്പോളും പാറേട്ട് അച്ചന്‍ ഇതെല്ലാം തൻ്റെ ഡയറിയില്‍ കുറിച്ചിട്ടു കാരണം മടിയില്‍ ഘനമില്ലാത്തവന് ഭയപ്പെടാനൊന്നുമില്ലല്ലോ.

ഇനി നമുക്ക് വിഷയത്തിലേക്ക് വരാം. OCP -യുടെ ഗ്രന്ഥത്തിൻ്റെ വിശദീകരണം എന്നോണം മലങ്കര കത്തോലിക്കര്‍ എഴുതിയ കുറിപ്പിലെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങള്‍ ആണല്ലോ നമ്മുടെ വിഷയം. അത്തരം പരാമര്‍ശങ്ങള്‍ ഓരോന്നായി നമുക്ക് പരിശോധിക്കാം. ആദ്യത്തേത് മാര്‍ ഈവാനിയോസിൻ്റെ ജീവിതാവസാന കാലത്ത് അദ്ദേഹത്തെ കാണാന്‍ ഒരുപാട് സന്ദര്‍ശകര്‍ വന്നിട്ടുണ്ട്. അതില്‍ ഒരാള്‍ മാത്രമാണത്രേ പാറേട്ട് തിരുമേനി. എന്നാല്‍ സത്യം അങ്ങനെ ആണോ?.

പാറേട്ട് തിരുമേനി തൻ്റെ ഡയറിയില്‍ പറയുന്നത് മാര്‍ ഈവാനിയോസ് തന്നെ കാണണം എന്നാവശ്യപ്പെട്ടു കമ്പി അയച്ചതിൻ്റെ ഫലമായി താന്‍ 1953 ജൂണ്‍ 23-ന് പട്ടം അരമനയില്‍ എത്തി ആര്‍ചുബിഷപിനെ കണ്ടു എന്നാണ്. അപ്പോള്‍ പാറേട്ട് തിരുമേനിയെ മാര്‍ ഈവാനിയോസ് വിളിച്ചു വരുത്തിയതാണ്. അല്ലാതെ ആദ്ദേഹം സ്വന്തതാല്‍പര്യത്തിന് വന്നു കണ്ടതല്ല.

രണ്ടാമത്തെ തെറ്റിദ്ധരിപ്പിക്കല്‍ പാറേട്ട് തിരുമേനി കുമ്പസാര രഹസ്യം പുറത്തു വിട്ടു എന്ന് OCP യുടെ ബുക്കില്‍ പറയുന്നു എന്നാണ്. കുമ്പസാരിച്ചു എന്ന് പറഞ്ഞാല്‍ കുമ്പസാര രഹസ്യം പുറത്തു വിട്ടു എന്നാണോ. കുമ്പസാരിച്ചു എന്നു പറയുന്നത് തെറ്റാണോ. ഒരു കത്തോലിക്ക ബിഷപ് തൻ്റെ അടുത്ത് ഒരു രാഷ്ട്രീയ നേതാവ് വന്ന് കുമ്പസാരം നടത്തി എന്ന് വെളിപെടുത്തിയതും അതിനെ തുടര്‍ന്നുണ്ടായ വിവാദവും കുറച്ചു പേര്‍കെങ്കിലും അറിയാമായിരിക്കുമല്ലോ. കുമ്പസാരിച്ചു എന്നു പറയുന്നത് തെറ്റാണെന്ന് ഈ ഗ്രന്ഥകാരന് തോന്നുന്നില്ല. എന്താണ് കുമ്പസാരിച്ചത് എന്ന് വെളിപെടുത്തുന്നതാണ് കുറ്റമായി മാറുന്നത്. ഇനി പാറേട്ട് തിരുമേനിയുടെ ഡയറിയില്‍ തന്നെ ഈ വിഷയം എങ്ങനെയാണ് വിശദീകരിക്കുന്നത് എന്ന് നോക്കാം .

