തൃക്കുന്നത്തു സെമിനാരിയുടെ ചരിത്രം
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജനുവരി മാസത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒന്നാണ് ആലുവാ തൃക്കുന്നത്തു സെമിനാരി. മലങ്കരസഭയുടെ അങ്കമാലി ഭദ്രാസനത്തിന്‍റെ ആസ്ഥാനവും നാലു മേല്പട്ടക്കാരുടെ കബറിടം സ്ഥിതിചെയ്യുന്ന പുണ്യഭൂമിയുമായ ആലുവാ തൃക്കുന്നത്തു സെമിനാരിക്ക് ഒന്നേകാല്‍ നൂറ്റാണ്ടിന്‍റെ ചരിത്രമേയുള്ളു. എങ്കിലും ഈ സ്ഥാപനത്തിന്‍റെ ഉല്‍ഭവ ചരിത്രം ഏതാണ്ട് എല്ലാവര്‍ക്കും തന്നെ അജ്ഞാതമാണ്.
പഴയ തിരുവിതാംകൂറിലെ അപ്രസക്തമായ ഒരു സ്ഥലമായിരുന്നു ആലുവാ. വര്‍ഷത്തിലൊരിക്കല്‍ ശിവരാത്രിക്ക് ആലുവാ മണപ്പുറത്ത് ബലിതര്‍പ്പണം നടത്താന്‍ എത്തുന്നവരും ആലുവാപ്പുഴയിലെ ഔഷധഗുണമുള്ള വെള്ളത്തില്‍ കുളിച്ച് സുഖമെടുക്കാന്‍ വേനല്‍ക്കാലത്ത് എത്തുന്ന അപൂര്‍വ്വം ചിലരുമായിരുന്നു ആലുവായെ മുഖ്യധാരയില്‍ ഉള്‍പ്പെടുത്തി നിര്‍ത്തിയിരുന്നത്. ഇക്കാലത്ത് ആലുവായില്‍ സുറിയാനി ക്രിസ്ത്യാനികള്‍ ഇല്ലായിരുന്നു എന്നു തന്നെ പറയാം.
മികച്ച കര – ജലമാര്‍ഗ്ഗ ഗതാഗത സൗകര്യമുണ്ടായിരുന്ന ആലുവായ്ക്ക് പ്രാധാന്യം ലഭിക്കുന്നത് കൊച്ചി – ഷൊര്‍ണ്ണൂര്‍ റെയില്‍പ്പാത വന്നതോടെയാണ്. പഴയ തിരുവിതാംകൂര്‍ രാജ്യത്ത് റെയില്‍വേ കടന്നുപോകുന്ന സ്ഥലങ്ങള്‍ ആലുവാ, അങ്കമാലി ഇവ മാത്രമായിരുന്നു. 19-ാം നൂറ്റാണ്ടിന്‍റെ അവസാനപാദത്തില്‍ ഈ റെയില്‍പ്പാതയുടെ പണി പുരോഗമിച്ചതോടെ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ആലുവായുടെ വികസനത്തില്‍ ശ്രദ്ധ ചെലുത്തി.
ഇതേ കാലത്താണ് അങ്കമാലി ഭദ്രാസനത്തിന്‍റെ ആദ്യ മെത്രാപ്പോലീത്തായായിരുന്ന അമ്പാട്ട് മാര്‍ കൂറിലോസ് തന്‍റെ ഭദ്രാസന ആസ്ഥാനമായി ആലുവായെ തെരഞ്ഞെടുത്തത്. 1876-ലാണ് മലങ്കര സന്ദര്‍ശിച്ച ആദ്യത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസായ പ. പത്രോസ് തൃതീയന്‍, മലങ്കരമെത്രാപ്പോലീത്തായെ കൂടാതെ ആറു മേല്പട്ടക്കാരെക്കൂടി വാഴിച്ചതും മലങ്കരസഭയെ ഏകപക്ഷീയമായി ഏഴ് ഇടവകകളായി വിഭജിച്ചതും. അതില്‍ ഒരു ഇടവകയായിരുന്നു അങ്കമാലി. 1891-ല്‍ കാലം ചെയ്ത അമ്പാട്ട് മാര്‍ കൂറിലോസായിരുന്നു അങ്കമാലിയുടെ ആദ്യ മെത്രാപ്പോലീത്താ. അദ്ദേഹം ആലുവാ നഗരമദ്ധ്യത്തില്‍ ഇരുപത് ഏക്കറോളം വസ്തു സമ്പാദിക്കുകയും ചുരുക്കത്തില്‍ ഒരു പള്ളി സ്ഥാപിക്കുകയും ചെയ്തു. വികസ്വരമായ ആലുവായില്‍ അദ്ദേഹത്തിനു സ്ഥലം അനുവദിച്ച കൊല്ലവര്‍ഷം 1055-ാമാണ്ട് ആനി മാസം 7-ാം തീയതി കുന്നത്തുനാട് മണ്ടപത്തുംവാതുക്കല്‍ കച്ചേരിയില്‍ നിന്നും ജമാബന്തി 1404-ാമത് നമ്പറായി ശങ്കരന്‍ നാരായണന്‍ ഒപ്പിട്ടയച്ച താഴെ പറയുന്ന മലങ്കരെ അങ്കമാലി മുതലായ പള്ളികളുടെ മേലധികാരികള്‍ക്ക് എഴുതിയ നോട്ടീസ്സ് ഉത്തരവു തന്നെ ഇതൊരു പൊതുസ്ഥാപനമാെണന്നു വ്യക്തമാക്കുന്നുണ്ട്.
… പള്ളിവക ആലുവാ കരയില്‍ പണ്ടാരവകപാട്ടം പതിഞ്ഞിരിക്കുന്ന തൃക്കുന്നൂര്‍ പുരയിടത്തില്‍ ഒരു പള്ളി വയ്പാന്‍ അനുവാദമുണ്ടാകണമെന്ന് അപേക്ഷിച്ചു വിചാരണ നടത്തി എഴുതി ബോധിപ്പിച്ച് എഴുതി അയച്ചിരുന്നതിനു അതിന്‍വണ്ണം അനുവദിച്ച് കല്പനപ്രകാരം എഴുതിചെന്ന് ഹാജൂരില്‍ നിന്നും ജമാബന്തി 6363-ാമത് നമ്പരില്‍ ഇടവമാസം 11-നു എഴുതിയ സാധനം ചെന്നു. 10660-ാം നമ്പരില്‍ എഴുതി ഉത്തരവ് വന്നിരിക്കുന്നതാകകൊണ്ട് വിവരം തെര്യപ്പെടുത്തിയിരിക്കുന്നു. …
1889 കുംഭം 1-ന് കൂരന്‍ കുഞ്ഞവരായ്ക്കു അമ്പാട്ടു മാര്‍ കൂറിലോസ് എഴുതിയ സ്വകാര്യ കല്‍പ്പനയില്‍ … നമുക്ക് ആലുവായില്‍ പണിയപ്പെടുന്ന പള്ളിയ്ക്കു ഈ മാസ 18-നു കല്ലിടുവാന്‍ നിശ്ചയിച്ചിരിക്കുന്നു …. എന്നു കാണുന്നു. അന്നത്തെ ചടങ്ങിനു സമൂഹത്തിലെ പല പ്രമുഖരേയും ക്ഷണിച്ചതായും ടി. കല്‍പ്പനയില്‍ സൂചനയുണ്ട്.
അമ്പാട്ടു മാര്‍ കൂറിലോസ് 1891-ല്‍ അകാലത്തില്‍ കാലം ചെയ്തതോടെ കോട്ടയം ഇടവകയുടെ കടവില്‍ മാര്‍ അത്താനാസ്യോസ് അങ്കമാലിയുടെ ഭരണം ഏറ്റെടുത്തു. അദ്ദേഹം ആലുവാ പള്ളിയെ ഒരു പൊതുസ്ഥാപനമാക്കി. അതിനെ വടക്കുള്ള സഭാകേന്ദ്രമാക്കി വളര്‍ത്തുക എന്നത് ഒരു വെല്ലുവിളിയായി അദ്ദേഹം ഏറ്റെടുത്തു. തന്‍റെ ജന്മനാടായ വടക്കന്‍പറവൂരിനു സമീപസ്ഥമായ ആലുവായോട് അദ്ദേഹത്തിനു പ്രത്യേക പ്രതിപത്തി ഉണ്ടായിരുന്നിരിക്കാം.
