OVS - ArticlesOVS - Latest News

കാതോലിക്കേറ്റ്: മലങ്കര സഭയുടെ സ്വയശീര്‍ഷകത്വത്തിൻ്റെ ചരിത്ര പരിണാമം

ആമുഖം: 
ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളില്‍ ഉള്‍പ്പെടുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഭാരതത്തിലെ ദേശീയ ക്രൈസ്തവ സഭയാണ്. AD. 451-ലെ കല്‍ക്കദോന്യ സുങ്കഹദോസിനു മുമ്പുള്ള അപ്പോസ്‌തോലിക വിശ്വാസം മലങ്കര സഭ ഇന്നും പിന്തുടരുന്നു. പൗരസ്ത്യ സഭകളുടെ പൊതു ആരാധനാ പാരമ്പര്യമായ സുറിയാനി പാരമ്പര്യം ആരാധനയില്‍ ഉപയോഗിക്കുന്നു. ആഗോള മലങ്കര സഭയുടെ പ്രധാന അധ്യക്ഷനും ഏഷ്യയിലെ ഏക സ്വതന്ത്ര കാതോലിക്കോസുമായ പ. ബസേലിയോസ് മാര്‍ത്തോമ്മാ പൗലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ മലങ്കര സഭയുടെ പ്രധാന മേലധ്യക്ഷനായി ഭരണം നിര്‍ണ്ണഹിക്കുന്നു. ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെയും അഖിലലോക ക്രൈസ്തവ സഭാ (W.C.C.) സംഘടനയുടെയും പ്രവര്‍ത്തനങ്ങളില്‍ മലങ്കര സഭ നിര്‍ണ്ണായക പങ്കു വഹിക്കുന്നു.

അപ്പോസ്‌തോലിക പൈതൃകം:
മലങ്കര സഭ AD. 1-ാം നൂറ്റാണ്ടില്‍ തന്നെ നിലവില്‍ വന്നു. യേശുവിന്റെ ശിഷ്യന്മാരില്‍ ഒരുവനായ മാര്‍ത്തോമ്മാ AD.52-ല്‍ കൊടുങ്ങല്ലൂരില്‍  എത്തിച്ചേരുകയും ക്രിസ്തുമാര്‍ഗ്ഗം ഇവിടെ പ്രചരിപ്പിക്കുകയും ചെയ്തു. AD .72-ല്‍ അദ്ദേഹം രക്തസാക്ഷി മരണം പ്രാപിക്കുകയും കബറിടം മദ്രാസില്‍ മൈലാപ്പൂരില്‍  സ്ഥിതി ചെയ്യുകയും ചെയ്യുന്നു.

മധ്യപൂര്‍വ്വദേശവും ഭാരതവും തമ്മില്‍ ക്രിസ്തുവിന്റെ കാലത്തിനു മുമ്പുതന്നെ ശക്തമായ കച്ചവട ബന്ധങ്ങള്‍ നിലനിന്നിരുന്നു. യൂദകോളനികള്‍  ദക്ഷിണ ഭാരതത്തില്‍ ക്രിസ്തുവിന് മുമ്പ്തന്നെ ഉണ്ടായിരുന്നു. മഹാനായ അശോക ചക്രവര്‍ത്തിയുടെ പ്രശസ്തമായ പ്രഖ്യാപനങ്ങളില്‍ (Edict) പാലവി ഭാഷയും ഉപയോഗിച്ചിരുന്നു. മധ്യപൂര്‍വ്വ ദേശങ്ങളും പ്രത്യേകിച്ച് റോമാ സാമ്രാജ്യത്തിന് കിഴക്കുള്ള പേര്‍ഷ്യന്‍ സാമ്രാജ്യവുമായി ഭാരതത്തിന് വ്യവസായപരവും സാംസ്‌കാരികവുമായ ബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് കരമാര്‍ഗ്ഗവും (Silk Roads) കടല്‍മാര്‍ഗ്ഗവും മധ്യപൂര്‍ണ്ണ ദേശത്തുനിന്ന് ആളുകള്‍ ഭാരതത്തില്‍ വന്നിരുന്നു.

പാശ്ചാത്യ, പൗരസ്ത്യ ചരിത്രകാരന്മാര്‍ മാര്‍ത്തോമ്മായുടെ ഭാരത സന്ദര്‍ശനത്തെ ഈദൃശ്യ കാരണങ്ങളാല്‍ സാധൂകരിക്കുന്നു. ഒന്നാം നൂറ്റാണ്ടു  മുതലുള്ള ചരിത്രപരമായ പാരമ്പര്യം നിലനിര്‍ത്തിപ്പോരുന്ന  ദക്ഷിണ ഇന്ത്യയില്‍ അധിവസിക്കുന്ന “നസ്രാണി സമൂഹം”  ഈ  പുരാതന പാരമ്പര്യത്തിന്റെ ജീവിക്കുന്ന  സ്മാരകങ്ങളാകുന്നു (living monuments).

