വല്യപള്ളീല്‍ വികാരിത്വവും ഊരുതെണ്ടെല്‍ ഉദ്യോഗവും!
മലങ്കരസഭയുടെ പൗരോഹിത്യശ്രേണിയില്‍ അപചയവും ജീര്‍ണ്ണതയും കടന്നുകൂടി എന്ന ആരോപണം കുറെ വര്‍ഷങ്ങളായി ഉയരുന്നുണ്ട്. ചില വര്‍ത്തമാനകാല സംഭവങ്ങള്‍ ഈ ആരോപണത്തെ ആളിക്കത്തിച്ചു എന്നു മാത്രമല്ല, അവ സമൂഹമദ്ധ്യത്തില്‍ ചര്‍ച്ചാവിഷയമാക്കാനും ഇടവരുത്തി. ഇന്ന് ചര്‍ച്ചാവിഷയമായിരിക്കുന്ന സദാചാര വിഷയത്തിന്‍റെ സത്യസ്ഥിതി എന്തായാലും കത്തനാരുമാരുടെ നിലവാരത്തില്‍ കഴിഞ്ഞ ദശകങ്ങളില്‍ കനത്ത ഇടിവു സംഭവിച്ചിട്ടുണ്ടെന്നതിനു രണ്ടു പക്ഷമില്ല. പക്ഷേ അവ ആരോപിത സദാചാര വിഷയങ്ങളിലല്ലെന്നുമാത്രം.
ഈ വിഷയത്തെ പരിചിന്തനം നടത്തുന്നതിനുമുമ്പ് മുമ്പ് നസ്രാണികളുടെ കത്തനാരുമാര്‍ എങ്ങിനെ ആ സ്ഥാനത്ത് എത്തിയിരുന്നെന്നും അവര്‍ എങ്ങിനെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു എന്നും മനസിലാക്കണം. അര നൂറ്റാണ്ടു മുമ്പുവരെ ഭൂരിപക്ഷം കത്തനാരുമാരും ദേശത്തുപട്ടക്കാര്‍ ആയിരുന്നു. അതായത്, ഏതെങ്കിലും ഇടവകപ്പള്ളിയോഗം തിരഞ്ഞെടുത്ത്, വൈദീക പഠനം നടത്തിച്ച്, പട്ടംകെട്ടി, അതേ ഇടവകയിലേയ്ക്കു നിയമനം വാങ്ങി വരുന്നവരായിരുന്നു ഭൂരിപക്ഷം പട്ടക്കാരും. അവരുടെ പ്രവര്‍ത്തനമേഖല അവരുടെ സ്വന്തനാട്ടിലും സ്വന്തജനങ്ങള്‍ക്കിടയിലും മാത്രമായിരുന്നു. അതിന്‍റെതായ പരിമിതികളും സ്വാതന്ത്ര്യവും അധികാരവും അവര്‍ക്കുണ്ടായിരുന്നു. കത്തനാരുടെ പരമ്പരാഗതമായ ആഡ്യത്വം കളഞ്ഞുള്ള പ്രവര്‍ത്തനം അവര്‍ക്ക് അസാദ്ധ്യവുമായിരുന്നു. സ്വന്തം തട്ടകംവിട്ടു യാത്രകള്‍ നടത്താന്‍ അവര്‍ വിമുഖരുമായിരുന്നു.
ഈ പ്രാദേശികത്വം ഒരു നൂറ്റാണ്ടുമുമ്പ് മലങ്കരസഭയുടെ വികസനത്തെ പ്രതികൂലമായി ബാധിച്ച ഒരു പ്രധാന ഘടകമാണ്. അങ്ങാടികളുടേയും കാര്‍ഷിക ആവാസവ്യവസ്ഥയുടേയും സ്വാഭാവിക വികസനത്തിനുപരി കേരളത്തിനകത്തും പുറത്തും പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യംമുതല്‍ പുതിയ പള്ളികള്‍ രൂപമെടുക്കാന്‍ തുടങ്ങി. അവയിലേയ്ക്കും, അപ്പോഴേയ്ക്കും രൂപമെടുത്തുതുടങ്ങിയ പൊതുസ്ഥാപനങ്ങളുടെ നടത്തിപ്പിനും വൈദീകരെ കണ്ടത്താന്‍ പെട്ട പാട് ചില്ലറയൊന്നുമല്ല. പ. പരുമല തിരുമേനിയുടെ വിജാതിയ മിഷന്‍ മുമ്പോട്ടു കൊണ്ടുപോകുവാനാവാതെ സ്തംഭനാവസ്തയില്‍ എത്തിയതും മാര്‍ അല്‍വാറീസിന്‍റെ ലത്തീന്‍ മിഷനു കൈത്താങ്ങല്‍ നല്‍കാനാകാഞ്ഞതും ഈ വൈദീക ക്ഷാമം മൂലമായിരുന്നു. ഈ പ്രതിസന്ധി തരണം ചെയ്യാന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യം മുതല്‍ സഭയ്ക്കുള്ളില്‍ നടന്ന ചര്‍ച്ചകളും ചിന്തകളുമാണ് ബഥനിയുടെ സ്ഥാപനത്തില്‍ കലാശിച്ചത്.
നിശ്ചിതമല്ലാത്ത കര്‍മ്മഫീസും പസാരവുംകൊണ്ട് മാത്രം കത്തനാരന്മാര്‍ കഞ്ഞികുടിച്ചിരുന്ന കാലം കടന്നുപോയി. സഭയില്‍ പൊതുവായ വൈദീകശമ്പളപദ്ധതി വരുന്നതിനുമുമ്പുതന്നെ നക്കാപ്പിച്ചാ തുകയാണെങ്കിലും കൃത്യമായ പ്രതിമാസ ശമ്പളം വൈദീകര്‍ക്കു നല്‍കുന്ന സംവിധാനം ആദ്യം ബാഹ്യകേരള ഇടവകകളില്‍ ആരംഭിച്ചു. പിന്നീട് വൈദീക ശമ്പള പദ്ധതി സഭ മുഴുവന്‍ വ്യാപിച്ചു. ഈ സംവിധാനം ഒരു കത്തനാരുടെ നിലവാരത്തിനനുസരിച്ചുള്ള വേതനം നല്‍കുന്നില്ല എന്ന യാഥാര്‍ത്ഥ്യം പൂര്‍ണ്ണമായും അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ; അതുകൊണ്ട് എങ്ങിനെയെങ്കിലും ഒപ്പിച്ചു പോകുന്നവരാണ് ഭൂരിപക്ഷം കത്തനാരുമാരും.
എന്നാല്‍ ഇന്നത്തെ സ്ഥിതി അതാണോ? വൈദീകശ്രേണിയില്‍ ഒരു അതിന്യൂനപക്ഷമെങ്കിലും ഇതര വരുമാനം ഉണ്ടാക്കുന്നതില്‍ വൃഗ്രരാണ്. സാമ്പത്തികം ഒരു വിഷയം തന്നെയായ സമകാലിക സാഹചര്യത്തില്‍ അവരെ ഈ ലേഖകന്‍ കുറ്റപ്പെടുത്തുന്നില്ല. മുമ്പ് കത്തനാരുമാര്‍ക്ക് വട്ടിയും ചിട്ടിയും തടിക്കച്ചവടവും ഒക്കെ ഉണ്ടായിരുന്നു. അതൊരു തെറ്റായി ആരും കരുതിയിരുന്നുമില്ല. അതിനൊക്കെ സ്വതസിദ്ധമായ കഴിവുവേണം. പിന്നീടുള്ള കാലത്ത് കുറെ വൈദീകര്‍ അദ്ധ്യപകരായി. അതിനും നിശ്ചിത അടിസ്ഥാന യോഗ്യത വേണം. പ്രത്യേകിച്ചു കഴിവൊന്നുമില്ലാത്ത ദയറായിസ്റ്റുകള്‍ പിടിമുറുക്കിയ വര്‍ത്തമാനകാലത്ത് പകരം കണ്ടെത്തിയ മാര്‍ഗ്ഗങ്ങളാണ് കണ്‍വെന്‍ഷന്‍, ധ്യാനം, സുറിയാനി കുര്‍ബാന മുതലായവ.
