മലങ്കര സഭ കയറിയ മലയും വീണ കുഴിയും: 2017 ജൂലൈ മുതൽ 2019 ജൂലൈ വരെ
നീതി നിഷേധങ്ങളും, അടിച്ചമർത്തലും, കഷ്ടതകളും ഏറെ അനുഭവിച്ച മലങ്കര സഭയ്ക്ക് വളരെ അനുഗ്രഹങ്ങളും അതിലേറെ അനുഭവങ്ങളും തന്ന കാലമാണ് 2017 ജൂലൈ 3 മുതൽ ഇങ്ങോട്ടു കടന്ന പോയ സംഭവബഹുലമായ രണ്ടു വർഷകാലം. ദശാബ്‌ദങ്ങൾ നീണ്ട നിയമ പോരാട്ടത്തിന് ശേഷം ബഹു. സുപ്രീം കോടതിയിൽ നിന്നും മലങ്കര സഭയ്ക്ക് അനുകൂലമായ ഒരു സമ്പൂർണ നീതി ലഭിച്ചത് മലങ്കര സഭയുടെ കാവൽ പിതാവായ വി. മാർത്തോമാ ശ്ലീഹായുടെ ദുഃഖറാണോ ദിനമായ ജൂലൈ 3-നായിരുന്നു. ചരിത്രപരമായ 2017 ജൂലൈ 3 വിധിയോടെ നിലവിലുണ്ടായിരുന്ന മലങ്കര സഭയുടെ കേസുകൾക്ക് എല്ലാം വലിയൊരു വഴിത്തിരുവായി. പ്രസ്തുത വിധിയോടെ കൂടെ മലങ്കര സഭയ്ക്ക് നഷ്ട്ടപ്പെട്ടുപോയിരുന്ന പല ഇടവകകളും പൂർണമായും തിരികെ ലഭിച്ചു. മലങ്കര സഭയുടെ നീതിയുടെയും, ചരിത്ര സത്യങ്ങളുടെയും, സഹനങ്ങളുടെയും വലിയ വിജയമായി സഭയും നസ്രാണി സമൂഹവും അത് ആഘോഷിച്ചു. വാങ്ങിപോയ ആത്മീയ പിതാക്കന്മാരും, നസ്രാണി പോരാളികളും നിത്യതയിൽ മാലാഖമാർക്കോപ്പും ദൈവത്തിനു സ്തുതി കരേറ്റിയപ്പോൾ, സർവ്വശക്തനായ ദൈവം മലങ്കര സഭയുടെ കൊമ്പു ശത്രുക്കൾക്കു മേൽ ഉയർത്തിയ വലിയ വിജയം മലങ്കര സഭയ്ക്കും വിശ്വാസികൾക്കും അഭിമാനത്തിനും ആഹ്ലാദത്തിനും വഴിയൊരുക്കി. “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മൾക്ക് ജയം നല്കുന്ന ദൈവത്തിനു സ്തോത്രം” 1 കൊരിന്ത്യർ 15: 57. നൂറ്റാണ്ടുകൾ നീണ്ട മലങ്കര സഭ വ്യവഹാരങ്ങളിൽ ഒരു പക്ഷെ ഇത്തരം വിജയകരമായ വഴിതിരുവകൾ വിരളമാണ്. പ്രതിസന്ധികളിൽ കൂടെ കടന്ന പോകുന്ന ഒരു സഭയുടെയോ സമുദായത്തിൻ്റെയോ ചരിത്രത്തിൽ ദൈവത്തിൻ്റെ കൈയൊപ്പ് പതിഞ്ഞ ഇത്തരം വലിയ വിജയങ്ങൾ ഏറെയുണ്ടാവില്ല.