പൗരസ്ത്യ സുറിയാനി (പേര്‍ഷ്യന്‍) സഭാ ബന്ധം
ഒന്നാം  നൂറ്റാണ്ടു  മുതല്‍ പോര്‍ട്ടുഗീസുകാരുടെ വരവു വരെ (1501) ഭാരത ക്രിസ്ത്യാനികള്‍ പൗരസ്ത്യരായ പേര്‍ഷ്യന്‍ ക്രിസ്ത്യാനികളുമായുള്ള സൗഹൃദ ബന്ധത്തില്‍ നിലനിന്നിരുന്നു. AD 4, 8 നൂറ്റാണ്ടുകളില്‍ നടന്ന ക്‌നാനായ ക്രിസ്ത്യാനികളുടെ കുടിയേറ്റങ്ങള്‍ ഈ ബന്ധത്തെ സുദൃഡമാക്കി. ഭാരതത്തിലെ നസ്രാണികളുടെ തലവന്‍ അര്‍ക്കദിയാക്കോന്‍ എന്ന്  വിളിക്കപ്പെട്ടിരുന്ന  ജാതിത്തലവന്‍ ആയിരുങ്കുന്നു. അര്‍ക്കദിയാക്കോമ്മാരുടെ (Archdeacons) കീഴില്‍ തദ്ദേശീയമായ പാരമ്പര്യത്തിലും വിശ്വാസത്തിലും ഭാരതീയ നസ്രാണികള്‍ ജീവിച്ചിരുന്നു.

റോമന്‍ കത്തോലിക്കാ ബന്ധം:
1501ല്‍ പോര്‍ട്ടുഗീസുകാര്‍ വാസ്‌ഗോഡിഗാമായുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ എത്തിച്ചേർന്നു. പോര്‍ട്ടുഗീസുകാര്‍ പടിഞ്ഞാറന്‍ പാരമ്പര്യത്തിലുള്ള (Western Christians) ലത്തീന്‍ കത്തോലിക്കര്‍ (Latin Catholics) ആയിരുന്നു. പാശ്ചാത്യരുടെ പൗരസ്ത്യരോടുള്ള പുച്ഛമനോഭാവം മൂലവും അധിനിവേശത്വരയാലും തദ്ദേശീയരായ ക്രിസ്ത്യാനികളെയും അവരുടെ വിശ്വാസാചാരങ്ങളെയും ഉള്‍ക്കൊള്ളുവാന്‍ പോര്‍ട്ടുഗീസുകാര്‍ തയ്യാറായില്ല. കൂടാതെ ഭാരതീയ ക്രിസ്ത്യാനികളുടെ വിശ്വാസത്തേയും ആചാര അനുഷ്ഠാനങ്ങളെയും വേദ വിപരീതങ്ങളായി മുന്‍വിധിയോടെ വിലയിരുത്തി. പരിണിതഫലമായി പോര്‍ട്ടുഗീസുകാര്‍ അവരുടെ അധികാരവും ശക്തിയും ഉപയോഗിച്ച് തദ്ദേശീയരായ മലങ്കര നസ്രാണികളുടെ ആരാധനാ ക്രമങ്ങള്‍ നിരോധിച്ചു.

പൗരസ്ത്യ സഭയായ പേര്‍ഷ്യന്‍ സഭയുമായുള്ള ബന്ധം വിച്ഛേദിക്കുവാന്‍ വേണ്ടി പേര്‍ഷ്യന്‍ സഭയില്‍നിന്ന്  വന്നുകൊണ്ടിരുന്ന ക്രൈസ്തവ നേതാക്കളെ കടല്‍ത്തീരങ്ങളില്‍ ഉപരോധിച്ചു. 1599-ല്‍ പോര്‍ട്ടുഗീസ് ആര്‍ച്ച് ബിഷപ്പ് മെനെസ്സീസ് ഉദയംപേരൂരില്‍ സുന്നഹദോസ് (Church Council) വിളിച്ചുകൂട്ടി, തദ്ദേശീയ നസ്രാണി പാരമ്പര്യത്തെ ലത്തീന്‍ (പാശ്ചാത്യ) പാരമ്പര്യത്തില്‍ ലയിപ്പിച്ചു. നാമമാത്രമായ തദ്ദേശീയ എതിര്‍പ്പുകള്‍ പോര്‍ട്ടുഗീസുകാരുടെ അധികാരത്തിനു മുമ്പില്‍ വിലപ്പോയില്ല.

കൂനന്‍ കുരിശു സത്യം: കാതോലിക്കേറ്റിന്റെ സമാരംഭം.
1653-ല്‍ നസ്രാണി തലവനായ തോമസ് അര്‍ക്കദിയാക്കോന്റെ നേതൃത്വത്തില്‍ പോര്‍ട്ടുഗീസ് അധിനിവേശത്തിന് എതിരായി തദ്ദേശീയ നസ്രാണികള്‍ സംഘടിച്ചു. പേര്‍ഷ്യന്‍ സഭയില്‍നിന്ന്  എത്തിച്ചേര്‍ന്ന പൗരസ്ത്യ ക്രൈസ്തവ നേതാക്കളെ പോര്‍ട്ടുഗീസുകാര്‍ കൊലപ്പെടുത്തി എന്ന വാര്‍ത്ത പ്രതിഷേധത്തിന് ആക്കം കൂട്ടി. കൊച്ചി രാജാവിന്റെ അധീനതയിലുള്ള മട്ടാഞ്ചേരിയില്‍ അര്‍ക്കദിയാക്കോന്‍ തോമസിന്റെ നേതൃത്വത്തില്‍ തദ്ദേശീയരായ നസ്രാണികള്‍ ഒരുമിച്ചുകൂടി, ഒരു കല്‍ക്കുരിശ്ശില്‍ കയറുകള്‍ കെട്ടി (എല്ലാവര്‍ക്കും കല്‍ക്കുരിശില്‍ സ്പര്‍ശിക്കുവാന്‍ സാധിക്കാത്തതുകൊണ്ട്) അതില്‍ പിടിച്ചുകൊണ്ട് മലങ്കര നസ്രാണികള്‍ ഒരിക്കലും റോമാക്കാരായ പോര്‍ട്ടുഗീസുകാരുടെ അധിനിവേശത്തില്‍ നിലനില്‍ക്കുകയില്ല  എന്ന്  സത്യം ചെയ്തു. ആളുകള്‍ ആവേശത്തോടെ കുരിശില്‍ കെട്ടിയ കയറില്‍ പിടിച്ചപ്പോള്‍ കുരിശ് ചരിഞ്ഞു വന്നതുകൊണ്ട് ഈ സംഭവത്തെ കൂനന്‍ കുരിശ് സത്യം (1653) എന്ന്  അറിയപ്പെട്ടു. കേരള ചരിത്രത്തിലെ മലബാർ  മാനുവലില്‍ ഈ  സംഭവം പ്രതിപാദിക്കുന്നു.

