കോടതി വിധി നടപ്പാക്കുന്നതിന് പോലീസ് സംരക്ഷണം അനിവാര്യം- ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.
കൊച്ചി: മലങ്കര സഭ പള്ളി തർക്കത്തിൽ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ കെ. എസ്. വർഗീസ് കേസിൽ ഉണ്ടായ വിധി തീർപ്പ് നടപ്പാക്കുന്നതിന് പോലീസ് സംരക്ഷണം അനിവാര്യമാണെന്ന് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മഴുവന്നൂർ സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ വികാരിക്കും വിശ്വാസികൾക്കും പള്ളിയിൽ ആരാധനയും മറ്റ് മതപരമായ ശുശ്രൂഷകളും നിർവഹിക്കുന്നതിന് പോലീസ് സംരക്ഷണം അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരെ വിഘടിത യാക്കോബായ വിഭാഗത്തിലെ ട്രസ്റ്റിമാർ എന്ന അവകാശപ്പെട്ടിരുന്നു ഏതാനും ചിലർ സമർപ്പിച്ച അപ്പീൽ തള്ളിക്കളഞ്ഞു കൊണ്ടാണ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ നിർണായകമായ ഉത്തരവ്.
വലിയ ഒരു വിഭാഗം ആളുകൾ ബഹുമാനപ്പെട്ട സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് തടസ്സം നിൽക്കുന്നു. യാക്കോബായ വിഭാഗത്തിലെ വൈദികരാണ് ഇപ്പോഴും പള്ളിയിലും ചാപ്പലുകളിലും ശുശ്രൂഷകൾ നിർവഹിക്കുന്നത്. ഇത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്. മാത്രമല്ല പള്ളിയുടെ പ്രധാനപ്പെട്ട രണ്ട് ഗേറ്റുകൾ ഇരുമ്പ് ബാറുകൾ ഉപയോഗിച്ച് വെൽഡ് ചെയ്തും, പള്ളിയുടെ സമീപത്ത് പന്തൽ കെട്ടി പ്രതിഷേധ സമരങ്ങൾ നടത്തിയും ഓർത്തഡോക്സ് സഭ വികാരിയെയും വിശ്വാസികളെയും പോലീസിനെയും യാക്കോബായ വിഭാഗത്തിലെ ആളുകൾ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഇത് അംഗീകരിക്കുവാൻ കഴിയുകയില്ല. ബഹുമാനപ്പെട്ട സുപ്രീം കോടതി, ഓർത്തഡോക്സ് സഭയുടെ വികാരിക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങൾ സിവിൽ കോടതിയിലുടെ നടപ്പാക്കുവാൻ സാധിക്കാത്ത വിഷയമാണ് എന്നും ഇത് ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട വിഷയമാണ് എന്നും ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ അവകാശങ്ങൾ ലഭിച്ചിട്ടുള്ള വ്യക്തികൾക്കും സ്വത്തുക്കൾക്കും സംരക്ഷണം നൽകേണ്ടത് ഹൈക്കോടതിയുടെ അധികാരപരിധിയിൽ പെടുന്ന കാര്യമാണ് എന്നും ഡിവിഷൻ നിരീക്ഷിച്ചു. സിംഗിൾ ബെഞ്ച് പോലീസ് സംരക്ഷണം അനുവദിച്ചത് ന്യായമാണെന്നും ആയതിനാൽ ഈ വിധിയിൽ ഇടപെടുന്നില്ലെന്നും ഹൈക്കോടതിയുടെ ഡിവിഷൻ വ്യക്തമാക്കി.
മലങ്കര സഭാ കേസിലെ സുപ്രീംകോടതി വിധി അട്ടിമറിക്കപ്പെടുന്നുവോ? പിന്നിൽ ആര്?