OVS - Latest NewsOVS-Kerala News

ചര്‍ച്ച് ആക്ട് സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റം : ഓര്‍ത്തഡോക് സ് സഭ

കോട്ടയം : ചർച്ച് ആക്‌ട് സംബന്ധിച്ച് ഇതിനോടകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള കരടിലെ നിർദേശങ്ങൾ ക്രിസ്തീയ വിഭാഗങ്ങളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമായതിനാൽ അനുകൂലിക്കേണ്ടതില്ലെന്ന് ഓർത്തഡോക്സ് സഭാ സുന്നഹദോസ് തീരുമാനിച്ചു. മലങ്കര സഭയിലെ ശാശ്വത സമാധാനത്തിനായി കോടതി വിധികളിലൂടെ ലഭ്യമായിരിക്കുന്ന മാർഗരേഖ പിന്തുടരും. ദേവലോകം അരമനയിൽ 19ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ ആരംഭിച്ച സുന്നഹദോസ് സമാപിച്ചു.

കശ്‌മീരിലെ പുൽവാമയിൽ വീര മൃത്യുവരിച്ച ജവാൻമാരെ അനുസ്‌മരിച്ചു. അവർക്ക് ആദരാഞ്ജലി അർപ്പിച്ചു. തോമസ് മാർ അത്തനാസിയോസ്, സഭയുടെ പി. ആർ ഒ. പ്രഫ. പി. സി. ഏലിയാസ് എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പലായി ഫാ. ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിനെയും നാഗ്‌പൂർ സെന്റ് തോമസ് വൈദിക സെമിനാരി പ്രിൻസിപ്പലായി ഫാ. ഡോ. ജോസി ജേക്കബിനെയും നിയമിക്കാൻ തീരുമാനിച്ചു.ബസ്‌ക്യാമ അസോസിയേഷൻ പ്രസിഡന്റായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ നിയമിച്ചു. ഡോ. തോമസ് മാർ അത്താനാസിയോസ്, യൂഹാനോൻ മാർ മിലിത്തിയോസ്, സഖറിയാ മാർ അന്തോണിയോസ്, ഡോ. മാത്യൂസ് മാർ സേവേറിയോസ് എന്നിവർ ധ്യാനം നയിച്ചു. സഭയിലെ വൈദിക സ്ഥാനികളുടെയും സഭാ സേവനം നടത്തുന്ന അത്മായ പ്രവർത്തകരുടെയും പെരുമാറ്റം സംബന്ധിച്ച മാർഗ രേഖ അംഗീകരിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന സർക്കാർ നടപ്പാക്കാൻ ആഗ്രഹിക്കുന്ന ചർച്ച് ആക്‌ടിന്റെ കരടു രൂപത്തോട് ചില കാര്യങ്ങളിൽ താത്വികമായ വിയോജിപ്പുള്ളതായി ഓർത്തഡോക്സ് സഭ. പൊതു നീതിന്യായ വ്യവസ്ഥയ്‌ക്കു പുറത്ത് സഭകളുടെയും, ഇടവകകളുടെയും തർക്കം പരിഹരിക്കാൻ സർവാധികാരമുള്ള ഒരു ട്രൈബ്യൂണലിനെ നിയമിക്കുക എന്ന ആശയത്തോട് യോജിപ്പില്ലെന്ന് സഭാ അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ പറഞ്ഞു. തർക്കപരിഹാര സംവിധാനങ്ങളെല്ലാം തന്നെ രാജ്യത്തിന്റെ പൊതു നീതിന്യായ വ്യവസ്ഥയ്‌ക്ക് കീഴ്‌പ്പെട്ടിരിക്കണം. അവയുടെ തീരുമാനങ്ങൾ കോടതികളിൽ ചോദ്യം ചെയ്യപ്പെടാൻ അവസരം ലഭിക്കണം. പ്രാദേശിക ഫോറങ്ങൾക്ക് ആ സ്ഥാനം നൽകുന്നത് അപകടമായിരിക്കും. ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങളുടെമേൽ കൈകടത്താനാണ് ചർച്ച് ആക്‌ട് ലക്ഷ്യമിടുന്നതെങ്കിൽ സഭ എതിർക്കുമെന്നും ബിജു ഉമ്മൻ പറഞ്ഞു.

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ
error: Thank you for visiting : www.ovsonline.in