മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍: ഒരു സഹയാത്രികന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍
മഹത്വവല്‍ക്കരണത്വരയില്‍ സമീപകാലത്ത് ചിലര്‍ വ്യക്തിത്വും സംഭാവനകളും നഷ്ടപ്പെടുത്തിയ ഹതഭാഗ്യനാണ് പഴയ സെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് ദ്വിതീയന്‍. അദ്ദേഹത്തെ ഒരു അവസരവാദിയായി ചിത്രീകരിക്കത്തക്കവിധം പൂര്‍വാപരവിരുദ്ധമായിരുന്നു അദ്ദേഹത്തിനു ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങള്‍. മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍റെ യഥാര്‍ത്ഥ മഹത്വവും സംഭാവനകളും ഈ ത്വരയില്‍ കുഴിച്ചുമൂടപ്പെട്ടു.
ഒരു മല്പാനും സുറിയാനി പണ്ഡിതനുമെന്നതിലുപരി, താന്‍ ആഗ്രഹിച്ച … ആര്‍ത്താറ്റ് തമ്പുരാനെപ്പെറ്റമ്മയുടെ പള്ളിനടയിലെ… സേവനത്തിനുപരി ഇട്ടൂപ്പ് റമ്പാനെ സാര്‍വജനീനനാക്കിയത് മലങ്കര നസ്രാണികളുടെ ആരാധന-കൂദാശാ ക്രമങ്ങളുടെ ഏകീകരണത്തില്‍ അദ്ദേഹം വഹിച്ച നിര്‍ണ്ണായക പങ്കാണ്. അതാകട്ടെ നസ്രാണിയുടെ മുമ്പോട്ടുള്ള ഗമനത്തിന് അനിവാര്യവുമായിരുന്നു. അതു മനസിലാക്കണമെങ്കില്‍ സ്വല്‍പ്പം പിന്നോട്ടുള്ള ചരിത്രം പരിശോധിക്കേണ്ടിയിരിക്കുന്നു.
1599-ലെ ഉദയംപേരൂര്‍ സുന്നഹദോസ് മലങ്കരയില്‍ ലത്തീന്‍ ക്രമങ്ങളും ലത്തീന്‍വല്‍ക്കരിച്ച കല്‍ദായ ക്രമങ്ങളും അടിച്ചേല്‍പ്പിച്ചു. അരനൂറ്റാണ്ടുകൊണ്ട് ഇവ മലങ്കരയില്‍ പൂര്‍ണ്ണമായും പ്രചരിച്ചതിനാല്‍ 1653-ലെ കൂനന്‍കുരിശു സത്യത്തിനു ശേഷവും മലങ്കരയുടെ ആരാധനാ രീതിയ്ക്ക് മാറ്റമൊന്നും ഉണ്ടായില്ല. യഥാര്‍ത്ഥത്തില്‍ കൂനന്‍കുരിശു സത്യത്തിലൂടെ റോമാനുകം വലിച്ചെറിഞ്ഞു എന്നല്ലാതെ മറ്റൊരു ആചാര-വിശ്വാസ ഭേദഗതിയും വരുത്തിയില്ല എന്നതാണ് സത്യം. 1665-ല്‍ യെറുശലേമിലെ സുറിയാനി പാത്രിയര്‍ക്കീസ് മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ ജലീദ് കേരളത്തിലെത്തി മഹാനായ മാര്‍ത്തോമ്മാ ഒന്നാമന്‍റെ മേല്പട്ടവാഴ്ച ക്രമപ്പെടുത്തി. അതോടെ മലങ്കരയുടെ അന്ത്യോഖ്യന്‍ ബന്ധം ആരംഭിച്ചു എങ്കിലും ആരാധനക്രമങ്ങളെ അന്ത്യോഖ്യന്‍ രീതിയിലാക്കാനുള്ള മാര്‍ ഗ്രീഗോറിയോസ് അബ്ദല്‍ ജലീദിന്‍റെ ശ്രമങ്ങള്‍ വിജയിച്ചില്ല. 1686-ലെ ചെങ്ങന്നൂര്‍ സുന്നഹദോസ് അലക്സാന്‍ഡ്രിയന്‍ വേദശാസ്ത്രവും ഓര്‍ത്തഡോക്സ് വിശ്വാസവും ഔദ്യോഗികമായി അംഗീകരിച്ചെങ്കിലും പുളിപ്പുള്ള അപ്പം ഉപയോഗിക്കുക എന്നതൊഴികെ ആരാധനാ ക്രമങ്ങളുടെ കാര്യത്തില്‍ പരിഷ്ക്കാരങ്ങളൊന്നും നടപ്പാക്കിയില്ല.
