OVS - Latest NewsOVS-Kerala News

പരുമല ഭക്തി സാന്ദ്രം ; വൻ ജനത്തിരക്ക്

പത്തനംതിട്ട :സഹജീവികളോട് കാരുണ്യത്തോടെ പെരുമാറുന്നതാണ് ദൈവസ്നേഹവും ഭക്തിയുമെന്ന് മമ്മൂട്ടി. പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചു നടത്തിയ തീർത്ഥാടന വാരാഘോഷ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു മമ്മൂട്ടി. സിനിമാതാരം എന്നതിനപ്പുറത്തേക്ക് ഒരു മുൻഗണന എപ്പോഴും തനിക്ക് നൽകുന്നതിൽ മലങ്കരസഭയോടും ബാവാ തിരുമേനിയോടും നന്ദിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മലങ്കരസഭയുടെ സ്നേഹിതനാണ് പരമഭൂഷൺ മമ്മൂട്ടിയെന്ന് തീർത്ഥാടനവാരാഘോഷ സമാപനം ഉദ്ഘാടനം ചെയ്ത മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു. അഭിനയ മികവിന് അപ്പുറമുള്ള ആത്മീയ നിറവ് അദ്ദേഹത്തിനുണ്ട്. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏവർക്കും മാതൃകയാണെന്നും കാതോലിക്കാ ബാവ പറഞ്ഞു.

പരുമല ആശുപത്രിയും മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഫൗണ്ടേഷനും ചേർന്ന് നടപ്പാക്കുന്ന സൗജന്യ ക്യാൻസർ ചികിത്സാ പദ്ധതിയായ സുകൃതം 2.0 വേദിയിൽ പ്രഖ്യാപിച്ചു. ആശുപത്രി സിഇഒ ഫാ.എം.സി. പൗലോസ് പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു. കാതോലിക്കാ ബാവാ രചിച്ച മലങ്കര സഭാ ചരിത്ര സ്പന്ദനം എന്ന ഗ്രന്ഥം ചടങ്ങിൽ മമ്മൂട്ടി പ്രകാശനം ചെയ്തു.

നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ സജി ചെറിയാൻ, വർഗീസ് മാമ്മൻ, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ ഫാ. യാക്കോബ് തോമസ് റമ്പാൻ, പരുമല സെമിനാരി കൗൺസിൽ അംഗങ്ങളായ ഫാ. അലക്സാണ്ടർ എബ്രഹാം, രാജൻ മാത്യു കോർ എപ്പിസ്കോപ്പാ, ഫാ. മാത്യു എബ്രഹാം തലവൂർ, മത്തായി ടി. വർഗീസ്, മാത്യു ഉമ്മൻ അരികുപുറം, ജോസ് പി. തമ്പൻപറമ്പിൽ, മനോജ് പി. ജോർജ് പനായിക്കടവിൽ, കെയർ ആൻഡ് ഷെയർ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ, മാനേജിംഗ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴ, എക്സിക്യൂട്ടീവ് ട്രസ്റ്റി റോയ് എം. മാത്യു മുത്തൂറ്റ്, ഡയറക്ടർമാരായ റോബർട്ട് കുര്യാക്കോസ്, ജോർജ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

error: Thank you for visiting : www.ovsonline.in