ഇക്കാലത്ത് വാകത്താനം കാരുചിറ ഗീവര്‍ഗീസ് റമ്പാന്‍ (പിന്നീട് പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍, പൗരസ്ത്യ കാതോലിക്കാ) ആയിരുന്നു കടവില്‍ മാര്‍ അത്താനാസ്യോസിന്‍റെ സെക്രട്ടറിയും സന്തതസഹചാരിയും. തുടര്‍ന്നു നടന്ന സംഭവങ്ങള്‍ പ. വാകത്താനത്തു ബാവായുടെ സഭാജീവിത നാള്‍വഴി എന്ന ആത്മകഥയില്‍ നിന്നും ഇപ്രകാരം സംഗ്രഹിക്കാം:
… (കൊല്ലവര്‍ഷം) 1077 വൃശ്ചിക മാസം 9-ന് മലയാളം കണക്കില്‍ 7-ന് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ തനിക്കുള്ള സമ്പാദ്യങ്ങള്‍ ആലുവാ പള്ളിക്ക് കൊടുത്തിരിക്കുന്നതായി ഒരു ഉടമ്പടി എഴുതി പറവൂര്‍ കൊര്‍ട്ടില്‍ രജിസ്ട്രറാക്കി. ടി. പള്ളിയുടെ കാര്യാന്വേഷണത്തിനായി കൊച്ചുപൗലോസു റമ്പാച്ചനേയും ഗീവറുഗീസ് റമ്പാച്ചനേയും പൈനാടത്തു യൗസേപ്പ് ശെമ്മാശ്ശനേയും ഉടമ്പടിയാല്‍ നിയമിക്കയും ചെയ്തു….
1902-ല്‍ തയാറാക്കി, കൊല്ലവര്‍ഷം 1078-ാം മാണ്ട് വൃശ്ചികം 7-നു (1903 നവംബര്‍ 22) പറവൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ടി. വില്‍പത്രത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ പറയുന്നവയാണ്.
… 3. താഴെ ചേര്‍ത്തിരിക്കുന്ന എ പട്ടിക പ്രകാരമുള്ള സ്ഥാവര സ്വത്തുക്കളില്‍ 5 മുതല്‍ 20 വരെ നമ്പരുകളും, ബി പട്ടികപ്രകാരമുള്ള ജംഗമ സ്വത്തുക്കളും, നമ്മുടെ സ്വന്തവും പതിനായിരം രൂപാ വില വരുന്നതും, എ പട്ടികയിലുള്ള ആറായിരം രൂപാ വിലവരുന്ന ഒന്ന് മുതല്‍ നാലു വരെ നമ്പരുകളില്‍ നാലായിരം രൂപാ വില വരുന്ന സ്വത്തുക്കള്‍ അങ്കമാലി ഇടവകകളുടെ മേലദ്ധ്യക്ഷനായിരുന്ന് കാലം ചെയ്ത നമ്മുടെ സഹോദരന്‍ ബ. ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായുടെ സ്വന്തവും, മെത്രാപ്പോലീത്തായാല്‍ നമ്മുടെ പ്രത്യേക ഭരണത്തിനായി ഏല്പിക്കപ്പെട്ടിട്ടുള്ളതും, ശേഷം രണ്ടായിരം രൂപായുടെ സ്വത്ത് നമ്മുടെ സ്വന്ത ദ്രവ്യം ചെലവ് ചെയ്ത് അതിനോട് ചേര്‍ത്ത് പണിയിച്ചിട്ടുള്ളതും, ഇവകളെല്ലാം ഇപ്പോള്‍ നമ്മുടെ പ്രത്യേക കൈവശത്തിലും സ്വാതന്ത്ര്യത്തിലും ഭരണത്തിലും ഇരിയ്ക്കുന്നതാകുന്നു. …
… 5. എ പട്ടികയില്‍ ഒന്നാം നമ്പര് തൃക്കുന്നത്ത് പുരയിടത്തിലിരിക്കുന്ന അതോട് ചേര്‍ന്ന് ദൈവാരാധനയ്ക്കും വിദ്യാഭ്യാസത്തിനുമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള കെട്ടിടങ്ങളും ഒരു പ്രത്യേക ട്രസ്റ്റിന്റെ മൂലസ്ഥാനമായിരിക്കണമെന്ന് നാം തീരുമാനിച്ചിരിക്കുന്നതും, ആ ട്രസ്റ്റിന്റെ ഉപയോഗത്തിനും പ്രയോജനത്തിനുമായി നാലാം വകുപ്പില്‍ വിവരിക്കുന്ന വകകള്‍ ഒഴികെയുള്ള എല്ലാ സ്ഥാവര ജംഗമ സ്വത്തുക്കളും നാം വിട്ടുകൊടുത്തിരിക്കുന്നതുമാകുന്നു…
കടവില്‍ മാര്‍ അത്താനാസ്യോസ് തൃക്കുന്നത്തു സെമിനാരിയെ ഒരു ട്രസ്റ്റാക്കി എന്നാണ് ഇതില്‍ നിന്നും മനസിലാകുന്നത്. സെമിനാരിയും, ചാപ്പലും, ഉള്ളതും ഉണ്ടാകാന്‍ പോകുന്നതുമായ എല്ലാ കെട്ടിടങ്ങളും ഈ ട്രസ്റ്റിന്‍റെ ഭാഗമാണെന്നും ഈ വില്പത്രത്തില്‍ നിന്നും വ്യക്തമാണ്. അതിനാല്‍ സെമിനാരിപള്ളിക്ക് സെമിനാരിയില്‍നിന്നു വേറിട്ട ഒരു അസ്ഥിത്വമുണ്ടെന്ന വാദത്തിനും പ്രസക്തിയില്ല. പ. വാകത്താനത്തു ബാവാ തന്‍റെ സഭാജീവിത നാള്‍വഴിയില്‍ കൊച്ചുപൗലോസു റമ്പാനെ (പിന്നീട് ആലുവായിലെ വലിയതിരുമേനി എന്നറിയപ്പെടുന്ന കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസ്) ട്രസ്റ്റിമാരില്‍ ഒരാളായി സൂചിപ്പിക്കുന്നുണ്ടെങ്കിലും മാര്‍ അത്താനാസ്യോസിന്‍റെ വില്‍പ്പത്രത്തില്‍ അപ്രകാരം പരാമര്‍ശനമില്ല.
മറിച്ച്, വില്‍പ്പത്രത്തിലെ പരാമര്‍ശനപ്രകാരം …. ട്രസ്റ്റിന്‍റെ ഭരണകര്‍ത്താക്കന്മാരും സ്ഥലത്തെ ഭാരവാഹികളുമായി ദയറാക്കാരായ രണ്ട് പേര്‍ വേണമെന്ന് നമുക്ക് ആഗ്രഹം ഉള്ളതിനാല്‍, അതിലേയ്ക്ക് വിശ്വസ്ഥന്മാരെന്ന് നമുക്ക് ബോദ്ധ്യപ്പെട്ടിരിക്കുന്ന വാകത്താനത്ത് പള്ളി ഇടവകയില്‍ കാരുചിറ പുന്നൂസിന്‍റെ മകന്‍ ഗീവറുഗീസ് റമ്പാനേയും, ഈ ദയറായില്‍ സ്ഥിരവാസം ചെയ്തു കാര്യഭരണം നടത്തിക്കൊള്ളാമെന്ന് നമ്മുടെ മുന്‍പാകെ സമ്മതിച്ചിരിക്കുന്ന അകപ്പറമ്പ് പള്ളി ഇടവകയില്‍ പൈനാടത്ത് കുര്യതിന്‍റെ മകന്‍ യൗസേഫ് ശെമ്മാശനേയും നിയമിക്കുകയും അധികാരം കൊടുക്കുകയും ചെയ്തിരിക്കുന്നു…..
… 7. ഈ ദയറായ്ക്ക് വേണ്ടതായ ചില പണികള്‍ നടത്തുകയും മറ്റും ചെയ്തിട്ടുള്ള പൈനാടത്ത് പൗലോസ് റമ്പാന്‍ ഈ ദയറായില്‍ താമസിക്കുന്നതിനായി വരുന്നു എങ്കില്‍, അയാളുടെ ന്യായമായ ചിലവുകള്‍ മുന്‍ ഭാരവാഹികളുടേതുപോലെതന്നെ ട്രസ്റ്റില്‍നിന്നും നടത്തേണ്ടതും, ഭാരവാഹികളായ മുന്‍ ആറാം വകുപ്പില്‍ പറഞ്ഞവര്‍ തമ്മില്‍ ഭരണകാര്യത്തെപ്പറ്റി അഭിപ്രായഭേദം ഉണ്ടായാല്‍ ഈ പൗലോസ് റമ്പാന്‍ ഉള്‍പ്പെടെയുള്ള മൂന്നുപേരില്‍ ഭൂരിപക്ഷക്കാരുടെ അഭിപ്രായപ്രകാരം കാര്യങ്ങള്‍ നടത്തേണ്ടതുമാകുന്നു.
ഇതില്‍നിന്നും പ. വാകത്താനത്തു ബാവായും പൈനാടത്ത് ജോസഫ് ശെമ്മാശനും മാത്രമാണ് മാര്‍ അത്താനാസ്യോസിന്‍റെ വില്‍പ്പത്രപ്രകാരമുള്ള ട്രസ്റ്റിമാര്‍ എന്നും കൊച്ചുപൗലോസു റമ്പാന്‍ ട്രസ്റ്റിയല്ല എന്നും വ്യക്തമാണ്.
