ചെല്ലാർകോവിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി കൂദാശ 28 മുതൽ
കട്ടപ്പന :- പുനർനിർമിച്ച ചെല്ലാർകോവിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെ കൂദാശ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനും പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പൊലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമികത്വത്തിൽ 28, 29 തീയതികളിൽ നടക്കും. പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി മാത്യൂസ് മാർ സേവേറിയോസ്, മുംബൈ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കുറിലോസ്, ഇടുക്കി ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് എന്നിവർ കാർമികത്വം വഹിക്കും. പുതിയ കൽക്കുരിശുകളുടെയും കൊടിമരത്തിന്റെയും കൂദാശയും കൊടിയേറ്റും ഇടുക്കി ഭദ്രാസനാധിപൻ മാത്യൂസ് മാർ തേവോദോസിയോസ് നിർവഹിച്ചു.
ഫാ. എ. വി. കുര്യൻ, ഫാ. സോമൻ വർഗീസ്, ഫാ. ഏബ്രഹാം സാമുവൽ, ഫാ. മഹേഷ് പോൾ എന്നിവർ പ്രസംഗിച്ചു. ഇന്ന് 6.30നു സന്ധ്യാനമസ്കാരത്തെത്തുടർന്നു പവിത്ര ദർശനത്തിന് പാമ്പാടി ദയറാ മാനേജർ ഫാ. മാത്യു കെ. ജോൺ നേതൃത്വം നൽകും. നാളെ 6.30നു സന്ധ്യാനമസ്കാരം, ഏഴിനു സഭാ മാനേജിങ് കമ്മിറ്റി അംഗം ഫാ. ബിജു ആൻഡ്രൂസ് പ്രസംഗിക്കും. 28നു 3.30നു പിതൃസ്മൃതി, സെമിത്തേരിയിൽ ധൂപപ്രാർഥന, നാലിന് പരിശുദ്ധ ബാവായ്ക്കു സ്വീകരണം, 5.30നു സന്ധ്യാനമസ്കാരം, തുടർന്നു പള്ളി കൂദാശയുടെ ഒന്നാം ഘട്ടം നിർവഹിക്കും. 29ന് 6.30നു പ്രഭാത പ്രാർഥനയ്ക്കുശേഷം കൂദാശയുടെ രണ്ടാം ഘട്ടം നടക്കും. തുടർന്നു മൂന്നിൻമേൽ കുർബാന, ശ്ലൈഹിക വാഴ്‌വ്, ശിലാഫലക അനാച്ഛാദനം, സ്നേഹവിരുന്ന്.