ഓര്‍ത്തഡോക്സ് – കത്തോലിക്കാ സഭകള്‍ ഒരുമിച്ചു ഇനി ബൈബിള്‍ വിവര്‍ത്തനത്തിലേര്‍പ്പെടും
മാങ്ങാനം (കോട്ടയം) : മലങ്കര ഓര്‍ത്തഡോക്‌സ് സഭയും കത്തോലിക്കാ സഭയും യോജിച്ചു ബൈബിള്‍ വിവര്‍ത്തനത്തിനു രൂപംനല്‍കാന്‍ കത്തോലിക്കാ സഭയുടെയും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെയും സഭൈക്യ ചര്‍ച്ചകള്‍ക്കായുള്ള അന്തര്‍ദേശീയ ദൈവശാസ്ത്രസമിതിയുടെ സമ്മേളനം തീരുമാനമെടുത്തു. സ്പിരിച്വാലിറ്റി സെന്‍ററില്‍ നടന്ന സമ്മേളനമാണ് ഇക്കാര്യത്തില്‍ യോജിപ്പിലായത്. പൊതുവായ ബൈബിള്‍ വ്യാഖ്യാനവും സഭാപിതാക്കന്മാരുടെ പഠനവും കൂടുതല്‍ യോജിപ്പിനും പൊതുസാക്ഷ്യത്തിനും സാഹചര്യം സൃഷ്ടിക്കുമെന്നും സമ്മേളനം പ്രത്യാശിച്ചു. സഭാചരിത്രത്തിലും സഭാപിതാക്കന്മാരുടെ പഠനത്തിലും യോജിപ്പിന്റെ തലങ്ങള്‍ വിലയിരുത്തി. കൂടുതല്‍ ഗവേഷണ മേഖലകളും സ്രോതസുകളും ചര്‍ച്ചചെയ്യപ്പെട്ട സമ്മേളനത്തില്‍ സഭകളുടെ നിലവിലുള്ള കൂട്ടായ്മ അതിന്റെ പരിമിതികളോടെ സഭകളുടെ എല്ലാ തലങ്ങളിലും അനുഭവവേദ്യമാക്കാന്‍ ഉതകുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കും രൂപം നല്‍കി.
ലോകത്തിന്റെ പലഭാഗത്തും നിരന്തരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാ മതന്യൂനപക്ഷങ്ങളോടും പ്രത്യേകിച്ചു പശ്ചിമേഷ്യയിലെ ക്രൈസ്തവരോടും സമ്മേളനം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം എല്ലായിടത്തും സംജാതമാക്കാനുള്ള എല്ലാവരുടെയും ഉത്തരവാദിത്വം അനുസ്മരിച്ച സമ്മേളനം അതിനായി പ്രാര്‍ഥനാ നിരതമാകാന്‍ ആഹ്വാനംചെയ്തു.
റവ.ഡോ.റെജി മാത്യു, റവ. ഡോ.കോശി വൈദ്യന്‍, റവ. ഡോ. ജോസഫ് ജോണ്‍, റവ. ഡോ. ജേക്കബ് തെക്കേപറമ്പില്‍, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഡോ.യാക്കോബ് മാര്‍ ബര്‍ണബാസ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രതിനിധികളായി ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, യാക്കോബ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത, മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത, യോഹന്നാന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ. ഫാ. കോശി വൈദ്യന്‍, ഫാ. ബേബി വര്‍ഗീസ്, ഫാ. ഒ.തോമസ്, ഫാ. റെജി മാത്യു, ഫാ. ജോസ് ജോണ്‍, ഫാ. ഏബ്രഹാം തോമസ് എന്നിവരും കത്തോലിക്കാസഭയുടെ പ്രതിനിധികളായി ബിഷപ് ബ്രയാണ്‍ ഫാരല്‍, ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മല്‍പാന്‍ മാത്യു വെള്ളാനിക്കല്‍, റവ.ഡോ. സേവ്യര്‍ കൂടപ്പുഴ, റവ.ഡോ. ജേക്കബ് തെക്കേപറമ്പില്‍, ഫാ.അഗസ്റ്റിന്‍ കടേപ്പറമ്പില്‍, റവ.ഡോ.ഫിലിപ്പ് നെല്‍പുരപ്പറമ്പില്‍, മോണ്‍.ഗബ്രിയേല്‍ ക്വിക്കോ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.