ജോനകപ്പുറം കാദീശാ സുറിയാനി പള്ളിക്ക് 500 വയസ്സ്
കൊല്ലം: കാലം പിന്നിടുന്തോറും തിളക്കം ഏറുന്ന കൊല്ലം ജോനകപ്പുറം കാദീശാ സുറിയാനി പള്ളിക്ക് 500 വയസ്സ്. പെരുന്നാളും അർധ സഹസ്രാബ്ദിയും 10-ന് ആരംഭിക്കും. പേർഷ്യൻ വ്യാപാരിയായിരുന്ന മരുവൻ സപീർ ഈശോയുടെ പിൻമുറക്കാരായ കൊല്ലക്കാരൻ മുതലാളിമാർ, പരിശുദ്ധ മാർ സപോർ, മാർ അഫ്രോത്ത് എന്നിവരുടെ നാമധേയത്തിൽ 1519 -ൽ നിർമിച്ചതാണു കാദീശാ സുറിയാനി പള്ളി.
അതിന് 694 വർഷം മുൻപ് മരുവൻ സപീർ ഈശോ ഇവിടെ തരീസാ പള്ളി നിർമിച്ചിരുന്നു. പേർഷ്യയിൽ നിന്നു 825-ൽ ആണു മരുവൻ സപീർ ഈശോ, പായ്ക്കപ്പലിൽ കൊല്ലത്ത് എത്തിയത്. പേർഷ്യൻ സുറിയാനി സഭയിലെ കാതോലിക്കേറ്റിൽ നിന്നുള്ള മിഷനറിമാരായ മാർ സപോർ, മാർ അഫ്രോത്ത് എന്നിവരും കുറെ കുടുംബങ്ങളും ഒപ്പമുണ്ടായിരുന്നു. മരുവൻ സപീർ ഈശോ കൊല്ലത്ത് പ്രസിദ്ധ വ്യാപാരിയായി മാറി. ഇദ്ദേഹത്തിന്റെ പിൻഗാമികളെ തരീസാക്കൾ അഥവാ സത്യവിശ്വാസികൾ എന്നാണ് അറിയപ്പെട്ടിരുന്നത്.
സത്യവിശ്വാസികളുടെ പള്ളി എന്ന അർഥത്തിൽ ത്രിസൈശു ബഹോ പള്ളി എന്ന പേരാണ് തരീസാ പള്ളി ആയത്. പോർച്ചുഗീസുകാർ കൊല്ലത്ത് എത്തിയതോടെ സുറിയാനി ക്രിസ്ത്യാനികൾ ഒട്ടേറെ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്നു. തരീസാപള്ളി അവർ നശിപ്പിച്ചു. റോമൻ വിശ്വാസവുമായി ഒത്തു പോകാൻ കഴിയാതെ, മരുവൻ സപീർ ഈശോയുടെ പിൻമുറക്കാരായ കൊല്ലക്കാരൻ മുതലാളിമാർ പിന്നീട് കാദീശാ പള്ളി നിർമിക്കുകയായിരുന്നു.
ബാറോക്ക് ശൈലിയിലാണ് ഇതിന്റെ നിർമാണം. മാർത്തോമൻ പൈതൃകത്തിന്റെയും തരീസാ പള്ളിയുടേയും പിന്തുടർച്ചയായുള്ള ദേവാലയമായി ഇതു മാറി. മാർ സപോർ, മാർ അഫ്രോത്ത് എന്നിവരാണ് കാദീശമാർ എന്നറിയപ്പെടുന്നത്. പരിശുദ്ധന്മാർ എന്നാണ് കാദീശമാരുടെ അർഥം.