കൊച്ചിയില്‍ എത്തിച്ചേര്‍ന്ന  അഹത്തുള്ളായും കൂടെയുള്ളവരും പേര്‍ഷ്യന്‍ സഭയുടെ പാരമ്പര്യത്തില്‍ ഉള്‍പ്പെട്ടവരെന്നും  അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിനു കീഴിലുള്ള സിറിയന്‍ വൈദികനെന്നും  റോമന്‍ കത്തോലിക്ക സഭയുമായി സംസര്‍ഗത്തിലുള്ള പേര്‍ഷ്യന്‍ സഭയുടെ ഒരു വിഭാഗത്തിലെ വൈദികനെന്നും ചരിത്രകാരന്മാര്‍ സൂചിപ്പിക്കുന്നു. ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നതുപോലെ അഹത്തുള്ള അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് ആയിരുന്നില്ല. 1640-1659 വരെ സിറിയന്‍ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് പരി. ഇഗ്നാത്തിയോസ് ശിമയോന്‍ ഒന്നാമനാണ്. (Syrian Patriarch ചരിത്ര ലിസ്റ്റ് കാണുക). അതുകൊണ്ട് കൂനന്‍കുരിശു സത്യം അന്ത്യോഖ്യ ബന്ധത്തിന്റെ പ്രഖ്യാപനം എന്നു  പഠിപ്പിക്കുന്നത് സത്യനിഷേധവും സ്വാവബോധത്തെ ഹനിക്കുന്ന  അപകര്‍ഷതയുമാണ്. യഥാര്‍ഥത്തില്‍ കൊച്ചിയില്‍ എത്തിച്ചേര്‍ന്ന  അഹത്തുള്ളയുടെ വ്യക്തിതത്തെക്കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ വ്യക്തത നന്നേ കുറവാണ്.

ഭാരതത്തില്‍ തദ്ദേശീയരായ ആളുകള്‍ വിദേശ ഭരണത്തിനും മേല്‍ക്കോയ്മയ്ക്കും എതിരായി ആദ്യം നിര്‍വ്വഹിച്ച സംഘടിത സമരം 1653-ല്‍ നസ്രാണികള്‍ കൊച്ചിയില്‍ നിര്‍വ്വഹിച്ച കൂനന്‍കുരിശു സത്യമാണ്. അതുപോലെ ഭാരതത്തിലെ സഭ വിദേശീയ മേല്‍ക്കോയ്മയില്‍ ഉള്‍പ്പെടാതെ ദേശീയ സഭയായി സ്വതന്ത്രമായി നിലനില്‍ക്കുന്നതിനുവേണ്ടിയുള്ള ആദ്യത്തെ പരിശ്രമവും  1653-ലെ  കൂനന്‍ കുരിശു സത്യം ആയിരുന്നു. ദേശീയ സഭയുടെ സ്വതന്ത്ര ഭരണാധികാരിയെ ക്രൈസ്തവ പാരമ്പര്യത്തില്‍ വിളിക്കുന്ന സ്ഥാനനാമമാണ് കാതോലിക്കോസ് (Catholicos). ഒരു സ്വതന്ത്ര കാതോലിക്കേറ്റിനു വേണ്ടിയുള്ള മലങ്കര നസ്രാണികളുടെ പരിശ്രമം കൂനന്‍കുരിശു സത്യത്തില്‍ (1653) സമാരംഭിച്ചു.

