OVS - ArticlesOVS - Latest News

പരിസ്ഥിതി ദൈവശാസ്ത്രം- പഴയ സെമിനാരി മോഡല്‍!

ഇന്നു നല്ല മാര്‍ക്കറ്റുള്ള ഒരു വേദശാസ്ത്ര ശാഖയാണ് പരിസ്ഥിതി ദൈവശാസ്ത്രം (Eco Theology). ഒരുപടികൂടി കടന്ന്, പരിസ്ഥിതി പെണ്മ (Eco-Feminism) തുടങ്ങിയ ഉപവിഭാഗങ്ങളും ഈ ശാഖയ്ക്ക് ഉണ്ടായിട്ടുണ്ട്. ആഗോള താപനവും വരള്‍ച്ചയും ലോകത്തിൻ്റെ നിലനില്‍പ്പിനുതന്നെ ഭീഷണിയാകുമ്പോള്‍ വൃക്ഷങ്ങള്‍ നട്ട് ഭൂമിയെ കുടചൂടിക്കുവാന്‍ ലോകം മുഴുവന്‍ കൈകോര്‍ക്കുമ്പോള്‍ മലങ്കര സഭയും അതില്‍ സജീവമായി പങ്കാളിത്വം വഹിക്കുന്നുണ്ട്. പ്രകൃതി ചൂഷണം അതിൻ്റെ പാരമ്യത്തിലത്തിനില്‍ക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ പരിസ്ഥിതി ദൈവശാസ്ത്രത്തിനു പ്രസക്തിയുമുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയത്തില്‍ സെമിനാറുകള്‍ക്കും പ്രബന്ധങ്ങള്‍ക്കും വര്‍ക്ക്‌ഷോപ്പുകള്‍ക്കും ഇന്നു പഞ്ഞവുമില്ല.

പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രായോഗിക തലം കാണണമെങ്കില്‍ ഇന്ന് പഴയ സെമിനാരി സന്ദര്‍ശിച്ചാല്‍ മതി. പടിപ്പുര മുതല്‍ ചാപ്പലിൻ്റെ കിഴക്കുവശം വരെ വെട്ടിവെളുപ്പിച്ച് മരുഭൂമി ആക്കിയിരിക്കുന്നു. ദീര്‍ഘവര്‍ഷങ്ങള്‍കൊണ്ട് വളര്‍ന്നു കയറിയ ഔഷധത്തോട്ടം കാണാനില്ല. സോഫിയാ സെന്ററിനു മുമ്പിലെ മരങ്ങളെല്ലാം വെട്ടി മാറ്റി. കൂട്ടത്തില്‍ വിലപിടിച്ചൊരു അപൂര്‍വ വൃക്ഷവും പാഴ്മരമായി വിറ്റുമാറി. എന്തിനുവേണ്ടി?

തിരുവിതാംകൂര്‍ റീജന്റ് മഹാറാണി ഗൗരി ലക്ഷ്മിഭായി, പുത്തന്‍കൂര്‍ സുറിയാനിക്കാര്‍ക്ക് വേദം പഠിക്കുന്നതിനായി ഒരു പടിത്തവീടു സ്ഥാപിക്കുന്നതിന് കരമൊഴിവായി ദാനം നല്‍കിയ സ്ഥലമാണ് പഴയ സെമിനാരി പുരയിടം. ചാപ്പലും സെമിനാരി നാലുകെട്ടും ഒഴികെയുള്ള സ്ഥലത്ത് ആദ്യത്തെ ഒരു നൂറ്റാണ്ടുകാലം മുഖ്യമായും നെല്‍ക്കൃഷി ആയിരുന്നു. ഇതര കാര്‍ഷിക വിഭവങ്ങളും പരിമിതമായി കൃഷിചെയ്തിരുന്നു. പിന്നീട് അവ കൂടുതല്‍ ലാഭകരമായ റബര്‍കൃഷിക്കു വഴിമാറി. സെമിനാരിക്ക് ഒരു സ്ഥിരം വരുമാനം എന്നതിനോടൊപ്പം സെമിനാരി പുരയിടത്തിന് ഒരു ഹരിത മേലാപ്പും റബര്‍ നല്‍കിയിരുന്നു.