2017 ജൂലൈ 3 മലങ്കര സഭയ്ക്ക് അവിസ്മരണീയമായിരുന്നെങ്കിൽ, 2018 ജൂലൈ കാർമേഘങ്ങളും, കൊടുക്കാറ്റും നിറഞ്ഞ പ്രക്ഷുബ്ദ്ധ സമയങ്ങളായിരുന്നു. വളരെ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരുന്ന മലങ്കര സഭ നൗകയെ ചില വൈദികരുടെ വഴിവിട്ട് ജീവിതവും അനുബന്ധ സംഭവ പരമ്പരകളും അടിമുടി ഉലച്ചു കളഞ്ഞു. വി. കുമ്പസാരം അടക്കമുള്ള പാവന കൂദാശകളെ പോലും മാധ്യമങ്ങളും, ബുദ്ധിജീവികളും, സഭയുടെ ശത്രുക്കളും ചേർന്ന തെരുവിൽ വലിച്ചിഴച്ചു. കിട്ടിയ അവസരം മുതലെടുത്ത സഭയുടെ ശത്രുക്കൾ എല്ലാ സാധ്യതകളെയും ഉപയോഗിച്ചു മലങ്കര സഭയെ പിന്നോട്ട് അടിച്ചകറ്റാൻ ശ്രമിച്ചു. പഞ്ചവർ ചെയ്തകൂട്ടിയ മഹാപരാധത്തിനു മലങ്കര സഭയൊന്നൊക്കെ തീകനലിൽ കൂടെ നടന്നു. കുറ്റക്കാരായ വൈദികരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകെയും, തങ്ങളുടെ സ്വന്തം നിലയ്ക്ക് നിയമ നടപടിയെ നേരിടാൻ ആവശ്യപ്പെട്ടിട്ടും നിരന്തരമായ മാധ്യമ വേട്ടയിൽ ഓർത്തഡോക്സ് വൈദികരും, വിശ്വാസികളും പൊതുസമൂഹത്തിൽ അപമാനിതരായി തലകുമ്പിട്ടു. ഏതു രാത്രിക്കും ഒരു പകൽ എന്ന പോലെ മലങ്കര സഭ ആ ദുരിത ദിനങ്ങളെയും അതിജീവിച്ചു വീണ്ടും അതിൻ്റെ സ്വാഭാവിക കരുത്തിലേക്കു ഗതിവേഗം പ്രാപിച്ചു എങ്കിലും 2018 -ൻ്റെ നിർഭാഗ്യങ്ങൾ മലങ്കര സഭയെ പിറവത്തും, കോതമംഗലത്തും അടക്കം നിരവധി സ്ഥലത്തു പിന്നോട്ടടിച്ചു. 2017 ജൂലൈ മൂന്ന് മലങ്കര സഭയ്ക്ക് നൽകിയ വലിയ സന്തോഷം എങ്ങനെയാണ് വലിയ അപമാനത്തിനും ആശങ്കകയ്ക്കും 2018 ജൂലൈയിൽ പൗരോഹത്യ പുഴുക്കുത്തുകൾ കാരണം മാറിയത് എന്ന് നമ്മൾ ഓരോരുത്തരും ജീവനുള്ള കാലം മറക്കരുത്. ആരാണ് മലങ്കര സഭയെ അപമാനത്തിലേക്കു തള്ളിവിട്ടത് എന്ന് ബോധ്യവും, തിരിച്ചറിവും കൂടെ വിശ്വാസികൾക്കുണ്ടാകണം.
