ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിയുടെ മെത്രാഭിഷേക രജതജൂബിലിയാഘോഷം ഞായറാഴ്ച്ച കോലഞ്ചേരിയില്‍
സ്വന്തം ലേഖകന്‍
എറണാകുളം : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും കണ്ടനാട് (വെസ്റ്റ്) ഭദ്രാസനാധ്യക്ഷനുമായ അഭിവന്ദ്യനായ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ 18 ഞായറാഴ്ച്ച ഭദ്രാസന ആസ്ഥാനമായ കോലഞ്ചേരി ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറില്‍ (പ്രസാദം സെന്‍റര്‍) തുടക്കമാവും. വൈകീട്ട് 3 മണിക്ക് ആരംഭിക്കുന്ന പൊതു സമ്മേളനത്തില്‍ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. ബഹു. കേരള മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ബഹു.കേരള സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ.പി തിലോത്തമന്‍, ശ്രീ.ജോയിസ് ജോര്‍ജ് എം.പി(ഇടുക്കി), ബഹു. എം.എല്‍.എമാരായ വി.പി സജീന്ദ്രന്‍ (കുന്നത്തുനാട്), മോന്‍സ് ജോസഫ് (കടുത്തുരുത്തി), എല്‍ദോസ് കുന്നപ്പിള്ളി (പെരുമ്പാവൂര്‍), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ), ശ്രീമതി.ശ്രീമതി ഡോളി സാജു (പ്രസിഡന്‍റ് – പൂത്രക്ക ഗ്രാമപഞ്ചായത്ത് ) എന്നിവര്‍ പങ്കെടുക്കുന്നു.
പരിശുദ്ധ സഭയുടെ അഭിവന്ദ്യരായ മെത്രാപ്പോലീത്തമാരായ കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് (തുമ്പമണ്‍ ഭദ്രാസനം), മാത്യൂസ് മാര്‍ തേവോദോസ്യോസ്(ഇടുക്കി ഭദ്രാസനം), യുഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് (അങ്കമാലി ഭദ്രാസനം), ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് (ആഫ്രിക്ക-യു.കെ-യുറോപ്പ് ഭദ്രാസനം), ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് (അഹമ്മദാബാദ് ഭദ്രാസനം) തുടങ്ങിയര്‍ അനുഗ്രഹപ്രഭാഷണം നടത്തും. വൈദീക ട്രസ്റ്റി ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, മലങ്കര സഭാ മാസിക ചീഫ് എഡിറ്റര്‍ ഫാ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍, സഭാ ചരിത്രകാരന്‍ ഡോ.എം.കുര്യന്‍ തോമസ്, മലങ്കര അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, മാര്‍ പക്കോമിയോസ് ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി ഫാ.ഡോ.ജോസ് തോമസ്, ഭദ്രാസന സെക്രട്ടറി ഫാ.സി.എം കുര്യാക്കോസ് എന്നിവര്‍ പ്രസംഗിക്കും.
മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവാഹ ധനസഹായ വിതരണം, ക്ലിനികും ലാബ് സൗകര്യങ്ങളോടെ ‘പ്രീതി’ സൗജന്യ ചികിത്സാ പദ്ധതി, സൗജന്യ ഡയാലിസിസ് ‘പ്രവാഹം’ പദ്ധതി എന്നിവയുടെ ഉദ്ഘാടനവും പുസ്തക പ്രാകാശനവും നടക്കും. പെരുവയില്‍ ആരംഭിക്കുന്ന പ്രശാന്തം പാലിയേറ്റീവ് സെന്‍ററിന്‍റെ ശിലാസ്ഥാപനവും അന്നേദിവസം രാവിലെ നടത്തപ്പെടുന്നു.
https://ovsonline.in/news/mar-severios-social-welfare-projects/