OVS - ArticlesOVS - Latest News

മലങ്കര സഭ തർക്കത്തേക്കുറിച്ചു ശരിയായ വസ്തുത എന്താണ് ?

മലങ്കര സഭ തർക്കത്തേക്കുറിച്ചു പല നുണക്കഥകളും പ്രചരിക്കുന്നുണ്ട്. അതിനാൽ ശരിയായ വസ്തുത എന്താണെന്നു ഇവിടെ ചെറുതായി ചിന്തിക്കാമെന്നു വിചാരിക്കുന്നു. എന്തായാലും വിഘടിത വിഭാഗക്കാർ പ. മാർത്തോമ്മാ ശ്ലീഹയാണു മലങ്കരയിൽ വന്നതും സഭ സ്ഥാപിച്ചതും, പള്ളികൾ സ്ഥാപിക്കയും, പുരോഹിതരെ നിയമിച്ചതും എന്നത് നിഷേധിക്കുന്നില്ല. തുടർന്നുള്ള ചരിത്രത്തിലാണ് മായം ചേർക്കുന്നത്. അന്ന് മുതൽ മലങ്കരസഭ പ. അന്ത്യോക്യൻ സിംഹാസനത്തിനു കീഴെ ആയിരുന്നു എന്ന് വരുത്തി തീർക്കാൻ ഇവർ കുറെ കഷ്ടപ്പെടുന്നുണ്ട്.

1. മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തേക്കുറിച്ചാണ് അവരുടെ ആക്ഷേപം. (മാർത്തോമ്മാ ശ്ലീഹയ്ക്കു സിംഹാസനം അവകാശപ്പെടാൻ അവകാശമില്ല. ഇതു ഓർത്തഡോക്സ് സഭയുടെ നൂതന ആശയമാണു. പത്രോസ് ശ്ലീഹായ്ക്ക് മാത്രമേ സിംഹാസനമുള്ളൂ എന്നിവയാണു ഈ ആരോപണങ്ങൾ.) ഇതിനു ദീർഘമായ വിശദീകരണം ആവശ്യമാണു എങ്കിലും ചുരുക്കമായി ചിലത് പറയട്ടെ.

വി. മത്തായി 19: 28 -ലും വി. ലൂക്കോസ് 22; 30 -ലും കർത്താവ് തന്‍റെ ശ്ലീഹന്മാർക്കു സിംഹാസനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതു പ. പത്രോസ് ശ്ലീഹായ്ക്കു മാത്രമായിട്ടല്ല എല്ലാ ശ്ലീഹന്മാർക്കുമായിട്ടാണു. ഇങ്ങനെ കർത്താവ് ശ്ലീഹന്മാർക്കു നൽകിയ വാഗ്ദാനത്തെ അനുസ്മരിച്ചായിരിക്കണം ശ്ലീഹന്മാരുടെ പിൻഗാമികളായ മേൽപ്പട്ടക്കാരുടെ ഭരണാധികാര പ്രതീകമെന്ന നിലയിൽ വി. സഭയിൽ സിംഹാസനമെന്ന പദ പ്രയോഗം ഉണ്ടായത്. എന്നാൽ പ. പത്രോസ് ശ്ലീഹായ്ക്കു മാത്രമേ സിംഹാസനം ഉള്ളൂ എന്നതാണു നൂതന ആശയം. ഇതു പാത്രിയർക്കീസ്കാരായവർ എഴുതിയ ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാം.

(A) അബ്ദുൽ ആഹാദ് റമ്പാൻ (പിന്നീടു പ. യാക്കോബ് തൃതീയൻ പാത്രിയർക്കീസ്) രചിച്ച സുറിയാനി സഭാ ചരിത്രം (പേജ് 210) “മർക്കോസിന്റെ സിംഹാസനത്തിൽ ആരൂഡൻ..” (പേജ് 114) “വി. യോഹന്നാൻ ഏഷ്യാ മൈനറിലേക്കു പോവുകയും എപ്പേസോസിൽ തന്റെ സിംഹാസനം സ്ഥാപിക്കയും ചെയ്തു.”

(B) ശ്രീ ഇ. എം. ഫിലിപ്പിന്റെ “മാർത്തോമ്മാ ശ്ലീഹായുടെ ഇന്ത്യൻ സഭ” (പേജു് 118).. “വി. മർക്കോസിന്റെ സിംഹാസനത്തിന്മേൽ… “

(C)കോനൂനെ ദശ്ലീഹെ കാദീശെ” എന്ന പുരാതന സുറിയാനി ഗ്രന്ഥത്തിൽ റോമിലെ പാത്രിയർക്കീസ് പരി. പത്രോസ് ശ്ലീഹായുടെ സിംഹാസനത്തിൽ ഉപവിഷ്ടനാകുന്നുവെന്ന് പറഞ്ഞിട്ട്, “… രണ്ടാമൻ അലക്സന്ത്രിയായിലെ പാത്രിയർക്കീസ് ആയിരിക്കണം… അദ്ദേഹം മാർക്കോസ് ഏവൻഗേലിസ്ഥായുടെ സിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു. മൂന്നാമനായി… കുസ്തന്തീനോസ്പോലീസിലെ പാത്രിയർക്കീസ്… അദ്ദേഹം യോഹന്നാൻ ഏവൻഗേലിസ്തായുടെ മഹനീയ സിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു.. നാലാമനായി അന്ത്യോക്യ പട്ടണത്തിലെ പാത്രിയർക്കീസ് …. അദ്ദേഹം ശെമവൂന്‍റെ സിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു.” (ഇതിൽ നിന്നും മറ്റൊരു സംഗതി ഓർക്കേണ്ടത്, അക്കാലത്ത് അന്ത്യോക്യൻ സുറിയാനി സഭയ്ക്ക് മലങ്കരയുമായി യാതൊരു ബന്ധവും ഇല്ലാതിരുന്നതിനാൽ മലങ്കരയേക്കുറിച്ചു യാതൊന്നും ഈ ഗ്രന്ഥത്തിൽ പരാമർശിക്കുന്നില്ല).

