പെരുന്നയിലെ പോപ്പും സഭാ സെക്രട്ടറിയും
അങ്ങിനെ 2017 – 22 കാലത്തെ മലങ്കര അസോസിയേഷന്‍ നിലവില്‍ വന്നു. ആ കാലഘട്ടത്തിലേയ്ക്കുള്ള മാനേജിംഗ് കമ്മറ്റി അംഗങ്ങളേയും കൂട്ടു ട്രസ്റ്റിമാരെയും തിരഞ്ഞെടുത്തു. ഇനി അസോസിയേഷന്‍ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് 2017 ഏപ്രില്‍ 4-നു നടക്കും. മലങ്കരസഭയുടെ ഭരണസംവിധാന ക്രമീകരണത്തിലെ ഒരു സുപ്രധാന കാലിക പ്രക്രിയ ഒരുവട്ടംകൂടി അങ്ങിനെ പൂര്‍ത്തിയാവും.
ഈ പശ്ചാത്തലത്തില്‍ പൊതുവെ ഉയരുന്ന ഏതാനും ചോദ്യങ്ങളുണ്ട്. അവ,
1. കൂട്ടുട്രസ്റ്റിമാരെ തിരഞ്ഞടുക്കുന്നത് അസോസിയേഷനാണ്. സെക്രട്ടറിയെ മാനേജിംഗ് കമ്മറ്റിയും. എന്തുകൊണ്ട് സെക്രട്ടറിയെ അസോസിയേഷന് തിരഞ്ഞടുത്തുകൂടാ?
2. സഭാ സെക്രട്ടറിയാണോ അസോസിയേഷന് സെക്രട്ടറി ആണോ?
3. മലങ്കര സഭയുടെ കാര്യനിര്വാഹകന് (Chief Executive Officer) സെക്രട്ടറി ആണോ മലങ്കര മെത്രാപ്പോലീത്താ ആണോ?
ഈ ചോദ്യങ്ങള്‍ക്ക് പൊതുവായി മറുപടി പറയാം. പക്ഷേ അതിനു ഇവ സ്ഥാപിക്കപ്പെടുകയും നിര്ദ്ധാരണം ചെയ്യപ്പെടുകയും ചെയ്ത ചരിത്ര പശ്ചാത്തലംകൂടി മനസിലാക്കണം. അത് മലങ്കര സഭയുടെ പൊതു സ്വത്തുക്കളുടെ ഉത്ഭവവും ഭരണസംവിധാനത്തിന്‍റെ ക്രമീകരണവുമായി ബന്ധപ്പെട്ടുകിടക്കുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യപാദംവരെ മലങ്കര നസ്രാണികള്‍ക്ക് ഭരിക്കാന്‍ പൊതുസ്വത്ത് ഒന്നും ഉണ്ടായിരുന്നില്ല. അക്കാലത്താണ് പൊതുസ്വത്തുക്കളായി വട്ടിപ്പണപലിശയും പഴയസെമിനാരിയും ജന്മമെടുക്കുന്നത്. ഭരിക്കുന്ന മെത്രാന്‍ അവ കൈകാര്യം ചെയ്യുക എന്നതായിരുന്നു പതിവ്. മെത്രാന്‍റെ ഭരണത്തെപ്പറ്റി ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതൊരു ഭരണക്രമീകരണത്തിലേയ്ക്കു നീങ്ങിയിരുന്നില്ല.
ഇതിനിടയില്‍ 1836-ല്‍ മാവേലിക്കര പടിയോലയിലൂടെ മലങ്കരസഭ ആംഗ്ലിക്കന്‍ സഹവാസം വിശ്ചേദിച്ചു. തുടര്‍ന്ന് സി. എം. എസ്. മിഷിനറിമാര്‍ മലങ്കരസഭയുടെ പൂര്‍വാര്‍ജ്ജിതമടക്കമുള്ള സ്വത്തുക്കളിന്മേല്‍ അവകാശവാദം ഉന്നയിച്ചു. ഈ വിഷയത്തില്‍ തീര്‍ച്ച ചെയ്ത കൊച്ചി പഞ്ചായത്തുകോടതി, മലങ്കരസഭയുടെ പൂര്‍വാര്‍ജ്ജിത സ്വത്തുക്കള്‍ – വട്ടിപ്പണം, പഴയ സെമിനാരി – നസ്രാണികള്‍ക്ക് വിട്ടുകൊടുത്തു. പക്ഷേ അവയുടെ കൈകാര്യകര്‍ത്രത്വത്തിന് ഒരു കത്തനാരും ഒരു മാപ്പിളയും മലങ്കരമെത്രാനോടൊപ്പം കൂട്ടു ട്രസ്റ്റികളായി ഉണ്ടായിരിക്കണമെന്നും തീര്‍ച്ച ചെയ്തു. എന്നാല്‍ പഞ്ചായത്തുവിധി പക്ഷപാതപരമാണന്നതിനാല്‍ തുക കൈപ്പറ്റാന്‍ മലങ്കര മെത്രാപ്പോലീത്താ ചേപ്പാട്ട് മാര്‍ ദീവന്നസ്യോസ് നാലാമന് വിസമ്മതിച്ചു.
തുടര്‍ന്നും അനേക വര്‍ഷങ്ങളിലേയ്ക്കു കൂട്ടു ട്രസ്റ്റിമാരെ തിരഞ്ഞെടുക്കുകയോ വട്ടിപ്പണപ്പലിശ വാങ്ങുകയോ ചെയ്തില്ല. അക്കാലത്ത് സെമിനാരിയുടെ പ്രവര്‍ത്തനം നാമമാത്രമായിരുന്നുതാനും. അവസാനം 1869-ല്‍ വട്ടിപ്പണപലിശ വാങ്ങാന്‍ നിര്ബന്ധിതനായ സ്ഥിതിയില്‍ മലങ്കര മെത്രാപ്പോലീത്താ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനാസ്യോസ്, താഴത്തു ചാക്കോ ചാണ്ടപ്പിള്ള കത്തനാരേയും കുന്നുംപുറത്തു കോര ഉലഹന്നാനേയും കൂട്ടു ട്രസ്റ്റികളായി തിരഞ്ഞെടുത്തു. മലങ്കര പള്ളിയോഗം കൂടിയല്ല, പകരം പള്ളി പ്രതിനിധികളെ തിരുവനന്തപുരത്ത് റസിഡന്റിന്‍റെ മുമ്പില്‍ ഹാജരാക്കി സമ്മതം അറിയിച്ചായിരുന്നു ഇവരെ തിരഞ്ഞെടുത്തത്.
എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ 1870 മകരം 23-ലെ സെമിനാരി പടിയോലയില്‍ ഇവരെപ്പറ്റി പരാമര്‍ശനമില്ല. എന്നാല്‍ ആ പടിയോലപ്രകാരം നിയമിക്കപ്പെട്ട ആലോചനാക്കൂട്ടത്തിന്‍റെ മിഥുനം 22-ലെ നിശ്ചയങ്ങളില്‍ ഇവരെ കൂട്ടു ട്രസ്റ്റികള്‍ എന്നല്ല, ജാമ്യക്കാര്‍ എന്നു മാത്രമാണ് പരാമര്‍ശിക്കുന്നത്. അവൈദിക ട്രസ്റ്റിയായ കുന്നുംപുറത്തു കോര ഉലഹന്നാനെപ്പറ്റി സെമിനാരി മുതല്പിടി എന്നും പരാമര്‍ശനമുണ്ട്. … 9-മത – സിമ്മനാരിയില്‍ ഒരു മുതല്പിടിയ്ക്കാരനെയും, കണക്കെഴുതുന്നതിന്നു ഒരു പിള്ളയെയും, ഒരു ശിപായിയെയും ഒരു വെളക്കുവെയ്പുകാരനെയും, ഒരു അടിച്ചു തൂക്കുന്നവനെയും, ശെമ്മാശന്മാര്‍ക്ക് വെയ്പിനു രണ്ടു കുശിനിക്കാരെയും, മിറ്റം അടിയ്ക്കുന്നതിന്നു ഒരാളിനെയും, ദീനത്തില്‍ ശെമ്മാശന്മാര്‍ക്ക് ശുശ്രൂഷയ്ക്കു ഒരുത്തനെയും നിയമിയ്ക്കെണ്ടതാകുന്നു. … എന്ന മിഥുനം 22-ലെ കമ്മറ്റി നിശ്ചയ പ്രകാരം സെമിനാരി മുതല്പിടി നിയമിക്കപ്പെടുന്ന ശമ്പളക്കാരനായ ഒരു ജീവനക്കാരന്‍ മാത്രമാണ്.
പൊതു മുതലുകളുടെ ധനവിനിയോഗരീതിയും അതേ യോഗം നിശ്ചയിക്കുന്നുണ്ട്. ... 11-മത – സിമ്മനാരിയില്‍ മെമ്പൂട്ടിന്ന ഒരുപൂട്ട, മാര്‍ തൊമ്മാ അത്താനാസ്യൊസു മെത്രാപ്പൊലീത്തായ്ക്കും, ഒരുപൂട്ട ജാമ്മ്യക്കാരനാകുന്ന പുന്നത്രെ അലക്കുസന്ത്രയൊസു കത്തനാര്‍ക്കും, ഒരുപൂട്ട മുതല്പിടിയ്ക്കാരന്‍ കുന്നുംപുറത്തു ഉലഹന്നാനും. ഇപ്രകാരം സിമ്മനാരിവക മുതലുകള്‍, മൂന്നുപൂട്ടില്‍ വച്ചുപൂട്ടുകയും, ചിലവിന്നു വെണ്ടപെടുന്നത രെശീതുവാങ്ങി ഒരു മാസത്തെയ്ക്കുള്ളൊത മുതല്പിടിയ്ക്കാരനെ ഏള്‍പ്പിയ്ക്കയും, മാസം തികയുംമ്പൊള്‍, കണക്കെഴുതി അടയാളംവച്ച പൂട്ടുകാരെ ഏള്‍പ്പിക്കയും, ആവക കണക്കുകള്‍ ആലൊചനക്കാരു കൂടുമ്പൊള്‍ കെട്ടുതീര്‍ത്ത, അവരും അടയാളംവച്ച, മെലാവില്‍ബൊധിപ്പിച്ച അടയാളം വായിപ്പിച്ച സൂക്ഷിയ്ക്കുന്നതു കൂടാതെ, ഒരു പ്രതി ആലൊചനയ്ക്കാറരുടെ കൈവശവും, ചുരുങ്ങിയ പ്രതി അച്ചടിപ്പിച്ച പള്ളികളില് പ്രസിദ്ധം ചെയ്യെണ്ടതാകുന്നു … ചുരുക്കത്തില്‍, അവൈദീക ട്രസ്റ്റിയായിരുന്ന കുന്നുംപുറത്തു കോര ഉലഹന്നാനെ ദൈനംനദിന കാര്യങ്ങള്‍ നടത്തുന്നതിനും കണക്കു സൂക്ഷിക്കുന്നതിനുമായി നിയമിച്ചു. ഒരര്ത്ഥത്തില്‍ ഇന്നത്തെ അസോസിയേഷന്‍ സെക്രട്ടറിയുടെ പ്രാഗ്രൂപം ഇതായിരുന്നു എന്നു പറയാം. പിന്നീട് സെമിനാരി മുതല്പിടിമാരായി നിയമിതരായ കാഞ്ഞിരത്തില്‍ ചെറിയാന്‍, കാരിക്കല്‍ കുരുവിള ഈപ്പന്‍ എന്നിവര്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ ഇടംപിടിക്കുന്നത് ഇപ്രകാരമാണ്.
