OVS - Latest NewsOVS-Kerala News

അത്താനാസിയോസ് തിരുമേനിയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം 

ചെങ്ങന്നൂര്‍ : ചെങ്ങന്നൂര്‍ ഭദ്രാസനാധിപനായിരുന്ന ഡോ.തോമസ്‌ മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയുടെ ദേഹ വിയോഗത്തില്‍ അനുശോചന പ്രവാഹം. ലാളിത്യം, സ്‌നേഹം, സാഹോദര്യം എന്നിവയുടെ മൂര്‍ത്തീമദ്ഭാവമായിരുന്നു തിരുമേനിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.എല്ലാ മനുഷ്യര്‍ക്കുമായി സ്നേഹം സമൃദ്ധമായി പങ്കുവച്ചു നല്‍കിയ വ്യക്തിത്വമായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊണ്ട വൈദിക ശ്രേഷ്ഠനായിരുന്നു തോമസ് മാര്‍ അത്തനാസിയോസ് തിരുമേനി എന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അനുശോചന സന്ദേശം

ഓര്‍ത്തഡോക്‌സ് സഭയുടെ ഏറ്റവും മുതിര്‍ന്ന മെത്രാപ്പോലീത്തയായ തോമസ് മാര്‍ അത്തനാസിയോസ് തിരുമേനിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ലാളിത്യം, സ്‌നേഹം, സാഹോദര്യം എന്നിവയുടെ മൂര്‍ത്തീമദ്ഭാവമായിരുന്നു തിരുമേനിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിപ്പച്ചെറുപ്പമില്ലാതെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളോടും ഇടപെട്ടിരുന്ന തിരുമേനി വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളില്‍ മുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വരെ പ്രത്യേകം ശ്രദ്ധിച്ചു. സഭയ്ക്ക് മാത്രമല്ല സമൂഹത്തിനാകെത്തന്നെ ഉല്‍ക്കര്‍ഷമുണ്ടാക്കുന്നതിന് വലിയതോതില്‍ സംഭാവന ചെയ്ത സമര്‍പ്പിതമായ ജീവിതമായിരുന്നു തിരുമേനിയുടേതെന്ന്  മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ കുറുപ്പ് 

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭി.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ നിര്യാണത്തില്‍ അനുശോചിക്കുന്നു. ജാതിയുടെയും മതത്തിന്റെയും അതിര്‍വരമ്പുകളില്ലാത്ത എല്ലാ മനുഷ്യര്‍ക്കുമായി സ്നേഹം സമൃദ്ധമായി പങ്കുവച്ചു നല്‍കിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിലും പരിപാലിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് നിര്‍ണ്ണായകമാണ്. അഭിവന്ദ്യ തിരുമേനിയുടെ വിയോഗം സമൂഹത്തിന് തീരാനഷ്ടമാണ്.

കോടിയേരി ബാലകൃഷ്ണന്‍റെ കുറുപ്പ് 

ഓര്‍ത്തഡോക്‌സ് സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപൊലീത്തയുടെ അപകട മരണം നടുക്കമുണര്‍ത്തുന്ന വിയോഗമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തിരുമേനിയുടെ മരണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു.

മതനിരപേക്ഷതയ്ക്കു വേണ്ടി നിലകൊണ്ട വൈദിക ശ്രേഷ്ഠനായിരുന്നു തോമസ് മാര്‍ അത്തനാസിയോസ് തിരുമേനി. വ്യക്തിപരമായി വളരെയടുത്ത ബന്ധമാണ് അദ്ദേഹവുമായി ഉണ്ടായിരുന്നത്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ അദ്ദേഹത്തിന്റെ അരമനയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഞങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ അവിസ്മരണീയമാണ്. വികസന കാര്യങ്ങളിലടക്കം അദ്ദേഹത്തിന് വ്യക്തമായ ധാരണകള്‍ ഉണ്ടായിരുന്നു. സഹായ മനോഭാവമുള്ള മനുഷ്യ സ്‌നേഹിയായിരുന്നു എന്റെ അടുത്ത സുഹൃത്തുകൂടിയായ തിരുമേനി. ചെങ്ങന്നൂരിലെ വികസന പദ്ധതികള്‍ക്കെല്ലാം നേതൃപരമായ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്. എല്ലാ വിഷയങ്ങളിലും അഗാധമായ ജ്ഞാനമുള്ള ആ പുരോഹിത ശ്രേഷ്ഠന്‍ അരമനയ്ക്കുള്ളില്‍ ചടഞ്ഞിരിക്കുന്നതിന് പകരം ജനങ്ങള്‍ക്കിടയിലേക്കിറങ്ങി ചെന്ന് ധാരാളം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു.

എല്ലാവരുമായും നല്ല സ്‌നേഹബന്ധം വെച്ച് പുലര്‍ത്താനും വിവിധ വിഷയങ്ങളില്‍ മുഖം നോക്കാതെ അഭിപ്രായം പറയാനും അദ്ദേഹത്തിന് മടിയുണ്ടായിരുന്നില്ല. തിരുമേനിയുടെ വിയോഗം ഓര്‍ത്തഡോക്‌സ് സഭയ്ക്കും കേരളീയ സമൂഹത്തിനും തീരാ നഷ്ടമാണെന്നും കോടിയേരി അനുശോചിച്ചു.

https://ovsonline.in/latest-news/hg-thomas-mar-athanasius_passes_away/

 
error: Thank you for visiting : www.ovsonline.in