മുമ്പ് കണ്‍വന്‍ഷന്‍ എന്നത് ഇപ്പോഴുള്ളതുപോലെ ഇടവകതോറും, കരതോറും, മുറിതോറും വര്‍ഷാവര്‍ഷം നടത്തുന്ന ഒരു മാമാങ്കം ആയിരുന്നില്ല. കല്ലൂപ്പാറ, മാക്കാംകുന്ന്, നിലയ്ക്കല്‍ മുതലായി അപൂര്‍വം കണ്‍വന്‍ഷനുകള്‍ മാത്രമാണ് വര്‍ഷാവര്‍ഷം നടത്തിയിരുന്നത്. ഇതര പ്രദേശങ്ങളില്‍ കണ്‍വന്‍ഷനുകള്‍ വല്ലപ്പോഴും – പ്രത്യേകിച്ചു വേദവിപരീതങ്ങള്‍ പൊട്ടിമുളയ്ക്കുമ്പോള്‍ – മാത്രം നടത്തിയിരുന്ന ഒന്നായിരുന്നു. പുത്തന്‍കാവില്‍ കൊച്ചുതിരുമേനി, എം. വി. ജോര്‍ജ് ശെമ്മാശന്‍ (പിന്നീട് മാര്‍ ഒസ്താത്തിയോസ്) മുതലായ പ്രഗത്ഭര്‍ ആയിരുന്നു പ്രാസംഗികര്‍. ആരക്കുന്നം കെ. റ്റി. സഖറിയാ കത്തനാരെപ്പോലെയുള്ളവരെ കക്ഷിഭേദമന്യേ ക്ഷണിച്ചിരുന്നു. ഒരേ വിഷയത്തെപ്പറ്റി ഒരേ പ്രാസംഗികന്‍ മൂന്നു ദിവസം തുടര്‍ച്ചയായി പ്രസംഗിക്കുക എന്നതായിരുന്നത്രെ അന്നത്തെ പതിവ്. ഇന്ന് അപ്രകാരം പ്രസംഗിക്കുന്ന ഒരാളേ ഈ ലേഖകന്‍റെ അറിവിലുള്ളു.
ഇന്നോ? ഒരിടവകയില്‍ത്തന്നെ ഒന്നിലധികം പ്രതിവര്‍ഷ കണ്‍വന്‍ഷനുകള്‍. ഓരോ ദിവസവും വ്യത്യസ്ഥ പ്രാസംഗികര്‍. വിപണി വിപുലപ്പെടുത്താന്‍ പ്രാര്‍ത്ഥനാ സംഗമം പോലെ പുതിയ മേച്ചില്‍പുറങ്ങള്‍. വല്യ പണിയൊന്നുമില്ല. ഒരൊറ്റ പ്രസംഗം പഠിച്ചാല്‍ രണ്ടുമൂന്നു വര്‍ഷം ഓടിക്കാം. ഇതിനിടയില്‍ പരുക്കേല്‍ക്കുന്നത് കുര്‍ബാനയും കൂദാശകളും ഇടവക ഭരണവും. കാരണം സാമാന്യം മാര്‍ക്കറ്റുള്ള കണ്‍വന്‍ഷന്‍ പ്രാസംഗികര്‍ക്കൊക്കെ വേണ്ടത് വല്യ പള്ളികളില്‍ വികാരിസ്ഥാനമാണ്. സ്ഥാനമാനങ്ങള്‍ മാത്രമല്ല, അസിസ്റ്റന്റിന്‍റെ തലയില്‍ അദ്ധ്വനഭാരം കെട്ടിവെച്ച് നാടുചുറ്റാം എന്നൊരു മെച്ചവുമതിനുണ്ട്.
ധ്യാനങ്ങളുടെ സ്ഥിതിയും വ്യത്യസ്ഥമല്ല. ആബോ അലക്‌സിയോസ് മാര്‍ തേവോദോസ്യോസ് മെത്രാപ്പോലീത്താ, പാത്താമുട്ടം എം. സി. കുറിയാക്കോസ് റമ്പാന്‍, സഖറിയാ മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്താ മുതലായവരുടെ ചെരുപ്പിന്‍റെ വാറ് കുനിഞ്ഞഴിക്കാന്‍ യോഗ്യതയുള്ള എത്ര ധ്യാനഗുരുക്കന്മാര്‍ ഇന്നുണ്ട്? ധ്യാനങ്ങളാകട്ടെ പ്രതിദിനം കൂടിവരുന്നുമുണ്ട്!
ഇന്ന് പുതിയൊരു വിപണികൂടി രൂപം കൊണ്ടിരിക്കുന്നു. സുറിയാനി കുര്‍ബാന. ഒരു ദശാബ്ദം മുമ്പുവരെ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് സുറിയാനിയില്‍ വി. ബലി അര്‍പ്പിച്ചിരുന്നത്. അവര്‍ക്കതിന്‍റെ അര്‍ത്ഥവുമറിയാം. ഇന്നോ? സുറിയാനി കുര്‍ബാനകളുടെ എണ്ണം പ്രതിദിനം വര്‍ദ്ധിച്ചുവരുന്നു. മലയാള ലിപിയില്‍ സുറിയാനി അച്ചടിച്ച കുര്‍ബാനക്രമത്തിന് ഇപ്പോള്‍ നല്ല ചിലവാണ്! അതുപയോഗിക്കുന്നതില്‍ ഒരാള്‍ക്കെങ്കിലും അതിന്‍റെ അര്‍ത്ഥമറിയാമോ എന്നത് വേറെ കാര്യം.
1820-ല്‍ കോനാട്ട് അബ്ഹാം മല്പാന്‍ ഒന്നാമന്‍ ആദ്യമായി കുര്‍ബാനക്രമം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ പ. പരുമല തിരുമേനി പ്രാരംഭമിട്ട് മലങ്കര മല്പാന്മാരായ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് കത്തനാര്‍, കോനാട്ട് മാത്തന്‍ കത്തനാര്‍ എന്നിവര്‍ പൂര്‍ത്തിയാക്കിയ ക്യംന്താ നമസ്‌ക്കാരവും കുര്‍ബാനക്രമവും ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചു. ഇന്ന് പത്തുവര്‍ഷത്തിലൊരിക്കല്‍മാത്രം നടത്തുന്ന വി. മൂറോന്‍ കൂദാശയടക്കം മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അര്‍ത്ഥമറിഞ്ഞു ശുശ്രൂഷയില്‍ പങ്കെടുക്കണം കാഴ്ചപ്പാടോടെയാണ് ശ്രമകരമായ ഈ പരിഭാഷകള്‍ നിര്‍വഹിച്ചത്. അതോടെ ആരാധനയില്‍ സുറിയാനിയുടെ ഉപയോഗം ഏതാനും വാക്കുകളില്‍ മാത്രമായി ഒതുങ്ങി.
ഇന്ന് ചില നവ മൽപാൻമാർ സുറിയാനി മടക്കി കൊണ്ടുവരികയാണ്. അവര്‍ ഇടദിവസങ്ങളില്‍പോലും ചൊല്ലുന്ന കുര്‍ബാനയില്‍ പകുതിയിലധികം സുറിയാനിയാക്കി. ഞാറാഴ്ചകളിലും പെരുന്നാളുകളിലും അളവു വീണ്ടും കൂടുമത്രെ. ജനം അര്‍ത്ഥമറിയാതെ വായ്‌പൊളിച്ചു നില്‍ക്കുന്നു. ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി?
ഈ ചോദ്യത്തിനു ഒറ്റവാക്കില്‍ ഉത്തരം പറയാം. സ്വയം പ്രദര്‍ശനം. സമൂഹത്തില്‍ ഒന്നു ഷൈൻ ചെയ്യാനുള്ള തത്രപ്പാടാണ് സുറിയാനി കുര്‍ബാനയിലും പാട്ടു കുര്‍ബാനയിലും എത്തിക്കുന്നത്. വൈദീകശ്രേണിയുടെ പല രീതികളിലുള്ള സ്വയം പ്രദര്‍ശന ത്വരയാണ് ഇന്ന് മലങ്കര സഭ നേരിടുന്ന എറ്റവും വലിയ ഭീഷണി. പല ഇടവകകളുടെ ഭദ്രതയും ഐക്യവുംപോലും വികാരിമാരുടെ സ്വയം പ്രദര്‍ശനത്വരകൊണ്ട് നഷ്ടപ്പെട്ടിട്ടുണ്ട്.
വാര്‍ത്താവിനിമയ രംഗത്തുണ്ടായ വിസ്‌പോടനവും സാങ്കേതിക വിദ്യയിലെ മുന്നേറ്റവുമാണ് വൈദീകരുടെ സ്വയംപ്രദര്‍ശന ത്വരയ്ക്ക് വഴിമരുന്നിട്ടത്. ആദ്യം വി. കുര്‍ബാനയുടെ ഓഡിയോ കാസറ്റ്, പിന്നെ വീഡിയോ. സാങ്കേതികവിദ്യ വളര്‍ന്നതനുസരിച്ച് സി.ഡി., യൂറ്റിയൂബ്…. പട്ടിക അങ്ങിനെ നീളുന്നു. സാമാന്യം കൊള്ളാവുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ഉണ്ടെങ്കില്‍ കൂദാശകളോ ആല്‍ബമോ എടുത്ത് സാമൂഹിക മാദ്ധ്യമങ്ങളില്‍ ചാമ്പാം. ഒരു ഹെഡ്‌വോണോ (Headworn) ഡമ്മിമൈക്കോ ഉണ്ടങ്കില്‍ സംഭവം സ്റ്റുഡിയോ സെറ്റപ്പാക്കാം! എന്തിന്? വെറും സ്വയംപ്രദര്‍ശനം മാത്രം. അതോടെ കഷ്ടപ്പെട്ട് മാസങ്ങളുടെ പരിശീലനം നടത്തി ആരാധനാ ഗീതങ്ങളുടെ സിംഫണി ചിട്ടപ്പെടുത്തിയ പ്രതിഭകള്‍ ഔട്ട്!