അന്തോഖ്യന്‍ ബന്ധവും അധിനിവേശ ശ്രമവും
അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്റെ ആസ്ഥാനത്ത് പോയി പട്ടം സ്വീകരിച്ച് അധികാരപത്രവുമായി വന്ന് മലങ്കരസഭയില്‍ ഭരണക്രമീകരണം നടത്തുവാനുള്ള ശ്രമം ആരംഭിക്കുന്നത് ചേപ്പാട് മാര്‍ ദിവന്നാസിയോസ് (അന്നത്തെ മലങ്കര മെത്രാപ്പോലീത്ത) നവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നല്‍കിയ മാരാമണ്‍ ഏബ്രഹാം മല്‍പാന്   (1840) പ്രവര്‍ത്തന നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ്. ഒരു മെത്രാേപ്പോലീത്തയുടെ സഹായം തന്റെ നവീകരണ പ്രസ്ഥാനത്തിന് ഉണ്ടാകത്തക്കവിധം തന്റെ മരുമകന്‍ പാലക്കുന്നത്ത് മാത്യു ശെമ്മാശനെ സിറിയായില്‍ അന്തോഖ്യന്‍ പാത്രിയര്‍ക്കീസിന്റെ ആസ്ഥാനമായ മര്‍ദ്ദീനില്‍ അയച്ച് മാത്യൂസ് മാര്‍ അത്താനാസ്യോസ് എന്ന  പേരില്‍ (1843) മെത്രാപ്പോലീത്ത ആയി വാഴിക്കപ്പെട്ടു. പാലക്കുന്നത്ത് മാത്യൂസ് അത്താനാസിയോസും മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന ചേപ്പാട് മാര്‍ ദിവന്നാസിയോസും തമ്മില്‍ അന്നു  മുതല്‍ ഭിന്നത ആരംഭിച്ചു. പിന്നീട് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസിന്റെ കാലഘട്ടത്തിലും ഭിന്നത തുടരുകയും അത് സെമനാരി കേസ് എന്നറിയപ്പെടുന്ന വ്യവഹാരത്തിലേക്ക് വഴിതെളിയിക്കുകയും ചെയ്തു. ഈ കാലഘട്ടത്തില്‍ മലങ്കര സഭയില്‍ എത്തിച്ചേര്‍ന്ന (1875-1877) അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് പത്രോസ് തൃതീയന്‍ മലങ്കര സഭയില്‍ നിലനിന്നിരുന്ന  ഭിന്നത മുതലെടുത്ത് മലങ്കര സഭയെ അന്ത്യോഖ്യന്‍ സുറിയാനി സഭയുടെ ഭാഗമാക്കുവാനും പാത്രിയര്‍ക്കീസിന് മലങ്കര സഭയുടെ ഭൗതീക സ്വത്തുക്കളിന്മേൽ  അധികാരമുണ്ടെന്ന് വരുത്തിത്തീര്‍ക്കുവാനും ശ്രമം നടത്തി. 1876-ലെ മുളന്തുരുത്തി സുന്നഹദോസിന്റെ പ്രസ്തുതചരിത്ര പശ്ചാത്തലത്തിലാകണം സുന്നഹദോസിന്റെ തീരുമാനങ്ങളെ വിലയിരുത്തേണ്ടത്.

സെമനാരി കേസിന്റെ വിധിതീര്‍പ്പ് 1889-ല്‍ (റോയല്‍ കോടതി വിധി) നിര്‍ണ്ണഹിക്കപ്പെട്ടപ്പോള്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് ശരിയായ മലങ്കര മെത്രാപ്പോലീത്ത ആകുന്നു എന്ന്  തീരുമാനിക്കപ്പെടുകയും, തദവസരത്തില്‍തന്നെ  അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന് മലങ്കര സഭയുടെമേല്‍ ലൗകിക അധികാരമില്ലെന്ന് പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. 1995-ലെ സുപ്രീംകോടതി വിധിയില്‍ പാത്രിയര്‍ക്കീസിന്റെ മലങ്കര സഭയിൽമേലുള്ള അധികാരം ശൂന്യാവസ്ഥയില്‍ എത്തിച്ചേര്‍ന്നു  എന്ന്  പ്രതിപാദിക്കുന്നു. 2017 ജൂലൈ മൂന്നിലെ വിധിതീര്‍പ്പില്‍ പാത്രിയര്‍ക്കീസിന് മലങ്കര സഭയില്‍ യാതൊരു (ആത്മീകവും ലൗകികവും) അധികാരവുമില്ലെന്ന് സ്പ്ഷ്ടമാക്കുന്നു. കോടതിവിധിയുടെ അന്തസത്ത കളഞ്ഞുകുളിക്കാതെ സഭാസമാധാനം നടപ്പാക്കപ്പെടണമെന്ന്  മലങ്കരസഭ പ്രസ്താവിക്കുന്നത് പ്രസ്തുത പശ്ചാത്തലത്തിലാണ്.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

കാതോലിക്കേറ്റ് സ്ഥാപനവും സമാന്തര ഭരണത്തിന്റെ ആരംഭവും:
1908 ഫെബ്രുവരി 14-ന് പഴയസെമിനാരിയില്‍ കൂടിയ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാനെ മെത്രാപ്പോലീത്തയായി വാഴിക്കപ്പെടണമെന്ന് തീരുമാനിച്ചു. ഈ കാലയളവില്‍ മലങ്കര മെത്രാപ്പോലീത്ത ആയിരുന്ന  പുലിക്കോട്ടില്‍ രണ്ടാമന്‍ അഥവാ ദിവന്നാസ്യോസ് അഞ്ചാമന്, വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാന്  മെത്രാപ്പോലീത്ത സ്ഥാനം നല്‍കാമായിരുന്നെങ്കിലും മെത്രാപ്പോലീത്ത ആയി വാഴിക്കപ്പെടേണ്ടതിന് പാത്രിയര്‍ക്കീസിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുകയായിരുന്നു . 1876-ല്‍ പത്രോസ് തൃതീയന്‍ (Peter IV, according to Syrian Church’s history) പാത്രിയര്‍ക്കീസ് വിളിച്ചുകൂട്ടിയ മുളന്തുരുത്തി സുന്നഹദോസില്‍ എടുക്കപ്പെട്ട തീരുമാനപ്രകാരമാണ് ഇപ്രകാരം സംഭവിച്ചത്. മുളന്തുരുത്തി സുന്നഹദോസിന്റെ പരിണിതഫലമായി മലങ്കര സഭ അന്ത്യോഖ്യന്‍ സുറിയാനി സഭയുടെ അധീനതയില്‍ ഒരു പരിധിവരെ ക്രമീകരിക്കപ്പെട്ടിരുന്നു. പുലിക്കോട്ടില്‍ ദിവന്നാസ്യോസ് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്റെ അധികാരമോഹത്തെ എതിര്‍ത്തിരുന്നെങ്കിലും അന്തോഖ്യന്‍ അധീശത്വം മലങ്കര സഭയില്‍ വ്യാപിച്ചിരുന്നു . എങ്കിലും കൂനന്‍കുരിശു സത്യത്തില്‍ സമാരംഭിച്ച മലങ്കര സഭയുടെ ദേശീയ ഭാവവും സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും തദ്ദേശീയ നേതൃത്വത്തില്‍ ശക്തമായി നിഴലിച്ചിരുന്നു.

