ഫാ.എം.ഒ ജോണ്‍,ജോര്‍ജ് പോള്‍ എന്നിവര്‍ സഭാ സ്ഥാനികളായി തിരഞ്ഞെടുക്കപ്പെട്ടു
വൈദീക - അത്മായ ട്രസ്റ്റികളായി തിരഞ്ഞെടുക്കപ്പെട്ട ഫാ.ഡോ.എം.ഒ ജോണിനും ,ജോര്‍ജ് പോളിനും ഓര്‍ത്തഡോക് സ് വിശ്വാസ സംരക്ഷകന്‍ കുടുംബത്തിന്‍റെ അഭിനന്ദനങ്ങള്‍.
കോട്ടയം : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ വൈദിക ട്രസ്റ്റിയായി ഫാ. ഡോ. എം.ഒ. ജോണ്‍ (2384), അല്‍മായ ട്രസ്റ്റിയായി ജോര്‍ജ് പോള്‍ (1834) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. പൌരസ്ത്യ കാതോലിക്കയായും മലങ്കര മെത്രാപ്പോലീത്തയായും മലങ്കര അസോസിയേഷന്‍ പ്രസിഡന്റുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം എം.ഡി. സെമിനാരിയില്‍ മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തിലെ ബസേലിയോസ് നഗറില്‍ ചേര്‍ന്ന സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ യോഗത്തിലാണ് കൂട്ടുട്രസ്റ്റിമാരെ തെരഞ്ഞെടുത്തത്. ഇതോടൊപ്പം 30 ഭദ്രാസനങ്ങളുടെ പ്രതിപുരുഷയോഗങ്ങള്‍ ചേര്‍ന്ന് നിര്‍ദ്ദേശിച്ച 47 വൈദികരും 94 അയ്മേനികളും ഉള്‍പ്പെടെയുള്ള 141 മാനേജിംഗ് കമ്മിറ്റിയംഗങ്ങളെയും മലങ്കര അസ്സോസിയേഷന്‍ യോഗം അംഗീകരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എല്ലാ പള്ളികളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 4092 വൈദീക-അത്മായ പ്രതിനിധികള്‍ മലങ്കര അസോസിയേഷനില്‍ പങ്കെടുത്തു. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷനും 12.30ന് പരിശുദ്ധ കാതോലിക്ക ബാവയെയും മെത്രാപ്പോലീത്തമാരെയും സമ്മേളന വേദിയിലേക്ക് ആനയിച്ചുകൊണ്ടുള്ള ഘോഷയാത്രയെയും തുടര്‍ന്ന് സമ്മേളനം ആരംഭിച്ചു.
സമ്മേളനത്തില്‍ ഫാ. ബിജു ആന്‍ഡ്രൂസിന്റെ ധ്യാന പ്രസംഗത്തെ തുടര്‍ന്ന് അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് നോട്ടീസ് കല്‍പ്പന വായിച്ചു. മുന്‍ അത്മായ ട്രസ്റ്റി എം. ജി. ജോര്‍ജ് മുത്തുറ്റ്, മുന്‍ വൈദീക ട്രസ്റ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന സഭാ സ്ഥാനികള്‍ക്കായുള്ള തെരഞ്ഞെടുപ്പിന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേയ്ഡ് കെ. റ്റി. ചാക്കോ ഐഎഎസ് നേതൃത്വം നല്‍കി. ഫാ. ഡോ. വര്‍ഗ്ഗീസ് വര്‍ഗ്ഗീസ്, ഫാ. മോഹന്‍ ജോസഫ്, എ.കെ. ജോസഫ് എന്നിവര്‍ അസോസിയേഷന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
സഭാ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച എം.ഡി സെമിനാരിയില്‍ നടക്കുന്ന 25 ാമത് മലങ്കര അസോസിയേഷന്‍ യോഗമായിരുന്നു ഇത്. കെ.റ്റി ചാക്കോ ഐ.എ.എസ് മുഖ്യവരണാധികാരിയായിരുന്നു.
(മുന്‍ വൈദീക ട്രസ്റ്റി ഫാ.ഡോ.ജോണ്‍സ് അബ്രഹാം കോനാട്ട് എതിര്‍ സ്ഥാനാര്‍ത്ഥി വൈദീക ട്രസ്റ്റി ആയി തിരഞ്ഞെടുക്കപ്പെട്ട ഫാ.ഡോ.എം.ഒ ജോണിനെ ആദരിച്ചപ്പോള്‍)
അതേസമയം,അസോസിയേഷനും ബജറ്റും ഓഡിറ്റും ഇല്ലാത്തതിലുള്ള ജാള്യത മറക്കാന്‍ പാത്രിയാര്‍ക്കീസ് വിഭാഗക്കാര്‍ അയല്‍ക്കാരനെതിരെ ‘നനഞ്ഞ പടക്കം’ ആയി ഇറങ്ങിയിട്ടുണ്ട് . ഓര്‍ത്തഡോക്സ് സഭ വിശ്വാസികള്‍ ഒന്നടങ്കം ഈ ജല്പനങ്ങളെ തള്ളിക്കളയുന്നു.
വൈദീക – അത്മായ ട്രസ്റ്റികളായി തിരഞ്ഞെടുക്കപ്പെട്ട ഫാ.ഡോ.എം.ഒ ജോണിനും , ജോര്‍ജ് പോളിനും ഓര്‍ത്തഡോക് സ് വിശ്വാസ സംരക്ഷകന്‍ കുടുംബത്തിന്‍റെയും ഓ.വി.എസ് ഓണ്‍ലൈനിന്‍റെയും അഭിനന്ദനങ്ങള്‍.