മാര്‍ ദീവന്നാസ്യോസ് അഞ്ചാമന് വിളിച്ചുകൂട്ടിയ 1873-ലെ പരുമല സുന്നഹദോസിന്‍റെ ആറാം നിശ്ചയപ്രകാരം അസോസിയേഷന്‍ കമ്മറ്റിക്ക് ഒരു സെക്രട്ടറിയും ഒരു മുതല്പിടിയും ഉണ്ടായിരിക്കണമായിരുന്നു. ആ നിശ്ചയപ്രകാരം സെക്രട്ടറി എഴുത്തുകുത്തുകള്‍, ആധാരപ്രമാണങ്ങള്‍, കണക്കുകള്‍ ഇവയും, മുതല്പിടി പണചുമതലയും വഹിക്കണം. … ആറാമത – കമ്മറ്റിക്കാര്‍ക്കു സമ്മതമുള്ള ഒരാളെ സിക്ക്രട്ടരി ആയിട്ടും, മറ്റൊരാളെ മുതല്പിടി ആയിട്ടും നിശ്ചയിക്കുന്നതിന്നും, അസൊസ്യെഷന്‍ സമ്മന്ധമായ സകല എഴുത്തുകുത്തുകളും, ആധാരപ്രമാണങ്ങളും, കണക്കുകളും, സിക്ക്രട്ടറി കൈവശം വച്ചുസൂക്ഷിപ്പാന്‍ തക്കവണ്ണവും, പണച്ചുമതലക്കു മുതല്പിടി ബാദ്യാസ്ഥാനി ആയിരിപ്പാന്തക്കവണ്ണവും, ഒരു നിശ്ചയത്തെ ഉറപ്പിക്കുന്നതിന്നു യൊഗത്തിന്‍റെ ആലൊചനയ്ക്കായി അഭിപ്രായപ്പെടുന്നു. ... എന്നാണ് ആ നിശ്ചയത്തിന്റെ പൂര്‍ണ്ണരൂപം.
അദ്ദേഹംതന്നെ മുന്കൈയ്യെടുത്തു വിളിച്ചുകൂട്ടിയതും നിയമപ്രകാരമുള്ള അസോസിയേഷനും അതിന്‍റെ മാനേജിംഗ് കമ്മറ്റിയും രൂപീകരിച്ചതുമായ 1876-ലെ മുളന്തുരുത്തി സുന്നഹദോസിന്‍റെ കാനോനാകളില്‍ സെക്രട്ടറിയും മുതല്പിടിയും ഉണ്ട്. എന്നാല്‍ അവരുടെ ജോലി വ്യക്തമായി നിര്‍വചിച്ചിട്ടില്ല. … മലയാളത്തില്‍മേലദ്ധ്യക്ഷമാരുടെ ഏകനായകശക്തിക്കു എതിരായ ശക്തി ഇല്ലായ്ക നിമിത്തം സഭയ്ക്കു ദോഷം സംഭവിച്ചിരിക്കയാല്‍ മേല്പറഞ്ഞ സമൂഹം സ്ഥിരപ്പെടുത്തുന്നതു എത്രയും ആവിശ്യവും അവരെല്ലാം കൂടി കാര്യങ്ങള്‍ നടത്തുന്നതിനു പ്രയാസവും ആകയാല്‍ ഇതില്‍ കൂടിയിരിക്കുന്ന പട്ടക്കാറരില്‍ നിന്നു എട്ടും ഒന്നാം ക്ലാസ്സില്‍ നിന്ന് അയ്മേനികള്‍ പതിനാറും ഭരിക്കുന്ന മെത്രാപോലീത്താ പ്രസിഡന്റും – കൂടിയതായ ഒരു പ്രധാന കമ്മട്ടിയും അതിലേയ്ക്കു മാസപ്പടി കൊടുത്തു നിശ്ചയിക്കേണ്ട ഒരു സിക്രട്ടെറിയും – ജാമ്യം സ്തിരപ്പെടുത്തി വരുന്നതായ ~ഒരു സ്രാപ്പും വേണ്ടുന്നതും – ജാതിയുടെ പൊതുവിലേയ്ക്കു വേണ്ടുന്ന മതസംബന്ധമായും സമൂഹസംബന്ധമായും ഉള്ള സകല കാര്യങ്ങള്‍ക്കും കൈകാരകര്‍ത്താക്കളും ഭാരവാഹികളും ആയി ഇവരെ ചുമതലപ്പെടുത്തേണ്ടതും അവരുടെ നടപടികള്‍ക്ക് വേണ്ടുന്ന ശട്ടവട്ടങ്ങളെ നിശ്ചയിച്ചു ഉറപ്പിക്കേണ്ടതും അങ്ങനെ ചെയ്യുന്ന പക്ഷം എല്ലാവിധ ഗുണവും സഭയ്ക്കു പൊതുവെ സിദ്ധിക്കുന്നതും ആകയാല്‍ അവകക്കു കൊള്ളാകുന്നവരും – പൊതുകാര്യത്തിലേയ്ക്ക് താല്പര്യമുള്ളവരും ആയി മേല്പറഞ്ഞ പട്ടക്കാറരെയും അയ്മേനികളെയും ഈ സുന്നഹദോസില്‍ വെച്ചുതന്നെ സ്തിരപ്പെടുത്തുന്നതു ആവിശ്യമെന്നു യോഗം നിശ്ചയിച്ചുറപ്പിച്ചു. … എന്ന മുളന്തുരുത്തി കാനോനാ പ്രകാരം സെക്രട്ടറി ശമ്പളക്കാരനും, സ്രാപ്പ് – ഖജാന്‍ജി – മുതലുള്ള അഥവാ താന്‍ കൈകാര്യം ചെയ്യുന്ന പൊതുപണത്തിനു ജാമ്യം കൊടുക്കാന്‍ കഴിവുള്ള – വ്യക്തിയുമായിരിക്കണം. ചുരുക്കത്തില്‍ സെക്രട്ടറിയേക്കാള്‍ ഉത്തരവാദിത്വം ഈ കാനോനാപ്രകാരം ഖജാന്‍ജിക്കാണ്.
