OVS - Latest NewsOVS-Kerala News

ഓറിയന്റൽ ഓർത്തഡോക്സ് വൈദികസംഘം മാർപാപ്പായുമായി കൂടിക്കാഴ്ച നടത്തി

ആഗോള കത്തോലിക്കാ സഭയുടെ എക്യുമെനിക്കൽ വിഭാഗമായ ഡൈകാസ്റ്ററി ഫോർ പ്രൊമോട്ടിംഗ് ക്രിസ്ത്യൻ യൂണിറ്റി, ഓറിയന്റൽ ഓർത്തഡോക്സ് സഭകളിലെ യുവവൈദികർക്കും സന്യാസിമാർക്കുമായി സംഘടിപ്പിച്ച റോം പഠന സന്ദർശനത്തിന്റെ ഭാഗമായി കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പായുമായി വൈദികസംഘം കൂടിക്കാഴ്ച നടത്തി. എക്യുമെനിക്കൽ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന കർദ്ദിനാൾ കർട് കോക്ക്, ഫാ. ഹൈസന്ത് ദെസ്തിവെലെ എന്നിവരുടെ നേതൃത്വത്തിൽ വത്തിക്കാനിലെ അപ്പോസ്തോലിക് പാലസിൽ എത്തിയ വൈദികസംഘത്തെ മാർപാപ്പാ സ്നേഹപൂർവ്വം സ്വീകരിച്ച് സന്ദേശം നൽകുകയും, സമ്മാനങ്ങൾ നൽകി അനുഗ്രഹിക്കുകയും ചെയ്തു. ഫെബ്രുവരി 18 മുതൽ ആരംഭിച്ച സന്ദർശന പരിപാടിയിൽ മലങ്കര ഓർത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഫാ. അനിഷ് കെ. സാം, ഫാ. ജെറി വർഗീസ്, ഡീക്കൻ ജിതിൻ മാത്യു ഫിലിപ്പ് എന്നിവർ സംബന്ധിക്കുകയും, പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ തിരുമേനിയുടെ ആശംസയും പ്രാർത്ഥനയും മാർപാപ്പായെ അറിയിക്കുകയും സമ്മാനം കൈമാറുകയും ചെയ്തു.

കത്തോലിക്കാസഭയുടെ വത്തിക്കാനിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ, വിവിധ യൂണിവേഴ്സ്റ്റികൾ, വത്തിക്കാൻ സെക്രട്ടറിയേറ്റ്, വത്തിക്കാൻ മ്യൂസിയം, സെന്റ് പീറ്റേഴ്സ് ബസിലിക്കാ, വിവിധ ആശ്രമങ്ങൾ, ഫ്രഞ്ച് എംബസി എന്നിവിടങ്ങളിൽ സംഘം സന്ദർശനം നടത്തി. അർമീനിയൻ-കോപ്റ്റിക് ഓർത്തഡോക്സ് സഭകളുടെ ഇറ്റലിയിലെ ബിഷപ്പുമാരുമായും കൂടിക്കാഴ്ച നടത്തി. മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദികസംഘം ഫെബ്രുവരി 26 ഞായറാഴ്ച റോമിലെ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് കോൺഗ്രിഗേഷനിൽ വിശുദ്ധ കുർബ്ബാനയിൽ സംബന്ധിച്ചശേഷം കേരളത്തിലേക്ക് മടങ്ങും.

error: Thank you for visiting : www.ovsonline.in