2018 ജൂലൈ മുതലുള്ള തിക്താനുഭവങ്ങളിൽ നിന്നും വലിയൊരു ഉയിർത്തുഴുന്നേൽപ്പാണ് മലങ്കര സഭയ്ക്ക് 2019 ജൂലൈ 2 നൽകിയത്. വിഘിടിത വിഭാഗത്തിൻ്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി മലങ്കര സഭയ്ക്ക് അർഹമായ നീതി നിഷേധിക്കുന്ന സർക്കാരിൻ്റെ നിരുത്തരവാദ ശൈലി ഇനിയും മുന്നോട്ടു കൊണ്ട് പോകാൻ കഴിയാത്തവണ്ണം ബഹു. സുപ്രീം കോടതി നിലപാട് കടുപ്പിച്ചു. ഒരിക്കിൽ കൂടെ മലങ്കര സഭയിൽ ദൈവത്തിൻ്റെ കാരുണ്യത്തിലും, വി. മാർത്തോമാ ശ്ലീഹായുടെ മാധ്യസ്ഥതയിലും ജൂലൈ മാസം അനുഗൃഹീത വസന്തമായി മാറുന്നു. വരും മാസങ്ങളിൽ ബഹു. കോടതികളിൽ നിന്നും നിരവധി ഉത്തരവുകൾ വരുന്ന മുറയ്ക്ക് മലങ്കര സഭയോടുള്ള സമീപനം ബഹു. സർക്കാർ അനുഭാവപൂർവം പരിഗണിക്കും എന്ന് ആശിക്കാം. 2019 ജൂലൈ വിധിയോടെ നിലവിലെ ശവമടക്ക് ഉൾപ്പെടയുള്ള ചില കീറാമുട്ടി വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുകെയും, ബഹു. ഹൈകോടതി അടക്കമുള്ള കോടതികളിൽ നിന്നും താത്കാലിക ആശ്വാസമായി വിഘിടിത വിഭാഗത്തിന് ലഭിച്ചിരുന്ന പരിമിത ആനുകൂല്യങ്ങൾ സമാന്തര ഭരണത്തിന് പൂർണ്ണ വിരാമം എന്ന നീതിപീഠത്തിൻ്റെ കാർക്കശ്യത്തിനു മുന്നിൽ അവസാനിച്ചു. ആലസ്യം വിട്ടൊഴിഞ്ഞ സഭ തർക്കങ്ങളുടെ അവസാന ലാപ്പിലേക്കു മലങ്കര സഭ പ്രവേശിക്കുന്നത് കാത്തു വിശ്വാസിസമൂഹം പ്രാർത്ഥനയോടെ കാത്തിരിക്കുന്നു. ബഹു. സുപ്രീം കോടതിയുടെ അനുകൂല ഉത്തരവുള്ള കോതമംഗലം, പിറവം, കട്ടച്ചിറ, ചാലിശ്ശേരി മുതലായ ഇടവകകളിൽ നിയമാനുസരണം പ്രവേശിക്കുവാൻ മലങ്കര സഭ സർക്കാരിനെ സമീപിക്കണം. ബഹു. കോടതി വിധികളുടെയും, 1934 മലങ്കര സഭ ഭരണഘടനയുടെയും അടിസ്ഥാനത്തിൽ നമ്മുടെ സഹോദര വിഭാഗത്തെ സൗഹാർദപരമായും, ക്രൈസ്തവ വീക്ഷണത്തോടെയും മലങ്കര സഭയിലേക്കു തിരികെ ചേർത്ത് വെയ്ക്കാൻ സാധ്യമായ എല്ലാ പരിശ്രമങ്ങളും, കാഴ്ചപ്പാടുകളും ഉണ്ടാകണം.
“നാശത്തിനു മുൻപേ മനുഷ്യൻ്റെ ഹൃദയം നിഗളിക്കുന്നു; മാനത്തിനു മുൻപേ താഴ്മ” സാദൃശ്യവാക്യങ്ങൾ 18: 12. പ്രകൃതിയിലെ കുന്നും കുഴിയും എന്ന പോലെ നേട്ടങ്ങളും തിരിച്ചടികളും മാറി മാറി വന്നേക്കാം. കൈവരുന്ന വിജയങ്ങളിൽ അഹങ്കരിക്കാതെ ദൈവത്തെ മഹത്വപ്പെടുത്തിയും, നേരിടേണ്ടി വരുന്ന പ്രതിസന്ധികളിൽ പതറാതെ താഴ്മയോടെ ദൈവത്തോട് ചേർന്നും മുന്നോട്ടു പോകാൻ സഭയ്ക്കും വിശ്വാസികൾക്കും കഴിയണം. 2017 ജൂലൈയിലെ സന്തോഷം 2018 ജൂലൈയിൽ വലിയ നിരാശയ്ക്കു വഴി മാറി. വീണ്ടും 2019 ജൂലൈ വലിയ പ്രത്യാശയ്‌ക്കു വഴിയൊരുക്കുമ്പോൾ 2020 എന്താകും എന്ന സന്ദേഹമുണ്ട്. 2017 ജൂലൈയും, 2019 ജൂലൈയുമൊക്കെ പതിറ്റാണ്ടുകളിൽ വല്ലപ്പോഴും മാത്രമേ സംഭവിക്കൂ എങ്കിലും, 2018 ജൂലൈയ്ക്ക് സമാനമായ അപമാനങ്ങൾ സഭയിലും സമൂഹത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കത്തക്ക കാലത്താണ് നമ്മൾ ജീവിക്കുന്നത്. അത്തരം സാഹചര്യത്തിൽ ചെറുതും വലുതുമായ സ്ഫോടനങ്ങൾക്കു കാരണമായേക്കാവുന്ന കാര്യങ്ങൾ കണ്ടത്തി നിർവീര്യമാക്കാൻ സഭാ നേതൃത്വവും, വിശ്വാസി സമൂഹവും സദാ ജാഗ്രതയോടെ വർത്തിക്കണം. അബദ്ധങ്ങളും, അനർത്ഥങ്ങളും മലങ്കര സഭയിൽ ഇനി സംഭവിക്കരുത്.