ഇപ്രകാരം നിയമിക്കപ്പെട്ട ആദ്യ സെക്രട്ടറിയാണ് ഇടവഴിക്കല് ഇ. എം. ഫിലിപ്പ്. പക്ഷേ അദ്ദേഹം അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയില്‍ ധനവിനിയോഗം ഒന്നും നടത്തിയിരുന്നില്ല. ഖജാന്‍ജിയായി ആരേയും നിയമിച്ചുമില്ല. മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍റെ കാലം മുതല്‍ പൊതുമുതലുകള്‍ വര്ദ്ധിച്ചുവന്നു. അവയ്ക്കൊക്കെ മാനേജരന്മാരെ നിയമിച്ചാണ് ധനവിനിയോഗം നടത്തിയിരുന്നത്. എം. ഡി. സെമിനാരി ഷോടതി, കാതോലിക്കാ നിധി സംഭരണം ഇവ പോലെയുള്ള ധനസമ്പാദന യജ്ഞങ്ങള്‍ക്കും മാര്‍ ദീവന്നാസ്യോസ് പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി പോലെയുള്ള മഹാമേളകള്‍ക്കും അവ കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുകയായിരുന്നു പതിവ്.
1934 വരെയുള്ള കാലഘട്ടത്തിലൊന്നും കൂട്ടുട്രസ്റ്റിമാരുടെ തിരഞ്ഞെടുപ്പിനപ്പറ്റി പ്രത്യേക നിയമാവലി ഒന്നും ഉണ്ടാക്കിയില്ല. 1889-ലെ തിരുവിതാംകൂര്‍ റോയല്‍ കോടതി വിധി ശരിവെച്ച കൊച്ചി പഞ്ചായത്തു വിധിപ്രകാരം മലങ്കര പള്ളിയോഗമായിരുന്നു ട്രസ്റ്റിമാരെ തിരഞ്ഞെടുക്കേണ്ടിയിരുന്നത്. അതു ഭേദപ്പെടുത്തുക അസാദ്ധ്യമായിരുന്നു. അതാണ് സെമിനാരി, പരുമല, മുളന്തുരുത്തി കാനോനാകള്‍ അവരുടെ തിരഞ്ഞെടുപ്പിനേപ്പറ്റി നിശബ്ദത പാലിക്കുന്നത്. മരണം മൂലമോ, നിഷ്ക്കാസനം മൂലമോ (ഉദാ. കോനാട്ട് മാത്തന്‍ മല്പാന്‍, അക്കര സി. ജെ. കുര്യന്‍) സ്ഥാനത്യാഗം മൂലമോ (ഉദാ. മണലില്‍ യാക്കോബ് കത്തനാര്‍, തെങ്ങുംതോട്ടത്തില്‍ റ്റി. എസ്. ഏബ്രഹാം കോര്‍ എപ്പിസ്ക്കോപ്പാ) മാത്രമായിരുന്നു പുതിയ കൂട്ടു ട്രസ്റ്റി തിരഞ്ഞെടുപ്പ് ആവശ്യമായി വന്നിരുന്നത്. 1934-ല്‍ മലങ്കര സഭാ ഭരണഘടന നിലവില്‍ വന്നിട്ടും ഈ നില തുടര്‍ന്നു. 2007 മുതലാണ് കൂട്ടു ട്രസ്റ്റിമാരുടെ കാലാവധി അഞ്ചു വര്‍ഷമായി നിജപ്പെടുത്തി സമയബന്ധിത തിരഞ്ഞെടുപ്പ് ആരംഭിച്ചത്. സഭാ ഭരണഘടനയ്ക്കും കൂട്ടു ട്രസ്റ്റിമാരുടെ തിരഞ്ഞെടുപ്പ് അസോസിയേഷന്‍ നേരിട്ടു നടത്തുന്ന രീതി അവസാനിപ്പിക്കാനാവുമായിരുന്നില്ല. അപ്പോഴേയ്ക്കും സമുദായ സ്വത്തുക്കള്‍ 1889–നേക്കാള്‍ അനേകമടങ്ങ് വളര്‍ന്നെങ്കിലും അവയില്‍ ഭൂരിഭാഗവും കൊച്ചി പഞ്ചായത്തുവിധിയുടെ വ്യാപ്തിയില്‍ ഉള്‍പ്പെടാത്ത ട്രസ്റ്റുകളായിരുന്നു. അതിനാല്‍ കൂട്ടു ട്രസ്റ്റിമാര്‍ക്ക് അതില്‍ പങ്കുമില്ലായിരുന്നു.