(D) സുപ്രസിദ്ധ സുറിയാനി കവിയും വേദശസ്ത്ര പണ്ഡിതനുമായ സെരൂഗിലെ മാർ യാക്കോബ് തന്റെ പുതു ഞായറാഴ്ചക്കുള്ള മേമ്രായിൽ.. “തോമ പറയുന്നു ഞാനും നിങ്ങളെപ്പോലെ ശ്ലീഹായാണു…….. നിങ്ങൾക്കു സിംഹാസനങ്ങൾ വാഗ്ദാനം ചെയ്തപ്പോൾ എന്നേയും അതിൽ നിന്ന് നിരോധിച്ചില്ല. നിങ്ങളെപ്പോലെ തന്നെ ശ്ലീഹാസ്ഥാനം എനിക്കും നല്കുകയുണ്ടായി…

(E) ബഹു. നെടുന്തള്ളിൽ ഗീവർഗീസ് കത്തനാരുടെ 1949-ൽ പ്രസിദ്ധീകരിച്ച “മലങ്കര സഭയും തോമസ് അപ്പസ്തോലനും” (പേജ് 38) “കൽദായക്കാരുടെ ഇടയിൽ വി. അപ്പോസ്തോലാൻ സുവിശേഷം അറിയിച്ചതായും, അവിടെ അദ്ദേഹത്തിന്റെ വേല ഏറ്റം വിജയകരമായി തീരുകയാൽ തന്റെ സിംഹാസനം സെലൂക്യയിൽ സ്ഥാപിച്ചതായും…. സെലൂക്യ അദ്ദേഹത്തിന്റെ സിംഹാസനമായിരുന്നു എന്നും വേളിപ്പെടുന്നുണ്ടല്ലോ”. (പേജ് 94) “കേരളീയ സഭയുടെ സ്ഥാപകനായ മാർത്തോമ്മാ ശ്ലീഹയുടെ സിംഹാസനത്തിൽ ….”

(F) റാക്കാടു പള്ളിയിലെ മദ്ബഹായിലെ 1857 -ൽ സ്ഥപിച്ച ശിലാലിഖിതം “….. മലങ്കരെയുള്ള തോമാശ്ലീഹായുടെ സിംഹാസനത്തിന്മേൽ വാഴുന്ന കുറീലോസ് യൂയാക്കീമിന്റെ കാലത്ത്.. “

(G) ഇ. എം. ഫിലിപ് (പേജ് 253) “മാർ ദീവന്നാസിയോസ് അഞ്ചാമൻ മാർ തോമ്മാശ്ലീഹായുടെ സിംഹാസനത്തിന്മേൽ വാഴ്ച ഉറപ്പിക്കുകയും ചെയ്തു.”

(H) എ. ഡി. 1301-ൽ പകർത്തിയെഴുതിയ കൽദായ സുറിയാനി വേദവയന കുറിപ്പ്, ഇപ്പോൾ വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിക്കുന്നു. “ഞങ്ങളുടെ തലവനായ മാർ യാക്കോബ്, മാർത്തോമ്മ ശ്ലീഹായുടെ പരിശുദ്ധ സിംഹാസനത്തിന്റെയും ഇന്ത്യൻ സഭ മുഴുവന്റെയും അദ്ദ്യക്ഷനും തലവനും..”

(I) മാർ ദീവന്നാസിയോസ് നാലാമനു 1840 കന്നി 1-നു അന്ത്യോക്യയുടെ ഏലിയാസ് ദ്വിതീയൻ പാത്രിയർക്കീസ് അയച്ച കല്പന. “പരിശുദ്ധ അപ്പൊസ്തോലനായ മാർത്തോമ്മയുടെ സിംഹാസാൻ ഇടവക… “

(J) 1846 -ൽ മലങ്കര വന്ന യൂയാക്കീം മാർ കൂറീലോസ്, ഫോർട്ട് കൊച്ചി പള്ളിയിലെ തബ്ലൈത്തായിൽ “ഇന്ത്യയിലെ മാർത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിൽ യൂയാക്കീം കൂറീലോസ് മെത്രാപ്പോലീത്തായുടേ കൈകളാൽ..”

(K) പത്രോസിന്റെ മേൽ ആണു സഭയെ പണിതത് എന്നുള്ള വാദഗതി ഒരു ഓർത്തഡോക്സ് സഭകളും ഇന്നേവരെ അംഗീകരിക്കാത്തതാണൂ. അന്ത്യോക്യൻ സുറിയാനി സഭപോലും അംഗീകരിക്കാതിരുന്ന ഈ വാദം ഇപ്പോൾ പുറത്തിറക്കിയിരിക്കുകയാണു. പത്രോസിൽ അല്ല പത്രോസ് ഏറ്റു പറഞ്ഞ വിശ്വാസത്തിലാണ് സഭയെ പണിതിരിക്കുന്നത്. അബ്ദുൽ ആഹാദു റമ്പാൻ (യാക്കോബ് തൃതീയൻ പാത്രിയർക്കീസ്) തന്റെ സഭാ ചരിത്രത്തിൽ (പേജു് 103) ഇങ്ങനെ എഴുതിയിരിക്കുന്നു.. “മശിഹാ തമ്പുരാൻ തന്റെ സഭയെ പണിതിരിക്കുന്നത് പത്രോസ് ഏറ്റു പറഞ്ഞ വിശ്വാസം എന്ന അടിസ്ഥാനത്തിലാണു ..” (അടുത്തതു പേജു് 113) “ഈ വിശ്വാസത്തിന്മേൽ തന്നെയത്രേ മശിഹാ തമ്പുരാൻ തന്റെ സഭയെ പണിതിരിക്കുന്നത്. അല്ലാതെ പത്രോസിന്റെ വ്യക്തിത്വന്മേലല്ല..”

