EditorialOVS - ArticlesOVS - Latest News

നിങ്ങളെ ആരാണ് തോല്പിച്ചത് ? ആരാണ് നിങ്ങൾക്ക് ഈ ദുഃസ്ഥിതി സമ്മാനിച്ചത്?

എഡിറ്റോറിയൽ: യാക്കോബായക്കാരേ..! നിങ്ങളെ ആരാണ് തോല്പിച്ചത്? ആരാണ് നിങ്ങൾക്ക് ഈ ദുഃസ്ഥിതി സമ്മാനിച്ചത് ? copyright@ovsonline.in
ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ 2017 ജൂലൈ 3-ലെ സുപ്രധാന വിധിയിലൂടെ മലങ്കര സഭയിൽ അസ്ഥിത്വവും അവകാശവും നഷ്ടപ്പെട്ട യാക്കോബായ വിഭാഗം, ഇപ്പോൾ സെക്രട്ടറിയേറ്റ് നടയിൽ സൗകര്യപ്രദമായ ഒരു പുതിയ നിയമ നിർമ്മാണത്തിനായുള്ള രാഷ്ട്രീയ സമ്മർദ്ദത്തിലും സമരത്തിലുമാണ്. കേരള രാഷ്ട്രീയ ഊഷ്മാവിൻ്റെ ഗതി-വിഗതി അനുസരിച്ചു യാക്കോബായ വിഭാഗത്തിൻ്റെ താല്ക്കാലിക പ്രതീക്ഷകളും, അന്യായ സ്വപനങ്ങളും തുലാസിലാണ്, ഇപ്പോൾ ഏറെകുറെ അസ്തമന ബിന്ദുവിലേക്ക് എത്തുന്നു. ബഹുമാനപ്പെട്ട കേരള നിയമ മന്ത്രി ശ്രീ. ഏ. കെ ബാലൻ നടത്തിയ പരസ്യ പ്രസ്താവനയോട് കൂടി കേരള സർക്കാർ രാജ്യത്തിൻ്റെ നീതിപീഠങ്ങളുടെ തീർപ്പിനെ അട്ടിമറിക്കുന്നതിൽ നിന്നും താൽക്കാലികമായെങ്കിലും പിൻവലിഞ്ഞു എന്ന് അനുമാനിക്കാം. നിയമവിരുദ്ധമായി മലങ്കര സഭയ്ക്ക് മാത്രമായി പ്രയോഗത്തിൽ വരുത്തിയ ശവസംസ്കാര ബില്ലും യാക്കോബായ വിഭാഗത്തിൻ്റെ തുടർച്ചയായുള്ള നിഷേധ നിലപാടുകൾ മൂലം ഒരു വർഷത്തിന് ശേഷം നിയമപരമായി ചോദ്യം ചെയ്യപ്പെടുകയാണ്. അന്ധമായ ഓർത്തഡോക്സ് വിരോധവും, നിയമവഴിയിലെ ആവർത്തിച്ചുള്ള പരാജയത്തിൻ്റെ ജാള്യതയും, ദുരഭിമാനവും മൂലം കാഴ്ചകൾ നഷ്ടപ്പെട്ട യാക്കോബായ സമൂഹത്തിന്, പരിശുദ്ധ വലിയ നോമ്പിലേക്കു പ്രവേശിക്കുന്ന ഈ ദിനങ്ങളിൽ തങ്ങൾ നിരന്തരം ദൈവത്തോടും, സ്വസഹോദരങ്ങളോടും, നിയമ വ്യവസ്ഥയോടും നടത്തുന്ന നിഷേധ പോരാട്ടങ്ങളെ പറ്റി ഒരു പുനർവിചിന്തനത്തിന് കാരണമാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

പശ്ചിമേഷ്യയിലെ ആദിമ ക്രൈസ്തവ സമൂഹങ്ങൾക്ക് ഒപ്പം തന്നെ പഴമയും, പ്രൗഢിയുമുള്ളവരാണ് മലങ്കരയിലെ ക്രൈസ്തവർ, അഥവാ മാർത്തോമൻ നസ്രാണി സമൂഹം. ക്രിസ്തു ശിഷ്യനായ വി. മാർതോമാ ശ്ലീഹായുടെ അപ്പോസ്തോലിക പാരമ്പര്യത്തിൽ ആദ്യ നൂറ്റാണ്ടു മുതൽ നിലനിന്നു പോയിരുന്ന തദ്ദേശീയ ഭാരതീയ ക്രൈസ്തവ സമൂഹമായിരുന്നു മലങ്കര നസ്രാണികൾ. AD 1599-ലെ കുപ്രസിദ്ധ ഉദയംപേരൂർ സുന്നഹദോസ് വഴി റോമൻ കത്തോലിക്കാ സഭ ഇവിടത്തെ തദ്ദേശീയ മലങ്കര സഭയെ കീഴടക്കുവോളം, ഇവിടെ മാർത്തോമാ ശ്ലീഹായുടെ അപ്പോസ്തോലിക പൈതൃകത്തിൽ ഒറ്റ സഭ മാത്രമാണുണ്ടായിരുന്നത് എന്നത് പരമാർത്ഥം. 1653-ലെ കൂനൻകുരിശു സത്യത്തോടെ ലത്തീൻ കത്തോലിക്കാ സഭയുമായുള്ള അടിമത്വ ബാന്ധവം ഉപേക്ഷിച്ച മലങ്കര സഭ വീണ്ടും സ്വതന്ത്രമായി. അതിൽ നിന്ന് ഇന്നത്തെ സീറോ മലബാർ സഭ ഒരു പ്രത്യേക റീത്തായി, “സിറോ മലബാർ സഭ” എന്ന നിലയിൽ കാത്തോലിക്ക വിശ്വാസത്തിൽ പരിശുദ്ധ മാർപാപ്പയുടെ കീഴിൽ തന്നെ തുടർന്നുവെങ്കിലും, ഇന്നത്തെ ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമാ, തൊഴിയൂർ സഭകൾ ഉൾപ്പെടുന്ന ബൃഹത്തായ മലങ്കര നസ്രാണി സമൂഹം വി. മാർത്തോമാ ശ്ലീഹായുടെ പൈതൃകത്തിലും, പാരമ്പര്യത്തിലും സ്വതന്ത്ര തദ്ദേശീയ സഭയായി പുനരവതരിച്ചു. വിദേശ ക്രൈസ്തവ സഭകളുടെ നിയന്ത്രണങ്ങളോ, അധിനിവേശമോ ഇല്ലാതെ സ്വയം ശീർഷകത്തിലും, പൂർണ സ്വാതന്ത്ര്യത്തിലും പാശ്ചാത്യ സുറിയാനി ആരാധനാ ക്രമവും, അന്ത്യോഖ്യൻ വേദശാസ്‌ത്രവും സ്വീകരിച്ച, “മാർത്തോമൻ, പിന്നീട് മലങ്കര മെത്രാപോലീത്ത” എന്ന തദ്ദേശീയ ആത്മീയാധികാര സ്ഥാനത്തിന് കീഴിലും അവർ തുടർന്നു. വി. പത്രോസിൻ്റെ അപ്പോസ്തോലിക പാരമ്പര്യത്തിലുള്ള അന്ത്യോഖ്യൻ സിറിയൻ ഓർത്തഡോക്സ് സഭയിൽ നിന്നും ആദ്യമായി ശീമയിൽ പോയി മലങ്കരയിൽ ഒരാൾ മേൽപ്പട്ട സ്ഥാനം കൈക്കൊള്ളുന്നത് 1843-ൽ മലങ്കര സഭയിൽ നവീകരണ വാദമുയർത്തിയ പാലക്കുന്നത്തു എബ്രഹാം മല്പാൻ്റെ അനന്തരവൻ മാർ അത്താനാസ്യോസായിരുന്നു. 1876-ലെ മുളന്തുരുത്തി സുന്നഹദോസോടു കൂടി മാത്രമാണ് ഒരു അന്ത്യോഖ്യാ പാത്രീയർക്കീസ് മലങ്കരയിൽ പ്രവേശിക്കുന്നതും മലങ്കര സഭയെ തൻ്റെ അധികാരത്തിനു കീഴിലാക്കുന്നതും. 1908-ൽ പരിശുദ്ധ വട്ടശ്ശേരി മാർ ദിവന്നാസിയോസ് മലങ്കര മെത്രാപോലീത്തയായ കാലത്തു മലങ്കര സഭയുടെ നഷ്ടപ്പെട്ട സ്വാതന്ത്ര്യം തിരികെ ലഭിക്കാൻ തുടങ്ങിയ നടപടികളുടെ, നൂറ്റാണ്ട് പിന്നിട്ട പോരാട്ട ചരിത്രത്തിൻ്റെ, വിജയകരമായ അവസാന ഏടാണ് 2017 ജൂലൈ 3 ലെ ദൈവത്തിൻ്റെ സ്പർശനമുള്ള കോടതി വിധി. 1970 -കളിൽ മലങ്കര സഭയുടെ ഇടവകകൾ പ്രാദേശിക ബലാബലങ്ങളുടെ അടിസ്ഥാനത്തിൽ ഓർത്തഡോൿസ് വിശ്വാസികളെ അടിച്ചോടിച്ചു യാക്കോബായ പക്ഷം പിടിച്ചടക്കിയത് നിയമപരമായി തിരികെ എടുക്കുന്നതിനെ പള്ളിപ്പിടുത്തം എന്ന ആക്ഷേപിച്ചത് കൊണ്ട് ചരിത്രവിജ്ഞാനമില്ലാത്ത ആളുകളുടെ നൈമിഷിക പിന്തുണയ്ക്ക് അപ്പുറം ഒന്നും സംവിക്കില്ല.

മലങ്കര നസ്രാണികളുടെ ഈ സംക്ഷിപ്ത ചരിത്രം ആദ്യം പറഞ്ഞത്, മലങ്കര സഭയ്ക്കും മലങ്കര നസ്രാണി സമൂഹത്തിനും വി. മാർത്തോമാ ശ്ലീഹായുടെ അപ്പോസ്തോലിക പിന്തുടർച്ചയും, പാരമ്പര്യവും എത്ര മാത്രം വിലമതിക്കാനാവാത്ത സമ്പത്താണ് എന്ന് സൂചിപ്പിക്കാനാണ്. ഭാരത ക്രൈസ്തവ സഭയുടെ അമൂല്യമായ ഈ മാർത്തോമൻ സ്വത്വ ബോധത്തിലും, ജാത്യാഭിമാനത്തിലും കഴിഞ്ഞിരുന്ന ഇവിടുത്തെ ക്രൈസ്തവ സഭകളായ ഓർത്തഡോക്സ്, സീറോ മലബാർ, മാർത്തോമാ തുടങ്ങിയ നസ്രാണി സഭകളുടെ പൊതു പാരമ്പര്യത്തെയും, അപ്പോസ്തോലിക പൈതൃകത്തെയും അന്ത്യോഖ്യൻ പാത്രിയർക്കീസ് ‌അധിക്ഷേപിക്കുകയും, അപഹസിക്കുകയും ചെയ്യുക വഴിയാണ് ഇന്ന് മലങ്കര സഭയിൽ കാണുന്ന കക്ഷി വഴക്കുകളും, നിയമ യുദ്ധങ്ങളും 1970-ൽ പുനരാരംഭിക്കുന്നത്. മലങ്കര സഭയിലെ കാതോലിക്കേറ്റ് സ്ഥാപനത്തെ തുടർന്ന് 1912-ലെ പിളർപ്പ് നീണ്ട വ്യവഹാരങ്ങളുടേയും, ബലാബലങ്ങളുടേയും ഒക്കെ അവസാനം 1958-ൽ ബഹു. സുപ്രീംകോടതിയുടെ 5 അംഗ വിശാല ബെഞ്ച് ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധി എഴുതിയതോടെ അവസാനിച്ച്, ഇരു കക്ഷികളും യോജിച്ചു. 1934-ലെ മലങ്കര സഭയുടെ ഭരണഘടനാനസൃതവും ബഹു. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലും വി. മാർത്തോമാ ശ്ലീഹായുടെ സിംഹാസനാധിപനായ മലങ്കര സഭയിലെ പരിശുദ്ധ പൗരസ്ത്യ കാതോലിക്കായും, പരിശുദ്ധ അന്ത്യോഖ്യൻ പാത്രിയാർകീസും കോട്ടയം പഴയ സെമിനാരിയിൽ പരസ്പര സ്വീകരണ കല്പനകൾ കൈമാറി ഈ യോജിപ്പ് പൂർണതയിലെത്തിയതോടെ, മലങ്കര സഭ കോടതി വിധിയുടെ നിയമാനുസൃത നടത്തിപ്പും, ലഭിക്കേണ്ട ഭാരിച്ച കോടതി ചിലവും ഉപേക്ഷിച്ച് ഉത്തമമായ ക്രൈസ്തവ സാക്ഷ്യം ഉയർത്തി പിടിച്ചു. ഐക്യത്തിലും, സമാധാനത്തിലും സഞ്ചരിച്ചിരുന്ന മലങ്കര സഭയിൽ, 1958-ലെ സുപ്രീംകോടതി വിധി നടത്തിപ്പിൻ്റെ കാലാവധിയായ കൃത്യം 12 വർഷം പിന്നിട്ട, 1970-കളോടെ പരിശുദ്ധ അന്ത്യോഖ്യാ പാത്രിയർക്കീസിൻ്റെ ആശീർവാദത്തോടെ വിഘടനവാദം വീണ്ടും ശക്തി പ്രാപിച്ചു. പ്രധാനമായും കോട്ടയത്തിനു തെക്കും, വടക്കും എന്ന നിലയിൽ രൂപപ്പെട്ട ശാക്തിക ചേരികളിൽ ഇന്ന് യാക്കോബായ വിഭാഗം അവതരിപ്പിക്കുന്നത് പോലെ ഒരു വിശ്വാസ പ്രശ്‌നവുമില്ലായിരുന്നു, ഉണ്ടായിരുന്നത് കേവലം കോട്ടയംകാരും, അങ്കമാലിക്കാരും തമ്മിലുള്ള ചക്കളത്തി പോര് മാത്രം. ഇന്ത്യൻ ജുഡീഷ്യറി മുടക്ക് കല്പിച്ച തൻ്റെ അധികാരവും, ദ്രവ്യാഗ്രഹവും വീണ്ടും മലങ്കര സഭയിലെ ഒരു അസംതൃപത വിഭാഗത്തെ അടർത്തി എടുത്ത ഒരു “സമാന്തര ഭരണം” സൃഷ്ടക്കുന്നതിൽ അന്നത്തെ അന്ത്യോഖ്യാ പാത്രിയർക്കീസായ പരിശുദ്ധ. യാക്കോബ് ത്രിതീയൻ പാത്രിയർക്കീസ് വിജയിച്ചു. ഇങ്ങനെയാണ് നീറി പുകഞ്ഞു നിന്നിരുന്ന മലങ്കര സഭയിലെ വിഘടനവാദികൾക്ക് ഒരു ത്വാതിക അടിത്തറയുണ്ടാക്കാനായി വി. മാർത്തോമാ ശ്ലീഹായുടെ അപ്പോസ്തോലിക പട്ടത്വത്തേയും, പാരമ്പര്യത്തേയും അധിക്ഷേപിച്ചുകൊണ്ട് 203/1970 എന്ന കുപ്രസിദ്ധ കല്പന അന്ത്യോഖ്യാ പാത്രിയാർകീസായ പരിശുദ്ധ യാക്കോബ്‌ ത്രിതീയൻ മലങ്കരയിലേക്ക് അയയ്‌ക്കുന്നതും, തുടർന്ന് വിഘടിത പക്ഷത്തിനു വേണ്ടി ഏകപക്ഷീയമായി ചിലരെ മെത്രാപ്പോലീത്തന്മാരായി മലങ്കരയിലേക്ക് വാഴിച്ചയച്ചുകൊണ്ട് ഇവിടത്തെ ഭിന്നതയെ ഒരു പിളർപ്പിലെത്തിക്കുന്നതും. ഇന്നും പിൻവലിക്കപ്പെട്ടിട്ടില്ലാത്ത, കേരളത്തിലെ സകല മാർത്തോമൻ നസ്രാണികളുടെയും ഹൃദയം തകർത്ത വിവാദ കല്പനയുടെ സംക്ഷിപ്ത വിവരങ്ങൾ ഇങ്ങനെയാണ് . സാധാരണയായി കാണപ്പെടുന്ന ആമുഖത്തിനു ശേഷം പറയുന്നത് മാർതോമാ ശ്ലീഹായുടെ സിംഹാസനമെന്ന് പൗരസ്ത്യ കാതോലിക്കോസ് തൻ്റെ കല്പനകളിൽ ചേർക്കുന്നത് തെറ്റാണ് എന്നാണ്. പക്ഷേ ഇത്തരമൊരു സംജ്ഞ കാതോലിക്കേറ്റ് സ്ഥാപനത്തിന് ശേഷം മലങ്കര മെത്രാപ്പോലീത്തന്മാർ ഉപയോഗിച്ചു വന്നതിരുന്നതാണ്. 1958-ലെ അനുരഞ്ജനത്തിന് മുൻപും മലങ്കരയിലെ കാതോലിക്കാ ബാവാമാർ വി.മാർത്തോമായുടെ ശ്ലീഹായുടെ സ്ലൈഹീക പാരമ്പര്യം എല്ലാ അർത്ഥത്തിലും അവകാശപ്പെട്ടിരുന്നതും, അന്ത്യോഖ്യൻ സഭയ്ക്ക് ഇത് അറിവുള്ളതുമാണ്. പ്രധാനമായും നാല് കാരണങ്ങളാണ് അന്ത്യോഖ്യൻ പാത്രിയർക്കീസ് തടസ്സവാദമായി ഉയർത്തിയത്. ഈ നാലു കാര്യങ്ങളിൽ ഏറ്റവും കുപ്രിസിദ്ധമായത് മാർത്തോമാ ശ്ലീഹാ ഒരു വൈദികൻ പോലുമാകാൻ യോഗ്യനല്ല എന്ന രണ്ടാമത്തെ കാരണമാണ് – “യേശു ക്രിസ്തു ശിഷ്യന്മാർക്കു ഉയിർപ്പിനു ശേഷം പ്രത്യക്ഷപ്പെട്ട് അവരെ ലോകമെങ്ങും സുവിശേഷം പ്രചരിപ്പിക്കാനായി അവരിൽ പരിശുദ്ധ റൂഹായെ ഊതി അയച്ചപ്പോൾ തോമസ് അപ്പോസ്തോലൻ അവിടെയില്ലായിരുന്നുവെന്നത് കൊണ്ട് തോമസ് അപ്പോസോതോലൻ ഒരു പുരോഹിതൻ പോലുമല്ല. ഒരു പുരോഹിതൻ പോലുമല്ലായിരിക്കെ, മഹാപുരോഹിതനാകാനോ, അപ്പോസ്തോലിക