1876-ലെ മുളന്തുരുത്തി സുന്നഹദോസ് അസോസിയേഷന്‍ രൂപീകരിച്ചെങ്കിലും കൂടുതല്‍ പ്രാധാന്യം നല്കിയത് അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിക്കായിരുന്നു. … മേല്പറഞ്ഞ സമൂഹം … അവരെല്ലാം കൂടി കാര്യങ്ങള്‍ നടത്തുന്നതിനു പ്രയാസവും ആകയാള്‍ ഇതില്‍ കൂടിയിരിക്കുന്ന പട്ടക്കാറരില്‍ നിന്നു എട്ടും … അയ്മേനികള് പതിനാറും ഭരിക്കുന്ന മെത്രാപോലീത്താ പ്രസിഡന്റും – കൂടിയതായ ഒരു പ്രധാന കമ്മട്ടിയും … ജാതിയുടെ പൊതുവിലേയ്ക്കു വേണ്ടുന്ന മതസംബന്ധമായും സമൂഹസംബന്ധമായും ഉള്ള സകല കാര്യങ്ങള്‍ക്കും കൈകാരകര്‍ത്താക്കളും ഭാരവാഹികളും ആയി ഇവരെ ചുമതലപ്പെടുത്തേണ്ടതും ... എന്ന മുകളില്‍ പറഞ്ഞ കാനോനാ വിവക്ഷിക്കുന്നത് ഇതാണ്. 1889–ലെ റോയല്‍ കോര്‍ട്ട് വിധി മുളന്തുരുത്തി സുന്നഹദോസ നിശ്ചയങ്ങള്‍ സ്ഥിരപ്പെടുത്തിയതോടെ മലങ്കര മെത്രാന്‍റെയും കൂട്ടു ട്രസ്റ്റിമാരുടെയും തിരഞ്ഞെടുപ്പ് ഒഴികെ ... ജാതിയുടെ പൊതുവിലേയ്ക്കു വേണ്ടുന്ന മതസംബന്ധമായും സമൂഹസംബന്ധമായും ഉള്ള സകല കാര്യങ്ങള്‍ക്കും … മാനേജിംഗ് കമ്മറ്റി മാത്രം ചുമതലക്കാരായി പ്രവര്‍ത്തിക്കുന്നതിനു നിയമസാധുത ലഭിച്ചു. അതനുസരിച്ച് സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് മാനേജിംഗ് കമ്മറ്റിയുടെ ചുമതലയായി. 1934-ലെ സഭാ ഭരണഘടന, മതസംബന്ധമായതും (ആത്മീകം) സമൂഹസംബന്ധമായതും (ലൗകീകം) വിഷയങ്ങള്‍ വേര്‍തിരിച്ച് യഥാക്രമം എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനേയും മാനേജിംഗ് കമ്മറ്റിയേയും ചുമതലപ്പെടുത്തിയതോടെ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് മാനേജിംഗ് കമ്മറ്റിയുടെ അധികാരമായി. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിലെ ഭദ്രാസന ഭരണമുള്ള മെത്രാന്മാര്‍ എല്ലാം മാനേജിംഗ് കമ്മറ്റിയുടെ വൈസ് പ്രസിഡന്റുമാരാകയാല്‍ അവരും ഈ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ ഭാഗഭാക്കുകളാണ്.
1934-ലെ ഭരണഘടനപ്രകാരം അസോസിയേഷന്‍ സെക്രട്ടറിയെ നിര്‍വചിച്ചിരിക്കുന്നത് താഴെ പറയുംപ്രകാരമാണ്.
(വകുപ്പ് 72) അസോസിയേഷനു ഒരു സെക്രട്ടറി ഉണ്ടായിരിക്കേണ്ടതും, ആ സെക്രട്ടറിയെ അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുക്കേണ്ടതും, ടി. തിരഞ്ഞെടുപ്പിനെ മലങ്കര മെത്രാപ്പോലീത്താ സ്ഥിരപ്പെടുത്തുന്ന പക്ഷം ആയത് സാധുവായിരിക്കുന്നതും, ആകുന്നു. യാതൊരു കാരണവും പറയാതെ സെക്രട്ടറിയെ നീക്കം ചെയ്യുന്നതിന് അസോസിയേഷന്‍ മാനേജിംഗ് കമ്മറ്റിക്ക്, അവകാശമുള്ളതാകുന്നു.
(വകുപ്പ് 73) സമുദായംവക സ്ഥാവര ജംഗമങ്ങളുടെ ഒരു രജിസ്റ്റര്‍ ഉണ്ടായിരിക്കേണ്ടതും, ആയതു ആണ്ടുതോറും നാളെതുവരെ മലങ്കര മെത്രാപ്പോലീത്തായെക്കൊണ്ടും കമ്മറ്റി അംഗങ്ങളില്‍ രണ്ടുപേരെക്കൊണ്ടും ഒപ്പിടുവിച്ചു സെക്രട്ടറി സൂക്ഷിക്കേണ്ടതും ആകുന്നു.
(വകുപ്പ് 74) സമുദായ സ്വത്തുക്കളുടെ ആദായത്തിന്‍റെയും മലങ്കര ഇടവക വരുമാനത്തിന്‍റെയും വരവു ചെലവു കണക്കെഴുതി സൂക്ഷിക്കുക, മാനേജിംഗ് കമ്മറ്റി കൂടുന്ന അവസരത്തില്‍ അതുവരെയുള്ള കണക്കിന്‍റെ തിരട്ടു തയാറാക്കി കമ്മറ്റിയില്‍ ഹാജരാക്കുക, അസോസിയേഷന്‍റെയും മാനേജിംഗ് കമ്മറ്റിയുടേയും മിനിട്സ് എഴുതി സൂക്ഷിക്കുക, എന്നിതുകള്‍ – സെക്രട്ടറിയുടെ ചുമതലയില്‍പ്പെട്ട ജോലികള്‍ ആകുന്നു.
(വകുപ്പ് 80) അസോസിയേഷന്‍ സെക്രട്ടറി കമ്മറ്റി സെക്രട്ടറിയും ആയിരിക്കുന്നതാകുന്നു.
ഇതിനപ്പുറം കാര്യനിര്‍വഹണാധികാരമൊന്നും അസോസിയേഷന്‍ സെക്രട്ടറിക്കു ഭരണഘടന നല്കിയിട്ടില്ല. ധനവിനിയോഗത്തില്‍ ഒരു പങ്കും അസോസിയേഷന്‍ സെക്രട്ടറിക്കു ഇല്ല എന്ന് 82-ആം വകുപ്പു വ്യക്തമാക്കുന്നുമുണ്ട്.
