കുറിച്ചി ബാവയുടെ സേവനങ്ങള്‍ തലമുറയെ പ്രകാശപൂരിതമാക്കി : പരിശുദ്ധ കാതോലിക്ക ബാവ
കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മൂന്നാമത് പരമാദ്ധ്യാക്ഷനായിരുന്ന മൂന്നര പതിറ്റാണ്ടോളം സഭയെ നയിച്ച പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്ക ബാവാ തലമുറകൾക്കു പ്രചോദനത്തിന്‍റെ ഉറവിടമാണെന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ പറഞ്ഞു. പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ (കുറിച്ചി) ബാവായുടെ ഓർമദിനത്തോടനുബന്ധിച്ചു ബസേലിയസ് കോളജ് ‘പേട്രൺ സെയിന്‍റ് ഡേ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദൈവസ്നേഹിയും മനുഷ്യസ്നേഹിയുമായ കാവൽ പിതാവിന്റെ കാലടികൾ പിന്തുടരുക യാണ് നമ്മുടെ ദൗത്യം.വർഷങ്ങളോളം നടത്തിവന്ന വ്യവഹാരങ്ങൾക്കു പരിഹാരം കാണാനും അദ്ദേഹത്തിനു കഴിഞ്ഞു. ഉയർന്ന ചിന്തയും അചഞ്ചലമായ പ്രാർഥനയും ആയിരുന്നു അദ്ദേഹത്തിന്റെ ശക്തി. ജാതിമത വ്യത്യാസമില്ലാതെ എല്ലാവരാലും ആദരിക്കപ്പെട്ടവ നാകുവാനും തന്റെ സേവനങ്ങൾ മൂലം ഒരു തലമുറയെ മുഴുവൻ പ്രകാശപൂരിതമാക്കുവാനും പരിശുദ്ധ ബാവായ്ക്ക് കഴിഞ്ഞതായും കാതോലിക്കാ ബാവാ പറഞ്ഞു.
കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജയിംസ് മുഖ്യപ്രഭാഷണം നടത്തി. എംഒസി കോളജുകളുടെ മാനേജർ ഡോ. തോമസ് മാർ അത്തനാസിയോസ് അധ്യക്ഷത വഹിച്ചു. ഗീവർഗീസ് മാർ കൂറിലോസ് പ്രസംഗിച്ചു. സർവീസിൽനിന്നു വിരമിക്കുന്ന കോളജ് പ്രിൻസിപ്പൽ പ്രഫ. അലക്സാണ്ടർ വി. ജോർജ്,പത്തനംതിട്ട കാതോലിക്കറ്റ് കോളജ് കെമിസ്ട്രി വിഭാഗം അധ്യക്ഷ പ്രഫ. അനിതാ കോശി, സീനിയർസൂപ്രണ്ട് കെ.വൈ. ഫിലിപ്പോസ്, മിനിസ്റ്റീരിയൽ സ്റ്റാഫ് അംഗങ്ങളായ അന്നമ്മ ജോൺ, കെ.എം. ചാക്കോ, കെ.ടി. സഖറിയ, സാബു ജോസഫ്, എൻ.കെ. ഏലിയാമ്മ എന്നിവരെ ആദരിച്ചു.