സിംഹാസനം സ്ഥാപിക്കപ്പെട്ട എന്ന് വിശ്വസിക്കുവാനോ കഴിയില്ല”. നസ്രാണികളുടെ തോമാവബോധത്തെയും, നൂറ്റാണ്ടുകളായി പരിചയിച്ചു പോന്ന വിശ്വാസ സത്യത്തെയും, ആത്മാഭിമാനത്തിനെയുമാണ് ഒറ്റയടിക്ക് ഉന്മൂലനം ചെയ്യുവാൻ പരിശുദ്ധ പാത്രിയർക്കീസ് ശ്രമിച്ചത്. ആ കുടിലതയുടെ പരിണിത ഫലമാണ്, അഥവാ ഉല്പന്നമാണ് മലങ്കര സഭാ വിഭജനത്തിനും, ഇന്നും തുടരുന്ന കലഹത്തിനും നേരിട്ട കാരണമായി തീർന്ന 203/1970 എന്ന വിഷലിപ്ത കല്പന. ഈ കല്പനയുടെ വേദ വീപിരത്തേയും, അടിസ്ഥാനമില്ലായ്മയും വി.മത്തായിയുടെ സുവിശേഷത്തിൽ 19 ആം അദ്ധ്യായത്തിൻ്റെ 27, 28 എന്ന വാക്യങ്ങളിൽ യേശു ക്രിസ്തു തന്നെ തുറന്നു കാട്ടുന്നത് ഇപ്രകാരമാണ്, “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജനനത്തിൽ മനുഷ്യപുത്രൻ തൻ്റെ മഹത്വത്തിൻ്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്ന് ഇസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കും എന്ന് ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”.

ഇതിലും വലിയ വൈരുധ്യങ്ങളാണ്‌ 1970-കളിൽ മലങ്കര സഭയിൽ അന്ത്യോഖ്യൻ തീവ്ര വികാരം ആളിക്കത്തിച്ചു, സാക്ഷാൽ ത്രീയേക ദൈവ വിശ്വാസത്തെക്കാൾ വലുതായി അന്ത്യോഖ്യൻ പാത്രിയർക്കീസിനോടുള്ള അന്ധമായ വിധേയത്വവും, ഓർത്തഡോക്സ് വിരോധവും വിശ്വാസികളിൽ കുത്തി നിറച്ചു, പെറ്റമ്മയ്ക്കും പെറ്റ നാടിനും മേലെയാണ് അന്ത്യോഖ്യ എന്ന് ജനത്തെ കൊണ്ട് ആർത്തു വിളിപ്പിച്ചവർ പിന്നീട് ഇതേ അന്ത്യോഖ്യൻ പാത്രിയാർകീസിൻ്റെ ആത്മീയ അധികാരത്തെ അടിമ നുകത്തോടാണ് (ഇരുമ്പ് നുകം) ഉപമിച്ചത്. യാക്കോബായ വിഭാഗത്തിൽ നിന്നും അന്ത്യോഖ്യൻ പാത്രിയർക്കീസിനു കീഴിൽ കാതോലിക്കാ സ്ഥാനമേറ്റ ഇപ്പോഴത്തെ കാതോലിക്കാ ഉൾപ്പെടെ 2 ശ്രേഷ്ഠ കാതോലിക്കാമാരും ഈ അന്ത്യോഖ്യൻ ബാന്ധവത്തെ അടിമനുകമെന്നാണ് പലപ്പോഴും വിശേഷിപ്പിച്ചിരിക്കുന്നത്. ആദ്യ ശ്രേഷ്ഠ കാതോലിക്കായായിരുന്ന ആബൂൻ മാർ ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവ തൻ്റെ തന്നെ നേതൃത്വത്തിൽ മലങ്കരയിൽ 1970-ൽ പുനരാരംഭിച്ച അന്ത്യോഖ്യൻ സഭയുമായുള്ള ബന്ധത്തെ, 1989 സെപ്റ്റംബർ 28-നു പരിശുദ്ധ സാഖാ പ്രഥമൻ പാത്രിയർക്കീസിനു, അദ്ദേഹത്തിൻ്റെ 255 – ആം നമ്പർ കല്പനയുടെ മറുപടിയായി അയച്ച കത്തിൽ ഇപ്രകാരമാണ് പറയുന്നത്.  “ക്രിസ്തീയ ലോകം മുഴുവൻ തിരഞ്ഞാലും ഏതെങ്കിലും ഒരു സഭാ സ്ഥാനി, ഇത്രയും പരുഷവും നിയന്ത്രണാധിഷ്ഠിതവും അന്തസില്ലാത്തതുമായ ഒരു ശൽമൂസ (ഉടമ്പടി പത്രം) സമർപ്പിച്ചിട്ടുള്ളതായി അങ്ങ് കണ്ടെത്തുകയില്ല. അതാകട്ടെ ഒരു ശൽമൂസ എന്നതിനേക്കാൾ ഒരു അടിമ തൻ്റെ ഉടമയ്ക്ക് നൽകിയ ബന്ധനപത്രം എന്നതായിരിക്കും കൂടുതൽ ശരിയെന്ന് അങ്ങും സമ്മതിക്കും എന്നാണ് എൻ്റെ വിശ്വാസം”. ഇനി ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്കാ തോമസ് പ്രഥമൻ ബാവ തൻ്റെ കീഴിലുള്ള മെത്രാപ്പോലിത്താമാർക്ക്, എഴുതിയ Mt – 63 / 2014 എന്ന കല്പനയിൽ നിന്ന്, “ഇന്ത്യയിലെ പരിശുദ്ധ സഭ ഇത്ര നിർഭാഗ്യവതിയും, ഇരുമ്പു ദണ്ഡ് കൊണ്ടുള്ള നുകത്തിന് കീഴിലുള്ള അടിമത്വവും അനുഭവിക്കേണ്ടി വരുന്നെല്ലോ”. മനുഷ്വത്വം