അതുകൊണ്ടാണ് 1908 മെയ് 31-ന് യേരുശലേമില്‍വച്ച് പ. അബ്ദുള്ള പാത്രിയര്‍ക്കീസ് വട്ടശ്ശേരില്‍ ഗീവര്‍ഗീസ് റമ്പാച്ചനെ ഗീവര്‍ഗീസ് മാര്‍ ദിവങ്കാസിയോസ്  എന്ന നാമഥേയത്തില്‍ മെത്രാപ്പോലീത്ത ആയി വാഴിച്ചപ്പോള്‍ പാത്രിയര്‍ക്കീസിന് മലങ്കര സഭയുടെമേല്‍ ലൗകിക അധികാരം ഉണ്ടെന്ന് സമ്മതിച്ചുകൊണ്ടുള്ള ഉടമ്പടി എഴുതിക്കൊടുക്കുവാന്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്ത വിസമ്മതിച്ചത്. പരിണിതഫലമായി മേല്‍പ്പട്ടക്കാര്‍ വാഴിക്കപ്പെടുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന  സ്താത്തിക്കോന്‍ (അധികാരപത്രം) പാത്രിയര്‍ക്കീസ് ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിന് നല്‍കിയതുമില്ല. 1909 -ല്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന്റെ കാലശേഷം വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മലങ്കര മെത്രാപ്പോലീത്തയായി പഴയസെമിനാരി ആസ്ഥാനമാക്കി സഭാശുശ്രൂഷ നിര്‍ണ്ണഹിച്ചു.

മലങ്കര സഭയുടെമേല്‍ ലൗകീക അധികാരം ലഭിക്കുവാന്‍ വേണ്ടിയുള്ള വിധേയത്വ ഉടമ്പടി വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തായില്‍നിന്ന്  ലഭിക്കുവാന്‍ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് പരിശ്രമം നടത്തിക്കൊണ്ടി രുന്നു. 1909-ല്‍ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് പ്രസ്തുത ആവശ്യത്തിന്റെ നിവര്‍ത്തീകരണത്തിന് മലങ്കരയില്‍ എത്തിച്ചേര്‍ന്നു. ഏകദേശം രണ്ടു  വര്‍ഷം ഇവിടെ താമസിച്ചു.

മലങ്കര സഭയില്‍ സമാന്തര ഭരണത്തിന് തുടക്കമിട്ടത് ഇദ്ദേഹമാണ്. അകപ്പറമ്പ് പള്ളിയില്‍വച്ച് 1910 ജൂണ്‍ 9-ന് അത്താനാസിയോസ് പൗലൂസിനെയും (വലിയ തിരുമേനി) ക്‌നാനായ ഭദ്രാസനത്തിനുവേണ്ടി  1910 ഓഗസ്റ്റ് 28-ന് മോര്‍ സേവേറിയോസ് ഗീവര്‍ഗീസിനെയും (ഇടവഴിക്കല്‍) വാഴിച്ചു. കൂടാതെ കൊച്ചുപറമ്പില്‍ പൗലൂസ് കൂറിലോസിനെ സമാന്തര ഭരണത്തിന് നേതൃത്വസ്ഥാനത്താക്കിയതിനു ശേഷം 1911 ഒക്‌ടോബര്‍ 14-ന് പരി. അബ്ദുള്ള പാത്രിയര്‍ക്കീസ് മടങ്ങിപ്പോയി.

മലങ്കര മെത്രാപ്പോലീത്തയായി മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുത്ത വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിനെ 1911 ജൂലൈ 27-ന് പാത്രിയര്‍ക്കീസ് മുടക്കി. മലങ്കര സഭയുടെ ഭൗതീക അധികാരം പാത്രിയര്‍ക്കീസിന് വിധേയപ്പെട്ടതാണെന്നുള്ള ഉടമ്പടി മലങ്കര മെത്രാപ്പോലീത്ത ആയ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് എഴുതിക്കൊടുത്തില്ല  എന്നതായിരുന്നു മുടക്കിന്റെ കാരണം. കാനോനിക സാധുതയോ സ്വാഭാവിക നീതിയോ ധാര്‍മ്മിക അടിസ്ഥാനമോ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്റെ മുടക്ക് നടപടിക്ക് ഇല്ലായിരുന്നു. എല്ലാറ്റിലും ഉപരി മലങ്കര സഭയുടെ നേതൃത്വത്തിനെതിരെയുള്ള ഇല്ലാത്ത അധികാരം ഉപയോഗിക്കുവാനുള്ള വ്യഗ്രതയും അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്റെ അഹങ്കാരവും അധികാര ധാര്‍ഷ്ട്യവും മറനീക്കി പുറത്തുകൊണ്ടുവന്ന  സംഭവമായിരുന്നു പ്രസ്തുത നടപടി. പിന്നീട് ഉണ്ടായ കോടതിവിധികളും ഇത് വ്യക്തമാക്കിയിരുന്നു.