ഇന്ന് ഈ ദൃശ്യപ്രവണതകളുടെ പാരമ്യതയാണ് ഫാന്‍സ് ക്‌ളബുകള്‍. നവമാദ്ധ്യമങ്ങള്‍ സജീവമായതോടെ സിനിമക്കാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ഉള്ളതുപോലെ ഇന്നു പല വൈദീകരും സ്വന്തം ഫാന്‍സ്‌ക്ലബുകള്‍ രൂപീകരിച്ചു സംരക്ഷിക്കുന്നുണ്ടത്രെ! …അച്ചന്‍റെ ശ്രൂതിമധുരമായ ശബ്ദത്തില്‍, ….അച്ചന്‍റെ സ്വര്‍ഗ്ഗീയ സ്വരം എന്നൊക്കെ പോസ്റ്റിടുകയും അതിനു ലൈക്കും കമന്റും കൊടുക്കുകയും ചെയ്യുന്നത് ഇവരാണത്രെ! ലൗകീക ഇമ്പങ്ങള്‍ ഇല്ല എന്ന് നാഴികയ്ക്കു നാല്പതുവട്ടം പറയുന്ന ചില വരട്ടു സന്യാസിമാര്‍ക്കു പോലും ഇത്തരം ഫാന്‍സ് ക്‌ളബുകള്‍ ഉണ്ടത്രെ!
ഈ ലേഖകനു മനസിലാകാത്ത വസ്തുത; പെണ്ണുകെട്ടി പിള്ളേരുമായ വൈദീകര്‍ എന്തിന് ഇപ്രകാരം ചെയ്യുന്നു എന്നതാണ്. അവിവാഹിതര്‍ ഇപ്രകാരം ചെയ്യുന്നതിന്‍റെ പിന്നിലെ ചേതോവികാരം മനസിലാക്കാം. മെത്രാന്‍ തിരഞ്ഞെടുപ്പ്. യാതൊരുവിധത്തിലും ന്യായികരിക്കാനാവില്ലെങ്കിലും അതിനെ തിരഞ്ഞെടുപ്പു പ്രചരണ തന്ത്രത്തിന്‍റെ ഗണത്തില്‍ പെടുത്താം. പക്ഷേ വിവാഹിതരുടെ ഇത്തരം ചുറ്റിക്കളിയോ?
വൈദീക ശ്രേണിയിലെ തങ്ങളുടെ മഹത്വകാംക്ഷയാണ് ഇത്തരം പോസ്റ്റുകള്‍ക്കു പിമ്പിലെന്നു വിശ്വസിക്കാന്‍ ഈ ലേഖകനു ബുദ്ധിമുട്ടുണ്ട്. കാരണം ഇത്തരക്കാരില്‍ ഒരു നല്ല പങ്ക് പോസ്റ്റിയിരുന്നത് വൈദീകവേഷം പോലുമില്ലാത്ത ഫ്രീക്കന്‍ ഫോട്ടോകളാണ്. ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ യാദൃശ്ചികമായി കൈയ്യില്‍കിട്ടിയപ്പോള്‍ തന്‍റെ വിവിധ വേഷവിധാനങ്ങളില്‍ വിവിധ പോസിലുള്ള ചിത്രങ്ങള്‍ ഒരു വൈദീകന്‍ എടുപ്പിച്ചതിനു ഈ ലേഖകന്‍ ദൃക്‌സാക്ഷിയാണ്. വേഷം ടിഷര്‍ട്ട്. ലക്ഷ്യം: ഫേസ്ബുക്ക് പോസ്റ്റ്. കഥയിലെ ദുരന്തം; അവ ഒരു പ്രാവശ്യമെങ്കിലും പോസ്റ്റു ചെയ്തു സായൂജ്യമടയുന്നതിനു മുമ്പായി വൈദീകര്‍ സ്ഥാനവസ്ത്രങ്ങള്‍കൂടാതെ നവമാദ്ധ്യമങ്ങളില്‍ സ്വന്തചിത്രം പ്രസിദ്ധീകരിക്കരുതെന്ന പ. പിതാവിന്‍റെ പൊതുകല്പന വന്നു. ആ ഫോട്ടോഷൂട്ട് ദുരന്തപര്യവസായിയായി!
വൈദീകര്‍ നവമാദ്ധ്യമങ്ങളില്‍ ഇടപെടാതെ പൂര്‍ണ്ണമായും വിട്ടു നില്‍ക്കണം എന്നല്ല അര്‍ത്ഥമാക്കുന്നത്. നവ മാദ്ധ്യമങ്ങളിലെന്നല്ല, എല്ലാ മാദ്ധ്യമങ്ങളിലും ഇടപെടല്‍ വേണമെന്ന പക്ഷക്കാരനാണ് ഈ ലേഖകന്‍. പക്ഷേ അതു ക്രിയാത്മകവും ഫലദായകവും ആകണം. അല്ലാതെ സ്വയം പ്രദര്‍ശനമാകരുത്. അപ്രകാരം ഇടപെടുന്ന അപൂര്‍വം ചിലരെങ്കിലും ഉണ്ടെന്ന വസ്തുത വിസ്മരിക്കുന്നില്ല.
ഇത്തരം സ്വയംപ്രദര്‍ശനഭ്രമത്തിനു പ്രായപരിധിയൊന്നുമില്ല. പലരും ഇന്നു യൂട്യൂബ്ൽ സ്വന്തം വീഡിയോ നിറച്ചിട്ടാണ് സെമിനാരിയില്‍ എത്തുന്നതുതന്നെ. ഏതാനും ദശവല്‍സരം മുമ്പ് ഉയര്‍പ്പു ശുശ്രൂഷ അഭിനയിച്ച്, സ്റ്റുഡിയോയില്‍ സൗണ്ട് റിക്കാര്‍ഡ് ചെയ്ത് ഒരു കത്തനാര്‍ ഒരു ചാനലില്‍ ലൈവ് എന്ന പേരില്‍ ക്യംന്താ ഞായറാഴ്ച രാവിലെ സംപ്രേഷണം ചെയ്യിച്ചിരുന്നു. അക്കാലത്തെ ഒരു മെത്രാന്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന ടിയാന്‍ ചെയ്തിന്‍റെ പിന്നില്‍ ന്യായമില്ലങ്കിലും ഒരു യുക്തിയുണ്ട്.
അതേ സമയം കഴിഞ്ഞ കഷ്ടാനുഭവ ആഴ്ചയില്‍ ഇത്തരക്കാരില്‍ ഒരാള്‍ ചെയ്ത നടപടി കേട്ടാല്‍ ഒരേസമയം സഹതാപവും ചിരിയും വരും. ഒരു പ്രത്യേക പെരുന്നാള്‍ ദിവസവും കാപ്പ ഇടാതെ എല്ലാം അസിസ്റ്റന്റ് വികാരിയെ ഏല്‍പ്പിച്ച് വിശ്രമിക്കുന്ന വികാരി അപ്രതീക്ഷിതമായി ദുഃഖവെള്ളിയാഴ്ച ഒന്നാം പ്രദക്ഷിണത്തിനു കാപ്പയിട്ടു. അതും സര്‍വ്വ ക്രിയാസംഹിതയും ലംഘിച്ചു വാച്ചില്‍നോക്കി സമയം കണക്കാക്കി! അമ്പരന്ന ഇടവക്കാര്‍ക്കു സംഭവം പിടികിട്ടിയത് പ്രദക്ഷിണം കിഴക്കുവശത്തു ചെന്നപ്പോഴാണ്. ഒരു ചാനല്‍ ക്യാമറാമാന്‍ അവിടെ റെഡി. കന്യകമറിയാമിന്‍റെ വിലാപം വികാരി തകര്‍ത്തടിച്ചു. ചാനല്‍ ക്യാമറായില്‍ പിടിച്ചു. പ്രദക്ഷിണം കലാശിപ്പിച്ചു. ടിയാന്‍ കാപ്പ ഊരി. ആ കഷ്ടാനുഭവ ആഴ്ചയില്‍ മറ്റൊരു ദീവസവും കാപ്പ ഇട്ടുമില്ല! പെന്‍ഷനാകാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കുന്ന അദ്ദേഹത്തിന്‍റെ സ്വയം പ്രദര്‍ശനം എന്തിനു വേണ്ടിയെന്ന് ഈ ലേഖകന് ഇതുവരെ പിടികിട്ടിയിട്ടില്ല.