ട്രസ്റ്റിമാരുടെ മേലുള്ള നിയന്ത്രണവും നിയമനവും എപ്രകാരമായിരിക്കണമെന്നും ആരായിരിക്കണമെന്നും വില്‍പ്പത്രത്തില്‍ വ്യവസ്ഥയുണ്ട്.
… 8. ഇവരുടെ (പ. വാകത്താനത്തു ബാവായും പൈനാടത്ത് ജോസഫ് ശെമ്മാശനും) കാലശേഷമോ, ഈ ചുമതലയില്‍നിന്നും ഇവര്‍ സ്വയമായി മാറുകയൊ, അവരെ മാറ്റേണ്ടിവരികയൊ ചെയ്യുമ്പോഴൊ, സ്ഥലത്തെ ഭാരവാഹികള്‍, മേലിലും വിശ്വസ്തന്മാരായ ദയറാക്കാരായി ഇരിക്കണമെന്ന് നമുക്ക് ആഗ്രഹമുള്ളതിനാല്‍, അഞ്ഞൂറ് രൂപയില്‍ കുറയാതെ ട്രസ്റ്റിലേയ്ക്ക് ദാനം ചെയ്യുന്ന ദയറാക്കാരില്‍, യോഗ്യന്മാരെന്ന് തോന്നുന്ന ആവശ്യംപോലെയുള്ള ഒന്നോ രണ്ടോ ആളുകളേയോ, മേല്‍പ്രകാരമുള്ളവര്‍ ഇല്ലാത്തപക്ഷം യോഗ്യന്മായ മറ്റ് രണ്ട് ദയറാക്കാരേയോ, ആറാം വകുപ്പില്‍ പറയുന്നവരുടെ പിന്‍ഗാമികളായി നിയമിക്കുന്നതിന് പത്താം വകുപ്പില്‍ പറയുന്ന ആള്‍ക്ക് സ്വാതന്ത്ര്യവും ബാദ്ധ്യതയും ഉള്ളതാകുന്നു.
9. മുന്‍ വകുപ്പുകളില്‍ പറയുന്ന പൗലോസ് റമ്പാന്‍ (കുറ്റിക്കാട്ടില്‍ പൗലൂസ് മാര്‍ അത്താനാസ്യോസ്) സ്ഥലത്ത് വന്ന് താമസിയ്ക്കാത്തപക്ഷം മറ്റ് ഭാരവാഹികള്‍ തമ്മില്‍ ഭിന്നാഭിപ്രായം ഉണ്ടായാല്‍ അതാതുകാലത്തെ അങ്കമാലി മഹാഇടവകയുടെ മെത്രാപ്പോലീത്താ അവര്‍കളെ അറിയിച്ച് അദ്ദേഹത്തിന്‍റെ അഭിപ്രായംപോലെ കാര്യങ്ങള്‍ നടത്തേണ്ടതാകുന്നു.
10. ആറാം വകുപ്പില്‍ പറയുന്ന ഭരണകര്‍ത്താക്കന്മാരെ അധികാരത്തില്‍നിന്നും മാറ്റുന്നതിനും, ഏഴാം വകുപ്പില്‍ പറയുന്ന പൗലോസ് റമ്പാന് ഇതിനാല്‍ കൊടുത്തിരിയ്ക്കുന്ന അവകാശം ഇല്ലാതാക്കുന്നതിനും, വിശ്വാസവിപരീതമായോ, സ്ഥാനഭൃഷ്ടിന് കാരണമായ മറ്റു വല്ല സംഗതികളുമോ അടിസ്ഥാനമാക്കി, അങ്കമാലി ഇടവകയുടെ മെത്രാപ്പോലീത്തായ്ക്ക് അധികാരമുണ്ടായിരിയ്ക്കുന്നതും, മേല്‍പറഞ്ഞ വിധത്തിലുള്ള മതിയായ കാരണം കൂടാതെ അദ്ദേഹത്തിനോ മറ്റാര്‍ക്കെങ്കിലുമോ ഈ അധികാരം ഉപയോഗിപ്പാന്‍ പാടില്ലാത്തതുമാകുന്നു.
11. ഈ ട്രസ്റ്റിന്‍റെ ഉദ്ദേശപ്രകാരം ശരിയായി നടത്തുന്നുണ്ടോ എന്ന് പരിശോധിയ്ക്കുന്നതിനും പൊതുവേ മേലന്വേഷണം ചെയ്യുന്നതിനും അങ്കമാലി മഹാഇടവകയുടെ അതാതുകാലത്തെ മെത്രാപ്പോലീത്തായ്ക്കും പൊതുയോഗത്തിനും അധികാരവും ചുമതലയും ഉള്ളതാകുന്നു.
ഈ വ്യവസ്ഥകളില്‍നിന്നും അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തായ്ക്കും അങ്കമാലി ഭദ്രാസന പൊതുയോഗത്തിനുമാണ് ത്യക്കുന്നത്തു സെമിനാരിയുടെയും സ്വത്തുക്കളുടെയും മേല്‍ ആത്യന്തിക അധികാരം എന്നു പകല്‍ പോലെ വ്യക്തമാണ്.
പ്രായവും രോഗവും ക്ഷീണിതനാക്കിയ തനിക്ക് വ്യക്തിപരമായി അസാദ്ധ്യമെന്ന് ബോദ്ധ്യമായതിനാലാവാം പിന്നീട് കടവില്‍ മാര്‍ അത്താനാസ്യോസ് ആലുവാ സെമിനാരിപണി ഒരു പൊതുക്കാര്യമാക്കിയത്. …. 1078 മീനം 19-ന് (1903 ഏപ്രില്‍ 1) ആലുവാ പള്ളിയില്‍ അങ്കമാലി മുതലായ വടക്കേ ഇടവകക്കാരുടെ ഒരു കൂട്ടം ഉണ്ടായി. ഈ കൂട്ടത്തിന് വടക്കെ ഇടവകക്കാരില്‍ അധികം പള്ളിക്കാരും കൂടിയിരുന്നു. ആ യോഗക്കാര്‍ ആലുവായില്‍ ഒരു സിമ്മനാരി ഉണ്ടാക്കി ഇംഗ്ലീഷും സുറിയാനിയും പഠിപ്പിക്കണമെന്നും പണിവകക്കായി അങ്കമാലി ഇടവകയിലെ എല്ലാ പള്ളികളില്‍ നിന്നും ഒരു കൊല്ലത്തെ വരുമാനം കൊടുക്കണമെന്ന് നിശ്ചയിച്ച് ആയത് നടത്തിക്കുന്നതിന് ഏതാനുംപേരെ കമ്മട്ടിക്കാരായി തിരഞ്ഞെടുക്കുകയും നിര്‍വാഹകസംഘത്തില്‍ ഒരംഗമായി ഗീവറുഗീസ് റമ്പാനെ നിയമിച്ചു. ടി. കൂട്ടത്തിന് തെക്കു നിന്ന് വട്ടശ്ശേരി മല്പാനച്ചനും, പത്രാധിപരും, ജോണ്‍ വക്കീലും പല പട്ടക്കാരും ഹാജരായി… എന്നാണ് സഭാജീവിത നാള്‍വഴിയില്‍ ഇതിനെപ്പറ്റിയുള്ള പരാമര്‍ശനം. അക്കാലത്തെ സമുദായ പ്രമുഖരായ വട്ടശ്ശേരില്‍ മല്പാന്‍, ഇലഞ്ഞിക്കല്‍ ജോണ്‍ വക്കീല്‍, കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള തുടങ്ങിയവരുടെ സാന്നിദ്ധ്യം സൂചിപ്പിക്കുന്നത് ആലുവാ സെമിനാരിയെ സഭ ഒരു പൊതു സ്ഥാപനമായി കണ്ടിരുന്നു എന്നാണ്.
ടി. യോഗം വിളിച്ചുകൂട്ടിക്കൊണ്ട് ആലുവാ തൃക്കുന്നത്തു പള്ളിയില്‍ നിന്നു 1903-നു കൊല്ലം 1078 കുഭം 13-നു കടവില്‍ മാര്‍ അത്താനാസ്യോസ് അങ്കമാലി ഇടവകയിലെ എല്ലാ പള്ളികള്‍ക്കും അയച്ച കല്‍പ്പനയില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. അതില്‍ … നമുക്കു വടക്കേ ദിക്കില്‍ ഒരു പൊതുസ്ഥലവും സിമ്‌നാരിയും മറ്റും വേണമെന്ന് നമ്മുടെ പൂര്‍വികരില്‍ പലര്‍ക്കും ആഗ്രഹം ജനിക്കുകയും, ആ ആഗ്രഹ നിവൃത്തിക്കു ആലുവാ തക്കതായ ഒരു സ്ഥമെന്നു കണ്ടു, കാലം ചെയ്ത നമ്മുടെ സഹോദരന്‍ ബ. കൂറിലോസു മെത്രാപോലീത്താ അവര്‍കള്‍ വേല ആരംഭിക്കുകയും, ഒരു പന്തീരാണ്ടുകാലം അതിനായി അദ്ദേഹം വേല ചെയ്യുകയും, അദ്ദേഹത്തിന്‍റെ ദേഹവിയോഗസമയത്ത് നമ്മെ ഭരമേല്പിക്കുകയും ചെയ്തിട്ടു ഇപ്പോള്‍ ഒരു പന്തീരാണ്ടു കാലം കൂടി കഴിഞ്ഞിരിക്കുന്നു.
