OVS - Latest NewsOVS-Kerala News

പുലിക്കോട്ടിൽ മാർ ദിവന്നാസിയോസിന്റേത് ഊർജം പകരുന്ന ജീവിതം: എത്യോപ്യൻ പാത്രിയർക്കീസ്

തൃശൂർ ∙ പ്രതിസന്ധികളിൽ ഉഴറിയിരുന്ന മലങ്കര സഭയെ ദിശാബോധത്തോടെ നയിക്കുകയും നാടിന്‍റെ നവോത്ഥാനത്തിന് അടിത്തറ പാകുകയും ചെയ്ത പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിന്റെ ചരമദ്വിശതാബ്ദി ആഗോള സമാപനം വിശ്വാസികളുടെ വൻസമൂഹത്തെ സാക്ഷിനിർത്തി എത്യോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂന മത്ഥിയാസ് പാത്രിയർക്കീസ് ബാവാ ഉദ്ഘാടനം ചെയ്തു. മാർ ദിവന്നാസിയോസിന്‍റെ ജന്മനാടായ കുന്നംകുളത്ത് നടന്ന മഹാസമ്മേളനത്തിൽ ഇതേ നാട്ടിൽനിന്നു സഭയുടെ അമരത്തെത്തിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ ആധ്യക്ഷ്യം വഹിച്ചു.

പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിന്‍റെ ജീവിതം യുവജനങ്ങൾക്ക് പുത്തൻ ഊർജമാണെന്ന് പരിശുദ്ധ ആബൂന മത്ഥിയാസ് പാത്രിയർക്കീസ് ബാവാ പറഞ്ഞു. വാങ്ങിപ്പോയ പിതാക്കൻമാരുടെ ഓർമപ്പെരുന്നാളുകൾ ലോകമെമ്പാടുമുള്ള സഭാവിശ്വാസികളെ ഒരുമിപ്പിക്കുന്നു. അവരുടെ ജീവിതാനുഭവങ്ങളാണ് മാറുന്ന ലോകത്തിൽ സഭയുടെ മുഖമുദ്ര. ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന സഭകൾ തമ്മിലുള്ള ഐക്യത്തിന് ഇത്തരം സന്ദർഭങ്ങൾ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

സഭയെ സ്വന്തം ജീവനേക്കാൾ സ്നേഹിച്ചയാളാണ് ജോസഫ് മാർ ദിവന്നാസിയോസ് എന്ന് കാതോലിക്കാ ബാവാ പറഞ്ഞു. അനേകം പ്രതിബന്ധങ്ങൾക്കിടയിലും സഭയ്ക്ക് പോറലേൽക്കാതെ കാത്തുസൂക്ഷിച്ച അദ്ദേഹത്തിന്‍റെ മഹത്തായ ദീർഘവീക്ഷണത്തിന്‍റെ ഫലമാണ് പഴയസെമിനാരിയെന്നും അനുസ്മരിച്ചു. ഓർത്തഡോക്സ് സഭ എന്നും മതനിരപേക്ഷമായ നിലപാടുകളാണ് എടുത്തിട്ടുള്ളതെന്ന് മന്ത്രി എ.സി.മൊയ്തീൻ പറഞ്ഞു.

Ethiopian patriarch's visit to Indian Orthodox Church

മതന്യൂനപക്ഷങ്ങൾക്കും ദലിതർക്കുമെതിരെ രാജ്യത്ത് ഭീഷണിയുയർന്നു വരുന്ന കാലത്ത് ഇത്തരം നിലപാടുകൾ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. ദ്വിശതാബ്ദി സ്മരണിക എത്യോപ്യൻ അംബാസഡർ അസ്ഫാ ഡിങ്കാമോ പ്രകാശനം ചെയ്തു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.മാത്യൂസ് മാർ സേവേറിയോസ്, മെത്രാപ്പൊലീത്തൻ ജനറൽ കൺവീനർ ഡോ. ഗീവർഗീസ് മാർ യൂലിയോസ്, വൈദിക ട്രസ്റ്റി ഫാ.ജോൺസ് എബ്രഹാം കോനാട്ട് , ഫാ. എം. പി. ജോർജ്, ഡോ. ഫാ. ഡോ. കെ. എം. ജോർജ് എന്നിവർ പ്രസംഗിച്ചു.

ഡോ.യാക്കോബ് മാർ ഐറേനിയോസ്, യൂഹാനോൻ മാർ ദിയസ്കോറസ്, മാത്യൂസ് മാർ തേവോദോസിയോസ്, കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഡോ. ജോഷ്വ മാർ നിക്കോദീമോസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, ഡോ. ഏബ്രഹാം മാർ സെറാഫിം, യാക്കോബ് മാർ ഏലിയാസ് എന്നിവർ വിവിധ ചടങ്ങുകളിൽ പങ്കെടുത്തു. മാർ ദിവന്നാസിയോസിനെ മലങ്കര മെത്രാപ്പൊലീത്തയായി വാഴിച്ച പഴഞ്ഞി സെന്‍റ് മേരീസ് കത്തീഡ്രലിലെത്തിയ പരിശുദ്ധ കാതോലിക്കാ ബാവായ്ക്കും എത്യോപ്യൻ പാത്രിയർക്കീസ് ബാവായ്ക്കും സ്വീകരണം നൽകി. ആർത്താറ്റ് സെന്‍റ് മേരീസ് കത്തീഡ്രലിലും സന്ദർശനം നടത്തി.

error: Thank you for visiting : www.ovsonline.in