ഇതിലും പരിതാപകരമായ സംഭവങ്ങളും ഉണ്ട്. അസിസ്റ്റന്റ് വികാരി ഉള്ള ഒരു പള്ളിയില്‍ വികാരി ആരോഗ്യപരമായ കാരണങ്ങളാല്‍ കഷ്ടാനുഭവ ആഴ്ചയ്ക്കു തൊട്ടുമുമ്പ് അവധി എടുത്തു. മലങ്കര സഭയില്‍ നിലവിലിരിക്കുന്ന കീഴ്‌വഴക്കം അനുസരിച്ച് സ്വാഭാവികമായി അസിസ്റ്റന്റ് വികാരിക്ക് ചുമതല കിട്ടണം. വേണമെങ്കില്‍ ഭദ്രാസനത്തില്‍നിന്നും ഒരു സഹായിയെ വെച്ചുകൊടുക്കാം. ഇവിടെ സംഭവിച്ചത് അതല്ല; ഇടവക ചുമതല ഇല്ലാത്ത ഭദ്രാസന സെക്രട്ടറി പള്ളിയിലേയ്ക്ക് എഴുന്നള്ളി ഭരണചുമതല ഏറ്റെടുത്തു. കല്പന ഒന്നും ഇല്ല. കൊച്ചച്ചനെ ഒരു ശുബഹോ പോലും പറയാന്‍ അനുവദിക്കാതെ ആഴ്ചമുഴുവന്‍ തനിപ്പിടി കളിച്ചു. ദേശകുറി അടക്കം സകലതിലും ഒപ്പിട്ടു. അറിയിപ്പുകള്‍ എല്ലാം വായിച്ചു. സിനിമാ ഭാഷയില്‍ ചോദിച്ചാല്‍ ഈയ്യാള്‍ ആരുവാ? രസം എന്താണന്നു വെച്ചാല്‍, ഈസ്റ്റര്‍ ഞായറാഴ്ച ശുശ്രൂഷയും കാപ്പിമേശയും കഴിഞ്ഞ് പള്ളി ഓഫീസിന്‍റെ വരാന്തയില്‍ ഭ്രമണം ചെയ്ത സ്വയം പ്രഖ്യാപിത വികാരിയെ കൈമുത്തൊന്നൊന്നും കൊടുക്കാതെ കൈക്കാരന്‍ വിരട്ടിവിട്ടു. ഇത്തരത്തില്‍ സഭയ്ക്ക് നാണക്കേടുണ്ടാക്കുന്നവരെയാണോ ഭദ്രാസന സെക്രട്ടറിമാര്‍ ആക്കേണ്ടത്?
സമര്‍ത്ഥരാവണമെന്നില്ല, ആത്മാര്‍ത്ഥതയുള്ള വികാരിമാര്‍ക്ക് തങ്ങളുടെ ചുമതലയിലുള്ള ഇടവകകളില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനാവും. പുതിയ വികാരിമാരുടെ നേതൃത്വത്തില്‍ നിര്‍ജ്ജീവാവസ്ഥയിലായിരുന്ന ചെറുതും വലുതുമായ പല ഇടവകകളുടെയും ഉയര്‍ത്തെഴുനേല്‍പ്പ് ഈ ലേഖകനു നേരിട്ടറിയാം. വിവിധ പ്രായങ്ങളിലുള്ള വികാരിമാര്‍ കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശവും നേതൃത്വവും കൊടുക്കുകയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയും ചെയ്തപ്പോള്‍ ആത്മീയമായും ലൗകീകമായും കുതിച്ചുചാട്ടം നടത്തിയ ഇടവകകള്‍ അനേകമാണ്. കുറഞ്ഞപക്ഷം ഇടവകയില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കി മുമ്പോട്ടു നയിക്കുക എന്നതുതന്നെ ഒരു വിജയമാണ്. കവിയൂര്‍ പള്ളിയില്‍ ചില ഗൗരവപ്രശ്‌നങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്ന് 1930-കളില്‍ കോട്ടയത്തുനിന്നും പാത്താമുട്ടം എം. സി. കുറിയാക്കോസ് റമ്പാനെ (അന്നു കത്തനാര്‍) അവിടെ വികാരിയായി നിയമിച്ചു. അതിനെപ്പറ്റി കുറച്ചുകാലം കഴിഞ്ഞപ്പോള്‍ പ. വട്ടശ്ശേരില്‍ തിരുമേനി കെ. സി. മാമ്മന്‍മാപ്പിളയോടു പറഞ്ഞത് ...ആ കത്തനാരെ അവിടെ നിയമിച്ചതില്‍ പിന്നെ കവിയൂര്‍ പള്ളിക്കാരെ കാണാന്‍പോലും സാധിക്കുന്നില്ല… എന്നാണ്. അതായത്, അവിടെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാതായി എന്നും, പരാതിയുമായി തന്നെ ആരും സമീപിക്കുന്നില്ലാ എന്നും.
എന്നാല്‍ പലപ്പോഴും സംഭവിക്കുന്നതു മറിച്ചാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് പലര്‍ക്കും താല്‍പര്യം. കഴിയുമെങ്കില്‍ പള്ളി തന്നെ പൊളിച്ചു പണിയാന്‍ നോക്കും. അതിന്‍റെ പര്യവസാനത്തില്‍ ലഭിക്കുന്ന കാര്‍, പവന്‍ മുതലായ ഭൗതികനേട്ടങ്ങളോടൊപ്പം ലഭിയ്ക്കുന്ന പ്രശസ്തിയിലാണ് കണ്ണ്. അടിയന്തിര ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ പള്ളി ഭരണക്കാരെ പ്രേരിപ്പിക്കുവാന്‍ അവര്‍ തയാറല്ല. കാരണം അതിനു പ്രശസ്തി ഇല്ലല്ലോ? കേവലം ഒരു ലക്ഷം രൂപായുടെ അറ്റകുറ്റപ്പണിപോലും വേണ്ടാത്ത പള്ളി ഓഫീസ് പൊളിച്ച് ഒന്നരക്കോടിയുടെ ഓഫീസ് സമുച്ചയം പണിയാന്‍ ശ്രമിക്കുന്നതൊക്കെ ഇതിന്‍റെ ഭാഗമാണ്.
കഴിവുകളൊന്നും കൈമുതലില്ലെങ്കില്‍ പിന്നെ പ്രശസ്തനാകാനുള്ള മാര്‍ഗ്ഗം മുന്‍ വികാരിമാരെ ഇടിച്ചു താഴ്ത്തുകയാണ്. മുന്‍ വികാരിമാര്‍ – പ്രത്യേകിച്ചും തൊട്ടു മുമ്പുള്ള വികാരി – ചെയ്തതൊക്കെ സഭവിരുദ്ധമാണന്നു വരുത്തിത്തീര്‍ക്കുക. അതെല്ലാം മാറ്റി താന്‍ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്ന നല്ല നാളേക്കായി ഇടവകയെ സജ്ജമാക്കുക; അതിനായി മുന്‍ വികാരിമാരുടെ കാലത്ത് ആരംഭിച്ചതെല്ലാം നിര്‍ത്തല്‍ ചെയ്യുകയും മാറ്റിമറിക്കുകയും ചെയ്യുക; പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക; ഇതൊക്കയാണ് അത്തരക്കാരുടെ പൊതുവായ പ്രവര്‍ത്തന ശൈലി. ഇടവക എതിര്‍ക്കുമ്പോള്‍ അവരുടെ ഇടയില്‍ ഭിന്നിപ്പുണ്ടാക്കി തന്നെ അനുകൂലിക്കുന്ന ഒരു ഗ്രൂപ്പിനെ സൃഷ്ടിച്ചാവും മുമ്പോട്ടുള്ള പ്രയാണം. അവരുടെ കാലവധി കഴിഞ്ഞാലും കുപ്പിയില്‍നിന്നും അഴിച്ചുവിട്ട ഭൂതംപോലെ ഭിന്നത കറങ്ങിനടക്കും. ഇതാണ് സ്വയംപ്രദര്‍ശകര്‍ ഇടവകയുടെ കെട്ടുറപ്പു നശിപ്പിക്കും എന്നു മുകളില്‍ പറഞ്ഞത്.
നസ്രാണികള്‍ അങ്ങാടി സമൂഹങ്ങളായിരുന്ന കാലംമുതല്‍ പള്ളികള്‍ക്ക് മുതലും സ്ഥിര വരുമാനവും ഉണ്ടാക്കാന്‍ ശ്രദ്ധിച്ചിരുന്നു. ഉറപ്പുള്ള പണയവസ്തു (ഭൂമി, സ്വര്‍ണ്ണം, പിച്ചള/ചെമ്പ് പാത്രങ്ങള്‍) ഈടുവാങ്ങി പണം കടം കൊടുക്കുക ആയിരുന്നു ആദ്യകാലത്ത്. പിന്നീട് നസ്രാണികള്‍ കാര്‍ഷിക സംസ്‌കൃതിയിലേയ്ക്കു തിരിഞ്ഞപ്പോള്‍ ഭൂമി സമ്പാദിച്ച് പാട്ടകൃഷിക്കു നല്‍കുന്ന പതിവ് ആരംഭിച്ചു. ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തില്‍ കടമുറികള്‍, ആഴ്ചച്ചന്തകള്‍ മുതലായവയുടെ വാടകയിലായി പള്ളികളുടെ ശ്രദ്ധ. പള്ളികള്‍ തലയാളായി ചിട്ടി മുതലിച്ചും അക്കാലത്ത് വരുമാനമുണ്ടാക്കി. ഇന്നോ? പിരിവില്‍ മാത്രം ആശ്രയിച്ചുള്ള ഗമനം. സമ്പാദിക്കുന്നത് പ്രദര്‍ശന വസ്തുക്കള്‍ മാത്രം.