ഒടുവില്‍ പറഞ്ഞ ഈ പന്തീരാണ്ടു കാലത്തിനിടയില്‍, ദൈവനിയോഗപ്രകാരം ആലുവായെ വടക്കേദിക്കിലെ ഒരു സിമ്‌നാരി ആക്കണമെന്നു കോതമംഗലത്തു ചെറിയപള്ളിയില്‍ കൂടിയ സമൂഹത്തില്‍ മദുബഹാമുമ്പാകെ വെച്ചു ചിട്ടിയാല്‍ ഉറപ്പിക്കുകയും ചെയ്തുവല്ലോ. തന്‍റെ അളവറ്റ കരുണയ്ക്കു സ്തുതി. … എന്നു വ്യക്തമാക്കിയിട്ടുണ്ട്.
ഈ യോഗത്തിലേയ്ക്കു അങ്കമാലി ഇടവകയ്ക്കു പുറത്തുനിന്നും സഭയിലെ പ്രമുഖ വ്യക്തികളെ ക്ഷണിച്ചിരുന്നു. … ഈ സംഗതികൊണ്ടുള്ള പ്രയോജനം മലങ്കര ഒട്ടുക്കു വ്യാപിക്കുന്നതാണന്നുള്ള ബോദ്ധ്യം ഉണ്ടെന്നും…. വിശ്വസിക്കുന്നതിനാല്‍ … ആണ് ക്ഷണിക്കുന്നതെന്ന് ടി. നോട്ടീസു കല്പനയോടൊപ്പം വ്യക്തികള്‍ക്കയച്ച സ്വകാര്യ കല്പനകളില്‍ കടവില്‍ മാര്‍ അത്താനാസ്യോസ് സൂചിപ്പിച്ചിട്ടുണ്ട്.
ഈ യോഗത്തിന്‍റെ അനന്തരഫലങ്ങളെപ്പറ്റി 1905 മേട മാസത്തിലെ മലങ്കര ഇടവകപത്രികയിലെ റിപ്പോര്‍ട്ട് ഇപ്രകാരമാണ്.
…. ഈ ആലുവായില്‍ ഒരു പൊതുസ്ഥലം ഉണ്ടാക്കണമെന്നു അനേകം പേരും ആശിച്ചിരുന്നതും ആ ആഗ്രഹനിവൃത്തിയ്ക്കായിട്ടു നി. വ. ദി. ശ്രീ. അങ്കമാലി ഇടവകയുടെ കഴിഞ്ഞുപോയ മാര്‍ കൂറിലോസു മെത്രാപ്പോലീത്താ അവര്‍കള്‍ വേല ആരംഭിക്കുകയും അതിനെ തുടര്‍ന്നു ഈ തിരുമേനിയും മറ്റും പ്രയത്‌നിക്കുകയും ചെയ്തു. കൂടാതെ മീനം 15 നു ഇവിടെ ഒരു പൊതുയോഗം കൂടി. ആ യോഗത്തില്‍ ഈ സ്ഥലത്തില്‍ ഒരു വിദ്യാലയം പണിയിച്ചു പഠിത്തം ആരംഭിക്കണമെന്നും അതിലേക്കു അങ്കമാലി ഇടവകയിലുള്‍പ്പെട്ട എല്ലാ പള്ളിക്കാരും ഒരു കൊല്ലത്തെ വരുമാനം 4 കൊല്ലം കൊണ്ടു കൊടുക്കേണമെന്നും തീരുമാനിച്ചു സമ്മതിച്ച പ്രകാരം പള്ളിക്കാര്‍ കൊടുത്ത സംഖ്യകൊണ്ടു കെട്ടിടത്തിന്‍റെ പണി പകുതി വരെ ആയിട്ടുള്ള വിവരം എല്ലാവര്‍ക്കും അറിവുണ്ടല്ലോ. തിരുമേനിയുടെ സുഖക്കേടു ആരംഭിച്ചതിനോടുകൂടി പള്ളിക്കാരുടെ ഉത്സാഹം അല്പം കുറഞ്ഞിരിക്കുന്നതായി വിചാരിക്കേണ്ടിയിരിക്കുന്നു. കാരണം മേല്‍പ്രകാരം നിശ്ചയം ചെയ്തിട്ട് ഇപ്രകാരം രണ്ടു കൊല്ലമായിരിക്കുന്ന സ്ഥിതിയ്ക്കു പള്ളികളില്‍നിന്നും പകുതി സംഖ്യ തീര്‍ത്തുകിട്ടേണ്ടതാണല്ലോ. അതില്‍ കാല്‍ ഭാഗം പോലും തരാത്ത പള്ളിക്കാരുണ്ടെങ്കില്‍ അതു വലിയ കഷ്ടമായിപ്പോയെന്നു പറയാതെ നിവൃത്തിയില്ല….
കമ്മിറ്റിക്കാരനായ വാകത്താനം ഗീവറുഗീസ് റമ്പാന് സെമിനാരി പണിക്കാവശ്യമായ പണം സമ്പാദിക്കുക എന്നത് ഭഗീരഥപ്രയത്‌നമായിരുന്നു. അങ്കമാലി ഇടവകയിലെ മിക്കവാറും എല്ലാ പള്ളികളും അദ്ദേഹം മുകളില്‍ പറഞ്ഞ തുക സംഭരിക്കുന്നതിനായി സന്ദര്‍ശിച്ചു. പക്ഷേ പള്ളികളുടെ സഹകരണം മിക്കവാറും നിഷേധാത്മകമായിരുന്നു. സഭാജീവിത നാള്‍വഴിയിലെ ഏതാനും ഉദാഹരണങ്ങള്‍ കൊണ്ടുതന്നെ ഗീവറുഗീസ് റമ്പാന്‍റെ കഷ്ടപ്പാട് വ്യക്തമാകുന്നുണ്ട്:
… 1079 ഇടവം 16-നു കഥാനായകന്‍… കുന്നക്കുരുടി പള്ളിയിലേക്ക് പോയി. ആ പള്ളിയിലെ ഒരു കൊല്ലത്തെ വരുമാനം ആലുവാ സിമ്മനാരിക്ക് കൊടുത്തുകൊള്ളാമെന്ന് സമ്മതിച്ച് കണക്കു തിട്ടപ്പെടുത്തി സംഖ്യ കുറിച്ചു തന്നു. അവിടുത്തെ ഒരു കൊല്ലത്തെ വരുമാനം 916 രൂപയാണ്… മിഥുനം 21-നു കഥാനായകന്‍ കോതമംഗലത്തു ചെറിയപള്ളിയില്‍ നിന്നും പോത്താനിക്കാട് പള്ളിയിലേക്ക് കാല്‍നടയായി പോയി. വഴിയുടെ ദുര്‍ഘടം കൊണ്ടും മഴയുടെയും വെള്ളപ്പൊക്കത്തിന്‍റെയും ഉപദ്രവം കൊണ്ടും എത്രത്തോളം കഷ്ടപ്പാടുണ്ടായി എന്ന് പറവതില്ല. സന്ധ്യയ്ക്കു മുമ്പായി അവിടെ എത്തി. കയ്യില്‍ ഉണ്ടായിരുന്ന കിടക്ക മുതലായവകള്‍ എല്ലാം നനഞ്ഞു മിശ്രമായി. ഏകദേശം 10 നാഴികയില്‍ അധികം വഴിദൂരം ഉണ്ടായിരുന്നു. … 23-നു കൈസ്താനികള്‍ മുതലായവര്‍ കൂടി കണക്കു കേള്‍ക്കുകയും, മേല്‍ കുഴപ്പം ഉണ്ടാകാതിരിപ്പാന്‍ ചട്ടംകെട്ടി ഡയറി എഴുതിക്കയും ചെയ്തു.