പതിനെട്ടാം നൂറ്റാണ്ടിന്‍റെ മദ്ധ്യത്തില്‍ അന്ത്യോഖ്യന്‍ സഭയില്‍നിന്നും വിഗ്രഹഭംജ്ഞകനായ മാര്‍ ഈവാനിയോസ് അരക്ചാഞ്ചി, തുടര്‍ന്ന് ബസേലിയോസ് ശക്രള്ളാ മഫ്രിയാന പ്രഭൃതികള്‍ എന്നിവര്‍ കേരളത്തിലെത്തിയതോടെ പാശ്ചാത്യ സുറിയാനിക്രമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. ഇത് സംഘര്‍ഷങ്ങള്‍ക്കു വഴിവെച്ചെങ്കിലും ഇവരുടെ ശിഷ്യന്മാരായ കത്തനാര്‍മാര്‍വഴി അന്ത്യോഖ്യന്‍ ക്രമങ്ങള്‍ സാവധാനം പ്രചരിച്ചുവന്നു. അതോടെ നിലവിലുണ്ടായിരുന്ന ലത്തീന്‍വല്‍ക്കരിക്കപ്പെട്ട കല്‍ദായ ക്രമങ്ങളില്‍ അന്ത്യോഖ്യന്‍ രീതികള്‍കൂടെ ചേര്‍ന്ന് കൂടുതല്‍ സങ്കീര്‍ണ്ണമായി. കേന്ദ്രീകൃത വൈദീകവിദ്യാഭ്യാസം ഇല്ലായിരുന്നതിനാല്‍ വിവിധ മല്പാന്മാരുടെ ശിഷ്യന്മാര്‍ വ്യത്യസ്ഥ ചെരുവകളാണ് പിന്തുടര്‍ന്നിരുന്നത്. ഈ അവസ്ഥ തുടരാനാവുമായിരുന്നില്ല. ആരാധനാക്രമങ്ങളില്‍ ഒരു ഐക്യരൂപ്യം അനിവാര്യമായിരുന്നു. 1769-ല്‍ മാവേലിക്കര നടന്ന മലങ്കരപള്ളിയോഗം …പുത്തന്‍ ക്രമം നമസ്ക്കാരവും, പട്ടം കെട്ടുകയും കാപ്പയിട്ടു കുറുവാന ചൊല്ലുകയും, പെണ്‍കെട്ടും മാമോദിസായും പഴയക്രമം നടന്നു കൊള്ളത്തക്കവണ്ണവും… എന്ന് അന്ത്യോഖ്യന്‍ ക്രമങ്ങളെ ഭാഗികമായി അംഗീകരിച്ചു എങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ല.
പക്ഷേ പതിനെട്ടാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ അന്ത്യോഖ്യന്‍ ക്രമങ്ങളുടെ സ്വാധീനം ക്രമേണ വര്‍ദ്ധിച്ചു വരികയായിരുന്നു. ശക്രള്ളാ മഫ്രിയാന, അദ്ദേഹത്തോടൊപ്പംവന്ന മാര്‍ ഗ്രീഗോറിയോസ് യൂഹാനോന്‍, മാര്‍ ഈവാനിയോസ് യൂഹാനോന്‍ എന്നിവരുടെ ശിഷ്യന്മാരായ കത്തനാരാരുമാരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. മറുവശത്ത്, കല്‍ദായക്രമങ്ങളുടെ പിന്തുടര്‍ച്ചക്കാര്‍ അഭ്യസനകാര്യത്തില്‍ ജീര്‍ണ്ണാവസ്ഥയിലുമായിരുന്നു.
