തൃക്കുന്നത്ത് സെമിനാരി: സമയ ക്രമീകരണം തുടരണമെന്നു ഹൈക്കോടതി
തൃക്കുന്നത്ത് സെമിനാരി മാനേജര്‍ ഫാ.യാക്കോബ് തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
കൊച്ചി: മുന്‍ വര്‍ഷങ്ങളിലെ നിര്‍ദേശപ്രകാരം തൃക്കുന്നത്ത് സെമിനാരി പെരുന്നാള്‍ നടത്തിയതുപോലെ ഇക്കൊല്ലവും തുടരണമെന്ന് ബഹു.ഹൈക്കോടതി ഉത്തരവിട്ടു. തൃക്കുന്നത്ത് സെമിനാരിയിലെ ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ച് കബറിങ്കല്‍ പ്രാര്‍ത്ഥന നടത്താന്‍ ഹൈക്കോടതി സമയം നിശ്ചയിച്ച് 2013-ല്‍ അനുമതി നല്‍കിയിരുന്നു. നിരീക്ഷണത്തിനായി അഡ്വ.ശ്രീലാല്‍ വാര്യരെ അഭിഭാഷക കമ്മിഷനായി നിയമിച്ചു.
ക്രമീകരണം അനുസരിച്ച് നാലുമണിക്കൂര്‍ വീതമാണ് സമയം ലഭിക്കുക. രാവിലെ 7 മുതല്‍ 11 വരെ ഓര്‍ത്തഡോക്സ് സഭയ്ക്കും ഉച്ചയ്ക്ക് ഒരു മണി മുതല്‍ വൈകിട്ട് അഞ്ചുവരെ പാത്രിയര്‍ക്കീസ് വിഭാഗത്തിനും പ്രാര്‍ത്ഥന നടത്താം. അനുവദിച്ച സമയത്തു പത്തു പേരടങ്ങുന്ന ചെറുസംഘങ്ങളായി പ്രാര്‍ത്ഥനയ്ക്കു പ്രവേശിക്കാം. ഒരു സംഘത്തിനു പരമാവധി പത്തു മിനിറ്റു നേരം അനുവദിക്കും. ക്യാമറ, മൊബൈല്‍ ഫോണ്‍ തുടങ്ങി ഇലക്ട്രോണിക് സാമഗ്രികളും കുര്‍ബ്ബാന വസ്ത്രവും അകത്തു കടത്തരുതെന്നും പ്രത്യേക നിര്‍ദ്ദേശം പ്രാബല്യത്തിലുണ്ട്. മുന്‍കാലങ്ങളില്‍ സംഭവിച്ചതു പോലെയുള്ള ഒളിച്ചു കടത്തല്‍ തടയാന്‍ ദേഹപരിശോധനയും നിര്‍ബന്ധമായിരിക്കും.
കോടതി ഉത്തരവ് പ്രകരാം പരിശുദ്ധ കാതോലിക്ക ബാവയും മെത്രാപ്പോലീത്തായും മുന്‍ വര്‍ഷങ്ങളിലെ പോലെ അനുവദിച്ച സമയത്തിലെ അവസാന പത്തു മിനിറ്റില്‍ മാത്രം കബറിങ്കല്‍ ധൂപാര്‍പ്പണത്തിനായി പ്രവേശിക്കും.തൃക്കുന്നത്ത് സെമിനാരി മാനേജര്‍ ഫാ.യാക്കോബ് തോമസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.ഓര്‍ത്തഡോക്സ് സഭയ്ക്ക് വേണ്ടി അഡ്വ.എസ്.ശ്രീകുമാര്‍, അഡ്വ.പോള്‍ കുര്യാക്കോസ് എന്നിവരും ഹാജരായിരുന്നു .
https://ovsonline.in/news/thrikkunnathu-seminary-perunal/