ഉയര്‍ന്ന സാമ്പത്തികസ്ഥിതിയുള്ള ഇടവകകളുടെ ‘സഹകരണത്തിന്‍റെ’ ഉദാഹരണമായി ഗീവറുഗീസ് റമ്പാന്‍റെ കോതമംഗലം ചെറിയപള്ളിയിലെ അനുഭവം പരിഗണിക്കാം:
… (കൊല്ലവര്‍ഷം) 1078 കന്നി മാസം 21-നു ഞായറാഴ്ചയും തലെദിവസം പെരുന്നാളിന്നും കഥാനായകന്‍ ശുഃ കുര്‍ബ്ബാന ചൊല്ലി. 22-നു ആലുവാ സിമ്മനാരി പിരിവിനെ കുറിച്ചു യോഗക്കാര്‍ കൂടിആലോചിച്ചതില്‍, തല്ക്കാലം പള്ളിയില്‍ പണമില്ലാത്തതിനാല്‍ പിന്നീട് കൊടുത്തുകൊള്ളാമെന്ന് ഒഴിവു പറഞ്ഞതിനാല്‍ 24-നു അവിടെ നിന്നും ഗീവറുഗീസ് റമ്പാന്‍ ചെലാട്ട് പള്ളിയിലേക്ക് പോയി…
അങ്കമാലി ഭദ്രാസനത്തിന്‍റെ ചുമതലയില്‍ മലങ്കരസഭയുടെ ഒരു പൊതുസ്ഥാപനമായാണ് തൃക്കുന്നത്തു സെമിനാരിയെ വിഭാവനം ചെയ്തത്. ഈ വസ്തുത മലങ്കര മെത്രാപ്പോലീത്താ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ 1904 മീനം 5-നു അകപ്പറമ്പു പള്ളിയില്‍ നിന്നും അയച്ച താഴെ പറയുന്ന കല്പനയില്‍ നിന്നും വ്യക്തമാണ്.
.…. ആലുവായില്‍ ഒരു പൊതുസ്ഥലം ഉണ്ടാക്കണമെന്നു ഒരമ്പതു സംവത്സരക്കാലം മുമ്പെതന്നെ നമുക്കും മറ്റു ചിലര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. വിശ്വാസത്യാജ്യം വടക്കേ ഇടവകകളില്‍ ഇല്ലാതിരുന്നതിനാലും, നമ്മുടെ പോരാട്ടം തെക്കേ ഇടവകകളില്‍ ആയിരുന്നതിനാലും നമ്മുടെ ആദ്യ ആലോചനയെ നിറവേറ്റുന്നതിനു ഇടവന്നില്ല. എങ്കിലും ആ കുറവിനെ നികത്തുവാന്‍ എന്നപോലെ കഴിഞ്ഞുപോയ സഹോദരന്‍ ബ. മാര്‍ കൂറിലോസു മെത്രാപ്പോലീത്താ അവര്‍കളുടെ ഉത്സാഹത്താല്‍ ടി ഉദ്ദേശത്തോടുകൂടി ആലുവായില്‍ ഒരു പള്ളി വയ്പിക്കയും, അതിന്‍റെ പൂര്‍ത്തിക്കു മുമ്പു അദ്ദേഹം കാലം ചെയ്തു പോകയും പിന്നീടു അതിനെ പിന്തുടര്‍ന്നു സഹോദരന്‍ ബ. മാര്‍ അത്താനാസ്യോസു മെത്രാപ്പോലീത്താ അവര്‍കളും പള്ളിയുടെ തീരാനുണ്ടായിരുന്ന ഏതാനും പണികള്‍ തീര്‍പ്പിക്കയും കഴിഞ്ഞ മീനമാസത്തില്‍ ഒരു പൊതുയോഗം വിളിച്ചുകൂട്ടിയതില്‍ ആലുവായില്‍ ഒരു സിമ്മനാരി സ്ഥാപിച്ചു പഠിത്വം നടേത്തണമെന്നും, അതിന്‍റെ ചിലവിലേക്കു അങ്കമാലി ഇടവകയില്‍ ഉള്‍പ്പെട്ട പള്ളികളില്‍നിന്നും ഒരു കൊല്ലത്തെ വരുമാനം കൊടുക്കേണമെന്നും, നിശ്ചയം ചെയ്തപ്രകാരം ചില പള്ളിക്കാര്‍ കൊടുത്തിട്ടുള്ള സംഖ്യ കൊണ്ടു സെമിനാരിപണി ആരംഭിക്കുകയും ചെയ്തിരിക്കുന്നു.
പ്രിയരേ, മാര്‍ അത്താനാസ്യോസു മെത്രാപ്പോലീത്താ അവര്‍കള്‍ ഈ സിമ്മനാരിയുടെ പണി പൂര്‍ത്തിയായി, അതില്‍ പഠിത്വം നടന്നുകണ്ടു സന്തോഷിപ്പാന്‍ അവിടെത്തന്നെ തന്‍റെ വൃദ്ധതയുടെ സമയത്തെ ചിലവഴിച്ചു നോക്കിപാര്‍ത്തുകൊണ്ടിരിക്കുന്നു എന്നു മാത്രവുമല്ല തന്‍റെ വകകള്‍ അതിലേക്കു വിട്ടുകൊടുക്കുകയും ചെയ്തിരിക്കുന്നു.
പ്രിയമുള്ളവരേ, വെള്ളത്തിന്‍റെ ഗുണംകൊണ്ടും കച്ചവടവര്‍ദ്ധനകൊണ്ടും ആലുവാ മുമ്പേ തന്നെ കേള്‍വിപ്പെട്ടതും ഇപ്പോള്‍ തീവണ്ടി മുതലായ നവീന ഏര്‍പ്പാടുകളാലും ആലുവായ്ക്കു ഒരു പുതിയ ജീവന്‍ വീണിട്ടുണ്ടെന്നും, തെക്കും വടക്കുമുള്ള നമ്മുടെ മക്കള്‍ക്കു ഒരാശ്വാസസ്ഥലമായിരിക്കുമെന്നും വടക്കേ ഇടവകയുടെ ഒരു സെഹിയോന്‍ ആയിരിക്കാന്‍ തക്ക യോഗ്യതയുള്ള സ്ഥലമെന്നും നാം കഴിഞ്ഞ മാസത്തില്‍ അവിടെ എത്തിക്കണ്ടതില്‍ എത്രയും വേഗത്തില്‍ അതിനെ നിവൃത്തിക്കേണ്ടതാണെന്നും തോന്നുകയാല്‍ പൊതുവില്‍ ഇപ്രകാരമുള്ള ഒരു കല്പന എഴുതുന്നതിനു ഇടവന്നതാണ്.
അതിനാല്‍ അങ്കമാലി ഇടവകയില്‍ ഉള്‍പ്പെട്ട എല്ലാ പള്ളിക്കാരും ഒരു കൊല്ലത്തെ വരുമാനം കഴിയുംവേഗത്തില്‍ കൊടുത്തുതീര്‍ക്കയും, ടി ഇടവകയൊഴിച്ചു തെക്കും വടക്കുമുള്ള എല്ലാ പള്ളിക്കാരും ജനങ്ങളും അവരവരാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്തുകൊടുക്കയും ചെയ്യണമെന്നു നമ്മുടെ വൃദ്ധതയും ഓര്‍പ്പിച്ചുകൊള്ളുന്നു….
പിരിവു പുരോഗമിക്കുമ്പോള്‍ത്തന്നെ സെമിനാരിപണി ആരംഭിച്ചു. … 1904 കുംഭം 17-നു (1904 മാര്‍ച്ച് 1) മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ, വട്ടശ്ശേരില്‍ ഗീവറുഗീസു റമ്പാന്‍, കുറ്റിക്കാട്ട് കൊച്ചു പൗലോസു റമ്പാന്‍, നമ്മുടെ കഥാനായകന്‍ എന്നിവരോടൊരുമിച്ച് പ്രാര്‍ത്ഥന കഴിച്ചുകൊണ്ട് ആലുവ സിമ്മനാരിക്ക് അടിസ്ഥാന കല്ല് സ്ഥാപിച്ചു. 22-നു ആലുവാ സിമ്മനാരി നിര്‍വാഹകസംഘം കൂടി മീനം 18-ന് പൊതുയോഗം കൂടണമെന്ന് നിശ്ചയിച്ച് ടി. സംഘം പിരിഞ്ഞു… എന്നാണ് ഈ സംഭവത്തെപ്പറ്റി സഭാജീവിത നാള്‍വഴിയിലെ പരാമര്‍ശനം.