(വകുപ്പ് 82) സമുദായംവക വരവിനും ചിലവിനും ആണ്ടിന്‍റെ ആരംഭത്തില്‍ ഒരു ബഡ്ജറ്റു കമ്മറ്റിക്കാര്‍ തയാറാക്കേണ്ടതും, ടി ബഡ്ജറ്റിന്‍ പ്രകാരമുള്ള ചെലവുകള്‍ മാത്രം ചെയ്യേണ്ടതും, അതില്‍ കൂടുതല്‍ എന്തെങ്കിലും ചെലവു ചെയ്യണമെന്നിരുന്നാല്‍ ആയതു കമ്മറ്റിയുടെ അനുമതിയോടുകൂടി ആയിരിക്കേണ്ടതും, അത്യവശ്യം നേരിട്ടാല്‍ ആണ്ടില്‍ അഞ്ഞൂറു രൂപയില്‍ കവിയാതയുള്ള ഒരു സംഖ്യ അസോസിയേഷന്‍ പ്രസിഡന്റു മെത്രാപ്പോലീത്തായ്ക്കു ചെലവു ചെയ്യാവുന്നതും, ഇങ്ങനെ ഉണ്ടാകുന്ന ചിലവിനെ സംബന്ധിച്ച് അടുത്ത കമ്മറ്റിയില്‍ പ്രസ്താവിക്കേണ്ടതും ആകുന്നു.
മലങ്കര മെത്രാപ്പോലീത്തായാണ് മലങ്കരസഭയുടെ കാര്യ നിര്‍വഹണവും ധനവിനിയോഗവും നടത്തുന്നത് എന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നുണ്ട്. മലങ്കര മെത്രാപ്പോലീത്തായ്ക്കു ബഡ്ജറ്റിനുപരി ചിലവാക്കാവുന്ന സംഖ്യ വര്‍ദ്ധിപ്പിച്ചതല്ലാതെ ഈ വകുപ്പുകളില്‍ നാളിതുവരെ യാതൊരു മാറ്റവും വരുത്തിയിട്ടുമില്ല. എന്നു മാത്രമല്ല, 1934-ലെ ഭരണഘടനയുടെ 75-ആം വകുപ്പ് – മലങ്കര ഇടവകപ്പണം മലങ്കര മെത്രാപ്പോലീത്തായുടേയും സെക്രട്ടറിയുടേയും പേരില്‍ നിക്ഷേപിക്കപ്പെടേണ്ടതാകുന്നു – എന്നത് പില്‍ക്കാലത്ത് എടുത്തുകളഞ്ഞ് ഇത് കൂടുതല്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ചുരുക്കത്തില്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തില്‍ വിഭാവനം ചെയ്ത മാസപ്പടി വാങ്ങുന്ന ജീവനക്കാരന്‍ എന്നതിലപ്പുറം ഒരു അധികാരവും മലങ്കരസഭാ ഭരണഘടന അസോസിയേഷന്‍ സെക്രട്ടറിക്കു നല്കുന്നില്ല. സഭാ ഭരണഘടന ശമ്പളം ഒഴിവാക്കിയെങ്കിലും സെക്രട്ടറിയുടെ നിലവാരം പഴയതിനേക്കാള്‍ വര്ദ്ധിപ്പിച്ചൊന്നുമില്ല. അസോസിയേഷനും മാനേജിംഗ് കമ്മറ്റിയും വിളിച്ചുകൂട്ടുവാനുള്ള അധികാരം മലങ്കര മെത്രാപ്പോലീത്തായുടെ അഭാവത്തില്‍പ്പോലും അസോസിയേഷന്‍ സെക്രട്ടറിക്കില്ല എന്നു 1934-ലെ ഭരണഘടനയുടെ 71, 79 വകുപ്പുകള്‍ വ്യക്തമാക്കുന്നുണ്ട്. പക്ഷേ സഭാ സ്നേഹികളും പ്രഗത്ഭരുമായ മുന്‍കാല സെക്രട്ടറിമാര്‍ ആ സ്ഥാനത്തിനു ഒരു ബഹുമാന്യത ഉണ്ടാക്കി ഉയര്‍ന്ന തലത്തിലേയ്ക്കുയര്‍ത്തി എന്നത് യാഥാര്ത്ഥ്യം. അതു നിലനില്ക്കുന്നുണ്ടോ എന്ന വര്‍ത്തമാനകാല ചോദ്യത്തിനു കാലമാണ് മറുപടി പറയേണ്ടത്.
മുളന്തുരുത്തി സുന്നഹദോസ് അസോസിയേഷനേക്കാള്‍ പ്രാധാന്യം മാനേജിംഗ് കമ്മറ്റിക്കു നല്കിയതുകൊണ്ടുമാത്രമല്ല അസോസിയേഷന്‍ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് മാനേജിംഗ് കമ്മറ്റിയുടെ ഉത്തരവാദിത്വമായത്. 1876 മുതല്‍ കേസുകളും ഇതര പ്രശ്നങ്ങളും മൂലം ദീര്‍ഘകാലത്തേ ഇടവേളകളില്‍ മാത്രമാണ് അസോസിയേഷന്‍ കൂടാന്‍ സാധിച്ചിരുന്നത്. പക്ഷേ മാനേജിംഗ് കമ്മറ്റി ആവശ്യാനുസൃതം കൂടിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തില്‍ അത്യന്താപേക്ഷിതമായ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് താരതമ്യേന സുരക്ഷിതമായ മാനേജിംഗ് കമ്മറ്റിയില്‍ നിക്ഷ്പ്തമാക്കുന്നതാണ് അഭികാമ്യം എന്ന് അന്നത്തെ സഭാ നേതാക്കള്‍ കരുതിയെങ്കില്‍ അതില്‍ അത്ഭുതത്തിന് അവകാശമില്ല. മാനേജിംഗ് കമ്മറ്റിക്കും സെക്രട്ടറിക്കും 1934-ലെ ഭരണഘടന പോലും കാലപരിധിയൊന്നും നിശ്ചയിച്ചില്ലെങ്കിലും പുതിയ മാനേജിംഗ് കമ്മറ്റി നിലവില്‍ വരുമ്പോള് സെക്രട്ടറിയെ മാറിക്കല്പ്പിക്കുകയായിരുന്നു ഇക്കാലത്തൊക്കെയും പതിവ്. പലപ്പോഴും ഒരേ സെക്രട്ടറി തുടര്‍ന്നാലും ഈ പ്രക്രിയ ആവര്‍ത്തിച്ചിരുന്നു.