ഇനി താഴെ പറയുന്നതിന് എന്തെങ്കിലും പറയുവാൻ അവർക്കുണ്ടോ?
പരി. പത്രോസ് ശ്ലീഹായുടെ സിംഹാസനം എന്ന വിശേഷണം എന്ന് മുതലാണു ഉപയോഗിച്ചു തുടങ്ങിയതു? പരി. പത്രോസിന്റെ പിൻഗാമികൾ എന്ന് വിശേഷിപ്പിക്കുന്ന അന്ത്യോക്യയുടെ അദ്ധ്യക്ഷന്മാർ ഈ വിശേഷണം ആദിമ കാലത്ത് ഉപയോഗിച്ചിരുന്നുവോ? പാത്രിയർക്കാ സ്ഥാനം നിലവിൽ വന്നത് ഏതു നൂറ്റാണ്ടിലായിരുന്നു?

ആദിമ നൂറ്റാണ്ടിലെ അന്ത്യോക്യയിലെ അധ്യക്ഷന്മാർ ആരും ആ പദം ഉപയോഗിച്ചിരുന്നില്ല. 5-ആം നൂറ്റാണ്ടു മുതൽ ക്രമേണയായി ഉപയോഗത്തിൽ വന്നു എങ്കിലും ഒരു ബിഷപ്പിനെ പാത്രിയർക്കീസ് എന്ന നാമധേയത്തിൽ അവരോധിക്കാൻ തുടങ്ങിയതു 7–ആം നൂറ്റാണ്ടിലല്ലേ? പരി. പത്രോസ് ശ്ലീഹ താൻ സിംഹാസനം സ്ഥാപിച്ചെന്നോ, താൻ അന്ത്യോക്യയിലെ ഒന്നാമത്തെ പാത്രിയർക്കീസ് ആണെന്നോ അവകാശപ്പെട്ടിരുന്നുവോ?

അന്ത്യോക്യൻ സഭയുടെ പിന്തുടർച്ചയിൽ സുറിയാനി പാരമ്പര്യം നിലവിൽ വന്നത് ഏതു നൂറ്റാണ്ടിലാണ്? ഗ്രീക്ക് ഭാഷയല്ലേ ഉപയോഗത്തിൽ ഇരുന്നത്? 6–ആം നൂറ്റാണ്ടിന്‍റെ എഴുപതുകളിൽ അല്ലേ സുറിയാനി സഭയ്ക്ക് അതിന്റെതായ പാത്രിയർക്കാ നിര ഉണ്ടായത്?

സുറിയാനി പാത്രിയർക്കീസുമാർ ഇഗ്നാത്തിയോസ് എന്ന നാമധേയം തങ്ങളുടെ പേരിനോടു ചേര്ത്തു ഉപയോഗിച്ചു തുടങ്ങിയതു ഏതു കാലത്താണ്? ആദിമ കാലത്ത് അങ്ങിനെ ഒന്നില്ലായിരുന്നല്ലോ? പ. ഇഗ്നാത്തിയോസ് നൂറോനോ സുറിയാനിക്കാരൻ ആയിരുന്നുവോ? ഇപ്പോഴത്തെ സിറിയൻ ഓർത്തഡോക്സ് സഭ, പഴയ അന്ത്യോക്യൻ സഭയുടെ ഒരു ചെറിയ ഭാഗമെന്നു വേണമെങ്കിൽ പറയാമെന്നല്ലാതെ, പൂർണമായും അന്ത്യോക്യൻ സഭയുടെ പിന്തുടർച്ചയാണ് എന്ന് എങ്ങിനെ പറയും?

2). അടുത്ത വാദം പൗരാണിക കാലം മുതൽ മലങ്കര സഭ അന്ത്യോക്യൻ സഭയുടെ കീഴിൽ ആയിരുന്നു. “AD 345-ല്‍ ഒന്നാമത്തെ സിറിയന്‍ കുടിയേറ്റം മുതലെങ്കിലും മലങ്കര സഭ പരിശുദ്ധ അന്തിയോക്യന്‍ സിംഹാസനവുമായി കൌദാശിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് സാഹചര്യതെളിവുകളും ലഭ്യമായ വളരെ ചുരുക്കം ചില രേഖകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.” എന്നാണു ഒരാൾ എഴുതിയിരിക്കുന്നത്. ഇദ്ദേഹം പറയുന്ന സാഹചര്യ തെളിവുകളും ചുരുക്കം ചില രേഖകളും എന്താണെന്നു അറിയില്ല.. അതൊന്നു കാണിച്ചു തന്നിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു..

ഈ പ്രസ്താവന പച്ചക്കള്ളം ആണു എന്ന് പറയുന്നതിൽ പരിഭവിക്കരുത്. കാരണം അങ്ങനെയൊരു ബന്ധം മലങ്കര സഭയ്ക്ക് അന്ത്യോക്യയുമായി 17-th century വരെ ഉണ്ടായിരുന്നില്ല, മറിച്ചു പേർഷ്യൻ സഭയുമായി ബന്ധം ഉണ്ടായിരുന്നു, അതിനു തെളിവുകളും ഉണ്ട്.