ഇതനുസരിച്ച് …. മീനം 17-നു ദീവന്നാസ്യോസ് മെത്രാപ്പോലീത്താ (പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍, മലങ്കര മെത്രാപ്പോലീത്താ) തൃശൂര്‍ നിന്നും ആലുവായിലേക്ക് നീങ്ങി. 18-നു മുന്‍ നിശ്ചയമനുസരിച്ച് ആലുവായില്‍ ഒരു പൊതുയോഗം കൂടി. വല്ല്യ തിരുമേനി യോഗത്തില്‍ അഗ്രാസനം വഹിച്ചു. യോഗത്തില്‍ സിമ്മനാരി പണിയെ സംബന്ധിച്ച ചില നിശ്ചയങ്ങള്‍ പാസാക്കുകയും സിമ്മനാരി വക റിപ്പോര്‍ട്ടും മൂക്കഞ്ചേരില്‍ മിസ്റ്റര്‍ എം. പി. വര്‍ക്കി എഴുതി അയച്ചിരുന്ന ഒരു പ്രസംഗവും വായിച്ചു. അന്നു തന്നെ യോഗം പിരിയുകയും ചെയ്തു…
പള്ളികളുടെ സഹകരണം പരിമിതമായതിനാല്‍ സെമിനാരി പണി ഇഴഞ്ഞാണ് നീങ്ങിയത്. പലപ്പോഴും മാര്‍ അത്താനാസ്യോസിന്‍റെ സ്വകാര്യ സമ്പാദ്യം കൂടി ഉപയോഗിച്ചാണ് പണി മുമ്പോട്ടുനീക്കിയത്. വാകത്താനം ഗീവര്‍ഗീസ് റമ്പാന്‍ 1080 ചിങ്ങം 10-നു മാര്‍ അത്താനാസ്യോസിന്‍റെ സഹോദരപുത്രന് എഴുതിയ കത്തിലെ …. ഇവിടെ കെട്ടിടത്തിന്‍റെ പണി ധൃതിയായി നടക്കുന്നു. കട്ടിളയും ജെനെലയും എല്ലാം വച്ചു. വടക്കേഅറ്റത്തെ മുറികളുടെ പൊക്കം മുഴുവനായി. ഈ മാസം കൊണ്ടു കല്‍പ്പണി മുഴുവന്‍ കഴിക്കാം. … തിരുമനസ്സിലെ കയ്യില്‍ പണം അശേഷവും തീര്‍ന്നിരിക്കകൊണ്ട് ചുമ്മാരിനോടു കര്‍ക്കടകം 30-നു വരെയുള്ള പാട്ടം വാങ്ങിച്ച് മണിയോഡറായി അയക്കയോ ഇവിടെ കൊണ്ടുവന്നു തരികയോ ചെയ്യുന്നതിനു ശട്ടം കെട്ടണം. ഈ കാര്യത്തില്‍ ഒട്ടും അമാന്തം വിചാരിക്കരുത്. അത് ഇവിടെ കിട്ടാഞ്ഞാല്‍ എല്ലാം കുഴങ്ങും. …. എന്ന പരാമര്‍ശനത്തില്‍ നിന്നും വ്യക്തമാണ്.
പണം മാത്രമല്ല സെമിനാരി പണിക്കാവശ്യമായ സാമഗ്രികള്‍ സമ്പാദിക്കുന്നതിലും ഗീവര്‍ഗീസ് റമ്പാന് കഠിനയത്‌നം വേണ്ടി വന്നുവെന്ന് സഭാജീവിത നാള്‍വഴി സാക്ഷിക്കുന്നു: … 1905 മകര മാസം 24-നു കഥാനായകന്‍ കൊച്ചി രാജരാജശ്രീ ഒല്ലീബായി കാതൃബായി കബനി ആദംജി അക്കിം ജി സേട്ട് അവര്‍കളെ കണ്ട് ആലുവാ സിമ്മന്നാരി കെട്ടിടത്തിന്‍റെ പണിവകക്ക് തടി കിട്ടേണ്ടതിന് ആലോചിപ്പാനായി പോയി. അയാള്‍ കൊല്ലത്ത് ആയിരുന്നതിനാല്‍ കാണുന്നതിന് ഇടയാകാതെ പിറ്റെദിവസം ആലുവായ്ക്ക് തിരിച്ചുപോന്നു. … മീനം 24-നു വരാപ്പുഴ ഡിപ്പോവില്‍ തടിലേലം ഉണ്ടായിരുന്നതിനാല്‍ ആലുവാ സിമ്മന്നാരി കെട്ടിടത്തിന്‍റെ പണിക്ക് വേണ്ടി കുറെ തടി ലേലം പിടിക്കുന്നതിനായി കഥാനായകനും കാവാലഞ്ചേരി മാത്തുവും കൂടി വരാപ്പുഴയ്ക്ക് പോവുകയും 25, 26 തീയതികളില്‍ 20 കണ്ടി ഇരുമുള്ള് തടി ലേലം പിടിച്ച് 26-നു ആലുവായ്ക്ക് തിരിച്ചുപോരികയും ചെയ്തു. … കര്‍ക്കടകം 28-നു … ആലുവാ സിമ്മന്നാരി കെട്ടിടത്തിന് ഇറക്കുവാന്‍ ഓട് കടമായി കിട്ടുവാന്‍ മാര്‍ഗ്ഗമുണ്ടോ എന്നറിവാനും ആയി കൊച്ചീക്ക് പോയി. കമ്പനിക്കാരെ കണ്ട് ഏനമില്ലാന്നറിഞ്ഞ് പിറ്റെദിവസം തിരിച്ചുപോരികയും ചെയ്തു. …
മാര്‍ അത്താനാസ്യോസിന്‍റെ ആരോഗ്യസ്ഥിതി മോശമായതും പള്ളികളുടെ നിസ്സഹകരണവും ആലുവാ സെമിനാരി പണി സന്നിഗ്ദാവസ്ഥയിലാക്കി. തുടര്‍ന്ന് …. 1905 കന്നി മാസം 4-നു ആലുവാ സിമ്മനാരി നിര്‍വാഹകസംഘം കൂടി. 7 പേര്‍ ഹാജരുണ്ടായിരുന്നു. സിമ്മന്നാരി രണ്ട് നില എന്നുള്ളതു സാധിക്കാന്‍ പ്രയാസമെന്ന് കാണുകയാല്‍ ഒറ്റ നിലയില്‍ പണി നിവര്‍ത്തിക്കണമെന്ന് നിശ്ചയിച്ച് ഉറപ്പിച്ചു. തുടര്‍ന്ന് അതേ വര്‍ഷം ധനു മാസം 9-നു ആലുവാ സെമിനാരി കെട്ടിടത്തിന്‍റെ ഓട് മുഴുവന്‍ തിരൂര്‍ നിന്നും വരുത്തിയിരുന്നതിനാല്‍ ആയത് മേച്ചില്‍ കഴിച്ച് ടി. ആശാരിമാരെയും മേസ്തിരിമാരെയും കണക്കും തീര്‍ത്ത് പിരിച്ചുവിട്ടു…
ഭാഗികമായാണെങ്കിലും പണി പൂര്‍ത്തിയായതിനെത്തുടര്‍ന്നു ആലുവാ സെമിനാരിയുടെ കണക്കു പാസാക്കി. …1082-നു 1906 ധനു മാസം 4-നു മാര്‍ ദീവന്നാസ്യോസ് മെത്രാപ്പോലീത്തായുടെ ഒരു കല്പന കഥാനായകനു (ഗീവര്‍ഗീസ് റമ്പാന്‍) വന്നതില്‍ താനും കൂടി ആലുവാ സിമ്മനാരി കണക്കു കേള്‍വിക്കായി എത്തണമെന്ന് ആജ്ഞാപിച്ചിരിക്കുന്നതിനാല്‍ പിറ്റെദിവസം കഥാനായകന്‍ പുറപ്പെട്ടു 6-നു എറണാകുളത്ത് എത്തി. …14-നു അങ്കമാലി മഹായിടവകക്കാരുടെ ഒരു യോഗം ആലുവായില്‍ കൂടിയതില്‍ 20-ല്‍ അധികം പള്ളിക്കാര്‍ എത്തിയിരുന്നു. ചാക്കോ മജിസ്‌ട്രേട്ട് മുതലായ മാന്യന്മാരും ഉണ്ടായിരുന്നു. വലിയ തിരുമേനി അഗ്രാസനസ്ഥന്‍ ആയിരുന്നു. കണക്കും റിപ്പോര്‍ട്ടും പൗലോസു റമ്പാന്‍ വായിച്ചു യോഗം സമ്മതിക്കയും ചെയ്ത ശേഷം മേല്‍നടപടിക്ക് ചില നിശ്ചയങ്ങള്‍ ചെയ്യുകയും മകരത്തില്‍ സിമ്മന്നാരിയില്‍ സുറിയാനി, ഇംഗ്ലീഷ് മുതലായ പഠിത്തങ്ങള്‍ ആരംഭിക്കണമെന്ന് പാസാക്കുകയും ചെയ്തു. …
1907 നവംബര്‍ 2-നു കടവില്‍ മാര്‍ അത്താനാസ്യോസ് കാലംചെയ്തതിനെത്തുടര്‍ന്ന് ഗീവര്‍ഗീസ് റമ്പാന്‍ ആലുവാ വാസം അവസാനിപ്പിച്ചു. നാല്പതാംദിന അടിയന്തിരത്തെ തുടര്‍ന്ന് 1083 ധനു മാസം 3-ന് ഗീവര്‍ഗീസ് റമ്പാന്‍ ആലുവാ വിട്ടു. … അന്നേദിവസം കഥാനായകനും യൗസേപ്പു ശെമ്മാശനും കാലം ചെയ്ത തിരുമേനിയുടെ വാലിയക്കാരും കൂടെ വലിയതിരുമേനിയെ കാണ്മാനും സംഗതികള്‍ തിരുമനസ്സറിയിക്കുവാനും ആയി കോട്ടയത്തേക്ക് പുറപ്പെട്ട് കോട്ടയത്തു ചെറിയപള്ളിയില്‍ എത്തി എല്ലാ കാര്യങ്ങളും തിരുമനസ്സറിയിക്കയും… ചെയ്തു… എന്നാണ് സഭാജീവിത നാള്‍വഴിയിലെ പരാമര്‍ശം.