ഇപ്പോള്‍ അതിലൊരു ഭാഗം വെട്ടിമാറ്റിയിരിക്കുന്നു. പക്ഷേ അവിടെ പുനര്‍കൃഷി ഇല്ലപോലും! പകരം അവിടെ ആയിരം കാറുകള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കുന്നു എന്ന് പിന്നാമ്പുറ സംസാരം. എന്തിനാണ് ഇത്രവലിയ പാര്‍ക്കിംഗ് ഗ്രൗണ്ട്? പ്രതിവര്‍ഷം പഴയ സെമിനാരിയില്‍ പത്താള്‍കൂടുന്ന ഏക അവസരം പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പെരുന്നാളാണ്. (ഡോ. പൗലൂസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ കബറടക്കം വിസ്മരിക്കുന്നില്ല.) അവയ്‌ക്കൊക്കെ വന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തത് റബര്‍ തോട്ടത്തിലാണ്. അതും ഒറ്റ റബറിനുപോലും കേടുവരാതെ! അതില്‍ കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം എന്തിനാണ് പഴയ സെമിനാരിക്ക്.

ചാപ്പലിനു കിഴക്കുവശത്തു വയനാട് മുതല്‍ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളില്‍നിന്നു ശേഖരിച്ചു വളര്‍ത്തിയ പഴയ സെമിനാരിയിലെ അപൂര്‍വ ഔഷധസസ്യങ്ങളുടെ ശേഖരം സവിശേഷമായ മാദ്ധ്യമശ്രദ്ധപോലും നേടിയതാണ്. അതു മുഴുവന്‍ ഒറ്റനിമിഷംകൊണ്ടു ജെ.സി.ബി.യുടെ കരങ്ങള്‍ പറിച്ചെറിഞ്ഞു. പകരം ഇന്നവിടെ മരച്ചീനിക്കൃഷി!

ഇതിനു സമാനമായ ഒരു സംഭവം പഴയ നിയമത്തിലുണ്ട്. തലമുറകള്‍കൊണ്ട് വളര്‍ത്തിയെടുത്ത നാബോത്തിൻ്റെ മുന്തിരിത്തോട്ടം കേവലം ചീരത്തോട്ടമാക്കാന്‍ ശ്രമിച്ച ആഹാബ് രാജാവിൻ്റെ ഉപമ! (1 രാജാ. 21 അദ്ധ്യായം). അതു തന്നെയല്ലേ പഴയ സെമിനാരിയിൽ  സംഭവിച്ചത്? 1970-കളില്‍ സോഫിയാ സെന്റര്‍ സ്ഥാപിച്ച കാലത്ത് നട്ട അപൂര്‍വ വൃക്ഷം ഇനി മടങ്ങിവരുമോ? പത്തുവര്‍ഷംകൊണ്ടു വളര്‍ത്തിയെടുത്ത ഔഷധത്തോട്ടം ഇനി പുനര്‍ജ്ജനിക്കുമോ? പിഴുതെറിഞ്ഞത് എന്തിനുവേണ്ടി? ഏതാനും മൂട് മരച്ചീനിക്കായി! ഒരു പാത്രം പയറുപായസത്തിനായി ജേഷ്ഠാവകാശം വിറ്റതിനു തുല്യമായ നടപടിയായിപ്പോയി ഇത്.

