നീതിയുക്തമായ അന്വേഷണം നടക്കുന്നു; അവസരം മുതലാക്കി സഭക്കെതിരെ ദുഷ്പ്രചരണത്തിന് ശ്രമമെന്ന് വൈദീക ട്രസ്റ്റി
മലങ്കര സഭയിലെ നിരണം ഭദ്രാസനത്തിൽ സേവനമനുഷ്ഠിക്കുന്ന മൂന്നു വൈദികരെക്കുറിച്ചും തുമ്പമൺ, ഡൽഹി, ദദ്രാസനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഓരോ വൈദികരെക്കുറിച്ചും നിരണം ദദ്രാസനത്തിൽ പെട്ട ഒരു വിശ്വാസിയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. സ്കൂൾ അദ്ധ്യാപികയായ അദ്ദേഹത്തിന്‍റെ ഭാര്യ ഈ വൈദികരുമായി അവിഹിത ബന്ധം പുലർത്തുന്നു എന്നതാണ് പരാതിയുടെ ഉള്ളടക്കം. വൈദികർ തന്‍റെ ഭാര്യയെ ലൈംഗീകമായി ചൂഷണം ചെയ്തു എന്നാണ് അദ്ദേഹത്തിന്‍റെ പ്രധാന ആരോപണം. ഈ വൈദികർക്കെതിരെ നടപടി എടുക്കണമെന്നാണ് നിരണം ഭദ്രാസന മെത്രാപ്പോലീത്തായക്കു നൽകിയിരിക്കുന്ന പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരാതിയുടെ കോപ്പി അദ്ദേഹം പ. ബാവാ തിരുമേനിക്കും ബന്ധപ്പെട്ട ഭദ്രാസന മെത്രാപ്പോലീത്തന്മാർക്കും നൽകിയിട്ടുണ്ട്. വേണമെങ്കിൽ പോലീസിൽ പരാതിപ്പെട്ടുകൊള്ളുവാൻ പരാതി ലഭിച്ച ഉടൻ തന്നെ അദ്ദേഹത്തോട് ആവശ്യപ്പെട്ടുവെങ്കിലും അതുണ്ടായില്ല. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് പരാതി നൽകുന്നത്. ബന്ധപ്പെട്ട മെത്രാപ്പോലീത്തന്മാർ അതിനെക്കുറിച്ച് അന്വേഷിക്കുകയും ആരോപണ വിധേയരായ വൈദികരോട് അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല പ. ബാവാ തിരുമേനിയുടെ നിർദ്ദേശ പ്രകാരം ഈ പരാതിയെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകുവാൻ വൈദികരും വക്കീലന്മാരും അടങ്ങുന്ന കമ്മീഷനെ നിയമിക്കുകയും ചെയ്തു. വൈദിക ട്രസ്റ്റി എന്ന നിലയിൽ ഞാനും അതിലൊരു കമ്മീഷൻ അംഗമാണ്. പരാതിക്കാരൻ നൽകിയിരിക്കുന്ന പരാതിയോടൊപ്പം അയാളുടെ ഭാര്യയുടെ ഒരു സത്യപ്രസ്താവനയും നൽകിയിട്ടുണ്ട്. ആ പ്രസ്താവനയിൽ ഈ വൈദികരല്ലാതെ അക്രൈസ്തവരായ രണ്ടു വ്യക്തികളും ഈ സ്ത്രീയുമായി ഈ നിലയിൽ ബന്ധപ്പെടുന്നതായി പറയുന്നുണ്ട്. കമ്മീഷൻ അംഗങ്ങൾ പരാതി വിശദമായി വായിച്ചു. അതു സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന്‍റെ ഭാഗമായി ഈ വൈദികരുമായും പരാതിക്കാരനുമായും കമ്മീഷന് സംസാരിക്കാൻ സാധിച്ചു. എന്നാൽ അദ്ദേഹത്തിന്‍റെ ഭാര്യയുമായി ഇതുവരെ സംസാരിക്കാൻ സാധിച്ചിട്ടില്ല.
ഇക്കാര്യങ്ങൾ ഇങ്ങനെ നടന്നു കൊണ്ടിരിക്കുമ്പോഴാണ് സോഷ്യൽ മീഡിയായിലും മറ്റു മാധ്യമങ്ങളിലും ഇതു വലിയ വാർത്തയും ചർച്ചാ വിഷയവുമാകുന്നത് – ഫാ. ഡോ. എം ഒ ജോൺ കൂട്ടിച്ചേർത്തു. അനുകൂലമായും പ്രതികൂലമായും അനേക പ്രസ്താവനകൾ ഉണ്ടാകുന്നുണ്ട്. സഭ ഇതിനെ വളരെ ഗൗരവത്തോടു കൂടിയാണ് കണ്ടിരിക്കുന്നത്. ഇതു സംബന്ധിച്ച് സഭാ കേന്ദ്രത്തിൽ നിന്നു തന്നെ കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടുണ്ട്.