ഫലവത്തായില്ലെങ്കിലും ഒരു പള്ളിവക ആംബുലന്‍സ് വില്പിക്കാന്‍ ഭഗീരഥ പ്രയത്‌നം ചെയ്തവരുണ്ട്. കാരണം അതു മുന്‍ വികാരിയുടെ നേതൃത്വത്തില്‍ വാങ്ങിയതാണ്! പകരം വാങ്ങിക്കൂട്ടിയത് നൂറോളം റാസാ കുരിശുകള്‍. ആംബുലന്‍സിന്‍റെ വില ഒന്‍പതുലക്ഷം രൂപ. ഇടവകക്കാര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനവും പള്ളിക്കു ചില്ലറ വരുമാനവുമുണ്ട്. ആണ്ടിലൊരിക്കല്‍ രണ്ടു മണിക്കൂര്‍ മാത്രം ഉപയോഗിക്കുന്ന റാസാകുരിശുകള്‍ക്ക് ഇടവകക്കാരുടെ ചിലവ് പത്തുലക്ഷം രൂപ!
ഇക്കാര്യത്തില്‍ മെത്രാന്മാരും കുറ്റക്കാരാണ്. ഒരു വൈദീകനെപ്പറ്റി ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാല്‍ രഹസ്യമായി എങ്കിലും അത് അന്വേഷിക്കുകയും പരാതി ശരിയെങ്കില്‍ ഉടന്‍തന്നെ വൈദീകനെ തിരുത്തുകയും ആവശ്യമെങ്കില്‍ ശാസിക്കുകയും വേണം ആവര്‍ത്തിച്ചാല്‍ ശിക്ഷിക്കുകയും വേണം. പ്രത്യേകിച്ചും ആത്മീയ കാര്യങ്ങളിലും സഭയുടെ/ഇടവകയുടെ പാരമ്പര്യങ്ങളില്‍ വരുത്തുന്ന വ്യതിയാനങ്ങളിലും. എല്ലാ കാര്യത്തിലും രേഖാമൂലം പരാതിയോ പരസ്യാന്വോഷണമോ ആവശ്യമില്ല. തുടര്‍ പ്രക്രിയയായി ഇത്തരം തിരുത്തല്‍ നടപടികള്‍ മെത്രാന്മാര്‍ സ്വീകരിച്ചാല്‍ പ്രശ്‌നങ്ങള്‍ നല്ലപങ്കും ഒഴിവാക്കാം. എത്ര നിസാരമെന്നു തോന്നുന്ന ആരോപണത്തിന്‍റെ കാര്യത്തില്‍പ്പോലും മെത്രാന്മാര്‍ ജാഗരൂഗരായിരിക്കണം. അവ പിടിക്കപ്പെടാതെ പോകുന്നതാണ് വലിയ തെറ്റുകള്‍ക്ക് പ്രേരകമാകുന്നത്. പക്ഷേ ഖേദപൂര്‍വം പറയട്ടെ, പല മെത്രാന്മാരും ഇതില്‍ വിമുഖരാണ്. വികാരിമാരുടെ തോന്ന്യാസം വര്‍ദ്ധിക്കുന്നതാണ് ഈ നിസംഗതയുടെ അനന്തരഫലം.
എന്നാല്‍ ഒഴുക്കിനെതിരെ നീന്തി വിജയിച്ചവരുമുണ്ട്. പള്ളി പുതുക്കിപണിയാന്‍ ശേഖരിച്ച പണം ഉപയോഗിച്ച് പള്ളിയുടെ മുമ്പില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് പണിതു. അതോടൊപ്പം നിലവിലുള്ള പള്ളി അറ്റകുറ്റപ്പണി നടത്തി മനോഹരമാക്കി. കുറച്ചു കടവും വന്നു. അതൊക്കെ പൊതുയോഗ സമ്മതപ്രകാരമായിരുന്നു. ഇതിനൊക്കെ മുന്‍കൈ എടുത്ത വികാരിയെ ഒരു വിഭാഗം ഇടവകക്കാരും ഭദ്രാസനത്തിലെ ഭുരിപക്ഷം പട്ടക്കാരും വിമര്‍ശിച്ചു. ഏതാനും വര്‍ഷം കൊണ്ട് വാടകയില്‍നിന്നുതന്നെ കടം വീടി. അങ്ങാടി വളര്‍ന്നതോടെ, ഷോപ്പിംഗ് കോംപ്ലക്‌സും വികസിപ്പിച്ചു. ചുരുക്കത്തില്‍, ഇന്ന് പള്ളിയുടെ പ്രതിമാസ ചിലവിലധികം വാടക വരുമാനമുണ്ട്. പണ്ട് വിമര്‍ശിച്ചവര്‍ ഇന്നു സ്തുതിക്കേണ്ടി വരുന്നു. അതാണ് ദീര്‍ഘവീക്ഷണം. അതുതന്നെയാണ് ക്രിയാത്മകമായ നേതൃത്വം.
സഭാനാശകരായ ദയറായിസ്റ്റുകള്‍ എന്ന് ഈ ലേഖകന്‍ ആവര്‍ത്തിക്കുമ്പോള്‍ മലങ്കരസഭയിലെ യഥാര്‍ത്ഥ വൃതസ്ഥരേയും ഇതഃപര്യന്തമുള്ള ഉത്തമ സന്യാസിമരേയും അധിക്ഷേപിക്കുകയാണന്ന് ആരും കരുതരുത്. അവരോട് എന്നും ഈ ലേഖകന് ബഹുമാനമാണ്. അവരും ദയറായിസ്റ്റുകളും തമ്മില്‍ കടലും കടലാടിയും തമ്മിലുള്ള ബന്ധമേ ഉള്ളു. ഈ ലേഖകന്‍റെ കാഴ്ചപ്പാടില്‍, അതത് ദയറാകളുടെ നിയമാവലി അനുസരിച്ച് പ്രാര്‍ത്ഥനയും ഉപവാസവുമായി ജീവിച്ചവരും ജീവിക്കുന്നവരും ആയ ആരും ദയറായിസ്റ്റുകള്‍ എന്ന ഗണത്തില്‍ പെടുകയില്ല. അക്ഷരംകൊണ്ട് അമ്മാനമാടിയ കായംകുളം പീലിപ്പോസ് റമ്പാനും, പ. പരുമല തിരുമേനിയടക്കം ഗുരുസ്ഥാനത്തു ബഹുമാനിച്ച മൂക്കഞ്ചേരില്‍ ഗീവര്‍ഗീസ് റമ്പനും, പ്രവര്‍ത്തനശേഷികൊണ്ട് സഭയെ പോഷിപ്പിച്ച തിരുവിതാംകോട്ട് പെരിയസ്വാമി എന്നറിയപ്പെട്ട കെ. വി. ഗീവര്‍ഗീസ് റമ്പാനും, രചനകളാലുള്ള സുവിശേഷീകരണം എന്ന ഇടയധര്‍മ്മത്തില്‍ ജീവിതം പൂര്‍ത്തീകരിച്ച പാത്താമുട്ടം എം. സി. കുറിയാക്കോസ് റമ്പാനും, മൗനത്താലും നിരന്തര പ്രാര്‍ത്ഥനയാലും സ്വര്‍ഗസ്ഥ പിതാവിനും സഭയ്ക്കുമിടയില്‍ പാലംതീര്‍ത്ത മൈലപ്ര മാത്യൂസ് റമ്പാനും, പാണ്ഡിത്യവും നിയമവിധേയത്വവുംകൊണ്ട് സുവിദനായിത്തീര്‍ന്ന ഡോ. എന്‍. ജെ. തോമസ് റമ്പാനും, മാനവസേവനം ജീവിതവൃതമാക്കിയ പുതുപ്പാടിയിലെ തോമസ് റമ്പാനും ഫിലിപ്പ് റമ്പാനും, അതേപോലെ നിശബ്ദ സേവനം അനുഷ്ഠിക്കുന്നവരും ദയറായിസ്റ്റുകള്‍ക്ക് അപ്രാപ്യരാണ്. അവര്‍ എക്കാലവും ബഹുമാനിതരുമാണ്.
എങ്കില്‍ ആരാണ് ദയറായിസ്റ്റുകള്‍?. പച്ചമലയാളത്തില്‍ പറഞ്ഞാല്‍; വേറെ ഗതിയൊന്നുമില്ലാതെ വൈദീക വൃത്തിയിലേക്കു തിരിയുന്നവര്‍. ചിലര്‍ ദയറാകളില്‍ ചേക്കേറും. ചിലരാകട്ടെ ഏതെങ്കിലും മുന്‍ ദയറായിസ്റ്റുകളെ ചാക്കിട്ട് പ്രീസെമിനാരി എന്ന സഭാനശീകരണശാലയിലേയ്ക്കും വലിഞ്ഞുകയറി അതുവഴി സെമിനാരിയിലും കത്തനാരുപട്ടത്തിലും എത്തിപ്പെട്ട് സഭയെ നശിപ്പിക്കാന്‍ വികാരിസ്ഥാനത്തു കടന്നു കയറും. അത്തരക്കാരില്‍ ഒരു വിഭാഗത്തിന്‍റെ തത്വശാസ്ത്രം ഫ്രാന്‍സിലെ ലൂയീ പതിനാലാമന്‍ ചക്രവര്‍ത്തിയുടെ ഞാനാണ് രാഷ്ട്രം എന്ന ചിന്താഗതിയാണ്. ഇരുവിഭാഗത്തിലേയും അവിവാഹിതരുടെ പ്രാഥമികവും ആത്യന്തികവുമായ ലക്ഷ്യം ചുവന്ന കുപ്പായം! ചിലര്‍ക്ക് എങ്ങിനെയെങ്കിലും ഒന്നു മെത്രാനായി കിട്ടിയാല്‍ പിന്നെ ഭദ്രാസനത്തില്‍ താന്തോന്നിത്തമാണ്. തന്റെ മാനസികവികല്പങ്ങള്‍ വേദശാസ്ത്രമായി തന്‍റെ ചുമതലയിലുള്ള ഭദ്രാസനത്തില്‍ അടിച്ചേല്‍പിപ്ക്കുക! ഇതാണ് അവരുടെ ഏറ്റവും ലളിതമായ രീതിശാസ്ത്രം.
