ഫാ. രാജു തോമസ് കൈതവന റമ്പാൻ പദവിയിലേക്ക്
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക വികാരിയും മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കത്താ ഭദ്രാസനത്തിൻ കീഴിലുള്ള ഭിലായ് സെന്റ് തോമസ് മിഷനിലെ സീനിയർ വൈദികനുമായ ഫാ. രാജു തോമസിനെ റമ്പാൻ സ്ഥാത്തേക്ക് ഉയർത്തുന്നു.
കറ്റാനം സെന്റ്. സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമായ രാജു തോമസ് അച്ചൻ കൈതവന പടീറ്റേതിൽ പരേതനായ കെ.സി തോമസ്സിന്റേയും പരേതയായ സാറാമ്മ തോമസ്സിന്റേയും മൂന്നാമത്തെ മകനാണ്. 1986-ൽ ഭിലായ് മിഷനിൽ ചേർന്ന് പഠനവും മിഷൻ പ്രവർത്തനവും ആരംഭിച്ചു. ബിരുദാനന്തരം 1993-ൽ വൈദീകപഠനവും പൂർത്തിയാക്കി 1994 സെപ്തംബറിൽ പുണ്യശ്ലോകനായ ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയിൽ നിന്നും വൈദീക പട്ടവും സ്വീകരിച്ചു.
മാർച്ച് 23, വ്യാഴാഴ്ച്ച വൈകിട്ട് 4.30-ന് വിശുദ്ധ കുർബ്ബാനയും, തുടർന്ന് റമ്പാൻ സ്ഥാനാരോഹണവും നടക്കും. സിറ്റി നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്ക് കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ മുഖ്യകാർമ്മികത്വംവഹിക്കും. തുടർന്ന് പൊതുസമ്മേളനവും ഇടവകയുടെ 60-മത് വർഷിക പദ്ധതിയുടെ ഉത്ഘാടനവും നടക്കും.