(A) അന്ത്യോക്യൻ സുറിയാനി സഭയിൽ നിന്ന് മലങ്കരയിൽ മെത്രാപ്പോലീതന്മാർ ഇവിടെ ഇദം പ്രദമായി വരുന്നത് 17-ആം നൂറ്റാണ്ടിന്റെ അവസാന കാലത്താണ്. അവർ ഇവിടെ വരുമ്പോഴും അതിനു മുൻപും മലങ്കരയിൽ ഉപയോഗത്തിലിരുന്നതു പൌരസ്ത്യ സുറിയാനി ക്രമങ്ങൾ ആയിരുന്നു. കുറച്ചു നാള്‍ മുന്‍പ്  ഇറങ്ങിയ മാർ ജോർജു ആലഞ്ചേരിയുടെ ഇടയലേഖനത്തിൽ പറയുന്നുണ്ട്, ഉദയംപേരൂർ സുന്നഹദോസിനു മുൻപ് ഇവിടെ നെസ്തോറിയാസിന്റെ ക്രമം ഉപയോഗിച്ചിരുന്നുവെന്നു. കൽക്കിദൂൻ സുന്നഹദോസിനു ശേഷം അലക്സാണ്ട്ര്യൻ പാരമ്പര്യം പുലർത്തിയിരുന്ന അന്ത്യോക്യൻ സഭയ്ക്കു നെസ്തോർ വേദവിപരീതി ആയിരുന്നു, എന്നാൽ പേർഷ്യൻ സഭയിൽ അഭയം പ്രാപിച്ച നെസ്തോറിയസ് അവര്‍ക്ക് പിന്നീട് വിശുദ്ധനായിത്തീർന്നു. അപ്പോൾ അന്ത്യോക്യൻ ക്രമത്തിൽ നെസ്തോറിന്റെ ക്രമം ഉണ്ടാകുവാൻ യാതൊരു സാധ്യതയുമില്ല. ഇന്നും അന്ത്യോക്യൻ സുറിയാനി ക്രമത്തിൽ നെസ്തോരിയസിന്റെ ക്രമം ഇല്ല എന്നോര്‍ക്കുക.

(B) ഇവിടെ ഉപയോഗത്തിൽ ഇരുന്നത് പൌരസ്ത്യ സുറിയാനി ആയിരുന്നതിനു ഉദാഹരണമാണ് ഇപ്പോൾ ഉപയോഗത്തിൽ ഉള്ള പല സുറിയാനി പദങ്ങൾ (ബ്രാക്കറ്റിൽ ഉള്ളതു അന്ത്യോക്യൻ സുറിയാനി) ചില ഉദാഹരണങ്ങൾ: കുർബാന (കുർബോനോ), ആനീദാ (ആനീദൊ), തക്സാ (തക്സോ).

(C) 1808-ൽ നിര്യാതനായ മാർ ദീവന്നാസിയോസ് ഒന്നാമൻ എഴുത്തുകുത്തുകൾക്കായി ഉപയോഗിച്ചിരുന്നത് കൽദായ സുറിയാനി ആയിരുന്നു, അന്ത്യോക്യൻ സുറിയാനി (പാശ്ചാത്യ) അല്ലായിരുന്നു.

(D) കൂനൻ കുരിശു സത്യത്തോടനുബന്ധിച്ചു വേർപെട്ടുപോയ വിഭാഗം (സീറോ – മലങ്കര സഭ) ഇപ്പോഴും ഉപയോഗിക്കുന്നതു കൽദായ സുറിയാനി ആണു അല്ലാതെ പാശ്ചാത്യ സുറിയാനി അല്ല.

(F) ഇപ്പോഴും ഇവിടെ കൽദായ സുറിയാനി പാരമ്പര്യത്തിൽ ഉള്ള ഒരു സഭ നിലനിൽക്കുന്നുണ്ട്.

(G) സഭാ ചരിത്രം എഴുതിയ വലിയ മാർ മിഖായേൽ പാത്രിയർക്കീസോ, ബാർ എബ്രായയോ തങ്ങളുടെ സഭാ ചരിത്രത്തിലോ, ഭദ്രാസനങ്ങളുടെ പേരു പറയുന്നിടത്തോ മലങ്കര സഭയെപ്പറ്റി ഒരു വാക്ക് പോലും പരാമർശിക്കുന്നില്ല എന്നതിൽ നിന്ന് അന്ത്യോക്യൻ സുറിയാനി സഭയ്ക്കു മലങ്കരയുമായി അക്കാലം വരെ യാതൊരു ബന്ധവും ഇല്ലായിരുന്നു എന്ന് മനസ്സിലാകാവുന്നതാണു.

(H) അന്ത്യോക്യൻ സുറിയാനി പാരമ്പര്യങ്ങൾ ആയിരുന്നുവെങ്കിൽ 1809 ചിങ്ങം 1 -നു ഉണ്ടാക്കിയ കണ്ടനാട് പടിയോലയിൽ പുതിയ യാക്കോബായ തക്സാ നടപ്പിലാക്കുവാൻ തീരുമാനിച്ചത് എന്തിനു?

(I) പുരാതന കാലം മുതൽ മലങ്കര സഭ അന്ത്യോക്യൻ ബന്ധത്തിൽ ആയിരുന്നുവെങ്കിൽ 1490-ൽ മേൽപ്പട്ടക്കാർക്കു വേണ്ടി മലങ്കര സഭയുടെ ഒരു നിവേദക സംഘം പേർഷ്യൻ സഭാദ്ധ്യക്ഷനായ ബാബിലോണ്‍ പാത്രിയർക്കീസിന്റെ അടുക്കല്‍  പോയതെന്തിനു? അവരെ രണ്ടു പേരേയും പട്ടക്കാർ ആയി വാഴിച്ചു മലങ്കരയിലേക്കു അയക്കുകയും ചെയ്തു.