1809-ല്‍ മാര്‍ത്തോമ്മാ ഏട്ടാമന്‍റെ സ്ഥാനസാധുതയെപ്പറ്റി ഉയര്‍ന്ന തര്‍ക്കങ്ങള്‍ കണ്ടനാട്ട് ഒരു മലങ്കര പള്ളിയോഗം വിളിച്ചുകൂട്ടുന്നതില്‍ കലാശിച്ചു. മാര്‍ത്തോമ്മാ എട്ടാമന്‍റെ മലങ്കര മെത്രാന്‍സ്ഥാനം അംഗീകരിച്ച ആ യോഗം മലങ്കര സഭയ്ക്ക് പൊതു മാനദണ്ഡങ്ങള്‍ രൂപീകരിക്കാനുള്ള വേദികൂടിയായി പരിണമിച്ചു. കായംകുളം പീലിപ്പോസ് റമ്പാന്‍, പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്തനാര്‍ എന്നിവര്‍ക്ക് ഈ പ്രക്രിയില്‍ നിര്‍ണ്ണായകമായ സാധീനം ചെലുത്താന്‍ സാധിച്ചു. അവര്‍ യഥാക്രമം മാര്‍ ഈവാനിയോസ് യൂഹാനോന്‍, മാര്‍ ബസേലിയോസ് ശക്രള്ളാ മഫ്രിയാന എന്നിവരുടെ ശിഷ്യന്‍ന്മാരും പ്രമുഖ മല്പാന്മാരുമായിരുന്നു. അതിനാല്‍ സ്വാഭാവികമായും അന്ത്യോഖ്യന്‍ ക്രമങ്ങളെ പിന്തുണയ്ക്കുന്നവരും.
കണ്ടനാട് പടിയോല എന്നറിയപ്പെടുന്ന ഈ മലങ്കര പള്ളിയോഗ നിശ്ചയിങ്ങളാണ് നസ്രാണികളുടെ ലഭ്യമായ ആദ്യ നിയമസംഹിത. ഇതിന്‍റെ ഉള്ളടക്കത്തിനു മൂന്നു ഭാഗങ്ങളുണ്ട്.
1. സാമൂഹിക ആചാരങ്ങളുടെ ക്രമീകരണം.
2. ഇടവകപള്ളികളുടെ ഭരണസംവിധാനം
3. ആരാധനാ ക്രമങ്ങളുടെ ഏകീകരണം
ആരാധനാ ക്രമങ്ങളുടെ ഏകീകരണത്തിന് മൂന്ന് സുപ്രധാന നടപടികളാണ് കണ്ടനാട് പടിയോല മുന്നോട്ടുവച്ചത് അവ,
1. അന്ത്യോഖ്യന്‍ ക്രമങ്ങള്‍ ഔദ്യോഗികമായി അംഗീകരിച്ച് അവ ഒഴികെയുള്ള ആരാധനാക്രമങ്ങള്‍ നിരോധിച്ചു.
2. പാശ്ചാത്യ സുറിയാനി ക്രമത്തിലുള്ള ആണ്ടു തക്സാ എല്ലാ പള്ളികളിലും പകര്‍ത്തിയെഴുതി എത്തിക്കാന്‍ നിര്‍ദ്ദേശിച്ചു.
3. തെക്കും വടക്കും കേന്ദ്രീകൃത വൈദീക വിദ്യാഭ്യാസം ആരംഭിക്കാന്‍ തീരുമാനിച്ചു.
ഇതിനു പുറമെ, കായംകുളം പീലിപ്പോസ് റമ്പാനെയും പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്തനാര്‍ക്ക് റമ്പാന്‍സ്ഥാനം നല്‍കി അദ്ദേഹത്തേയും മെത്രാന്‍റെ കാര്യവിചാരകരായി മലങ്കര പള്ളിയോഗം നിയമിച്ചു.
എന്നാല്‍ ഇവ, പ്രത്യേകിച്ചും കേന്ദ്രീകൃത വൈദീക വിദ്യാഭ്യാസം, നടപ്പലാക്കുന്നതില്‍ മാര്‍ത്തോമ്മാ എട്ടാമന്‍ യാതൊരു താല്പര്യവും പ്രകടിപ്പിച്ചില്ല. അതോടെ റമ്പാന്മാര്‍ ഇരുവരും അതിനുള്ള ശ്രമവുമായി മുന്നിട്ടിറങ്ങി. ഈ പ്രക്രിയയിലാണ് അവര്‍ തിരുവിതാംകൂര്‍ റസിഡന്‍റും ദിവാനുമായ കേണല്‍ മണ്‍ട്രോയുമായി പരിചയപ്പെടുന്നത്. മെത്രാന്‍റെ നടപടിപ്പിശകുകളെ സംബന്ധിച്ച പരാതികള്‍ ശരിയാണന്നു ബോദ്ധ്യമായിട്ടും മാര്‍ത്തോമ്മാ എട്ടാമന്‍റെ മരണംവരേ അദ്ദേഹത്തിനെതിരായ ഒരു ഉത്തരവു പുറപ്പെടുവിക്കാന്‍ കേണല്‍ മണ്‍ട്രോ തയാറായില്ല. ഇതിനിടയില്‍ 1812-ല്‍ കായംകുളം പീലിപ്പോസ് റമ്പാന്‍ മരിച്ചതോടെ ഇട്ടൂപ്പ് റമ്പാന് ഒറ്റയ്ക്ക് ഈ പ്രയത്നവുമായി മുമ്പോട്ടു പോകേണ്ടിവന്നു.