നഷ്ടപ്പെട്ട ഈ നരകയാതന എത്ര നാൾ അനുഭവിക്കും എന്നും, അന്ത്യോഖ്യൻ സഭാ നേതൃത്വം വൈരാഗ്യ ബുദ്ധിയോടെയുള്ള പക പോക്കൽ ഇപ്പോഴും തുടരുകയാണ് എന്ന വിലാപവും ഈ കല്പനയിൽ കാണാം. ഇന്ന് വർത്തമാന കാലത്തു ക്നാനായ സമുദായത്തോടും ഇതേ മുടക്കും, ഉടക്കുമല്ലേ അന്ത്യോഖ്യൻ സുറിയാനി ഓർത്തഡോക്സ് സഭ കാട്ടുന്നത്. സിറിയൻ വംശീയ ബന്ധം അഭിമാനമായും, അഹങ്കാരമായും തലയിൽ ചുമക്കുന്ന ക്നാനായ സമുദായം പോലെ അന്ത്യോഖ്യൻ പാത്രിയർക്കീസിൻ്റെ നിയമവിരുദ്ധ കടന്നു കയറ്റങ്ങൾക്ക് എതിരെ ഇന്ത്യാ രാജ്യത്തിൻ്റെ കോടതികളെയല്ലേ നിയമപരമായി ആശ്രയിച്ചത്? ഇതര സഭകളെയും, രാഷ്ട്രീയ ഭരണ നേതൃത്വങ്ങളേയും ഒന്നും ഒരു മധ്യസ്ഥതയ്ക്കു ക്നാനായ സമുദായം ആശ്രയിക്കുന്നുമില്ല, അടുപ്പിക്കുന്നുമില്ല എന്നത് ഇത്തരുണത്തിൽ പ്രത്യേക പ്രാധാന്യമുള്ള വസ്തുതയാണ്. ഇതേ അനുഭവം തന്നെയല്ലേ 1908-ൽ പരിശുദ്ധ വട്ടശ്ശേരി മാർ ദിവന്നാസ്യോസ് തിരുമേനി അനുഭവിച്ചതും, 1912-ൽ മലങ്കര സഭയെ അന്ത്യോഖ്യൻ അടിമ നുകത്തിൽ നിന്നും വിടർത്തി ഒരു ദേശീയ സ്വതന്ത്ര സഭയായി മാറ്റുവാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും, പിന്നീട് 1934 ഭരണഘടന എന്ന വന്മതിൽ പണിതതും എന്ന് ചിന്ത ഇവിടെയാണ് പ്രസ്കതമാക്കുന്നത്. അപ്പോൾ “അമ്മയെ ഞങ്ങൾ മറന്നാലും അന്ത്യോഖ്യായെ മറക്കില്ല” എന്ന മുദ്രവാക്യവും, അന്ത്യോഖ്യൻ – മലങ്കര ബന്ധം, പാത്രിയർക്കീസിനോടുള്ള അന്ധമായ സ്നേഹവും, കൂറുമൊക്കെ ഇവിടത്തെ വിശ്വാസികളെ പറഞ്ഞു പറ്റിച്ച, സമാന്തര ഭരണത്തിനുള്ള യാക്കോബായ നേതൃത്വത്തിൻ്റെ ഒരു മറ മാത്രമാണ് എന്നത് വ്യക്തമല്ലേ? ഇവിടെ ഞങ്ങൾക്ക് നിങ്ങളോടു പറയാനുള്ളത് ഒരു തിരുവചനമാണ് “സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ ; അടിമനുകത്തിൽ പിന്നേയും കുടുങ്ങിപ്പോകരുതു” (ഗലാത്യർ -5 :1) copyright@ovsonline.in

യാക്കോബായ നേതൃത്വത്തോടും, വിശ്വാസികളോടുമുള്ള ചില ചോദ്യങ്ങൾ ഇതാണ്:

  • പ്രാർത്ഥനയും – പ്രാക്കും, വിലാപവും – വെല്ലുവിളിയും, ദൈന്യതയും – ക്രൗര്യവും, വേട്ട- ഇരവാദവുമൊക്കെ സമാസമം സമർത്ഥമായി ഇഴകി ചേർത്ത് പൊതു സമൂഹത്തിൻ്റെ സഹതാപം ഇരന്നു വാങ്ങി ബഹു. സുപ്രീം കോടതി വിധികൾക്കും, രാജ്യത്തെ ഭരണ-നിയമ സംവിധാനങ്ങൾക്കും എതിരേ നടത്തുന്ന വിശ്വാസ പോരാട്ടം എന്ന നിയമവിരുദ്ധ കലാപം കൊണ്ട് എത്ര നാൾ സത്യത്തെയും, വസ്തുതകളെയും മറയ്ക്കാൻ കഴിയും?
  •  മലങ്കര സഭയിൽ വിഘടനവാദം വീണ്ടുമുയർത്താനായി വി. മാർത്തോമാ ശ്ലീഹായ്ക്ക് ഒരു വൈദികൻ്റെ അധികാരം പോലുമില്ല എന്ന ഭാരതീയ തദ്ദേശീയ സഭയെ ആക്ഷേപിച്ച അന്ത്യോഖ്യൻ പാത്രിയർക്കീസിൻ്റെ അനുയായികളായ മലങ്കരയിലെ യാക്കോബായക്കാർ 1970 -നു ശേഷം കൈയ്യടക്കി വെച്ചിരുന്ന മാർത്തോമാ ശ്ലീഹായുടെ നാമത്തിൽ 1100 -ൽ പണിത മുളന്തുരുത്തി പോലെയുള്ള മാർത്തോമൻ ദേവാലയങ്ങൾക്കു വേണ്ടി വിലപിക്കുന്നതും, മലങ്കര സഭയിലെ വിഷയങ്ങളിൽ നിന്നും മുതലെടുപ്പിന് ശ്രമിക്കുന്ന മാർത്തോമൻ പാരമ്പര്യമുള്ള ഇതര സഭാ നേതൃത്വങ്ങളോട് തങ്ങളോട് സഹതാപം പ്രകടിപ്പിക്കണം എന്ന് യാചിക്കുന്നതുമൊക്കെ കാലത്തിൻ്റെ തിരിച്ചടികളല്ലേ?
