OVS - Latest NewsOVS-Kerala News

സഭകളുടെമേൽ നിയന്ത്രണം ; പ്രചാരണം അടിസ്ഥാന രഹിതമെന്നു മന്ത്രി

കോട്ടയം : ചർച്ച് ആക്ട് നടപ്പിലാക്കി സഭകളുടെമേൽ സർക്കാർ നിയന്ത്രണം കൊണ്ടു വരുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു മന്ത്രി എം.എം. മണി. ഓർത്തഡോക്സ് സഭയുടെ ഭവന നിർമാണ സഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചർച്ച് ആക്ട് സംബന്ധിച്ച് സഭകൾക്ക് ആശങ്ക വേണ്ട. സഭകളുടെമേൽ അനാവശ്യ നിയന്ത്രണങ്ങൾ നടപ്പാക്കുകയെന്നതു സർക്കാർ നയമല്ല. ഭവനരഹിതരുടെ എണ്ണം കൂടുന്ന ഇക്കാലത്ത് ഓർത്തഡോ ക്സ് സഭയുടെ ഭവന നിർമാണ സഹായ പദ്ധതി അനുകരിക്കാവുന്ന മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

പൊതുസമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ജാതി മത ഭേദമന്യേ വളരെ നാളായി ഭവന നിർമാണത്തിനു സഹായം നൽകി വരുന്നുണ്ടെന്നും അതു സഭയുടെ കടമയായി ഏറ്റെടുത്ത് നിർവഹിക്കുകയാണെന്നും ബാവാ പറഞ്ഞു. ഭവന നിർമാണ സഹായ വിതരണവും ബാവാ നിർവഹിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഡോ. രാജു ഫിലിപ്, വി.എൻ. വാസവൻ, തോമസ് ഏബഹാം കോറെപ്പിസ്കോപ്പ, ഫാ. കെ.പി. മർക്കോസ് എന്നിവർ പ്രസംഗിച്ചു.

തിരഞ്ഞെ‌ടുക്കപ്പെട്ട 70 പേർക്ക് 50000 രൂപ വീതം ഭവന നിർമാണ സഹായം നൽകി. പരിശുദ്ധ വട്ടശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ ഓർമപ്പെരുനാളിനോടനുബന്ധിച്ചായിരുന്നു സഹായ വിതരണം. കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന നടന്നു. തുടർന്നു പ്രദക്ഷിണത്തിനും ശ്ലൈഹിക വാഴ്​വിനും ശേഷം മർത്തമറിയം വനിതാ സമ്മേളനം നടത്തി. ഡോ. ഏബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിച്ചു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in