ഇതിനു സമാനമായ ഒരു പരിസ്ഥിതി സംരക്ഷണം മുമ്പ് ഒരിക്കല്‍ പരുമലയില്‍ അരങ്ങേറിയിരുന്നു. പ. പരുമല തിരുമേനിയുടെ കബറിൻ്റെ മുമ്പില്‍ സമൃദ്ധമായി വലിയ മാങ്ങകള്‍ കായ്ക്കുന്ന ഒരു മാവ് ഉണ്ടായിരുന്നു. നല്ല ഭംഗിയായി തണലും. ഒരു വ്യാഴവട്ടക്കാലം മുമ്പ് സൗന്ദര്യവല്‍ക്കരണത്തിൻ്റെ ഭാഗമായി അന്നത്തെ മാനേജര്‍ കബറിനുമുമ്പിലുള്ള മുറ്റത്ത് ടൈല്‍ വിരിച്ചു. തുടര്‍ന്ന് ടൈലില്‍ കാക്ക കാഷ്ഠിക്കുന്നതുമൂലമുള്ള അസൗകര്യം പരിഗണിച്ച് നിറയെ കായ്ക്കുന്ന മാവ് വെട്ടിമാറ്റി. വെയിലും ടൈലും ചേര്‍ന്നൊരുക്കിയ പഞ്ചാഗ്നിയില്‍ പുകഞ്ഞുപുളഞ്ഞ ഭക്തജനങ്ങള്‍ ശപിച്ചപ്പോള്‍ മാവിൻ്റെ സ്ഥാനത്ത് യാതൊരു പ്രയോജനവുമില്ലാത്ത ഒരു പാഴ്മരം നട്ടുവളര്‍ത്തി. കാക്കകള്‍ പൂര്‍വാധികം ഭംഗിയായി കാഷ്ഠിച്ചു! അതാണ് പരിസ്ഥിതി ദൈവശാസ്ത്രം – പരുമല മോഡല്‍! ഇത് പരിസ്ഥിതി ദൈവശാസ്ത്രം – പഴയ സെമിനാരി മോഡല്‍!

ഭാഗ്യത്തിനു പഴയ സെമിനാരി ചാപ്പല്‍ മുറ്റത്തെ തറകെട്ടി സംരക്ഷിക്കുന്ന മാവുകള്‍ തല്‍ക്കാലം രക്ഷപെട്ടിട്ടുണ്ട്. അവയുടെ കടയ്ക്കല്‍ ഇനി എന്നു മഴു വീഴുമെന്നു കണ്ടറിയണം. ഒരു സുപ്രഭാതത്തില്‍ പന്തല്‍ ഇടുവാനുള്ള സൗകര്യത്തിനു അവയും അപ്രത്യക്ഷമായാലും അത്ഭുതപ്പെടാനൊന്നുമില്ല.

സെമിനാരി പുരയിടം വെട്ടിവെളുപ്പിച്ചത് അക്ഷന്തവ്യവും അപരിഹാര്യവുമായ അപരാധമാണ്. പക്ഷേ അവരേക്കാള്‍ ക്ഷമ അര്‍ഹിക്കാത്തവര്‍ ഈ ക്രൂരധ്വംസനം കണ്ടിട്ടും തടയാന്‍ ശ്രമിക്കുകയോ, അതിനെതിരെ ഒരു ചെറുവിരല്‍ അനക്കുകയോ എന്തിന്? ഒന്നു പ്രതികരിക്കുകയോ പോലും ചെയ്യാത്ത പരിസ്ഥിതി ദൈവശാസ്ത്രജ്ഞന്മാരാണ്. അവരോട് ഒരു അപേക്ഷയേ ഉള്ളു: ഇനി മേലാല്‍ നിങ്ങള്‍ പരിസ്ഥിതി ദൈവശാസ്ത്രത്തെക്കുറിച്ചോ ഹരിതസഭയെക്കുറിച്ചോ ഒരിടത്തും വിജ്ഞാനം വിളമ്പരുത്. അവ വല്ലതും സെമിനാരി പാഠ്യപദ്ധതിയില്‍ ഉണ്ടങ്കില്‍ ഉടന്‍ ഒഴിവാക്കുകയും വേണം. വൈദീക വിദ്യാര്‍ത്ഥികള്‍ക്ക് ഈ വിഷയത്തില്‍ ഇനി സെമിനാരി പുരയിടം കാഴ്ച വയ്ക്കുന്ന പ്രായോഗികജ്ഞാനം മാത്രം മതി!

ഡോ. എം. കുര്യന്‍ തോമസ്
(OVS Online, 15 ഒക്‌ടോബര്‍ 20118)

https://ovsonline.in/articles/quest-for-change-editorial-3/

error: Thank you for visiting : www.ovsonline.in