(J) പോർട്ടുഗീസുകാർ തടവിലാക്കിയ മാർ അഹത്തള്ള നൽകിയ കത്തിൽ അദ്ദേഹം പറഞ്ഞത്, തനിക്കു എന്തെങ്കിലും സംഭവിച്ചാൽ 12 പട്ടക്കാർ ചേർന്നു മെത്രാനെ വാഴിക്കണമെന്നായിരുന്നു. അന്ത്യോക്യൻ സുറിയാനി പാരമ്പര്യത്തിൽ ഇങ്ങനെ ഇല്ലായിരുന്നു. അത് അലക്സാണ്ട്ര്യൻ സഭയുടെ രീതി ആണു.

(K) 1599 -ലെ ഉദയംപേരൂർ സുന്നഹദോസിൽ പട്ടക്കാർ വിവാഹം ചെയ്യുന്നതും, ഭാര്യ മരിച്ചാൽ പുനർവിവാഹം ചെയ്യുന്നതും നിരോധിച്ചു. പട്ടക്കാർ വിവാഹം ചെയ്യുന്നതും പുനർവിവാഹം ചെയ്യുന്നതും പേർഷ്യൻ പാരമ്പര്യമാണ്, അല്ലാതെ അന്ത്യോക്യൻ പാരമ്പര്യം അല്ലായിരുന്നു. ഇന്നും അങ്ങിനെ തന്നെ അല്ലേ?

(L) അന്ത്യോക്യൻ സുറിയാനി സഭയിലെ മേൽപ്പട്ടക്കാർ ഉപയോഗിക്കുന്ന മത്തങ്ങാ മുടി പോലുള്ള വേഷവിധാനങ്ങൾ 19-ആം നൂറ്റാണ്ടിൽ വന്ന യൂയാക്കീം കൂറീലോസാണ് ഇവിടെ പ്രചാരത്തിൽ വരുത്തിയത്.

(M) പത്രോസ് പാത്രിയർക്കീസ് മലങ്കരയിൽ വരുന്നതിനു മുൻപ് മലങ്കരയിൽ നിലനിന്നിരുന്നതായ പല പാരമ്പര്യങ്ങളും അദ്ദേഹം നിരോധിച്ചതായി രേഖകൾ പറയുന്നു.

(N) അന്ത്യോക്യൻ സുറിയാനി സഭയിലെ ഹൂദോയോ കാനോൻ 17-ആം നൂറ്റാണ്ടുവരെ മലങ്കരയിൽ പരിചിതം അല്ലായിരുന്നു. ഇങ്ങനെ അനേകം തെളിവുകള മലങ്കര സഭയക്കു അന്ത്യോക്യയുമായി പൗരാണിക ബന്ധം ഇല്ലാന്ന് തെളിയിക്കുന്നു.

3). അടുത്ത ആരോപണം മലങ്കരയിലെ കാതോലിക്കേറ്റു ശരി അല്ല എന്നതാണു. ഈ ആരോപണവും നിലനില്ക്കുന്നതല്ല, കാരണം…

(A) അബ്ദുൽ മശിഹ പാത്രിയർക്കീസിന്റെ കൈവപ്പു ശരിയായിട്ടുള്ളതാണു. അന്ത്യോക്യൻ സുറിയാനി സഭയിൽ പത്രോസ് പാത്രിയർക്കീസിന്റെ കാലശേഷം നടന്ന പാത്രിയർക്കാ തിരഞ്ഞെടുപ്പിൽ രണ്ടു പേർ മൽസരാർത്ഥികളായിരുന്നു. ഒന്ന് അബ്ദുൽ മശിഹായും മറ്റേതു മാർ ഗ്രീഗോറിയോസ് അബ്ദുള്ളയും. ഒരു വോട്ടിനു വിജയിച്ച അബ്ദുൽ മശിഹ പാത്രിയർക്കീസ് ആയി. നിരാശനായ അബ്ദുള്ള അതോടെ റോമാൻ കത്തോലിക്കാ സഭയിൽ ചേർന്നു. രാഷ്ട്രീയ സ്ഥിതിയിൽ ചില മാറ്റങ്ങൾ സംഭവിച്ചു, പത്തു വർഷങ്ങൾക്കു തിരിച്ചു വന്ന അബ്ദുള്ള അന്നത്തെ തുർക്കി സുൽത്താന്റെ അധികാര പത്രം അബ്ദുൽ മശിഹായ്ക്കു ഉണ്ടായിരുന്നത് പണം കൊടുത്തും മറ്റു പല രീതിയിലും സ്വാധീനിച്ചു പിൻവലിപ്പിച്ചു തന്റെ പേരിൽ സ്വായത്തമാക്കി. അങ്ങിനെ പാത്രിയർക്കീസ് ആയി. (ഈ അബ്ദുള്ള പത്രോസ് പാത്രിയർക്കീസിന്റെ കൂടെ മലങ്കരയിൽ വരുകയും, പല ക്രമക്കേടുകൾ – പ്രത്യേകിച്ചു സാമ്പത്തികമായ — നിമിത്തം തിരികെ പോകുവാൻ പാത്രിയർക്കീസ് കല്പിച്ചെങ്കിലും കേൾക്കാതെയിരുന്നതിനാൽ അദ്ദേഹത്തെ മുടക്കുകയും ചെയ്തിട്ടുള്ളതാണല്ലോ.) ഇങ്ങനെ പിൻവാതിലിലൂടെ പാത്രിയർക്കാസ്ഥാനം നഷ്ടപ്പെട്ടാൽ അത് നീതി ആകുന്നതെങ്ങിനേ? സുൽത്താൻ തന്റെ അധികാര പത്രം പിൻവലിച്ചു എന്നതുകൊണ്ട്‌ ആത്മീയ നൽവരം ഇല്ലാതാകുന്നതുമല്ല.