എന്തായിരുന്നു തനിക്ക് അധികാരവും ഉത്തരവാദിത്വവുമുള്ള ആലുവാ സെമിനാരി ഉപേക്ഷിച്ചുപോകാന്‍ ഗീവര്‍ഗീസ് റമ്പാനെ പ്രേരിപ്പിച്ചത്? തന്‍റെ ഗുരുവിന്‍റെ അഭിലാഷം അദ്ദേഹം ഏകപക്ഷീയമായി ലംഘിക്കുകയില്ല എന്നു നിശ്ചയം. സഭാചരിത്ര ഗവേഷകനായ ജോയ്‌സ് തോട്ടയ്ക്കാട് കണ്ടെടുത്ത, ഗീവര്‍ഗീസ് റമ്പാന്‍ പഴയസെമിനാരിയില്‍ നിന്നും കടവില്‍ മാര്‍ അത്താനാസ്യോസിന്‍റെ സഹോദരപുത്രന് 1907 ധനു 18-നു അയച്ച സ്വകാര്യകത്തിലെ … ഞാന്‍ തിരുമനസ്സിലെ അടിയെന്തിരം കഴിഞ്ഞു പിറ്റെതിങ്കളാഴ്ച ഇങ്ങോട്ടു പോന്ന വിവരം അറിഞ്ഞിരിക്കുമല്ലോ… ഇനിക്കു വടക്കു തിരുമേനി മാത്രമേ ആശ്രയമുണ്ടായിരുന്നുള്ളു. ഇനി ആരുമില്ല. അതുകൊണ്ടും വഴി അകലം കൊണ്ടും ദേഹസുഖമില്ലായ്ക കൊണ്ടും ആലുവായില്‍ താമസിക്കുന്നതു സാധിക്കയില്ലെന്നു വിചാരിക്കുന്നു… എന്ന പരാമര്‍ശനം തെക്കനായ ഗീവര്‍ഗീസ് റമ്പാനെ ചിലര്‍ പുകച്ചു പുറത്താക്കാന്‍ ശ്രമിച്ചതിന്‍റെ സൂചനയാണോ എന്ന കാര്യം ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
അത് എന്തായാലും കടവില്‍ മാര്‍ അത്താനാസ്യോസ് കാലംചെയ്തതോടെ അങ്കമാലി ഭദ്രാസനത്തിന്‍റെ ഭരണം മലങ്കര മെത്രാപ്പോലീത്തായില്‍ വന്നുചേര്‍ന്നു. പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമനോ അദ്ദേഹത്തിന്‍റെ പിന്‍ഗാമി വട്ടശ്ശേരില്‍ പ. മാര്‍ ദീവന്നാസ്യോസ് ആറാമനോ തൃക്കുന്നത്തു സെമിനാരിയുടെ ട്രസ്റ്റിമാരെ മാറ്റി നിയമിക്കാന്‍ ശ്രമിച്ചില്ല. വാകത്താനം ഗീവര്‍ഗീസ് റമ്പാന്‍ തിരികെ പോന്നതിനാല്‍ കുറ്റിക്കാട്ടില്‍ പൗലൂസ് റമ്പാനും പൈനാടത്ത് ജോസഫ് ശെമ്മാശനുമാണ് അവിടെ താമസിച്ചിരുന്നത്.
ഇതിനിടയില്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് കേരളത്തിലെത്തുകയും ലൗകികാധികാരം സമ്മതിച്ച് രജിസ്റ്റര്‍ ഉടമ്പടി നല്‍കാഞ്ഞതിനാല്‍ മലങ്കര മെത്രാപ്പോലീത്താ മാര്‍ ദീവന്നാസ്യോസ് ആറാമനെ മുടക്കുകയും ചെയ്തു. ഈ സന്ദര്‍ശനകാലത്ത് മലങ്കര സഭയുടെ തിരഞ്ഞെടുപ്പു കൂടാതെ കുറ്റിക്കാട്ടില്‍ പൗലൂസ് റമ്പാനെ, മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ അങ്കമാലിയുടെ മെത്രാനായി അദ്ദേഹം 1910 ജൂണ്‍ 9-നു വാഴിച്ചു. തന്‍റെ സ്ഥിരവാസം ആലുവാ സെമിനാരിയില്‍ തന്നെ മാര്‍ അത്താനാസ്യോസ് തുടര്‍ന്നു എങ്കിലും ആലുവാ സെമിനാരി മേല്‍ പാത്രിയര്‍ക്കീസിനോ, മാര്‍ അത്താനാസ്യോസിനോ അധികാരമൊന്നും സിദ്ധിച്ചിട്ടില്ല എന്ന് അവര്‍ മനസ്സിലാക്കിയതായാണ് സൂചനകള്‍.
സഭാകേന്ദ്രത്തോട് തികച്ചും വിശ്വസ്ഥനായ ഗീവര്‍ഗീസ് റമ്പാനാണ് യഥാര്‍ത്ഥ ട്രസ്റ്റിയെന്ന് അവര്‍ക്കു ബോദ്ധ്യമായി എന്നുവേണം കരുതാന്‍. അതിനാലാണ് അതേവര്‍ഷം സെപ്തംബറില്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് ഗീവര്‍ഗീസ് റമ്പാനെ മുളന്തുരുത്തിയില്‍ വിളിച്ചുവരുത്തി ആലുവാ സെമിനാരിക്ക് ഒഴിമുറി എഴുതിവാങ്ങാന്‍ ശ്രമിച്ചത്. അല്പം പ്രലോഭനവും പാത്രിയര്‍ക്കീസ് പ്രയോഗിച്ചു നോക്കി: ... (കൊല്ല വര്‍ഷം) 1086 കന്നി മാസം 1-ന് കാലത്ത് പള്ളിയില്‍ കഥാനായകനും മറ്റും ചെന്നു. അപ്പോള്‍ അവിടെ പാത്രിയര്‍ക്കീസു ബാവാ, ഒസ്താത്തിയോസു, കൂറിലോസു എന്നീ മെത്രാച്ചന്മാരും, കോനാട്ടു മല്പാന്‍ മുതലായവരും ഉണ്ടായിരുന്നു. ആലുവായില്‍ കാലം ചെയ്തിരുന്ന മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്താ എഴുതിയിരുന്ന വില്‍പ്പത്രപ്രകാരം കഥാനായകന് കിട്ടിയിരുന്ന അധികാരം ഒഴിഞ്ഞുകൊടുക്കേണ്ടതിനെപ്പറ്റി സംസാരിപ്പാനായിരുന്നു അവിടെ ചെല്ലണമെന്നു കല്പന വന്നതു. ബാവായുടെ ഇഷ്ടപ്രകാരം ചെയ്യുന്നതിലേക്കു കഥാനായകനു വിരോധമില്ലെന്നു പറഞ്ഞു. അന്നു.. കഥാനായകനും മെത്രാസ്ഥാനം തരാമെന്നു ബാവാ കല്പിച്ചു. ഒഴിവുകഴിവുകള്‍ പറഞ്ഞു പിറ്റെദിവസം ഞങ്ങള്‍ തിരിച്ചുപോരികയും ചെയ്തു. മുളന്തുരുത്തിക്കു പോകുമ്പോഴും വരുമ്പോഴും സിമ്മനാരിയില്‍ കയറി മാര്‍ ദീവന്നാസ്യോസു മെത്രാപ്പോലീത്തായെ (പ. വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസ് ആറാമന്‍) കണ്ടു… എന്നാണ് ഈ സംഭവത്തെപ്പറ്റിയുള്ള ഗീവര്‍ഗീസ് റമ്പാന്‍റെ ലിഖിതം. അദ്ദേഹമാകട്ടെ ഒഴിമുറി ഒന്നും കൊടുത്തുമില്ല.
കുറ്റിക്കാട്ടില്‍ മാര്‍ അത്താനാസ്യോസ് അങ്കമാലി മെത്രാനായി അധികാരമേറ്റയുടന്‍ സമുദായക്കേസ് ആരംഭിച്ചു. അത് അവസാനിക്കുന്നതിനു മുമ്പുതന്നെ 1953 ജനുവരി 26-നു അദ്ദേഹം കാലം ചെയ്തു. ഇക്കാലത്തൊന്നും അങ്കമാലി മെത്രാപ്പോലീത്താ എന്ന നിലയിലോ, പിന്നീടു സിദ്ധിച്ച പാത്രിയര്‍ക്കീസു ഭാഗത്തെ മലങ്കര മെത്രാന്‍ എന്ന നിലയിലോ തൃക്കുന്നത്തു സെമിനാരിയുടെ ഭരണക്രമം ഭേദപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചില്ല.
