ഫാ. ഡോ. തോമസ് വർഗീസ് അമയിലും റോണി വർഗീസ് ഏബ്രഹാമും ട്രസ്റ്റിമാർ.
പത്തനാപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വൈദിക ട്രസ്‌റ്റിയായി ഫാ. ഡോ. തോമസ് വർഗീസ് അമയിലും, അൽമായ ട്രസ്‌റ്റിയായി റോണി വർഗീസ് ഏബ്രഹാമും തിരഞ്ഞെടുക്കപ്പെട്ടു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ പത്തനാപുരം മൗണ്ട് താബോർ ദയറ അങ്കണത്തിലെ തോമാ മാർ ദിവന്നാസിയോസ് നഗറിൽ ചേർന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗത്തിൽ ഓൺലൈനായി ആയിരുന്നു തിരഞ്ഞെടുപ്പ്.
47 വൈദികരും 94 അൽമായരും ഉൾപ്പെടെ 141 മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പും യോഗം അംഗീകരിച്ചു. 11 വൈദികരും 22 അൽമായരും ഉൾപ്പെടെ 33 പേരെ മാനേജിങ് കമ്മിറ്റിയിലേക്ക് കാതോലിക്കാ ബാവാ നാമനിർദേശം ചെയ്തു. ഫാ.ഡോ. കെ.എം.ജോർജ് ധ്യാനം നയിച്ചു. ടി.സഖറിയ മാണി മുഖ്യവരണാധികാരിയായിരുന്നു.
വൈദിക ട്രസ്റ്റി സ്ഥാനത്തേക്ക് ഫാ. ഡോ. എം. ഒ. ജോൺ, ഫാ. കോശി ജോർജ് വരിഞ്ഞവിള, അൽമായ ട്രസ്‌റ്റി സ്ഥാനത്തേക്ക് ജോർജ് മത്തായി നൂറനാൽ, ജോൺസൺ കീപ്പള്ളിൽ, ഇ.ജോൺ മാത്യു കൂടാരത്തിൽ എന്നിവരും മത്സരിച്ചു. 4203 പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.
മാരാമൺ മർത്തമറിയം പഴയ സുറിയാനി പള്ളി ഇടവകാംഗമായ ഫാ. ഡോ. തോമസ് വർഗീസ് അമയിൽ (49) കോട്ടയം വൈദിക സെമിനാരി അധ്യാപകനാണ്. ഭാര്യ: സോഫിയ പി.ഏബ്രഹാം.
മാവേലിക്കര കരിപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി അംഗമായ റോണി വർഗീസ് ഏബ്രഹാം (48) എറണാകുളത്ത് സൈബർ സെക്യൂരിറ്റി ബിസിനസ് നടത്തുന്നു. ഭാര്യ: സോഫി ഏബ്രഹാം.