ഇനി എന്താണ് ദയറായിസം എന്നു ചോദിച്ചാല്‍ അതു സന്യാസമൊന്നുമല്ല. അത് ഒരുതരം പുരോഹിതാധിപത്യമാണ് (Theocracy) തങ്ങള്‍ മാത്രമാണ് നിയമ നിര്‍മ്മാതാക്കളും നിയമ നിര്‍വാഹകരും എന്നു പുരോഹിതര്‍ ചിന്തിക്കുന്ന മനോഭാവമാണ് ദയറായിസം എന്നു ലളിതമായി പറയാം. വിവാഹിതരും അവിവാഹിതരുമായ ദയറായിസ്റ്റുകളെ ഭരിക്കുന്നത് വരട്ടു ദയറാക്കാരുടെ ഇടുങ്ങിയ മദ്ധ്യകാല ചിന്താഗതിയാണ്. യഥാര്‍ത്ഥ സന്യാസിമാരിലോ ആത്മാര്‍ത്ഥത ഉള്ള ഇടവക പട്ടക്കാരിലോ ആര്‍ക്കും ദയറായിസ്റ്റ് ആകാന്‍ സാദ്ധ്യമല്ല.
വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ സഭയുടെ നിയമവും അച്ചടക്കവും കൃത്യമായി പാലിച്ചിരുന്ന മെത്രാന്മാര്‍ മലങ്കര സഭയില്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് കാലം ചെയ്ത മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്താ. സഭാ നിയമങ്ങളില്‍ കടുകിടെ വിത്യാസം വരുത്തുകയോ വരുത്തുവാന്‍ അനുവദിക്കുകയോ ചെയ്യാത്ത ഒരു വ്യക്തിയായിരുന്നു അദ്ദേഹം. അതേസമയം മൂന്നുമ്മേല്‍ കുര്‍ബാനയ്ക്ക് എതിരുമായിരുന്നു. പക്ഷേ സ്വയം ചൊല്ലുകയില്ലന്നല്ലാതെ മറ്റുള്ളവര്‍ അപ്രകാരം ചെയ്യുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നില്ല. തന്‍റെ ഭദ്രാസനത്തില്‍ മൂന്നു ത്രോണോസ് പണിയുന്നതിനെ എതിര്‍ത്തുമില്ല. കാരണം സഭ അതു നിരോധിച്ചിട്ടില്ല എന്നതുതന്നെ.
പൗരോഹിത്യവും സഭാസ്ഥാനങ്ങളും എന്തും പറയാനും ചെയ്യാനുമുള്ള ലൈസന്‍സാണന്നാണ് പലരുടേയും വിചാരം. പാരമ്പര്യാചാരങ്ങളാല്‍ സമ്പുഷ്ടമായ ഒരു വലിയ പള്ളിയില്‍ പെരുന്നാള്‍ മുഖ്യപ്രഭാഷണത്തില്‍ അവിടുത്തെ ആചാരങ്ങള്‍ ഒന്നൊന്നായി പേരെടുത്തുപറഞ്ഞ് വിമര്‍ശിക്കുക എന്നത് കുപ്പായമുള്ളതുകൊണ്ട് തല്ലു കിട്ടുകയില്ല എന്ന ധൈര്യം മാത്രമല്ല, അതിരുകടന്ന അഹന്തകൂടിയാണ്. അവയോട് എതിര്‍പ്പുണ്ടെങ്കില്‍ ക്ഷണം നിരസിക്കാം. അതാണ് മാന്യത. അല്ലെങ്കില്‍ വേദകാര്യം പറഞ്ഞ് സുവിശേഷപ്രസംഗം നടത്തി അവസാനിപ്പിക്കാം. ഇത്തരം പ്രവര്‍ത്തനങ്ങളും ഒരുതരം ദയറായിസമാണ്.
സ്വയം സഭാനിയമങ്ങള്‍ വ്യാഖ്യാനിച്ചും സൃഷ്ടിച്ചും അവ അടിച്ചേല്‍പ്പിക്കുക എന്നതാണ് ദയറായിസ്റ്റുകളുടെ അടിസ്ഥാന നയം. പാരമ്പര്യങ്ങളോ ആചാരങ്ങളോ സഭാഭരണഘടനയോ ആവര്‍ക്ക് വിഷയമല്ല. ഇവരുടെ പ്രവര്‍ത്തനശൈലി മനസിലാക്കാന്‍ ചില ഇടവകകളില്‍ ഏര്‍പ്പെടുത്തിയ ഇറച്ചിവലക്ക് പരിശോധിച്ചാല്‍ മതി. പെരുന്നാള്‍ നേര്‍ച്ചയ്ക്ക് കോഴിയിറച്ചിയോ പെരുന്നാള്‍ സദ്യയ്ക്ക് ഇറച്ചിക്കറിയോ പാടില്ലപോലും! കാരണം? ആര്‍ക്കുമറിയില്ല. ഇത്തരം വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നവര്‍ക്ക് ഒറ്റ മറുപടിയേ ഉള്ളു. ജനത്തിനു മാംസമില്ലേല്‍ ദയറായിസ്റ്റിനു ഫിഷ് മോളിയും ഇല്ല. ഇടവക്കാര്‍ക്കു ചെയ്യാവുന്ന ലളിതമായ പ്രതികാരം! ഒരു പള്ളിയിലെങ്കിലും അങ്ങിനെ ചെയ്തതായി അറിയാം.
മലങ്കരസഭയിലെ ഒരു പൊതുസ്ഥാപനത്തിന്‍റെ വകയായി ദശലക്ഷങ്ങള്‍ മുടക്കി പണിത ഓഡിറ്റോറിയം വര്‍ഷങ്ങളായി ഉപയോഗശൂന്യമാണ്. കാരണം വിവാഹം മാമോദീസ പോലുള്ള ചടങ്ങുകള്‍ക്ക് ഹാള്‍ കൊടുക്കില്ല. അവയ്ക്ക് മാംസം ഉപയോഗിക്കുമത്രെ! രസമെന്തെന്നുവെച്ചാല്‍, ആ സ്ഥാപനത്തിന്‍റെ സ്ഥാപകനും, സമീപകാലംവരെ അതിന്‍റെ ചുമതലക്കാരായിരുന്നവരും മാംസം ഉപയോഗിക്കാന്‍ പാടില്ലാത്തവരായിരുന്നെങ്കിലും അവിടെ ഇറച്ചി വിളമ്പുന്നത് നിരോധിച്ചിരുന്നില്ല. ഹാള്‍ പണിയിച്ചവര്‍ക്കും അവിടെ മാംസം വിളമ്പുമെന്നു അറിവുണ്ടായിരുന്നു. നടപ്പു മാനേജര്‍ക്ക് മാത്രം അത് നിഷിദ്ധം! ഫലം! സ്ഥാപനത്തിനു പ്രതിവര്‍ഷം ലക്ഷങ്ങള്‍ നഷ്ടം. ജനങ്ങള്‍ക്കു ബുദ്ധിമുട്ടും.