മാര്‍ അത്താനാസ്യോസിന്‍റെ കാലശേഷം പിന്‍ഗാമിയായി 1946-ല്‍ പാത്രിയര്‍ക്കീസു വിഭാഗം വാഴിച്ചിരുന്ന വയലിപ്പറമ്പില്‍ ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ് സ്ഥാനമേറ്റു. ഇദ്ദേഹം മേല്പട്ട സ്ഥാനമേറ്റ ഉടനെ (അങ്കമാലിയുടെ ഭരണം ഏറ്റെടുക്കുന്നതിന്നു മുമ്പ്) എഴുതിയ വില്‍പത്രത്തിലെ കൃത്യതയില്ലാത്ത പൊതുവായ ഒരു പരാമര്‍ശനത്തിന്‍റെ പിന്‍ബലത്തിലാണ് ഇപ്പോള്‍ വിഘടിതവിഭാഗം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിനും അദ്ദേഹത്താല്‍ നിയമിക്കപ്പെടുന്നവര്‍ക്കും തൃക്കുന്നത്തു സെമിനാരിയില്‍ അധികാരമുണ്ടെന്ന് വാദിക്കുന്നത്.
പല കാരണങ്ങള്‍കൊണ്ട് നിയമദൃഷ്ട്യാ നിലനില്‍പ്പില്ലാത്ത ഒരു വാദമാണിത്. കാരണം തൃക്കുന്നത്തു സെമിനാരി വയലിപ്പറമ്പില്‍ മാര്‍ ഗ്രീഗോറിയോസിന്‍റെ സ്വയാര്‍ജ്ജിത സ്വത്തോ കുടുംബസ്വത്തോ അല്ല. അങ്കമാലി മെത്രാപ്പോലീത്താ എന്ന സ്ഥാനം കൊണ്ടു കൈവശം വന്ന സ്വത്താണിത്. അപ്രകാരമൊരു സ്വത്ത് വില്‍പത്രത്തിലൂടെ കൈമാറ്റം ചെയ്യാന്‍ ഒരു നിയമവും അനുവദിക്കുന്നില്ല. അദ്ദേഹത്തിന്‍റെ വില്‍പ്പത്രത്തില്‍ തൃക്കുന്നത്തു സെമിനാരിയെപ്പറ്റി പരാമര്‍ശനവുമില്ല. തന്നെയുമല്ല, 1958-ലെ സുപ്രീംകോടതി വിധിപ്രകാരം വയലിപ്പറമ്പില്‍ മാര്‍ ഗ്രീഗോറിയോസിന്‍റെ അങ്കമാലി മെത്രാപ്പോലീത്താ എന്ന സ്ഥാനം അസാധുവാണ്. അതിനാല്‍ ആ വില്‍പത്രത്തിന്‍റെ ബലത്തില്‍ ആലുവാ തൃക്കുന്നത്തു സെമിനാരിയില്‍ ആര്‍ക്കും അവകാശവാദം ഉന്നയിക്കാനാവില്ല. ഒരു പക്ഷേ, 1910-നും 1958-നും ഇടയില്‍ മാര്‍ അത്താനാസ്യോസ്, മാര്‍ ഗ്രീഗോറിയോസ് ഇവരിലാരെങ്കിലും അങ്കമാലി ഭദ്രാസന പൊതുയോഗം വിളിച്ചുകൂട്ടി തൃക്കുന്നത്തു സെമിനാരി ഭരണരീതി ഭേദപ്പെടുത്തിയാല്‍ തന്നെ അത് 1958-ലെ സുപ്രീംകോടതി വിധിപ്രകാരം അസാധുവാണ്. അവര്‍ അപ്രകാരം ചെയ്തിട്ടുമില്ല.
1958-ലെ സുപ്രീംകോടതി വിധിക്കുശേഷമുണ്ടായ സഭാസമാധാനത്തെ തുടര്‍ന്ന് വയലിപ്പറമ്പില്‍ മാര്‍ ഗ്രീഗോറിയോസിനെ അങ്കമാലിയുടെ മെത്രാപ്പോലീത്തായായി സഭ അംഗീകരിച്ചു. 1966-ല്‍ അദ്ദേഹം കാലം ചെയ്യുന്നതു വരെയുള്ള കാലത്ത്, തൃക്കുന്നത്തു സെമിനാരി സംബന്ധിച്ച് യാതൊരു ഭരണക്രമ ഭേദഗതിയും അതിനധികാരമുള്ള അങ്കമാലി ഭദ്രാസന പൊതുയോഗം നടത്തിയില്ല. മാത്രമല്ല, 1934-ലെ സഭാഭരണഘടന അങ്കമാലി ഭദ്രാസനത്തിലെ പള്ളികളില്‍ കര്‍ശനമായി നടപ്പാക്കാനാണ് 1958-നു ശേഷം വയലിപ്പറമ്പില്‍ മാര്‍ ഗ്രീഗോറിയോസ് ശ്രമിച്ചതെന്നതിന് വ്യക്തമായ രേഖകളുണ്ട്. 1966-ല്‍ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ് ചുമതലയേറ്റശേഷം തൃക്കുന്നത്തു സെമിനാരിയുടെ ഭരണക്രമം ഭേദഗതി ചെയ്യാനുള്ള ഒരു നീക്കവും നടത്തിയിട്ടില്ല.
ചുരുക്കത്തില്‍, ഇപ്പോഴും കടവില്‍ മാര്‍ അത്താനാസ്യോസിന്‍റെ വില്പത്രപ്രകാരവും, 1934-ലെ സഭാ ഭരണഘടനപ്രകാരവും, അങ്കമാലി ഭദ്രാസനത്തിന്‍റെ നിയമാനുസൃത മെത്രാപ്പോലീത്തായുടെയും, അങ്കമാലി ഭദ്രാസന പൊതുയോഗത്തിന്‍റെയും കീഴിലാണ് ആലുവാ തൃക്കുന്നത്തു സെമിനാരിയും അനുബന്ധ സ്ഥാപനങ്ങളും. 2002 മാര്‍ച്ച് 20-ലെ പരുമല അസോസിയേഷനു ശേഷം 1934-ലെ ഭരണഘടനപ്രകാരം മലങ്കര മെത്രാപ്പോലീത്തായാല്‍ നിയമിക്കപ്പെടുന്ന വ്യക്തി മാത്രമാണ് അങ്കമാലിയുടെ നിയമാനുസൃത മെത്രാന്‍. 1934-ലെ ഭരണഘടനപ്രകാരം അദ്ദേഹം വിളിച്ചുകൂട്ടുന്നതു മാത്രമാണ് സാധുവായ അങ്കമാലി ഭദ്രാസന പൊതുയോഗം.
തൃക്കുന്നത്തു സെമിനാരി ഒരു ഇടവകപള്ളിയാണെന്നാണ് വിഘടിതവിഭാഗം ഉന്നയിക്കുന്ന മറ്റൊരു അവകാശവാദം. ഈ വാദം തെറ്റാണെന്ന് 2003 മാര്‍ച്ച് 31-ന് എറണാകുളം അഢീഷണല്‍ ഡിസ്ട്രിക്റ്റ് കോര്‍ട്ട് (പള്ളിക്കോടതി) അസന്നിഗ്ദമായി വിധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ആ വാദം അപ്രസക്തമാണ്.
തൃക്കുന്നത്തു സെമിനാരിയില്‍ കുറെ വീട്ടുകാര്‍ കൂടിനടക്കുന്നുണ്ടെന്നും, ശവസംസ്‌ക്കാരം അടക്കമുള്ള ആത്മീയ ദിഷ്ടിതികള്‍ നടത്തുന്നുണ്ടെന്നതും യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതുകൊണ്ട് അവര്‍ക്ക് സെമിനാരി മേലോ, സെമിനാരി ചാപ്പല്‍ മേലോ, അനുബന്ധ സ്ഥാപനങ്ങളുടെ മേലോ ഇടവകപ്പള്ളികളില്‍ പൊതുയോഗത്തിനോ ഇടവകക്കാര്‍ക്കോ ഉള്ള അധികാരം സിദ്ധിക്കുന്നില്ല. ഇപ്രകാരം ശവസംസ്‌ക്കാരം അടക്കമുള്ള ആത്മീയദിഷ്ടിതികള്‍ നടത്തുകയും ഇടവക അല്ലാതിരിക്കുകയും ചെയ്യുന്ന അനേകം പള്ളികള്‍ മലങ്കരയിലുണ്ട്. തിരുവിതാംകോട്, പത്തനാപുരം ദയറാ, ചെങ്ങന്നൂര്‍ ബഥേല്‍, പരുമല സെമിനാരി, മൂവാറ്റുപുഴ കത്തീഡ്രല്‍, കൊരട്ടി അരമന മുതലായവ അവയില്‍ ചിലതു മാത്രമാണ്. ആ ഗണത്തില്‍ വരുന്ന ഒന്നു മാത്രമാണ് ആലുവാ തൃക്കുന്നത്തു സെമിനാരി.
ഡോ. എം. കുര്യൻ തോമസ്