എത്യോപ്യൻ പാത്രിയർക്കീസ് ബാവാ പഴഞ്ഞി കത്തീഡ്രൽ സന്ദർശിച്ചു
പഴഞ്ഞി ∙ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസിനെ മലങ്കര മെത്രാപ്പൊലീത്തയായി വാഴിച്ച പഴഞ്ഞി സെന്‍റ് മേരീസ് കത്തീഡ്രൽ എത്യോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂന മത്ഥിയാസ് ബാവാ സന്ദർശിച്ചു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായോടൊപ്പം പള്ളിയിലേക്കെത്തിയ പാത്രിയർക്കീസ് ബാവായെ കൊടിയും പൊൻ, വെള്ളി കുരിശുകളും മുത്തുകുടകളും കത്തിച്ച മെഴുകുതിരികളുമായി തെക്കേ അങ്ങാടിയിൽനിന്ന് ഘോഷയാത്രയായി പള്ളിയിലേക്ക് ആനയിച്ചു. ട്രസ്റ്റി അനീഷ് സി.ജോർജിന്‍റെ നേതൃത്വത്തിൽ പള്ളി ഭരണസമിതിയംഗങ്ങൾ നേതൃത്വം നൽകി.
പഴയ പള്ളിയിൽ ധൂപപ്രാർഥനയ്ക്ക് സഭയിലെ വൈദികരും മെത്രാപ്പൊലീത്തമാരും ചേർന്ന് ശേഷം പുതിയ പള്ളിയിലേക്ക് പരിശുദ്ധ പിതാക്കൻമാരെ ആനയിച്ചു. പള്ളിയിൽ നടന്ന സമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു. പഴഞ്ഞി പള്ളി തനിക്ക് എന്നും വൈകാരികമായ ഒട്ടേറെ ഓർമകൾ സമ്മാനിച്ചിട്ടുള്ളതായി പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
പഴഞ്ഞി പള്ളിയിലെ ചരിത്ര മ്യൂസിയം ഇത്യോപ്യൻ പാത്രിയർക്കീസ് പരിശുദ്ധ ആബൂന മത്ഥിയാസ് ബാവാ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.സൈമൺ വാഴപ്പിള്ളി, സഹവികാരി ഫാ.മാത്യു വർഗീസ് കൊളങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു. പള്ളിയിലെത്തിയ വിശ്വാസികളെ ശ്ലൈഹിക വാഴ്‍വ് നൽകി അനുഗ്രഹിച്ചാണ് പിതാക്കൻമാർ മടങ്ങിയത്.