ഇത്തരക്കാരൊക്കെ മലങ്കര സഭയില്‍ കത്തനാരുമാരുകന്ന പ്രക്രിയ കൂടി ഇവിടെ പരിഗണിക്കേണം. സെമിനാരി പ്രവേശനത്തിനുള്ള ഭരണഘടനാ പിന്തുണയില്ലാത്ത ഭദ്രാസന ക്വോട്ടാ ആദ്യം. (വര്‍ത്തമാനകാലസ്ഥിതിയില്‍ ഏതെങ്കിലും പ്രീ സെമിനാരി കലാപരിപാടിയില്‍ ഉള്‍പ്പെട്ടു നശിച്ചവരാകും ഇവര്‍ മുഴുവന്‍) അതില്‍ കയറിപ്പറ്റാന്‍ യോഗ്യത ഇല്ലങ്കില്‍ വൈദീക ക്ഷാമം ഉള്ള ഏതെങ്കിലും ബാഹ്യ കേരള/ മലബാര്‍ ഭദ്രാസനങ്ങളുടെ ക്വോട്ടായില്‍ അതത് ഭദ്രാസന മെത്രാനെ ചതിച്ച് കയറിപ്പറ്റുക. എന്നിട്ടു വളച്ചുതിരിച്ചു സ്വന്തം നാട്ടില്‍ത്തന്നെ കസേര ഉറപ്പക്കുക. ഇതല്ലേ ഇന്നലെ നടന്നത്? നാലു പതിറ്റാണ്ട് മുമ്പ് കല്‍ക്കട്ടാ ഭദ്രാസനം ആരംഭിച്ച കാലത്ത് നാട്ടില്‍ സെമിനാരി പ്രവേശനം അസാദ്ധ്യമായ സാഹചര്യത്തില്‍ ശൈശവ ദശയിലുള്ള കല്‍ക്കട്ടാ ഭദ്രാസനത്തിനുനു വേണ്ടി സെമിനാരി കയറിയ ഒരു മാന്യദേഹം ഇന്നു കേരളത്തിലെ ഒരു വല്യപള്ളി വികാരിയാണ്.! ടിയാന്‍ ഒരൊറ്റ ദിവസം പോലും കല്‍ക്കട്ട ഭദ്രാസനത്തിലെ ഒരു പള്ളിയിലും സേവനമനുഷ്ഠിച്ചില്ല എന്ന സത്യമാണ് ഇത്തരക്കാരെ അവഹേളിതരാക്കുന്നത്!
ഇനി അത്തരം കൂടുമാറ്റം നടക്കാത്ത സംഭവങ്ങളിലോ? ഒരൊറ്റ ഉദാഹരണം മാത്രം പറയാം. ഒരു പാവം പിടിച്ച മെത്രാച്ചനെ വളച്ച് അദ്ദേഹത്തിന്‍റെ ഭദ്രാസനത്തിനുവേണ്ടി സെമിനാരി കയറിയ ഒരു കത്തനാര്‍. ഇപ്പോള്‍ സീനയറായി. മെത്രാനും മാറി. ഭദ്രാസനത്തിലെ ഏറ്റവും വലിയ പള്ളികളിലൊന്നില്‍ വികാരിയായി. പാഴ്‌സനേജും മറ്റു സൗകര്യങ്ങളുമുള്ള പള്ളിയാണ്. റസിഡന്റെ് പ്രീസ്റ്റിന്‍റെ അലവന്‍സും യാത്രപ്പടിയും പ്രതിമാസം കൃത്യമായി കൈപ്പറ്റുന്നുണ്ട്. പക്ഷേ താമസം 120 കിലോമീറ്റര്‍ അകലെ. ശനിയാഴ്ച ഉച്ചതിരിഞ്ഞു വരും. ഞായറാഴ്ച സന്ധ്യക്കു സ്ഥലം വിടും. ഇത്തരക്കാര്‍ ഏത് ഇനത്തില്‍ പെടും?
നടപ്പു കാലത്ത് മിക്കവാറും ഭദ്രാസനങ്ങള്‍ക്ക് ആവശ്യമായ വൈദീകാര്‍ത്ഥികള്‍ സ്വന്തമായുണ്ട്. അപ്പോള്‍പിന്നെ ചേക്കേറാന്‍ ആശ്രയം ആത്മീക സംഘടനകളാണ്. വേണമെങ്കില്‍ മര്‍ത്തമറിയം സമാജത്തിനു വേണ്ടിപ്പോലും സെമിനാരിയില്‍ സീറ്റു തരപ്പെടുത്തും. ഇവരില്‍ പലരും കത്തനാരുപട്ടം ഏല്‍ക്കുന്ന അന്നു മുതല്‍ ഇടവകപ്പള്ളി വികാരിത്വം കിട്ടിയില്ല എന്ന വിലാപവും അതിനുള്ള ശ്രമവുമാണ് നടത്തുന്നത്.
ഇവിടെയാണ് വൈദീകവൃത്തിയേക്കുറിച്ചും അജപാലന ദൗത്യത്തേക്കുറിച്ചുമുള്ള കാഴ്ചപ്പാടില്‍ പുനര്‍നിര്‍ണ്ണയം വരുത്തേണ്ടത്. ഇടവക വികാരിത്വം മാത്രമാണ് വൈദീകവൃത്തി എന്ന കാഴ്ചപ്പാട് സമൂലം പിഴുതെറിയണം. ആദ്ധ്യാത്മിക സംഘടനകളുടെ നേതൃത്വം, യുവജന-വിദ്യാര്‍ത്ഥികളുടെ ഇടയിലുള്ള പ്രവര്‍ത്തനം, വൈദീകാദ്ധ്യപനം, സഭാ സ്ഥാപനങ്ങളുടെ കാര്യവിചാരകത്വം ഇവയൊക്കെ അജപാലന ദൗത്യത്തിന്‍റെ ഭാഗമായി കാണണം. അത്തരം ചുമതലകള്‍ ഉള്ളവര്‍ക്ക് ഇടവകപ്പള്ളികളുടെ ചുമതല നല്‍കരുത്. അതേപോലെ തിരക്കേറിയ കണ്‍വന്‍ഷന്‍ പ്രാസംഗികരേയും ധ്യാനഗുരുക്കന്മാരെയും ഇടവക ചുമതലകളില്‍നിന്നും ഒഴിവാക്കണം. അവര്‍ക്ക് ഇടയ്ക്കിടെ വി. ബലി അര്‍പ്പിക്കാന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. ഇവയൊന്നും ശാശ്വതമായ പദവികളല്ലാത്തതിനാല്‍ അവരുടെ സേവനകാലാവധി അവസാനിക്കുമ്പോള്‍ വികാരിത്വത്തിലേയ്ക്കു മടങ്ങാമല്ലോ. സെക്രട്ടറിക്ക് ഇടവകയുടെ ചുമതല കൊടുക്കാത്ത പല ഭദ്രാസനങ്ങള്‍ ഇന്നുണ്ട്.
സഭ മുഴുവനെടുത്താല്‍ വിവിധതരം സ്വയം പ്രദര്‍ശകര്‍ തുലോം പരിമിതമാണ് എന്നു ആശ്വസിക്കാവുന്ന അവസ്ഥയല്ല ഇന്നുള്ളത്. ഇത്തരം സ്വയം പ്രദര്‍ശനമാണ് അനാശാസ്യമായ മറ്റു പലതിലേയ്ക്കും നയിക്കുന്നത്. കപ്യാരില്ലാതെ കത്തനാര്‍ ഭവനസന്ദര്‍ശനം നടത്തരുത് എന്നും, ശെമ്മാശനെക്കൂടാതെ മെത്രാന്‍ യാത്രചെയ്യെരുതെന്നും നസ്രാണികളുടെ നാട്ടുനടപ്പായിരുന്നു. തലമുറകളിലൂടെ കൈമാറിവന്ന ഇത്തരം അലിഖിതനിയമങ്ങള്‍ ലംഘിക്കുന്നതിന്‍റെ പരിണിതഫലങ്ങളാണ് സഭ ഇന്ന് പല രംഗങ്ങളിലും അനുഭവിക്കുന്നത്. ഒരു കന്യാസ്ത്രിമഠത്തോട് ചേര്‍ന്ന ചാപ്പലിന്‍റെ വിശ്രമമുറിയില്‍ അന്തിയുറങ്ങുമ്പോള്‍ …ഞാന്‍ ഒരു തിരുമേനിയാണ്. എന്‍റെ ജീവിതത്തിന് രഹസ്യങ്ങള്‍ പാടില്ല. എന്‍റെ ഉറക്കത്തിന് എന്‍റെ സെക്രട്ടറി സാക്ഷിയായിരിക്കണം. സീസറിന്‍റെ ഭാര്യ സംശയത്തിനതീതയായിരിക്കണം എന്നതുപോലെ നാളെ മേല്‍പ്പട്ടക്കാരനായ എന്നെക്കുറിച്ച് ഒരു സംശയം ഉണ്ടാകാന്‍ പാടില്ല, മേലാല്‍ ഇവിടെ നമ്മള്‍ രാത്രി വിശ്രമിക്കാന്‍ തങ്ങുന്ന വേളയില്‍ താന്‍ എന്‍റെ മുറിയിലേ ഉറങ്ങാവു… എന്നു പറഞ്ഞ് സെക്രട്ടറി ശെമ്മാശനെ താന്‍ കിടക്കുന്ന ഇടുക്കുമുറിയില്‍ നിലത്തു കയറ്റുപായില്‍ കിടത്തിയത് സാക്ഷാല്‍ മാത്യൂസ് ദ്വിതീയന്‍ ബാവായാണ്. ഇതൊരു പ്രവചനമൊന്നുമല്ല. തലമുറകളിലൂടെ കൈമാറിവന്ന നസ്രാണി സംസ്‌കൃതിയാണ്. ഓതറ ദയറായിലെ പട്ടിണിയുടേയും പരിവട്ടത്തിന്‍റെയും കാലംമുതല്‍ കൂടെയുള്ള സഹയാത്രികനും സാരഥിയുമായ പാപ്പച്ചന്‍ കൂടെ ഉള്ളപ്പോളാണ് അദ്ദേഹം ശെമ്മാശനോട് ഇപ്രകാരം നിഷ്‌കര്‍ഷിക്കുന്നതെന്നും ഓര്‍ക്കണം. അതായത്, ഡ്രൈവറും, പ്രീസെമിനാരിയന്‍ എന്ന പ്ലഗ്ഗും സെക്രട്ടറി ശെമ്മാശനു തുല്യനാവുകയില്ല എന്നു സാരം. ഈ പാരമ്പര്യബോധത്തിന്‍റെ കാലികപ്രസക്തി ഇന്നു അനുദിനം വര്‍ദ്ധിക്കുകയാണ്. അടിയന്തിര സാഹചര്യത്തില്‍ കപ്യാരെ കിട്ടിയില്ലെങ്കില്‍ കൈക്കാരനെയോ കമ്മറ്റിക്കാരനെയോ പള്ളി മൂപ്പനെയോ ഒന്നുമില്ലങ്കില്‍ അപ്പോള്‍ കൈയ്യില്‍ കിട്ടുന്ന ഒരു ഇടവകക്കാരനയോ കൂട്ടി മാത്രം ഭവനസന്ദര്‍ശനം നടത്തുന്ന യുവ വൈദീകര്‍ ഉണ്ട് എന്നതാണ് ഇന്നു സഭയുടെ ആശ്വാസം. നസ്രാണിത്വം മരിച്ചിട്ടില്ല എന്നതിന്‍റെ തിരുശേഷിപ്പ്.
