OVS - Latest NewsOVS-Kerala News

വലിയ ഇടയൻ്റെ വിയോഗ വാർത്ത ഉൾക്കൊള്ളാനാകാതെ ഓതറ ദയറ

തിരുവല്ല ∙ ഓതറ സെന്റ് ജോർജ് ദയറ ഇന്നലെ ഉണർന്നത് വലിയ ഇടയൻ്റെ ആകസ്മിക വിയോഗ വാർത്ത കേട്ടാണ്. വഡോദരയിൽ നിന്നാണ് രാവിലെ ആറരയോടെ ഫോൺ സന്ദേശം എത്തിയത്. പിന്നീട് ദയറായിലെ ഫാ. ബിജു ഫിലിപ്പും ഫാ. എബി സി.തോമസും ചെങ്ങന്നൂർ ഭദ്രാസന ആസ്ഥാനവുമായി ബന്ധപ്പെട്ടു. ആദ്യം ആർക്കും വ്യക്തമായ വിവരമൊന്നുമില്ലായിരുന്നെങ്കിലും ഏഴുമണിയോടെ വാർത്തയ്ക്ക് സ്ഥിരീകരണമായി.

മൂന്നുപതിറ്റാണ്ടോളം തോമസ് മാർ അത്തനാസിയോസിൻ്റെ കർമ മണ്ഡലമായിരുന്നു ഓതറ സെന്റ് ജോർജ് ദയറ. കോട്ടയത്തു നടന്ന സഭയുടെ സുന്നഹദോസിൽ പങ്കെടുത്ത് ഏഴിന് മടങ്ങിയെത്തിയ മാർ അത്തനാസിയോസ് എട്ടിനാണ് ഇവിടെനിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് യാത്രതിരിച്ചത്. അന്നുതന്നെ വഡോദരയിലെത്തി. രണ്ടാഴ്ചയോളം അവിടെ ചെലവഴിച്ചശേഷം വ്യാഴാഴ്ച പുലർച്ചെയാണ് നാട്ടിലേക്ക് ട്രെയിൻമാർഗം യാത്ര തിരിച്ചത്.

നാട്ടിലെത്തി പ്രളയക്കെടുതി നേരിട്ട സ്ഥലങ്ങൾ സന്ദർശിച്ച് ദുരിത ബാധിതർക്കായി പ്രത്യേക പദ്ധതികൾ തയാറാക്കാൻ മാർ അത്തനാസിയോസ് താൽപര്യം പ്രകടിപ്പിച്ചിരുന്നതായി ദയറായിലെ അംഗങ്ങൾ പറഞ്ഞു. മെത്രാപ്പെ‍ാലീത്തയായി ഉയർത്തപ്പെട്ട 1985 മുതൽ അധികകാലവും മാർ അത്തനാസിയോസ് ഇവിടെയായിരുന്നു കഴിഞ്ഞിരുന്നത്. ഇടക്കാലത്ത് ചെങ്ങന്നൂർ ബഥേൽ അരമനയിലും താമസിച്ചു. ഒ‍ാതറ ദയറ പുതുക്കി പണിതതോടൊപ്പം ഇവിടെ സെന്റ് ജോർജ് ചാപ്പലിന്റെ നിർമാണത്തിനു തുടക്കം കുറിക്കുകയും ചെയ്തു.

തോമസ് മാർ അത്തനാസിയോസ് – ദൈവസ്‌നേഹത്തിൻ്റെ വിദ്യാമൃതം >>

അന്ത്യവിശ്രമം ഓതറ ദയറയിൽ

ഓതറ ∙ അന്ത്യവിശ്രമത്തിനുള്ള സ്ഥലം ആറുമാസത്തിനു മുൻപു തന്നെ തോമസ് മാർ അത്തനാസിയോസ് നിശ്ചയിച്ചിരുന്നു. സെന്റ് ജോർജ് ദയറയുടെ മദ്ബഹയുടെ വടക്കുഭാഗത്തോടു ചേർന്നാണ് ഇത്. കബർ പണിയും പൂർത്തീകരിച്ചിരുന്നു. അന്ത്യവിശ്രമം ഓതറ ദയറയിലായിരിക്കണമെന്ന് സഭാ നേതൃത്വത്തെയും മാർ അത്തനാസിയോസ് അറിയിച്ചിരുന്നതായി ദയറാ അംഗങ്ങൾ പറഞ്ഞു.

https://ovsonline.in/latest-news/hg-thomas-mar-athanasius_passes_away/

error: Thank you for visiting : www.ovsonline.in