(B) മറ്റൊരു ആരോപണം, അബ്ദുൽ മശിഹ മുടക്കപ്പെട്ടവനാണു എന്നാണു. അത് പച്ചക്കള്ളം ആണ്. അങ്ങിനെ ഒരു തീരുമാനം അന്ത്യോക്യൻ സുറിയാനി സഭയിൽ ഉണ്ടായിട്ടില്ല. മുടക്കപ്പെട്ടവനെങ്കിൽ എന്തുകൊണ്ട് മറ്റു സുറിയാനി പാത്രിയർക്കീസുമാരുടെ കൂടെ കുർക്കുമ ദയറായിൽ അദ്ദേഹത്തെ അടക്കി? പക്ഷേ അബ്ദുള്ളയോ? മരിച്ചു അടക്കപ്പെട്ടതു യേരുശലേമിൽ ആണെന്നു പറയപ്പെടുന്നു, ഉറപ്പില്ല. മുടക്കപ്പെട്ടവനു കുർക്കുമ ദയറായിൽ എന്ത് സ്ഥാനം? അക്കാലത്ത് ഇതൊന്നും ഇവിടെ എന്തുകൊണ്ട് അറിഞ്ഞിരുന്നില്ല. പിന്നീടു പല വർഷങ്ങൾക്കു ശേഷമല്ലേ ഇങ്ങനെ ഒരു ആരോപണം ഉണ്ടായത്? അബ്ദുൽ മശിഹായെ മുടക്കി എന്ന ഒരു കള്ള രേഖ മഞ്ഞിനിക്കര ദയറായിൽ വച്ചു ഉണ്ടാക്കുന്നത്‌ നേരിൽ കണ്ടതായി അവിടുത്തെ മല്പ്പാനായിരുന്ന ബ. വി. സി. സാമുവേൽ അച്ചൻ തന്റെ ആത്മ കഥയായ “സ്വാനുഭവവേദിയിൽ” രേഖപ്പെടുത്തിയിട്ടുണ്ട്.

(C) 1958-ൽ പരിശുദ്ധ കാതോലിക്ക ബാവയെ യാതൊരു നിബന്ധനയുമില്ലാതെ പാത്രിയർക്കീസ് സ്വീകരിച്ചതിലൂടെ, പാത്രിയർക്കീസ് വിഭാഗം മുൻപ് ഉന്നയിച്ചിരുന്ന ആരോപണങ്ങൾ കള്ളമെന്നു തെളിഞ്ഞു. 1912-ൽ സ്ഥാപിതമായ കാതോലിക്കേറ്റും, അതിലെ കാതോലിക്കായും ശരിയാണെന്നു പാത്രിയർക്കീസ് ഈ അംഗീകാര കല്പനയിലൂടെ സമ്മതിച്ചു. എന്തെങ്കിലും ന്യൂനത ഉള്ളതാണ് ഇവിടുത്തെ കാതോലിക്കേറ്റു എങ്കിൽ യാതൊരു നിബന്ധനകളുമില്ലാതെ അയച്ച കൽപ്പനയിലൂടെ അത് ഇല്ലാതാകുന്നത് എങ്ങിനെ? ആ കാതോലിക്ക സിംഹാസനത്തിലേക്കു കാതോലിക്കായെ വാഴിക്കാൻ പാത്രിയർക്കീസ് വന്നതും, ഇവിടുത്തെ കാതോലിക്കേറ്റു ന്യൂനത ഇല്ലാത്തത് ആയതിനാൽ  ആണ്.

4). പിന്നീടു കലഹവും പ്രശ്നങ്ങളും ഉണ്ടാക്കിയത് ഓർത്തഡൊക്സുകാർ ആണെന്നാണ്‌ മറ്റൊരു ആരോപണം. ഇതും നുണയാണെന്നു മനസ്സിലാക്കാം.

(A) 1958 -ൽ സമാധാനം ഉണ്ടായി പാത്രിയര്‍കീസു ബാവ പരി. കാതോലിക്ക ബാവയെ യാതൊരു നിബന്ധനകളും ഇല്ലാതെ സ്വീകരിച്ചു. പ. കാതോലിക്കാ ബാവ 1934 -ലെ സഭാ ഭരണഘടനയ്ക്ക് വിധേയമായി പാത്രിയർകീസിനെ സ്വീകരിച്ചു. പാത്രിയര്‍ക്ക വിഭാഗത്തിലുള്ള മെത്രാപ്പോലീത്തന്മാർ പരി. കത്തോലിക്കാ ബാവയെ അംഗീകരിക്കയും വിധേയത്തം രേഖാമൂലം സമർപ്പിക്കുകയും ചെയ്തു. പിന്നീടു നടന്ന പുത്തൻകാവ് അസ്സോസ്സിയേഷനിൽ പൗലോസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. കാതോലിക്കേറ്റിന്റെ കീഴിൽ അണിനിരക്കുവാൻ എല്ലാവരെയും ആഹ്വാനവും ചെയ്തു. എങ്കിലും പാത്രിയർക്കീസിന്റെ രഹസ്യ ആലോചനയോടു കൂടി ഇവിടെ “അന്ത്യോക്യൻ മൂവ്മെന്റ്” എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കി സഭയിൽ കലഹത്തിനു വഴി തെളിച്ചു തുടങ്ങി. അദ്ദേഹം എന്നിട്ട് മലങ്കര സഭയെ വഞ്ചിച്ചു ശ്രേഷ്ഠ കാതോലിക്ക ആയി. എന്നിട്ടോ? സമാധാനത്തോടെ ഇരിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞോ? ആരും നോക്കാനില്ലാതെ ദയനീയമായ അന്ത്യത്തിലെത്തുന്നത് വരെ, ശീമക്കാരുടെ ചവിട്ടും, ആട്ടും തുപ്പും എല്ക്കുവാനും, ഇവിടെയുള്ള മറ്റു മെത്രാന്മാരുടെ തന്നിഷ്ടവും, മറുതലിപ്പും മൂലം മനസമാധാനവും ഇല്ലാതെയല്ലേ കഴിച്ചുകൂട്ടിയത്?