ഒരു കാര്യം വ്യക്തമാക്കട്ടെ; സ്വയം പ്രദര്‍ശനം നടത്തുന്നവരോ ഇടവകകളെ ഊറ്റിപ്പിഴിഞ്ഞു രമ്യഹര്‍മ്മങ്ങള്‍ കെട്ടിപൊക്കുന്നവരോ അല്ല ജനഹൃദയങ്ങളില്‍ ശാശ്വതസ്മരണ അവശേഷിപ്പിക്കുന്നത്. മറിച്ച് യശയ്യാ പ്രാവാചകന്‍ പറയുന്നതുപോലെ …അയ്യോ ഞാന്‍ അശുദ്ധ മനുഷ്യന്‍. അശുദ്ധ അധരങ്ങളുള്ള ജനമദ്ധ്യേ ഞാന്‍ വസിക്കുന്നു….( യശയ്യാ. 6: 5. പശീത്താ) എന്ന വിചാരത്തോടെ തന്‍റെ ആടുകളൊപ്പം ജീവിച്ചു തന്‍റെ ഇടയനടുത്ത കര്‍മ്മം ശബ്ദഘോഷങ്ങളില്ലാതെ പൂര്‍ത്തീകരിക്കുന്ന സാധാരണക്കാരായ പട്ടക്കാരാണ്. അല്ലെങ്കില്‍ അവര്‍ അതീവ പ്രഗത്ഭരായിരിക്കണം. ഇതു രണ്ടുമല്ലാതെ ഊതിപ്പെരുപ്പിച്ച പ്രശസ്തിയില്‍ ആര്‍ക്കും അധികകാലം അഭിരമിക്കാന്‍ ആവില്ല. ചരിത്രം നല്‍കുന്ന പാഠം ഇതാണ്. ഈ യാഥാര്‍ത്ഥ്യം മനസിലാക്കിയേ പറ്റൂ.
ഒരു തൊഴില്‍ എന്ന നിലയിലോ, അങ്ങാടിയില്‍ വന്ദനയും പന്തിയില്‍ മുഖ്യാസനവും പിന്നെ കൊള്ളാവുന്ന കൂടുംബങ്ങളില്‍നിന്നും ബന്ധുത അല്ലെങ്കില്‍ ചുവന്ന കുപ്പായം ഇവ പ്രതീക്ഷിച്ചു കത്തനാരുപണിക്കു വരുന്നവരെ ഒഴിവാക്കാനുള്ള സംവിധാനമാണ് ഇനി ഉണ്ടാകേണ്ടത്. അത്തരം പ്രവണതകള്‍ മുളയിലെ തന്നെ നുള്ളണം. വൈദീകവൃത്തി ജീവിതാന്ത്യംവരെ ചുമക്കേണ്ട ഒരു ബാദ്ധ്യതയായി (Responsibilty) കണ്ട്, അതിന്‍റെ പാത ദുര്‍ഘടവും ഇടുങ്ങിയതുമാണന്ന ബോദ്ധ്യമുള്ളവര്‍ മാത്രം ആ വഴിക്ക് വന്നാല്‍ മതി. ആരെയും ചുമക്കേണ്ട ബാദ്ധ്യത ഇന്ന് മലങ്കരസഭയ്ക്കില്ല. കാരണം വൈദീക ക്ഷാമമൊന്നും സഭ ഇന്ന് അനുഭവിക്കുന്നില്ല.
യേശുക്രിസ്തു നേരിട്ടു തിരഞ്ഞെടുത്ത പന്ത്രണ്ട് ശ്ലീഹന്മാരില്‍ ഒരുവന്‍ പോലും വീണുപോയി. അതുകൊണ്ട് അപ്പോസേ്താല സമൂഹമോ, അവരെ തിരഞ്ഞെടുത്ത കര്‍ത്താവോ കുറ്റക്കാരാകുന്നില്ല. ആ സാഹചര്യത്തില്‍ മലങ്കര സഭയുടെ വിപുലമായ വൈദീക ശ്രേണിയില്‍ വിരലിലെണ്ണാവുന്നര്‍ കുറ്റാരോപിതര്‍ ആകുന്നത് പൊതുസഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നില്ല. അവര്‍ പതിതരെന്ന് തെളിഞ്ഞാല്‍ തീര്‍ച്ചയായും അത്തരം പുഴുക്കുത്തുകളെ നിഷ്‌ക്കരുണം നീക്കം ചെയ്യണം. പക്ഷേ ആ പ്രകിയയില്‍ മാത്രം ഒതുക്കി അവസാനിപ്പിക്കാവുന്ന ഒന്നല്ല വൈദീകശ്രേണിയുടെ അച്ചടക്കപാലനം. ഇടയധര്‍മ്മത്തിനു പകരം സ്വയംപ്രദര്‍ശനവും സഭാഭരണഘടനയ്ക്കു ഉപരിയായി ഏകാധിപത്യഭരണവും വൈദീകരുടെയിടയില്‍ വര്‍ദ്ധിച്ചുവരുന്നത് അപചയം തന്നയാണ്. ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ചേപറ്റു. ഇത്തരം ജീര്‍ണ്ണതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് പ. എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് സ്വീകരിക്കേണ്ടത്. അല്ലാതെ സാധാരണവിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും കാലത്തിനു നിരക്കാത്തതും പലപ്പോഴും അപ്രായോഗികവുമായ ഭാരമേറിയ ചുമടുകളെ ചുമലില്‍ വയ്ക്കുന്ന ഫത്വകള്‍ ഇറക്കുകയല്ല. പാരമ്പര്യങ്ങള്‍ – അവ ദേശീയമായാലും പ്രാദേശികമായാലും – സംരക്ഷിക്കപ്പെടേണ്ടതും പാലിക്കപ്പെടേണ്ടതുമാണ്. അല്ലാതെ അവ ദയറായിസത്തിന്റെ മുഷ്‌ക്കില്‍ അടിച്ചു തകര്‍ക്കേണ്ടതല്ല. ഈ യാഥാര്‍ത്ഥ്യവും വൈദീകശ്രേണി മനസിലാക്കേണ്ടിയിരിക്കുന്നു.
ഇപ്പോഴത്തെ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളെ ഒരു ഭീഷണി ആയല്ല സഭ കാണേണ്ടത്. മറിച്ച് ഒരു സുവര്‍ണ്ണാവസരമായി ആണ്. സഭയുടെ വൈദീകശ്രേണിയുടേയും ഇടയധര്‍മ്മത്തിന്റെയും പുനര്‍നിര്‍ണ്ണയത്തിനും പുനഃക്രമീകരണത്തിനുമുള്ള സുവര്‍ണ്ണാവസരം. കൂടുതല്‍ ദയറായിസം അടിച്ചേല്‍പ്പിക്കാനുള്ള മാര്‍ഗ്ഗമായി ഇതിനെ കാണരുത്. പകരം വൈദീകശ്രേഷ്ഠരേയും അഭിവന്ദ്യഫാദര്‍മാരെയും തിരിച്ചു പഴയ അച്ചനും കത്തനാരുമാക്കാം. അതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഉണ്ടാകേണ്ടത്. അവയാണ് കര്‍ശനമായി നടപ്പാക്കേണ്ടത്. അതില്‍ വിജയിച്ചാല്‍ സ്വയം പ്രദര്‍ശനവും ഊരുതെണ്ടല്‍ ഉദ്യോഗവും സ്വയം എരിഞ്ഞടങ്ങിക്കൊള്ളും. മലങ്കര സഭ രക്ഷപെടും.
(‘OVS Online’, 23 July 2018)
ഡോ. എം. കുര്യന്‍ തോമസ്
https://ovsonline.in/articles/church-act-and-orthodox-church/