അസോസിയേഷന്‍ സെക്രട്ടറിമാര്‍ സമുദായ സെക്രട്ടറി എന്നു മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നു. ഇതില്‍ നിയമപരമായി തെറ്റൊന്നുമില്ല. കാരണം ലൗകീക വിഷയങ്ങളെ സംബന്ധിച്ചു സമുദായം എന്നു സഭാ ഭരണഘടന ആവര്‍ത്തിച്ചു പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ സഭാ സെക്രട്ടറി എന്നത് തികച്ചും തെറ്റും തെറ്റിദ്ധാരണ ഉളവാക്കുന്നതുമായ പ്രയോഗമാണ്. കേരളത്തിലെ ചില സമുദായ സംഘടനകളെപ്പോലെ മലങ്കര സഭയുടെ കൈകാര്യ കര്‍ത്താവ് എന്നു ധ്വനിപ്പിക്കുന്ന ഈ പ്രയോഗം പൊന്തിവന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു. ഒന്നുമാത്രം പറയാം മലങ്കര സഭയ്ക്ക് സെക്രട്ടറി ഇല്ല. ഉണ്ടാവാന്‍ സാദ്ധ്യവുമല്ല.
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഏറെ വിവാദമുണ്ടാക്കിയ ഒരു പ്രയോഗമാണ് പെരുന്നയിലെ പോപ്പ്. സാങ്കേതികമായ അര്ത്ഥത്തില്‍ അതു പൂര്‍ണ്ണമായും ശരിയാണ്. കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ , നായര്‍ സര്‍വീസ് സൊസൈറ്റി, SNDP യൂണിയന്‍ മുതലായവയുടെ മുഖ്യ കാര്യവിചാരകര്‍ (Chief Executive Officer) ജനറല്‍ സെക്രട്ടറിമാരാണ്. അവര്‍ക്കു സ്വതന്ത്രമായി അതതിന്‍റെ ഉന്നതാധികാര സമതി വിളിച്ചുകൂട്ടാനുള്ള അധികാരവുമുണ്ട്. നാമമാത്രമായി ഇവയില്‍ പലതിനും പ്രസിഡന്റ് ഉണ്ടാവാം. പക്ഷേ അവയൊക്കെ വെറും ആലങ്കാരിക പദവി മാത്രമാണ്. പക്ഷേ ഒരു എപ്പിസ്ക്കോപ്പല്‍ സഭയായ മലങ്കര സഭയുടെ സ്ഥിതി വിഭിന്നമാണ്. മലങ്കര സഭാ ഭരണഘടന മുകളില്‍ പറഞ്ഞവര്‍ക്കു സമാനമായ സ്ഥാനമൊന്നും അസോസിയേഷന്‍ സെക്രട്ടറിക്കു നല്കുന്നില്ല. മലങ്കര സഭയുടെ മുഖ്യ കാര്യവിചാരകന്‍ മലങ്കര മെത്രാപ്പോലീത്താ മാത്രമാണ്. അതില്‍നിന്നും അനേകപടി താഴെയുള്ള ഒരു വെറും സേവകാത്മാവ് മാത്രമാണ് അസോസിയേഷന് സെക്രട്ടറി. സഭയിലെ അനേക പ്രസ്ഥാനങ്ങള്‍ പാസാക്കി ഓഡിറ്റ് ചെയ്ത് നല്കുന്ന കണക്കും അവര്‍ തയാറാക്കുന്ന ബഡ്ജറ്റും വായിക്കുന്നതിനെ കോടികളുടെ ബഡ്ജറ്റ് അവതരണമായിട്ടാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്. യഥാര്ത്ഥത്തില് സഭയുടെ പൊതുഫണ്ടിന്‍റെ ബഡ്ജറ്റ് തയാറാക്കേണ്ടത് മാനേജിംഗ് കമ്മറ്റിയാണന്നു ഭരണഘടനതന്നെ വ്യക്തമാക്കുന്നു. ഇതര പ്രസ്ഥാനങ്ങളുടേത് അവയുടെ ഭരണഘടനപ്രകാരമുള്ള ഭരണസമതികളും.