”മറ്റു സന്ദര്‍ശകര്‍ മാറി നിന്നപ്പോള്‍ തനിക്ക് പാപമോചനം നല്‍കണം എന്ന് മെത്രാച്ചനോട് (പാറേട്ട് തിരുമേനി) ആര്‍ചുബിഷപ് അഭ്യര്‍ത്ഥിച്ചു. മെത്രാച്ചന്‍ മടിച്ചു നിന്നപ്പോള്‍ മെത്രച്ചൻ്റെ കരം ആര്‍ചുബിഷപ് ഗ്രഹിക്കുകയും സ്വന്തം തലയില്‍ വക്കുകയും ചെയ്തു. ഒരു എപ്പിസ്കോപ്പായോടാണ് പാപമോചനത്തിനപേക്ഷിക്കുന്നത് എന്ന് പറഞ്ഞ് പാപമോചനത്തിന് ഓര്‍ത്തഡോക്സ് സഭ കല്‍പിക്കുന്ന പ്രാര്‍ത്ഥന ചൊല്ലുവാന്‍ ആവശ്യപ്പെട്ടു പാറേട്ട് മെത്രാച്ചന്‍ പ്രാര്‍ത്ഥന ചൊല്ലി ” (ബഥനി ആശ്രമവും റീത്തു പ്രസ്ഥാനവും , കെ വി മാമന്‍ ,പേജ് 61-62).

ഈ വിഷയമാണ് OCP എഴുതിയ ബുക്കില്‍ 11-ആം അദ്ധ്യായത്തില്‍ പ്രതിബാധിച്ചിരിക്കുന്നത്. പാറേട്ട് തിരുമേനി ആര്‍ചുബിഷപ് മാര്‍ ഈവാനിയോസിന് ഓര്‍ത്തഡോക്സ് സഭ നിഷ്കര്‍ഷിക്കുന്ന രീതിയില്‍ ഉള്ള ഹൂസോയോ ശുശ്രൂഷയാണ് കൊടുത്തത്. ഇതിനെ ഒരു കുമ്പസാരം ആയി വ്യാഖ്യാനിക്കുന്നതില്‍ തെറ്റൊന്നുമില്ല കാരണം ഗ്രന്ഥകര്‍ത്താവിൻ്റെ ഭാവനയില്‍ അതിനെ ഒരു കുമ്പസാരം ആയി കണ്ടാല്‍ അത് ഗ്രന്ഥകാരൻ്റെ സ്വാതന്ത്ര്യമാണ്. ഇതിനെ കുമ്പസാരമായി വ്യാഖ്യാനിക്കുന്നതില്‍ എന്തെങ്കിലും വൈരുദ്ധ്യം ഉള്ളതായി കരുതാനും കഴിയില്ല.

മലങ്കര കത്തോലിക്കര്‍ എഴുതിയ മറുപടി കുറിപ്പിലെ ഒരു കൗതുകകരമായ വാചകം കൂടെ ചൂണ്ടിക്കാണിച്ചു കൊണ്ട് അവസാനിപ്പിക്കാമെന്ന് കരുതുന്നു. ”കൗദാശികസംസര്‍ഗം ഇല്ലാത്ത മറ്റൊരു സഭയിലെ വ്യക്തിയോട് ദൈവദാസന്‍ കുമ്പസാരിച്ചു എന്ന് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടിയിരിക്കുന്നു”. ഇതാണ് ആ വാചകം. മാര്‍ ഈവാനിയോസിൻ്റെ മാതൃസഭയോട് മാര്‍ ഈവാനിയോസ് സ്ഥാപിച്ച സഭക്ക് കൗദാശിക സംസര്‍ഗം ഇല്ല എങ്കില്‍ ഇവിടെ കുറ്റം ആരുടേതാണ്.

അധികാരത്തിനും ഭൗതീക ജീവിതത്തിനും പിന്നാലെ പോയി മാതൃസഭയുമായി കൂദാശ ബന്ധം വേര്‍പെടുത്തിയതും അദ്ദേഹത്തെ അലട്ടിയിട്ടുണ്ടാവും. അങ്ങനെയായിരിക്കാം കമ്പി അയച്ച് തൻ്റെ മാതൃസഭയിലെ ഒരു മെത്രാപോലീത്തായെ തന്നെ വിളിച്ചു വരുത്തി പാപപരിഹാര പ്രാര്‍ത്ഥന തലയില്‍ കൈവച്ച് ചൊല്ലിക്കാന്‍ ദൈവദാസനെ പ്രേരിപ്പിച്ചത്.

ഓ സി പി

മലങ്കര സഭയും, ബഥനിയുടെ മാര്‍ ഈവാനിയോസും, റോമാ “പുനരൈക്യവും”

error: Thank you for visiting : www.ovsonline.in