ഒരു പരാതി ലഭിച്ചാൽ അതിനെക്കുറിച്ച് അന്വേഷിക്കുകയാണ് ആദ്യത്തെ നടപടി. അതല്ലാതെ ഉടനെ തന്നെ ആരോപണ വിധേയർക്കെതിരെ കർശന നടപടി സ്വീകരിക്കുകയല്ല നീതി. അത് നീതി നിഷേധമാകും. അവർക്ക് പറയാനുള്ളത് കേൾക്കണം, നീതിയുക്തമായ അന്വേഷണങ്ങൾ നടക്കണം. മാധ്യമവിചാരണയുടെയോ ഉണ്ടാകുന്ന എതിർ പ്രചരണങ്ങളുടെയോ അടിസ്ഥാനത്തിൽ മാത്രം തീരുമാനമെടുക്കുന്നത് ശരിയല്ല. ഈ അവസരം മുതലാക്കി സഭയ്ക്കെതിരെ ദുഷ്പ്രചരണം നടത്തുവാൻ ചിലർ ശ്രമിക്കുന്നുമുണ്ട്. അതാണ് വലിയ ആരോപണ പ്രത്യാരോപണങ്ങളുടെ പശ്ചാത്തലം.
ഇതിനിടെ ആരോപണമുന്നയിച്ച വ്യക്തിക്കെതിരെ തന്നെ ആരോപണമുന്നയിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. വൈദികർ ആരോപണവിധേയർ മാത്രമാണ്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ നിജസ്ഥിതി ബോധ്യപ്പെടുകയുള്ളു. വൈദികരുടെ മുൻകാല പ്രവർത്തനങ്ങളും ഇടവകയിലെ പ്രവർത്തനങ്ങളും പരിശോധിക്കണം. ഇതെല്ലാം വിശദമായി പഠിച്ചും പരിശോധിച്ചും തീർച്ചയായും ഉചിതമായ നടപടി ഉണ്ടാകും. ഈ അഞ്ചു വൈദികരിൽ എല്ലാ വൈദികരെക്കുറിച്ചും ഒരു പോലെയുള്ള ആരോപണമല്ല ഉള്ളത്. അതിന്‍റെ തീവ്രതയ്ക്കും വ്യത്യാസമുണ്ട്. ഈ ആരോപണങ്ങളുടെ പേരിൽ സഭയേയോ വൈദികരേയോ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. എത്രയോ വൈദികർ അവരുടേതായ മേഖലകളിലും ഇടവകകളിലും പ്രശംസനീയമായ രീതിയിൽ സേവനം അനുഷ്ഠിക്കുന്നുണ്ട്. ആർക്കെങ്കിലും ഏതെങ്കിലും വൈദികരോട് എന്തെങ്കിലും കാര്യത്തിൽ വിരോധമുണ്ടെങ്കിൽ അതു മുഴുവൻ ഇപ്പോൾ പുറത്തെടുത്ത് വൈദികരെ അടച്ചാക്ഷേപിക്കുന്ന രീതി ശരിയല്ല. കഴിഞ്ഞ ദിവസം എന്നെ ഫോൺ ചെയ്ത പ്രായമുള്ള ഒരാൾ വളരെ രൂക്ഷമായി വൈദികരെ വിമർശിച്ചു. അച്ചന്മാർ ശരിയല്ല എന്നു പറഞ്ഞു. ഞാൻ കാര്യം അന്വേഷിച്ചു. ശനിയാഴ്ച സന്ധ്യക്കോ ഞായറാഴ്ച രാവിലെ നമസക്കാരത്തിനു മുമ്പോ തലക്കു പിടിച്ച് പ്രാർത്ഥിക്കാത്തവർക്ക് അച്ചൻ കുർബ്ബാന കൊടുക്കുകയില്ല എന്നതാണ് അദ്ദേഹത്തിന്‍റെ ഗൗരവമേറിയ ആരോപണം. ഇങ്ങനെയുള്ള പല കാര്യങ്ങളും പലരും ഉന്നയിക്കുകയും അത് ഇതിനോട് ചേർക്കുകയും ചെയ്യുന്നുണ്ട്. ഇതിന്‍റെ മറവിൽ സെമിനാരിയെ വിമർശിക്കുന്നു. പ്രീസെമിനാരി പഠനം വേണ്ടെന്നു പറയുന്നു. കുമ്പസാരം വേണ്ടെന്നു പറയുന്നു. ഭരണഘടന ഭേദഗതി ചെയ്യണമെന്നു പറയുന്നു. ആരോപണ വിധേയനായ ഒരു വൈദികൻ – അഞ്ചുപേരുമല്ല – ഒരു വൈദികൻ കുമ്പസാര രഹസ്യം പുറത്തുവിട്ടെന്നു പറയുന്നു. അതിന്‍റെ യഥാർത്ഥ സ്ഥിതി അറിയണമെങ്കിൽ ആ സ്ത്രീയുമായും സംസാരിച്ചേ മതിയാവൂ. അതല്ലേ ന്യായം. അതിന്‍റെ പേരിൽ കുമ്പസാരത്തേയും കൂദാശകളെയും മൊത്തത്തിലാക്ഷേപിക്കുന്നതു ശരിയല്ല. ഇപ്പോഴത്തെ ആരോപണങ്ങളുടെ ഗൗരവം കുറച്ചു കാണുകയല്ല ചെയ്യുന്നത്. സഭ ഉചിതമായ ഒരു നടപടിയിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും നിരപരാധികൾ രക്ഷിക്കപ്പെടും, യാതൊരു സംശയവും വേണ്ട. പരിശുദ്ധ സഭക്കെതിരെ തന്നെ ഉയർന്നിരിക്കുന്ന ഒരാരോപണമായി ഇതിനെ മനസ്സിലാക്കി മലങ്കര സഭ ഒറ്റക്കെട്ടായി ഇതിനെ നേരിടും. തിരുത്തേണ്ടത് യുക്തമായി തിരുത്തപ്പെടും.
https://ovsonline.in/articles/145274/