OVS - ArticlesOVS - Latest NewsOVS-Kerala News

പരുമലയിലേക്കുള്ള യാത്ര ഒരാണ്ടിന്റെ കാത്തിരിപ്പ്

ഡെറിൻ രാജു

124 വർഷങ്ങൾക്കു മുമ്പ് കടന്നു പോയ ഒരു മനുഷ്യൻ ഇന്നും നമ്മുടെ ആകുലതകളും വിഷമതകളും ഇറക്കി വയ്ക്കാവുന്ന ഒരു തുരുത്തായി മാറുന്ന കഥയാണ് പരുമലദ്വീപ് പറയുന്നത്. ചവിട്ടി നടക്കുന്ന മണ്ണുപോലും നമ്മോടു സംവേദിക്കുന്നത് ഒരു നിർമ്മലചരിതമാണ്.

അരനൂറ്റാണ്ട് കാലം മാത്രം നീണ്ട ഒരു ജീവിതത്തിൻ്റെ തണലിലാണ്, ആ ചൈതന്യത്തിലാണ് ഈ ചെറിയ ആട്ടിൻക്കൂട്ടം ഈ കാലമെല്ലാം കഴിഞ്ഞു പോന്നത്. ആ മണ്ണേകുന്ന സാന്ത്വനമാണ് നമ്മുടെ മുറിവുണക്കുന്നത്; നമ്മെ ധൈര്യപ്പെടുത്തുന്നത്. യൗവനം പുതുക്കുന്ന കഴുകനേപ്പോലെ പരുമല കബറീലേക്കുള്ള ഓരോ തീർഥയാത്രകളും നമ്മുടെ അകമനുഷ്യനെ കഴുകി വെടിപ്പാക്കുന്നതാണ്!

നമ്മുടെ സന്തോഷത്തിലും സങ്കടത്തിലും നമ്മുടെ കാര്യം കേൾക്കാനൊരിടമാണാ മണ്ണ്. കാലാതിവർത്തിയാകുന്ന ചില മനുഷ്യരുണ്ട്; അവരേൽപിച്ച ചില പാഠങ്ങളുണ്ട്. അതോർത്തെടുക്കാനുള്ള അവസരമാണവരുടെ ഓർമ്മകൾ. പരിമളം പരത്തുന്ന ചില സ്മരണകൾ; ഓർമ്മപ്പെടുത്തലുകൾ! സുറിയാനിക്കാരുടെ ആരാധനാക്രമത്തിൽ ഉടനീളം കാണുന്ന ഒരു കാവ്യസങ്കല്പമാണ് ‘സൗരഭ്യവാസനയാകുന്ന ഓർമ്മകൾ’ എന്നത്. പരുമല പുണ്യവാനോളം അതിനോട് ചേർത്തു വയ്ക്കാൻ നമുക്കൊരു പേരില്ല. ഒരു പേരോർക്കുമ്പോൾ കുന്തുരുക്കത്തിൻ്റെ സുഗന്ധം അനുഭവവേദ്യമാകുന്ന അത്രയും പാവനമായ ഒരനുഭവം; അതാണ് നമുക്ക് പരുമല! കാളുന്ന വെയിലിൽ നടന്ന് കാൽ കുഴയുമ്പോഴും നമ്മെ കാത്തൊരാൾ അവിടുണ്ടെന്ന ബോധ്യമാണ് ഓരോ തീർഥാടകനെയും നിലനിർത്തുന്നതും നടത്തുന്നതും.

അവിടെ എത്തി തങ്ങളുടെ വിഷമതകളുടെയും പ്രയാസങ്ങളുടെയും ഭാണ്ഡകെട്ടുകൾ ഇറക്കി വയ്ക്കുന്നവർ ഒരാണ്ടിലേക്കുളള സമാധാനവുമായാണ് പരുമല ദ്വീപ് വിട്ടിറങ്ങുന്നത്. അതാണ് തീർഥയാത്രയുടെ സന്ദേശം. ആ കബറിങ്കലും കിടക്കയ്ക്കരിക്കിലും നിന്നും ഇരുന്നും കരഞ്ഞു പ്രാർഥിക്കുന്നവരാണ് ഈ ചെറിയ സഭയുടെ പ്രധാന ശക്തിസ്രോതസ് !

ശാന്തമായി, അങ്ങേയറ്റം നിശബ്‌ദമായി തങ്ങളുടെ വിഷമതകൾ ഇറക്കി വയ്ക്കുവാനുള്ള ഇടമാണ് ആ മണ്ണ്. നമ്മുടെ മുൻ തലമുറ നമ്മെ ഏല്പിച്ചതും അടുത്ത തലമുറയ്ക്കായി നാം കാത്ത് കൈമാറുന്നതുമായ അളവില്ലാത്ത നിധിയാണ് പരുമല സെമിനാരിയുടെ വടക്ക് വശത്ത് സ്ഥിതി ചെയ്യുന്ന നിക്ഷേപം. അതിനോളം വലിയൊരു നീക്കിയിരിപ്പ് നമുക്കില്ല. ശ്വസിക്കുവാൻ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ! അത് പോലെ അങ്ങേയറ്റം നൈസർഗികമായി നമുക്ക് ഉണ്ടാകേണ്ട ബോധ്യമാണത്. ആരും പഠിപ്പിക്കേണ്ടതല്ല. ആ മണ്ണിൽ ചവിട്ടുമ്പോഴും ആ കബർ മുറിയിൽ കയറുമ്പോഴും ആ ചരിതത്തെ അനുസ്മരിക്കുമ്പോഴും; അങ്ങനെ എപ്പോഴും എപ്പോഴും നമുക്ക് ഉണ്ടാകേണ്ട ബോധ്യം!

error: Thank you for visiting : www.ovsonline.in