പരുമല പെരുന്നാളിന് 26ന് കൊടിയേറ്റ് ; പ്രധാന പെരുന്നാൾ നവംബർ 1,2 തീയതികളിൽ
പത്തനംതിട്ട : പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാമത് ഓർമ്മപ്പെരുന്നാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഈ മാസം 26ന് പരുമലയിൽ കൊടിയേറി, നവംബർ 2ന് പെരുന്നാൾ സമാപിക്കും.
26ന് ഉച്ചയ്ക്ക് 2 മണിക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് നടക്കുന്ന തീർത്ഥാടന വാരാഘോഷ സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രി പി.സി. വിഷ്ണുനാഥ്, സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് എന്നിവർ പങ്കെടുക്കും.
പരിശുദ്ധനായ പരുമല തിരുമേനിയുടെ ആദ്യ കാല വാസിതിയായ അഴിപ്പുരയിൽ 144 മണിക്കൂർ നീണ്ട അഖണ്ഡ പ്രാർത്ഥന വൈകീട്ട് 5 മണിക്ക് ആരംഭിയ്ക്കും.ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിൻറെ ആഭിമുഖ്യത്തിൽ വിവിധ ഭദ്രാസന കമ്മിറ്റികളുടെ സഹകരത്തോടെയാണ് അഖണ്ഡ പ്രാർത്ഥന.
പെരുന്നാൾ ദിവസങ്ങളിൽ പുലർച്ചെ 5ന് രാത്രി നമസ്കാരം, പ്രഭാത നമസ്കാരം, രാവിലെ 7ന് വിശുദ്ധ കുർബാന, ഉച്ചയ്ക്ക് 12ന് ഉച്ച നമസ്കാരം, വൈകിട്ട് 4ന് ഗ്രിഗോറിയൻ പ്രഭാഷണം, 6ന് സന്ധ്യാ നമസ്കാരം, തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥന, രാത്രി 9ന് സൂത്താറ.
തീർത്ഥാടന വാരാഘോഷത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവൽക്കരണം, പരിസ്ഥിതി സെമിനാർ, മർത്തമറിയം വനിതാ സമാജം സമ്മേളനം, വിവാഹ സഹായ വിതരണം, സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് നേതൃസംഗമം, പ്രാർത്ഥനാ യോഗ ധ്യാനം, കർഷക സംഗമം, യുവജന സംഗമം തുടങ്ങിയവയും നടക്കും.
പ്രധാന പെരുന്നാൾ ദിനമായ നവംബർ 1ന് രാവിലെ 8ന് വിശുദ്ധ മൂന്നിന്മേൽ കുർബാന നടക്കും. ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സമാപന സമ്മേളനം കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരം മമ്മൂട്ടി മുഖ്യാതിഥിയാകും. രാത്രി 8.15ന് പ്രദക്ഷിണവും തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും ആശീർവാദവും ഉണ്ടായിരിക്കും.
വടക്കൻ മേഖല പരുമല തീർത്ഥയാത്ര 30ന് പുറപ്പെടും
മുളന്തുരുത്തി:പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള 38-ാമത് വടക്കൻ മേഖല പരുമല തീർത്ഥയാത്ര തിരുമേനിയുടെ ജന്മനാടായ മുളന്തുരുത്തിയിൽ നിന്നു 30നു പുറപ്പെടും.
പരുമല തിരുമേനിയുടെ മാതൃ ഇടവകയായ മാർത്തോമ്മൻ പള്ളിയിൽ രാവിലെ 6നു ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കോബ് മാർ ഐറേനിയസിന്റെ കാർമികത്വത്തിൽ കുർബാനയ്ക്കു ശേഷം യാത്ര ആരംഭിക്കും. തീർത്ഥയാത്ര നവംബർ 1നു പരുമല കബറിങ്കൽ എത്തും. ഡോ.ഗീവർഗീസ് മാർ യൂലിയോസ് തീർത്ഥയാത്രയെ ആശീർവദിക്കും.
അഖില മലങ്കര ക്രൈസ്തവ യുവജന പ്രസ്ഥാനം ബെംഗളൂരു, ബത്തേരി, മലബാർ, കുന്നംകുളം, തൃശൂർ, കൊച്ചി, കണ്ടനാട്, അങ്കമാലി ഭദ്രാസനങ്ങളുടെ നേതൃത്വത്തിലാണ് തീർത്ഥയാത്ര നടത്തുന്നത്. തീർത്ഥാടകർ മാന്ദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നു തീർത്ഥയാത്രാ സംഘം വൈസ് പ്രസിഡന്റ് ഫാ.ജിയോ ജോർജ് മട്ടമ്മേൽ, സെക്രട്ടറി എൽദോസ് മാത്യു എന്നിവർ അറിയിച്ചു.
