സാങ്കേതിക മാറ്റം ഉൾക്കൊള്ളുന്ന വിദ്യാഭ്യാസ നയം വേണം: ടി.പി.ശ്രീനിവാസൻ
കോട്ടയം∙ കാലഘട്ടത്തിന്‍റെ വെല്ലുവിളികളെ അതിജീവിക്കാൻ സാങ്കേതിക മാറ്റം ഉൾക്കൊണ്ടുകൊണ്ടുള്ള വിദ്യാഭ്യാസ നയം രൂപപ്പെടുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ ചെയർമാൻ ഡോ. ടി.പി.ശ്രീനിവാസൻ.
മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ ദേവലോകം അരമനയിൽ നടത്തിയ മെറിറ്റ് ഈവനിങ്ങിൽ മുഖ്യ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സാമ്പത്തികരംഗത്ത് വളർച്ചാനിരക്ക് കുറവാണെങ്കിലും വിദ്യാഭ്യാസ രംഗത്തെ വളർച്ചയിൽ കേരളം മുന്നിലാണ്. ക്രിസ്ത്യൻ മിഷനറിമാർ കേരളത്തിൽ വന്നു വിദ്യാഭ്യാസ രംഗത്തു നടത്തിയ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ വളർച്ചയിൽ നിർണായകമായി. ക്രൈസ്തവ മാനേജ്മെന്റുകൾ വിഭ്യാഭ്യാസ രംഗത്തു നൽകുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണ്. മാറ്റങ്ങൾ അംഗീകരിക്കാനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടാകണമെന്നും മാറ്റങ്ങൾക്കനുസൃതമായി വിദ്യാഭ്യാസ സമ്പ്രദായവും മാറണമെന്നും അദ്ദേഹം പറഞ്ഞു.
മൂല്യാധിഷ്ഠത വിദ്യാഭ്യാസം കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ.ജോൺ, അൽമായ ട്രസ്റ്റി ജോർജ് പോൾ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, മാനേജിങ് കമ്മിറ്റി അംഗം പ്രഫ. സാജു ഏലിയാസ് എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി മുതൽ ഡിഗ്രിതലം വരെ പൊതുപരീക്ഷകളിൽ വിജയം നേടിയവരെയും കലാകായിക രംഗത്ത് മികവു പുലർത്തിയവരെയുമാണ് ചടങ്ങിൽ ആദരിച്ചത്.
https://ovsonline.in/latest-news/saba-press-release/