വിശ്വാസക്കടലായി ; പരുമല പെരുന്നാളിന് തുടക്കം
പത്തനംതിട്ട : പ്രാർത്ഥനകൾ വാനിലുയർന്നു, വിശ്വാസസാഗരം സാക്ഷിയാക്കി പരിശുദ്ധന്റെ പുണ്യ തീർത്ഥാടക കേന്ദ്രമായ പരുമല പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിന് തുടക്കമായി.പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ കൊടിയേറ്റ് നിർവഹിച്ചു.
പള്ളിയിലെ പ്രാർത്ഥനയ്ക്കുശേഷം പടിഞ്ഞാറെ കുരിശടിയിലേക്കു വൈദികരും വിശ്വാസികളും കൊടികളുമായി പ്രദക്ഷിണമായി നീങ്ങി. ‘പരുമല തിരുമേനി വാഴ്ത്തപ്പെട്ട ഗീവർഗീസ് മോർ’ എന്ന പരിശുദ്ധ പരുമല തിരുമേനിയുടെ വാഴ്ത്തുപാട്ടുകൾ ഉച്ചത്തിൽ ഏറ്റുചൊല്ലി വിശ്വാസികൾ കൊടിയേറ്റുമായി കൊടിമരത്തിനു ചുറ്റും പ്രദക്ഷിണം നടത്തി. പ്രധാന കൊടിയേറ്റിനു ശേഷം പള്ളിമുറ്റത്തെ കൊടിമരത്തിൽ സ. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസും, കിഴക്കേ കൊടിമരത്തിൽ ഡോ. മാത്യൂസ് മാർ തീമോത്തിയോസും കൊടിയേറ്റി.
ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, ഡോ. യൂഹാനോൻ മാർ ദിവന്നാസിയോസ്, ഡോ. മാത്യൂസ് മാർ തേവോദോസിയോസ്, ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്, ഡോ. യൂഹാനോൻ മാർ തേവോദോറോസ്, ജോഷ്വാ മാർ നിക്കോദിമോസ്, സഖറിയ മാർ സേവേറിയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, പരുമല സെമിനാരി മാനേജർ യാക്കോബ് തോമസ് റമ്പാൻ, അസി. മാനേജരായ ഫാ. ജെ. മാത്യു, ഫാ. ഗീവർഗീസ് മാത്യു, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടർ എബ്രഹാം, തുമ്പമൺ ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
രാവിലെ ഡോ. സഖറിയ മാർ അപ്രേമിന്റെ കാർമികത്വത്തിൽ കുർബാന നടന്നു. തീർത്ഥാടന വാരാഘോഷ സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി., വർഗീസ് മാമ്മൻ എം.എൽ.എ., ബിജു ഉമ്മൻ, ഫാ. എം.സി. പൗലോസ്, യാക്കോബ് തോമസ് റമ്പാൻ എന്നിവർ പ്രസംഗിച്ചു.