പൗരോഹത്യ തല ജീർണതയ്ക്കു അറുതിവരുത്താനും, മൂല്യമിടിയുന്ന പൗരോഹത്യത്തിൻ്റെ സ്രേഷ്ഠതയും, മാന്യതയും തിരികെ പിടിക്കാനും സഭയ്ക്ക് കഴിയണം. സഭയുടെ നീതിയുടെ പോരാട്ടങ്ങൾക്ക് അപ്പുറം മലങ്കര സഭയുടെ “വിഷനും മിഷനും” എന്നതിൽ ഒരു പുനർ വായനയ്ക്ക് കാലമായി. മലങ്കര സഭയ്ക്ക് നഷ്ട്ടപെട്ട ദേവാലയങ്ങൾ തിരികെ ലഭിക്കുന്നതിനാവശ്യമായ പരിശ്രമങ്ങൾക്ക് ഒപ്പം, മലങ്കര സഭയിൽ നിന്നും ഇതര വിശ്വാസ മാർഗത്തിലേക്ക് വഴി മാറിയവരെ തിരികെ പൗരസ്ത്യ സത്യവിശ്വാസ പാതയിലേക്ക് കൊണ്ട് വരുവാൻ ഉതകുന്ന കർമ്മ പദ്ധതികൾക്ക് രൂപം നൽകണം. ദീർഘകാലം പെന്തോകൊസ്തു വിശ്വാസികളായിരുന്നവർ പോലും “ഓർത്തോഡോക്സി” യുടെ മഹത്വം തിരിച്ചറിഞ്ഞു ആ മഹാ സുവിഷേത്തെ ഉത്‌ഘോഷികുമ്പോൾ, ഭാരതത്തിലെ പൗരസ്ത്യ സത്യാ വിശ്വാസത്തിൻ്റെ പ്രചാരകരും, പരിശീലകരുമാകേണ്ടേ മലങ്കര സഭ എന്ത് ചെയ്യുന്നു എന്ന അടിയന്തര ആത്മപരിശോധനയ്ക്കു തയ്യാറാകണം. അങ്ങനെ 2020 ജൂലൈ 3 വി. മാർത്തോമയുടെ ഓർമ ദിനത്തിൽ വ്യവഹാരങ്ങൾ ഒഴിഞ്ഞ, മലങ്കര സഭയ്‌ക്ക് നീതിയും സമാധാനവും ലഭിച്ച, നമ്മുടെ വിഘിടിത വിഭാഗ വിശ്വാസി സമൂഹത്തിനു ഒപ്പം, എല്ലാ പൗരസ്ത്യ സത്യവിശ്വാസ ആരാധനാകാംക്ഷികളെ കൂടെ ഹൃദയപൂർവം ഉൾകൊള്ളുന്ന ബ്രഹത്തായ ഒരു മലങ്കര സഭയെ ദർശിക്കാൻ ഭാഗ്യം ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ഓർത്തഡോക്സ് വിശ്വാസ സംരക്ഷകൻ