(B) ഇങ്ങനെയിരിക്കെ യാക്കോബ് തൃതീയൻ പാത്രിയർക്കീസിന്റെ വിവാദമായ 203/70 –ആം നമ്പര്‍ പൈശചിക കല്പന വരുന്നത്. മാർത്തോമ്മാ ശ്ലീഹായെ അപമാനിക്കുന്ന ഈ കല്പ്പനയെ മലങ്കര സഭ തള്ളിക്കളഞ്ഞു. എങ്കിലും സ്ഥാനമോഹികളായവരും, കലഹപ്രിയരുമായ ഒരു വിഭാഗം അതിനെ പിന്തുണച്ചു. മലങ്കര മണ്ണിൽ സുവിശേഷത്തിന്റെ വിത്ത്‌ പാകി മുളപ്പിച്ചു യേശു ക്രിസ്തുവിനെ കാണിച്ചു തന്ന മലങ്കരയുടെ പിതാവിനെ പട്ടക്കാരൻ പോലും അല്ല എന്ന് പറഞ്ഞു ദു:ഷ്ട കല്പന എഴുതിയ പാത്രിയർക്കീസിനു പാദ സേവ ചെയ്തവരല്ലേ ഈ ഒന്നായ സഭയെ വെട്ടിമുറിക്കുവാൻ കച്ചകെട്ടി ഇറങ്ങിയത്‌? നിങ്ങൾ ചെയ്ത ദ്രോഹം എത്ര വലുതാണെന്ന് ചിന്തിക്കുക. ഈ പാത്രിയർക്കീസിന്റെ കല്പനയെ പാലിച്ചു മുന്നോട്ടു പോകുന്ന ഇവിടുത്തെ യാക്കോബായകാര്‍ക്ക്, മാർത്തോമ്മാ ശ്ലീഹായുടെ മലങ്കര സഭയിൽ എന്ത് കാര്യം? മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം അവകശപ്പെടാൻ എന്ത് യോഗ്യതയാണ് ഉള്ളതു?

(C) ഗ്രീക്ക് ഭാഷയിൽ നിന്ന് ലത്തീനിലും സുറിയാനിയിലുമൊക്കെ വന്ന “അനാത്തമ” എന്ന വാക്കു പാത്രിയർക്കീസുമാർക്ക് വളരെ പ്രിയമുള്ളതാണ്. തങ്ങളോടു വിയോജിക്കുന്നവർക്കു എതിരേ എടുത്തു പ്രയോഗിക്കുന്ന “ശപിച്ചുതള്ളൽ”, “മുടക്കു” തുടങ്ങിയ കലാപരിപാടിയാണിതു. നാലണ പോലും വിലയില്ലാത്തതാണിതെന്നു യാക്കോബായക്കാർക്കും അറിയാം. അതല്ലേ ഓർത്തഡോക്സുകാർ മുടക്കപ്പെട്ടവരാണെന്നു എന്ന് ഒരു വഴിക്ക് വിളിച്ചുകൂവുമ്പോഴും, മറുവഴിക്ക് മുടക്കപ്പെട്ടവരുടെ ആരാധനയിൽ സംബന്ധിക്കുകയും, കൂദാശകൾ സ്വീകരിക്കയും ചെയ്യുന്നത്. വിശ്വാസികളെ വഞ്ചിക്കുന്ന ഈ പരിപാടി ഇനിയെങ്കിലും നിർത്താറായില്ലേ? തന്നെയുമല്ല ഈ പാത്രിയർക്കീസുമാർക്ക് മലങ്കര സഭയിലെ പിതാക്കന്മാരെ മുടക്കുവാൻ എന്തധികാരം? ആരതു വകവെച്ചു കൊടുക്കുന്നു? അയലക്കത്തെ വീട്ടിൽ കയറി ചെന്നിട്ടു അവിടുള്ളവരോടു, “നിങ്ങളെ ഞാൻ നിങ്ങളുടെ ഈ വീട്ടിൽ നിരോധിച്ചിരിക്കുന്നു” എന്ന് പറഞ്ഞാൽ എങ്ങനെയിരിക്കും?