  • പരിശുദ്ധ മുറിമറ്റത്തിൽ പൗലോസ് പ്രഥമൻ കാതോലിക്ക ബാവ, പരിശുദ്ധ ഔഗേൻ കാതോലിക്ക ബാവ മുതൽ ഇങ്ങോട്ടു എത്രയെത്ര പിതാക്കന്മാരെയും, വൈദികരെയും അന്ത്യോഖ്യ ലഹരിയിൽ നിങ്ങൾ ശാരീരികമായും, മാനസികമായും ഉപദ്രവിച്ചിട്ടുണ്ട് ? കക്ഷി വഴക്കിൻ്റെ ആസ്കത്തി മൂലം ദൈവിക ബോധം നഷ്ടപെട്ട എത്രയെത്ര ഓർത്തഡോക്സ്‌ വിശ്വാസികളെ നിങ്ങൾ തല്ലിയും, കൊന്നും ദൈവകോപം വിളിച്ചു വരുത്തിയില്ലേ?
  • മലങ്കരയിൽ അന്ത്യോഖ്യ സാമ്രാജ്യം സൃഷ്ടിക്കാനായി റബർ തോട്ടങ്ങളിലും, സെമിത്തേരികളിലും, വഴി വക്കിലുമൊക്കെ വി.കുർബാന എന്ന പരിപാവന കൂദാശയെ പോലും സമരാഭാസമാക്കി, ദൈവകൃപയെ നിങ്ങൾ ആട്ടിയകറ്റിയില്ലേ? വാശിക്കും, കക്ഷി മല്സരത്തിനും നടത്തേണ്ടതാണ് വി. ബലിയെന്നും, അന്ത്യോഖ്യ വിശ്വാസത്തിനു വേണ്ടി എന്ത് തിന്മ ചെയ്താലും അത് നീതികരിക്കാനാകുന്ന സംഗതിയാണ് എന്ന് നിലയിൽ വിശ്വാസികളെ തന്നെ മൂല്യബോധമില്ലാത്തവരായി തീർത്തില്ലേ?
  • നിയമപോരാട്ടത്തിൽ തിരിച്ചടികൾ നേരിട്ടപ്പോൾ, കോടതി വിധികളുടെ സാംഗത്യവും, ഗൗരവും മനസിലാക്കി ശരിയായ ഗുണഭോകതാക്കളായ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സഹായകരമായ ദീർഘവീക്ഷണമുള്ള നടപടികൾ എടുക്കേണ്ടവർ, പൗരോഹത്യ സ്ഥാനികളുടെ തൊഴിൽ-സമ്പത്തു സംരക്ഷണം എന്ന ഒറ്റ അജണ്ട മുൻനിർത്തി മാന്യമായ യോജിപ്പിനും, ഐക്യത്തിനുമുള്ള അവസരങ്ങൾ ഇല്ലാതാക്കി വിശ്വാസികളെ മുഴുവൻ വഴിയാധാരമാക്കിയതിൽ ആരെയാണ് പഴിക്കേണ്ടത് ?
  • 1912 -നു ശേഷം 1928 തിരുവതാംകൂർ റോയൽ കോടതി, സുപ്രീം കോടതിയിൽ 1958, 1995, 2002, 2017, 2018 വരെ എത്ര തവണ നിങ്ങൾ നിയമപരമായ എല്ലാ പരിശ്രമങ്ങളും നടത്തിയിട്ടും നിങ്ങൾ തോറ്റതിൽ ആരെയാണ് പഴിക്കേണ്ടത്? പുതിയ ഒരു നിയമം നിങ്ങൾക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടാൽ തന്നെ അത് ശ്വാശതമായി നിങ്ങളുടെ നിലവിലെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാകുമോ?
  • തിരുവതാംകൂർ ദിവാനായിരുന്ന സർ സി.പി രാമസ്വാമി അയ്യർ മുതൽ സമകാലീന ചരിത്രത്തിൽ കപിൽ സിബലും. മുകൾ റോത്തഗിയും വരെയുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ വക്കീലന്മാർ നിങ്ങൾക്ക് വേണ്ടി നിരന്തരം വാദിച്ചിട്ടും നിങ്ങൾക്ക് ബഹു. കോടതികളെ നിങ്ങളുടെ വാദങ്ങൾ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്ത് വിലപ്പിക്കുന്നതിൽ എന്ത് ന്യായമുണ്ട് ?
  • വട്ടിപ്പണ അവകാശം മുതൽ അന്ത്യോഖ്യൻ പാത്രിയർക്കീസിൻ്റെ മലങ്കരയിലെ സ്ഥാനം, കാതോലിക്കോസിൻ്റെ മുടക്ക്, മലങ്കര മെത്രാപ്പോലീത്തയുടെ തിരഞ്ഞെടുപ്പ് സാധുത, ഇടവക പള്ളികളുടെ സ്വാത്രന്ത്യം, 1934 ഭരണഘടനയുടെ അസൽ പകർപ്പ് മുതൽ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 32 വരെ ഭൂമിയിൽ അവശേഷിക്കുന്ന സകല കച്ചിതുരുമ്പിലും തൂങ്ങിയാടി, മലങ്കരയിലെ വിഘിടിത സമാന്തര ഭരണം നിലനിർത്താനായി സകല വാദങ്ങളും വിവിധ കോടതികളുടെ എണ്ണമറ്റ ബെഞ്ചുകളിൽ നിരത്തിയിട്ടും നിങ്ങൾ തോറ്റതിന് ആരെയാണ് പഴിക്കുക?
  • 1958 മുതൽ 1972 വരെ മലങ്കരയിലുടനീളം പ്രാബല്യത്തിലുണ്ടായിരുന്ന 1934 മലങ്കര സഭാ ഭരണഘടനയ്ക്ക്, ബഹു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഒരിയ്ക്കലും വിധേയപ്പെടില്ല എന്ന ദുർവാശിയും, ദുരഭിമാനവും മൂലം ആക്രോശിക്കുമ്പോൾ, ഇപ്പോഴത്തെ ശ്രേഷ്ഠ കാതോലിക്കാ ബാവ, കോട്ടയം ഭദ്രാസന മെത്രാപോലീത്തയായ തോമസ് മാർ തീമോത്തിയോസ്, കൊച്ചി ഭദ്രാസനാധിപനായ ജോസഫ് മാർ ഗ്രീഗോറിയോസ് എന്നിവർ ബഹു. കോടതികളിൽ ഈ ഭരണഘടനയ്ക്കു സത്യവാങ് മൂലം വിധേയേത്വം പ്രഖ്യാപിച്ചത് വഞ്ചനാപരവും, ദുരദ്ദേശപരവുമായ നെറികെട്ട പ്രവർത്തിയല്ലേ?