മലങ്കര സഭയുടെ ദേശീയതയ്ക്കും സ്വത്വ ബോധത്തിനും എതിരായി മലങ്കര സഭയുടെ ഇദ:പര്യന്ത ചരിത്രത്തില്‍ ഒരു വിദേശീയ സഭാമേലധ്യക്ഷന്‍ നടത്തിയ നീചപ്രവര്‍ത്തനത്തെ മലങ്കരസഭ പുച്ഛിച്ചു തള്ളിയതിന്റെ പരിണിത ഫലമായിട്ടാണ് 1912 സെപ്റ്റംബര്‍ 15-ന് മലങ്കരസഭ ഒരു കാതോലിക്കേറ്റായി ഉയര്‍ത്തപ്പെട്ടത്. പരിണിതഫലമായി മലങ്കരസഭ ലോകത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വ്യാപിച്ചിരിക്കുന്ന ആഗോള സഭയായും മലങ്കരസഭയുടെ പരമാധ്യക്ഷന്‍ ഏഷ്യയിലെ ഏക സ്വതന്ത്ര കാതോലിക്ക ആയും വളര്‍ന്നു.

സമാന്തര ഭരണത്തിന്റെ ദുരിതവും കാതോലിക്കേറ്റിന്റെ ഫലങ്ങളും:
മലങ്കരസഭയുടെ ഭാഗമാണെങ്കിലും സമാന്തര ഭരണത്തിലൂടെ പാത്രിയര്‍ക്കീസിന്റെ അധീശത്വം അംഗീകരിക്കുന്ന ഒരു വിഘടിത സമൂഹം മലങ്കരസഭയില്‍ നിലനില്‍ക്കുന്നു. മലങ്കരസഭയിലെ കക്ഷിവഴക്കിന്റെയും കോടതി വ്യവഹാരത്തിന്റെയും മൂലകാരണം മലങ്കര സഭയുടെമേല്‍ അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് ആഗ്രഹിക്കുന്ന അധീശത്വം ആണ്. വിവിധ കാരണങ്ങളാല്‍ മലങ്കരസഭയുടെ പൊതു ഭരണക്രമത്തില്‍ അസംതൃപ്തരായ ചിലരും കുറുക്കുവഴികളിലൂടെ വൈദിക സ്ഥാനവും നേതൃത്വവും ആഗ്രഹിച്ചവരും ഈ വിഘടിത സമൂഹത്തിന് നേതൃത്വം നല്‍കുകയും മലങ്കരസഭയുടെമേലുള്ള അധികാരസ്ഥാപനത്തിന് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന് വഴി ഒരുക്കുകയും ചെയ്തു. പ്രസ്തുത ചെയ്തികള്‍ക്കെതിരെയുള്ള നിയമയുദ്ധമാണ് (1879-1889) റോയല്‍കോര്‍ട്ട് മുതല്‍ 2017 ജൂലൈ 3-ന് സുപ്രീം കോടതി വിധിതീര്‍പ്പ് നല്‍കി കേസ് വരെ നിഴലിക്കുന്നത്.

1912-ലെ കാതോലിക്കേറ്റ് സ്ഥാപനത്തിന്റെ പ്രകടമായ ഫലം ഇന്ന്  നിലനില്‍ക്കുന്ന  മലങ്കരസഭയുടെ സ്വതന്ത്രമായ വളര്‍ച്ചയും സ്വയംശീര്‍ഷകത്വവുമാണ്. തദവസരത്തില്‍ പാത്രിയര്‍ക്കീസിന് അധികാരവാഴ്ചയ്ക്ക് ഇടംകൊടുത്ത സമാന്തര സമൂഹം സംഘടനാതലത്തില്‍ പ്രതിദിനം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു. സഭാസ്വത്തുക്കളും ഇടവകപ്പള്ളികളുടെ ആസ്തികളും ഈ ഉപജാപക വൃന്ദത്തിന്റെ കൈകളിലകപ്പെട്ടിരിക്കുന്നു. വര്‍ഷങ്ങളായി കോടിക്കണക്കിനുള്ള സമ്പത്തിന്റെ വരുമാന വിനിമയ സുതാര്യത ഇല്ലാതെ സ്വാധീന സമൂഹത്തിന്റെ ഇഷ്ടത്തിനൊത്തവണ്ണം കൈകാര്യം ചെയ്യപ്പെടുന്നു. സഭാ സ്വത്തുക്കളുടെമേല്‍ സ്വന്ത ഇഷ്ടം നടത്തുന്നവര്‍ സാധാരണ വിശ്വാസികളുടെ നീതിബോധത്തിന് കടിഞ്ഞാണിടാന്‍വേണ്ടി അന്ധമായ അന്ത്യോഖ്യന്‍ വിശ്വാസം അടിച്ചേല്‍പ്പിക്കുന്നു. ഇവര്‍ക്ക് കോടതി വ്യവഹാരങ്ങളും അന്ത്യോഖ്യന്‍ ബന്ധവും തങ്ങളുടെ നിലനില്‍പിന് അത്യാവശ്യമാണ്. അമ്മയെ മറന്നാലും അന്ത്യോഖ്യയെ മറക്കത്തില്ല  എന്ന് സാധാരണ ജനങ്ങളെക്കൊണ്ട് ആക്രോശിപ്പിക്കുന്നു ! പ്രസ്തുത അപകര്‍ഷതാ ബോധത്തില്‍നിന്നും  അടിമത്വത്തില്‍നിന്നും  സ്വത്വബോധത്തിലേക്ക് വഴിതെളിയിച്ച ചരിത്രസംഭവമായിരുന്നു  1912-ലെ കാതോലിക്കേറ്റ് സ്ഥാപനം.

സമാന്തര ഭരണത്തിലൂടെ മലങ്കരസഭയില്‍ പാത്രിയര്‍ക്കീസിന് ഇടംകൊടുത്ത വിഘടിത സമൂഹത്തിന് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസ് ഒഴിയാബാധയായി തീര്‍ന്നിരിക്കുകയാണ്. സമാന്തരഭരണക്രമത്തിന് നേതൃത്വം നല്‍കുന്ന ശ്രേഷ്ഠ ബാവയ്ക്ക് ബാഹ്യകേരള ഭദ്രാസന നിയന്ത്രണം നഷ്ടപ്പെട്ടു. ഗള്‍ഫ് മേഖലകളിലെയും അമേരിക്കന്‍ ഭദ്രാസനത്തിലെയും മെത്രാന്മാരുടെ ഒത്താശയോടുകൂടി ഭദ്രാസനത്തിലെ പണക്കൊഴുപ്പുള്ള പള്ളികളെയും വ്യക്തികളെയും അന്ത്യോഖ്യന്‍ മോറാന്‍ നേരിട്ടു ഭരിക്കുന്നു. 2017 ജൂലൈ 3-ന് സുപ്രീം കോടതി വിധി മുഖാന്തിരം സമാന്തര ഭരണം അവസാനിപ്പിക്കേണ്ട പള്ളികളുടെ കണക്കു നിരത്തി വ്യസനിക്കുന്ന പലര്‍ക്കും ഗള്‍ഫിലും അമേരിക്കയിലും പാത്രിയര്‍ക്കീസ് നേരിട്ട് നിയന്ത്രണത്തില്‍ കൊണ്ടുപോയ പള്ളികളെക്കുറിച്ചും അവിടെ ശ്രേഷ്ഠാബവായ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനെക്കുറിച്ചും വ്യസനമുണ്ടെങ്കിലും പ്രകടിപ്പിക്കുവാന്‍ ധൈര്യമില്ല. സ്വതന്ത്ര കാതോലിക്കേറ്റിന്റെ പ്രസക്തിയും 1934-ലെ ഭരണഘടനയും 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിയും അനുസരിച്ച് മലങ്കരസഭയില്‍ സമാന്തര ഭരണം അവസാനിപ്പിച്ച് സഭ ഒന്നാകേണ്ടിയതിന്റെ ആവശ്യകതയും പ്രസ്തുത സാഹചര്യത്തില്‍ മനസ്സിലാക്കണം.

സഭാ സമാധാനം കാലഘട്ടത്തിന്റെ അനിവാര്യത:
1958 മുതല്‍ 1972 വരെ മലങ്കരസഭയില്‍ സമാന്തര ഭരണം ഇല്ലായിരുന്നു. കാതോലിക്കേറ്റിന്‍ കീഴില്‍ 1934-ലെ ഭരണഘടനയ്ക്ക് അനുസൃതമായി സഭ ഒന്നായി നിലനിന്നിരുന്നു. പ്രസ്തുത കാലയളവില്‍ അത്ഭുതകരമായ വളര്‍ച്ചയാണ് സഭയ്ക്കുണ്ടായത്. വിദ്യാഭ്യാസ മേഖലകളിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും രാഷ്ടനിര്‍മ്മാണത്തിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ സഭ നിര്‍വ്വഹിച്ചു. കോട്ടയം ബസേലിയോസ്, കോലഞ്ചേരി സെൻറ് പീറ്റേഴ്‌സ്, സുല്‍ത്താന്‍ബത്തേരി സെൻറ് മേരീസ്, കൊട്ടാരക്കര സെൻറ് ഗ്രീഗോറിയോസ്, കോതമംഗലം മാര്‍ അത്താനാസ്സിയോസ്, പത്തനാപുരം സെൻറ് സ്റ്റീഫന്‍സ് തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മലങ്കരസഭ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചത് ഈ കാലയളവിലാണ്.

കേരള നിയമസഭയില്‍ പതിനേഴ് എം.എല്‍.എ.മാര്‍ മലങ്കരസഭയില്‍നിന്നും  വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായി സാമൂഹ്യസേവനം അനുഷ്ഠിച്ചിരുന്നു. സ്വകാര്യ മേഖലയില്‍ ഒരു എന്‍ജിനീയറിംഗ് കോളജ് മലങ്കരസഭയുടെ വിദ്യാഭ്യാസ മേഖലയിലെ അംഗീകാരമായി ഗവണ്‍മെന്റില്‍നിന്നും  (കോതമംഗലം മാര്‍ അത്താനാസിയോസ് എന്‍ജിനീയറിംഗ് കോളജ്) ലഭിച്ചു. തദവസരത്തില്‍ ആലപ്പുഴയില്‍ കര്‍മ്മേല്‍ പോളിടെക്‌നിക് മാത്രമാണ് കത്തോലിക്ക സഭയ്ക്ക് ലഭിച്ചത്. 1958-നും 1972-നും ഇടയില്‍ പൗരസ്ത്യ കാതോലിക്കേറ്റിനു കീഴിലുള്ള മലങ്കരസഭയുടെ സാമൂഹിക മാനം ഈ കാലഘട്ടത്തില്‍നിന്ന് മനസ്സിലാക്കണം.