(D) 1934 -ലെ ഭരണഘടനയല്ല കാര്യം കോടതി വിധിയാണ് അനുസരിക്കേണ്ടത്‌ എന്ന് ഒരിക്കൽ പറഞ്ഞു. കോടതി വിധി പ്രതികൂലം ആയപ്പോൾ മധ്യസ്ഥന്മാർ തീരുമാനിക്കണം എന്നായി. ഈ പറഞ്ഞ യാക്കോബായക്കാരോടൂ ബഹു. സുപ്രീം കോടതി 1995-ലെ വിധിക്ക് മുൻപ് ചോദിച്ചതായിരുന്നു ഈ പ്രശ്നങ്ങൾ മദ്ധ്യസ്ഥർ വഴി പരിഹരിക്കാൻ. പക്ഷേ അന്നതിനു അവർ സമ്മതം അല്ലായിരുന്നു എന്ന് പറഞ്ഞത് കോടതി വിധിയിൽ പരാമർശിച്ചിട്ടുണ്ട്. തന്നെയുമല്ല, 1934-ലെ ഭരണ ഘടന അംഗീകരിക്കയില്ലന്നു പറയുമ്പോൾ തന്നെ യാക്കോബായ മെത്രാന്മാരും, ശ്രേഷ്ഠ കാതോലിക്കായും, പല വൈദികരും, അത്മായ നേതാക്കളും 1934-ലെ സഭ ഭരണ ഘടന അംഗീകരിക്കുന്നുവെന്നു കോടതിയിൽ സത്യ വാങ്ങ്മൂലം നല്കിയിട്ടുമുണ്ട്. ഇതിൽ ഏതാണു ജനം വിശ്വസിക്കേണ്ടത്? ആരാണു ജനത്തെ വഞ്ചിക്കുന്നത്? യാക്കോബായ വിഭാഗത്തിനു അയച്ച പാത്രിയർക്കീസ് ബാവയുടെ 7 – 1 – 1999 ലെ 30/99 നമ്പർ കല്പനയിൽ നിന്ന്.. “ആരംഭത്തിൽ മറുഭാഗം ബഹു. സുപ്രീം കോടതി വിധിയുടെയും ഭരണ ഘടനയുടേയും അടിസ്ഥാനത്തിൽ സമാധാനമുണ്ടാക്കുവാൻ സന്നദ്ധരായിരുന്നു. ആ സമയത്ത് സന്ധി സംഭാഷണങ്ങളിൽ നിന്ന് നിങ്ങൾ പിന്മാറി, നിങ്ങൾ സഭയുടെ നല്ല ഭാവിയെ കരുതിയല്ല പ്രവര്ത്തിക്കുന്നത്.”

(E) യാക്കോബായ വിഭാഗം നടത്തുന്നതു കപട നാടകം ആണെന്നു വ്യക്തമായി അറിയാമെന്നതിനാൽ അല്ലേ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മത നേതാക്കളുടെ അടുത്തു മദ്ധ്യസ്ഥ വഹിക്കാൻ യാക്കോബായ നേതാക്കൾ പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ആരും തയ്യാറാകാത്തത്? ഉപസമിതി തന്നെ ഇവരുടെ ഈ വഞ്ചനയിൽ മനം മടുത്തിരിക്കുന്ന അവസ്ഥയാണിപ്പോൾ.

ഈജിപ്തിലെ അടിമത്വത്തിൽ നിന്ന് യിസ്രായേൽ ജനത്തെ മോചിപ്പിക്കുവാൻ പല ബാധകളും ദൈവം അയച്ചു. അപ്പോഴെല്ലാം ഫറവോ ആദ്യം സമ്മതിക്കും പിന്നെ അതിൽ നിന്ന് പിന്മാറും. അവസാനത്തെ ബാധയാണു യിസ്രായേൽക്കാരെ രക്ഷിച്ചത്‌. എന്നിട്ടും പുറകെ പോയി നശിക്കാനായി. ചെങ്കടലിൽ ഫറവോയും കൂട്ടരും മുങ്ങി നശിച്ചു. അത് പോലെ ഇവിടെയും, ഒരോ ചർച്ചയിലും പറയുന്ന കാര്യങ്ങൾ പിന്നീടു മാറ്റി പറഞ്ഞുകൊണ്ടിരിക്കും, അവസാനം ശ്രേഷ്ഠ കാതോലിക്ക സമ്മതിച്ചു സ്വന്തം കൈപ്പടയിൽ എഴുതി കൊടുത്തതും അര മണിക്കൂർ കഴിഞ്ഞപ്പോൾ സ്വയം നിഷേധിച്ചു പിന്മാറി. ഫരവോയുടെ മനസ്സ് ദൈവം തമ്പുരാൻ കഠിനമാക്കി എന്ന് വി. വേദപുസ്തകം സാക്ഷിക്കുന്നു. അത് പോലെ യാക്കോബായ വിഭാഗത്തിന്റെയും അതിന്റെ നേതാക്കളുടേയും മനസ്സ് ദൈവം കഠിനമാക്കിയിരിക്കുകയാണൂ.

എത്ര നാളായി കേസുകള്‍ നടക്കുന്നു?. 1970 -കൾ മുതൽ ഈ വിധികളെല്ലാം നിങ്ങൾ ചോദിച്ചു വാങ്ങിയതല്ലേ? അതില്‍ 1958 -ലും 1995 -ലും പിന്നെ 2002 -ലും ഉണ്ടായ വിധിയില്‍ നിന്നും എന്തെങ്കിലും മാറ്റം ഉണ്ടായോ ഇപ്പോഴത്തെ വിധിയില്‍? ഇനിയും സഹോദരങ്ങളേ യാഥാര്‍ത്ഥ്യ ബോധത്തോടെ വിനയത്തോടെ സഭയുടെ ഐക്യത്തിനായി തീരുമാനം എടുത്തു കൂടേ? 1958, 1995, 2002, 2017 -ഴിലും ഒരേ കാര്യം തന്നെ ഭാരതത്തിന്റെ പരമോന്നത പീഠം ആവർത്തിച്ചു പറയുന്നുവെങ്കിൽ ഈ വിധികളെ ദൈവ നിശ്ചയങ്ങളായി നമുക്ക് സ്വീകരിച്ചു കൂടെ? 

ഫാ ജോസ് തോമസ്‌

നിങ്ങളെ ആരാണ് തോല്പിച്ചത് ? ആരാണ് നിങ്ങൾക്ക് ഈ ദുഃസ്ഥിതി സമ്മാനിച്ചത്?

error: Thank you for visiting : www.ovsonline.in