  • 2019-ൽ ബഹു. സുപ്രീം കോടതി മുളന്തുരുത്തി മാർത്തോമൻ ഇടവക ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായി വിധിച്ചിട്ടും, ബഹു. ഹൈക്കോടതി കേന്ദ്ര സേനയെ വിളിക്കുന്ന സാഹചര്യം വരെ നിങ്ങളെ മതിൽകെട്ടി സംരക്ഷിക്കുകയും, പിറവം പള്ളിയിലെ വിധി നടത്തിപ്പിലെ ഹാസ്യ നാടകവുമായി ബന്ധപ്പെട്ട് യാക്കോബായ നേതൃത്തിനും വിശ്വാസികൾക്കുമുണ്ടായ മാനക്കേട്, മുളന്തുരുത്തി വിധി നടത്തിപ്പിലൂടെ പൊതു സമൂഹത്തിൻ്റെ സഹതാപമായി മാറ്റാൻ സഹായിച്ച പിണറായി സർക്കാർ ഇതിൽ കൂടുതൽ മലങ്കര സഭയിലെ വിഘടിത വിഭാഗത്തിന് എന്ത് പുതിയ നിയമമാണ് മതേതര നവോത്ഥാന കേരളത്തിൽ ഇനിയും ചെയ്തു തരേണ്ടത് ?
  • 1995 ബഹു. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിൽ മലങ്കര സഭയിലെ രണ്ടു കക്ഷികളിൽ ഒരു കൂട്ടരായ യാക്കോബായ വിഭാഗം, ബഹു. സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, പരുമലയിൽ 2002-ൽ ജസ്റ്റിസ്. മളീമഠ് കമ്മീഷൻ നടത്തിയ മലങ്കര മെത്രാപ്പോലീത്തൻ തിരഞ്ഞെടുപ്പിൽ യാക്കോബായ ഇടവകളുടെ പ്രാധിനിത്യ രേഖകളും, തിരഞ്ഞെടുപ്പിനായി അടയ്ക്കേണ്ട തുകയും കെട്ടി വെച്ചതിനു ശേഷം , അതെ ദിവസം നിങ്ങൾ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു, പുത്തൻകുരിശിൽ സമാന്തര യോഗം വിളിച്ചു, 2017-ൽ സുപ്രീം കോടതി റദ്ദ് ചെയ്ത ബദൽ സഭാ ഭരണഘടനയും പാസ്സാക്കി, സ്വയം മലങ്കര സഭയ്ക്ക് പുറത്തു പോയ നിങ്ങൾക്ക് ഏതു കോടതിയാണ് മലങ്കര സഭയുടെ അധികാരത്തിൽ വരേണ്ട പള്ളികളുടെ അവകാശം അനുവദിച്ചു തരിക?
  • ഏതു കോടതി വിധി വന്നാലും കേരളത്തിലെ ഇടത് – വലത് സർക്കാരുകളെ പെരുവിരലിൽ നിർത്താൻ പ്രാപ്തിയുള്ള മലങ്കരയുടെ യാക്കോബ് ബുർദ്ദാനയുടെയും, ഒരു ഡസൻ രാഷ്ട്ര ബോധമില്ലാത്ത രാഷ്ട്രീയ നേതാക്കന്മാരുടെ സംരക്ഷണത്തിൻ്റെയും, കണക്കറ്റ കള്ളപണത്തിൻ്റെയും, ഏറണാകുളം ജില്ലയിലെ ഉദ്യാഗസ്ഥർക്കുള്ള മാസപ്പടിയുടെയും, നിഷ്കളങ്കരായ വിശ്വാസികളുടെ തലയെണ്ണലിലും, പേശീബലത്തിൻ്റെയും കരുത്തിലും എന്നും തങ്ങളുടെ ശക്‌തി കേന്ദ്രങ്ങളിൽ നിർബാധം സമാന്തര ഭരണം തുടരാം എന്നുള്ള അതിമോഹമല്ലേ 2017 ജൂലൈ 3 -ന് ബഹു. സുപ്രീം കോടതി വിധിയോടെ തകർന്നത്?

ചുരുക്കത്തിൽ ബഹു. ഹൈക്കോടതി ബന്ദ്‌ നിരോധിച്ചപ്പോൾ, ഹർത്താൽ കൊണ്ട് വന്നു, ഇനി ഹർത്താൽ നിരോധിച്ചാൽ പണിമുടക്ക് വരും. ഫലത്തിൽ എങ്ങനെയായാലും ജനത്തിന് നിർബന്ധിത ഭവന തടവ് എന്ന് പറയുംപോലെ എന്നും ഇങ്ങനയൊക്കെ അങ്ങ് പോകാം എന്ന് വ്യാമോഹിച്ചപ്പോൾ, ഇത് അരാജകത്വവും, ഏകാധിപത്യവുമൊക്കെ അരങ്ങു വാണിരുന്ന സിറിയയല്ല എന്ന പാവം വിശ്വാസികൾ പോലും മറന്ന് പോയി. യാക്കോബായക്കാരെ, നിങ്ങൾ എന്ത്‌ കൊണ്ടാണ് നിയമത്തിൻ്റെ മുന്നിൽ ആദ്യാവസാനം തോറ്റത് എന്ന് സത്യസന്ധമായി ചിന്തിക്കുക, സ്വത്രന്തമായി വിലയിരുത്തുക. ഇതിനൊക്കെ ആരെയെങ്കിലും നിങ്ങൾക്ക് പഴിക്കണമെങ്കിൽ അതിനു നിങ്ങളുടെ നേതൃത്തെ മാത്രമാണ്‌ പഴിക്കേണ്ടത്. നിയമപോരാട്ടത്തിൽ തിരിച്ചടികൾ നേരിട്ടപ്പോൾ, കോടതി വിധികളുടെ സാംഗത്യവും, ഗൗരവും മനസിലാക്കി ശരിയായ ഗുണഭോകതാക്കളായ വിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സഹായകരമായ ദീർഘവീക്ഷണമുള്ള നടപടികൾ എടുക്കേണ്ടവർ, പൗരോഹത്യ സ്ഥാനികളുടെ തൊഴിൽ-സമ്പത്തു സംരക്ഷണം എന്ന ഒറ്റ അജണ്ട മുൻനിർത്തി വിശ്വാസികളെ തന്നെ വഴിയാധാരമാക്കിയതിൽ നിങ്ങളുടെ എതിർപക്ഷം എന്ത് പിഴച്ചു? സർവശക്തനായ ദൈവമാണ് നിങ്ങളുടെ എതിർ പക്ഷത്തിനു വേണ്ടി നിങ്ങളോടു പോരാടിയത് എന്ന് ഈ വൈകിയ വേളയെങ്കിലും അക്രമത്തിലും, അപഹാസ്യത്തിലും, കൈയൂക്കിലും മാത്രം ആശ്രയിച്ചിരുന്ന തീവ്ര യാക്കോബായ സഹോദരങ്ങൾ തിരിച്ചറിയുക. മുന്നോട്ടുള്ള നടപടികളും, നിലപാടുകളും നിങ്ങൾക്ക് തന്നെ തീരുമാനിക്കാം, അതിൻ്റെ ഫലവും നിങ്ങൾ തന്നെ അനുഭവിക്കും. ഏതു രാഷ്ട്രീയ കക്ഷി നിങ്ങൾക്ക് വേണ്ടി എത്ര ഉപായങ്ങളും, ഉപജാപകങ്ങളും ഒരുക്കിയാലും നിങ്ങൾ നിങ്ങളെ തന്നെ വലിച്ചിട്ടിരിക്കുന്ന ദൈവിക കോപത്തിൻ്റെയും, ആത്മീയ പിതാക്കന്മാരുടെ ശാപത്തിൻ്റെയും കുഴിയിൽ നിന്നും ആത്യന്തികമായി നിങ്ങൾ കരകയറുക എന്നത് നിങ്ങളുടെ പൂർവകാല – വർത്തമാന കാല പ്രവർത്തികളും, ഭാവികാല സ്വപനങ്ങളും പരിഗണിക്കുമ്പോൾ പ്രതീക്ഷയ്ക്ക് അത്ര വകയില്ല. എങ്കിലും ഈ പരിശുദ്ധ നോമ്പ് കാലത്തു എങ്കിലും ദുർവാശിയും, ഭുരഭ്യമാനവും വെടിഞ്ഞു നിങ്ങൾ യാഥാർഥ്യബോധത്തോടെ കൂടെ ബഹു. കോടതി വിധികളെ അംഗീകരിച്ചു മലങ്കര സഭയിലെ നിങ്ങളുടെ അവകാശങ്ങളെ നിയമാനസൃത നിലയിൽ സ്വായത്തമാക്കാനുള്ള മാതൃകാപരവും, മാന്യവുമായ നിലപാടിലേക്ക് പരസ്യമായി കടന്നു വരാനുള്ള സാഹചര്യമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുകയും, ആശംസിക്കുകയും ചെയ്യുന്നു. സർവശക്തനായ നമ്മുടെ പിതാവാം ദൈവവും, നമ്മുടെ കാവൽ പിതാവായ ഭാരത അപ്പോസ്തലൻ മാർത്തോമാ ശ്ലീഹായും മലങ്കര സഭയെപ്പറ്റി ആഗ്രഹിക്കുന്നത് ഐക്യവും, യോജിപ്പും, സഹവർത്തിതുവമല്ലേ?

അടിക്കുറിപ്പ്: മലങ്കര സഭയുടെ ഇരുപക്ഷത്തെയും പ്രതിനിധികരിച്ച് സോഷ്യൽ മീഡിയയിൽ ധാരാളം ഗ്രൂപ്പകളും, പേജുകളും ഉണ്ട്. മത്സര ബുദ്ധിയോടെ തങ്ങളുടെ വിശ്വാസി സമൂഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താനും, ആശയങ്ങൾ പ്രചരിപ്പിക്കാനും സോഷ്യൽ മീഡിയ ആവശ്യമാണ് എങ്കിലും മലങ്കര സഭാ തർക്കങ്ങളിൽ അനാരോഗ്യപരമായ വികാരപ്രകടനങ്ങൾ കൊണ്ടും, നിലവാരമില്ലാത്ത ആക്ഷേപങ്ങൾ കൊണ്ടും, ഇക്കിളി സാഹിത്യം കൊണ്ടും മേധാവിത്വം നേടാൻ ശ്രമിക്കുന്നത് ആർക്കും ഒരു നേട്ടവും ഉണ്ടാക്കുകയില്ല. യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന പല പേജുകളും വസ്തുതാപരമായ വിമർശനങ്ങൾക്കും, കൃത്യമായ നിലപാടുകൾക്കും അപ്പുറം കേവലം വെറി കൂട്ടങ്ങളുടെ തെറി കൂത്തുകളായി മാറുന്നത് തന്നെയാണ് അവരുടെ തോൽവികളുടെ ഒരു ഘടകമെന്ന് ഇത്തരം പേജുകളുടെ ആരാധകർ തിരിച്ചറിയട്ടെ. ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ എന്ന ഈ മാധ്യമം, യക്കോബായ വിഭാഗത്തെ അതിശക്തമായി വിമർശിക്കുമ്പോഴും, അവരുടെ നിലപാടുകളുടെ പൊള്ളത്തരങ്ങളും, പ്രവർത്തികളുടെ നിലവാരങ്ങളും ഒക്കെ കൃത്യമായി തുറന്നു കാട്ടുമ്പോളും, യാക്കോബായ വിശ്വാസികളെയും അവരുടെ പിതാക്കന്മാരെയും ദൈവിക ചിന്തയിലൂന്നി പ്രതിപക്ഷ ബഹുമാനത്തോടെ മാത്രമേ എന്നും കണക്കാക്കുന്നുള്ളൂ. അത്തരത്തിൽ ഒരു ആരോഗ്യപരമായ വിലയിരുത്തലുകൾക്കും വിമർശനങ്ങൾക്കും ആശയപ്രചാരണത്തിനും ഈ പുണ്യ നോമ്പ്കാലം നാം ഏവരെയും സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. copyright@ovsonline.in

ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ

error: Thank you for visiting : www.ovsonline.in