മലങ്കര സഭയില്‍ മെത്രാന്മാരെ തിരഞ്ഞെടുക്കുന്നതിലും അസോസിയേഷന്‍ സെക്രട്ടറിക്ക് നിര്‍ണ്ണായ പങ്കുണ്ടെന്നാണ് പലരും ധരിച്ചിരിക്കുന്നത്. ഒരുപടികൂടിക്കടന്ന് സെക്രട്ടറിയാണ് മെത്രാന്മാരെ ആക്കുകയും നീക്കുകയും ചെയ്യുന്നത് എന്നുപോലും വിശ്വസിക്കുന്ന നസ്രാണികള്‍ ഉണ്ട്. എന്നാല്‍ യാഥാര്ത്ഥ്യം നേരേ മറിച്ചാണ്. നിലവിലുള്ള നടപടിച്ചട്ടം അനുസരിച്ച് എപ്പിസ്ക്കോപ്പല്‍ നോമിനേഷന്‍ കമ്മറ്റിയില്‍ പ. എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിന്‍റെ പ്രതിനിധികളായ മൂന്നു മെത്രാന്മാര്‍, കത്തനാര്‍ – അവൈദീക ട്രസ്റ്റിമാരും സെക്രട്ടറിയും എന്നിങ്ങനെ മൂന്നു സ്ഥാനികള്‍ രണ്ടു സെമിനാരി പ്രിന്സിപ്പള്മാര്‍, മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുക്കുന്ന ഒരു കത്തനാരും രണ്ടും അവൈദീകരും എന്നിവരാണ് ഉള്ളത്. ഈ സമതിയില്‍ നേരായ മാര്ഗ്ഗത്തില്‍ അസോസിയേഷന്‍ സെക്രട്ടറിയുടെ പങ്ക് നാമമാത്രമാണ്. പോരങ്കില്‍ തോമസ് മാര്‍ അത്താനാസ്യോസ് സീനിയര്‍ മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ ഉണ്ടാക്കി പാസാക്കി പ്രാബല്യത്തില്‍ ഇരിക്കുന്ന മെത്രാന്‍ തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമേ ഇവര്‍ക്കു പ്രവര്‍ത്തിക്കാനാവു. ഈ കടമ്പ ഒക്കെ കടന്നാലും സ്ഥാനാര്ത്ഥികള്‍ മലങ്കര അസോസിയേഷനില്‍ വൈദീകരുടേയും അവൈദികരുടേയും 50% + 1 എന്ന വോട്ടും പ്രത്യേകംപ്രത്യേകമായി നേടണം. മെത്രാന്മാര്‍ക്കു ഭദ്രാസനം തിരിച്ചു കൊടുക്കുന്നതിലും സ്ഥലംമാറ്റം നടത്തുന്നതിലും മുഖ്യപങ്ക് എപ്പിസ്ക്കോപ്പല്‍ സുന്നഹദോസിനാണ്. ചുരുക്കത്തില്‍ അവിടെയും സെക്രട്ടറിയുടെ പങ്ക് സ്വാഹ! അതു വിശ്വസിച്ചിരിക്കുന്നവരുടേയും.
കിഴക്കിന്‍റെ മഹാനായ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ മാത്യൂസ് പ്രഥമനെ കോട്ടയത്തിന്‍റെ പോപ്പ് എന്നു വിശേഷിപ്പിച്ചത് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയാണ്. പക്ഷേ ആ വലയില്‍ കാനോന്‍-ഭരണഘടനാ വിദഗ്ദനായ പ. വട്ടക്കുന്നേല്‍ ബാവാ വീണില്ല. കാരണം തന്‍റെ കാതോലിക്കാ – മലങ്കര മെത്രാപ്പോലീത്താ സ്ഥാനങ്ങളേയും അവയുടെ അധികാരങ്ങളെപ്പറ്റിയും വ്യക്തമായ ഉള്‍ക്കാഴ്ച ഉണ്ടായിരുന്ന അദ്ദേഹത്തിനു പക്ഷേ അവ മലങ്കരസഭാ ഭരണഘടനാ ബന്ധിതങ്ങളാണന്നു വ്യക്തമായി അറിയാമായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ അതില്‍ അനേകകാതം താഴെ നില്ക്കുന്ന മലങ്കര അസോസിയേഷന്‍ സെക്രട്ടറി പെരുന്നയിലെ പോപ്പിനു സമനാണന്നു കരുതുന്നവരെപ്പറ്റി പരിതപിക്കാനേ തരമുള്ളു. ഉണ്ടുപിരിയാന്‍ മാത്രം സമ്മളിക്കുന്ന നിലയിലേയ്ക്കു മാനേജിംഗ് കമ്മറ്റി അധഃപതിച്ചതാണ് ഇത്തരമൊരു തെറ്റിദ്ധാരണ വളരാനുള്ള അവസരം സംജാതമാക്കിയത്.
2002-ലെ സുപ്രീം കോടതി വിധിയും അതിനുശേഷം നടത്തിയ ഭരണഘടനാ-നടപടിച്ചട്ട ഭേദഗതികളും അസോസിയേഷന്‍റെയും മാനേജിംഗ് കമ്മറ്റിയുടേയും സുന്നഹദോസ് നിശ്ചയിക്കുന്ന മെത്രാപ്പോലീത്തന്‍ സ്ഥാനികളുടേയും കൂട്ടു ട്രസ്റ്റിമാരുടേയും അസോസിയേഷന്‍ സെക്രട്ടറിയുടേയും കാലാവധി അഞ്ചുവര്‍ഷമായി നിജപ്പടുത്തി. യഥാര്ത്ഥത്തില്‍ ഇത് മലങ്കര നസ്രാണികളുടെ ജനാധിപത്യ പ്രക്രിയയിലെ ചരിത്രപരമായ ഒരു മടക്കയാത്രയാണ്. 1653 ജനുവരി 3-ന് മലങ്കര മെത്രാന്‍ നാലു കാര്യവിചാരകരെ നിയമിച്ച മട്ടാഞ്ചേരി പടിയോലയിലെ … മൂവാണ്ടില്‍ കൂടിവിചാരം ഉണ്ടാകുമ്പോള് അവരെ മാറിക്കല്പ്പിക്കയും … എന്ന ധീരമായ ജനഹിത പ്രഖ്യാപനത്തിലേയ്ക്കുള്ള മടങ്ങിപ്പോക്ക്. അതിനിടയില്‍ മൂന്ന് അഞ്ചായി എന്നു മാത്രം. സുന്നഹദോസ് നിശ്ചയിക്കുന്ന മെത്രാപ്പോലീത്തന്‍ സ്ഥാനികളുടെ കാര്യത്തിലെന്നപോലെ കൂട്ടു ട്രസ്റ്റിമാരുടേയും അസോസിയേഷന്‍ സെക്രട്ടറിയുടേയും കാലാവധി പരമാവധി അഞ്ചുവര്‍ഷം വെച്ചുള്ള രണ്ടു തവണ എന്നു എന്നുകൂടി നിശ്ചയിച്ചാല്‍ മാത്രമേ ഈ പ്രക്രിയ പരിപൂര്‍ണ്ണതയില് എത്തു.
ഡോ. എം. കുര്യന്‍ തോമസ്
(ഒ.വി.എസ്. ഓണ്‍ലൈന്‍, 18 മാര്‍ച്ച് 2017)