ഉപസംഹാരം: വിദേശരാജ്യങ്ങളുടെ കടന്നുകയറ്റത്തിനെതിരെ ഭാരതത്തിലെ പൊതുസമൂഹം പ്രതികരിക്കുന്നതിന് വളരെ മുമ്പുതന്നെ  രംഗത്തു വന്ന്  പ്രതികരിച്ച (1653-ലെ കൂനന്‍കുരിശു സത്യം) മലങ്കര നസ്രാണികളുടെ സ്വത്വബോധവും സ്വാതന്ത്ര്യ വാഞ്ചയും അടിമത്വത്തിലേക്ക്  വലിച്ചിഴച്ചത് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസന്മാരുടെ അധികാരമോഹവും മലങ്കരസഭയുടെ പൊതു ഭരണക്രമത്തില്‍ അസന്തുഷ്ടരായ ഏതാനും പുരോഹിതരുടെ സ്ഥാനമോഹവും ആയിരുന്നു.

1958 മുതല്‍ കാതോലിക്കേറ്റിന്റെ കീഴില്‍ ഒന്നായി നിലനിന്ന  മലങ്കരസഭയില്‍ വീണ്ടും ഭിന്നിപ്പ് ഉണ്ടാക്കിയത് അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസായിരുന്ന പരി. യാക്കോബാ തൃതീയന്റെ 203 -അം നമ്പര്‍ കല്‍പനയായിരുന്നു. അദ്ദേഹം കര്‍തൃശിഷ്യനായ മാര്‍ത്തോമ്മാ ശ്ലീഹായുടെ പൗരോഹിത്യത്തെപ്പോലും കല്‍പനയില്‍ ചോദ്യം ചെയ്തു. അന്ത്യോഖ്യന്‍ ഭക്തി വൈകാരികമായി ഇളക്കിവിട്ട് മലങ്കരസഭയിലെ ചില പുരോഹിതര്‍ ഈ വിഘടിത പ്രസ്ഥാനത്തിന് നേതൃത്വം നല്‍കി. മലങ്കരസഭയുടെ സമ്മതം ഇല്ലാതെ, പൗരസ്ത്യ സുവിശേഷ സമാജത്തിന്റെ പേരില്‍ കടവില്‍ പൗലൂസ് മാര്‍ അത്താനാസിയോസിനെയും (1973) പെരുമ്പള്ളില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസിനെയും (1974) ചെറുവള്ളില്‍ തോമസ് മാര്‍ ദിവന്നാസ്യോസിനെയും (1974) (ഇപ്പോഴത്തെ ശ്രേഷ്ഠ ബാവ) പാത്രിയര്‍ക്കീസ് വാഴിച്ചു. പരിണിതഫലമായി രണ്ടാം  സമുദായക്കേസ് 1974-ല്‍ ആരംഭിക്കുകയും 2017 ജൂലൈ 3-ലെ സുപ്രീംകോടതി വിധിവരെ എത്തിനില്‍ക്കുകയും ചെയ്യുന്നു.

2017 ജൂലൈ 3-ന് വിധിതീര്‍പ്പ് ബഹു. സുപ്രീം കോടതി നടത്തിയപ്പോള്‍ ബഹു. ന്യായാധിപന്മാര്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ പ്രകൃതവും ദേശീയ സ്വഭാവവും സ്വയശീര്‍ഷകത്വവും പഠനവിധേയമാക്കിയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. 1912-ലെ കാതോലിക്കേറ്റും 1934-ലെ ഭരണഘടനയും 1958-1972 കാലഘട്ടത്തിലെ സഭാസമാധാനവും പ്രധാനമാര്‍ഗ്ഗരേഖകളായി വിധിയില്‍ പ്രതിപാദിക്കുന്നു. ക്രിസ്തുശിഷ്യനായ മാര്‍ത്തോമ്മായില്‍നിന്ന്  മലങ്കരസഭയ്ക്ക് ലഭിച്ച് അപ്പോസ്‌തോലിക പൈതൃകവും സുറിയാനി ആരാധനാ പാരമ്പര്യവും പൗരോഹിത്യ പിന്‍തുടര്‍ച്ചയും വിധിയില്‍ പഠനവിധേയമാക്കിയിട്ടുണ്ട്.

അന്ത്യോഖ്യന്‍ സുറിയാനി പാരമ്പര്യം സിറിയായില്‍പോലും അറിബിവത്ക്കരണത്തിന് വിധേയപ്പെട്ട് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ആഗോള ക്രൈസ്തവ സമൂഹം ആദരവോടും പ്രതീക്ഷയോടുംകൂടിയാണ് മലങ്കരസഭയുടെ അപ്പോസ്‌തോല പാരമ്പര്യത്തെയും ആരാധനാ രീതികളെയും വീക്ഷിക്കുന്നത്. പ്രസ്തുത പ്രാധാന്യം മനസ്സിലാക്കി ഇനിയും ഒരു വിഭജനം ഉണ്ടാകാത്ത വിധത്തില്‍ ശാശ്വതമായ സമാധാനം സ്വതന്ത്ര കാതോലിക്കേറ്റിന്‍ കീഴില്‍ ഉണ്ടാകണമെന്നതാണ് മലങ്കരസഭയുടെ അഭിലാഷവും അഭിവാഞ്ചയും.

ഫാ. വര്‍ഗീസ് വര്‍ഗീസ് മീനടം

https://ovsonline.in/latest-news/catholicate-day-2/

error: Thank you for visiting : www.ovsonline.in