രസകരമായ വസ്തുത, ഒരു സെമിനാരി – പടിത്തവീട് – സ്ഥാപിക്കുവാന്‍ 1809-ലെ കണ്ടനാട് പടിയോലയില്‍ നിശ്ചയം ഇല്ലെന്നതാണ്. … 8-മത – തെക്കും വടക്കും രണ്ടു പടുത്ത വീട്ടില്‍ ഒരൊ മല്പാന്മാരെ ഇരുന്ന, പൈതങ്ങളെയും ശെമ്മാശന്‍ന്മാരെയും പടിപ്പിയ്ക്കയും, പള്ളികളില്‍നിന്നു വരിയിട്ടഎടുത്ത, അവര്‍ക്കു വെണ്ടുന്നത ആണ്ടുതൊറും കൊടുക്കയും, പട്ടക്കാറര, പള്ളിയ്ക്കടുത്ത ക്രമങ്ങള്‍ ഒക്കെയും തഴക്കി, കുറവുതീര്‍ന്നു, മല്പാന്മാരുടെ എഴുത്ത യജമാനസ്ഥാനത്തെ കൊണ്ടുവന്നകൊടുത്ത, കൂദാശ പ്രവര്‍ത്തികള്‍ക്ക അനുവാദം വാങ്ങിച്ചുകൊള്‍കയും … എന്നു മാത്രമാണ് കണ്ടനാട് നിശ്ചയം. അക്കാലത്തെ പതിവനുസരിച്ച് ഓരോ മല്പാന്മാര്‍ വസിക്കുന്ന പള്ളികളില നടന്നുവന്ന വൈദീകാഭ്യസനം രണ്ടു പള്ളികളിലായ കേന്ദ്രീകരിക്കുക, അവിടെ പഠിച്ചിറങ്ങുന്നവര്‍ക്കുമാത്രം പട്ടംകൊടുക്കുക എന്നു മാത്രമായിരുന്നു ഇതിന്‍റെ വിവക്ഷ. സ്വാഭാവികമായും കായംകുളം പീലിപ്പോസ് റമ്പാന്‍, പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാന്‍ എന്നിവരെയാവണം അവിടെ റീശ് മല്പാന്മാരായി യോഗം കണ്ടത്.
കേന്ദ്രീകൃതമായ ഒരു സെമിനാരി എന്ന ആശയം കേണല്‍ മണ്‍ട്രോയുടെ സംഭാവനയാണ് എന്നാണ് പരക്കെയുള്ള ധാരണ. ഇതു ശരിയാണോ? ഇടവകപ്പള്ളികളില്‍നിന്നും സ്വതന്ത്രമായ വൈദീകാഭ്യസനകേന്ദ്രം എന്ന ആശയം ഇട്ടുപ്പ് റമ്പാന്‍റെ സ്വന്തമല്ലേ എന്നു സംശയിക്കണം. കാരണം ഇട്ടൂപ്പ് റൈട്ടര്‍ ഉദ്ധരിക്കുന്ന … പഠിത്വവിട തീര്‍പ്പിച്ച അതില്‍ പീലിപ്പോസ് റെംബാനെ ആക്കി ഒരു പള്ളിക്ക ഒരു കത്തനാരെയും ഒരു ചെമ്മാശിനെയും ഒരു പൈതലിനെയും വീതം ഏങ്കിലും വരുത്തി പഠിത്വം തുടങ്ങേണ്ടത് ആവിശ്യം എന്നും … എന്ന ഇട്ടൂപ്പ് റമ്പാന്‍റെ കത്തിലെ പരാമര്‍ശനത്തില്‍നിന്നും ഉടലെടുത്തതാണ്.
ഒരുപക്ഷേ തന്‍റെ ജന്മദേശത്തിനു സമീപം തവനൂരിലുള്ള നമ്പൂതിരിമാരുടെ വേദാഭ്യാസ കേന്ദ്രമായ തിരുനാവായ ഓത്തര്‍മഠം ഇട്ടൂപ്പ് റമ്പാനു പരിചിതമായിരുന്നിരിക്കണം. മെത്രാന്‍ നിസ്സഹകരിക്കുന്ന സാഹചര്യത്തില്‍ പടിത്തവീട് സ്ഥാപിക്കുന്നതിനുള്ള ചുമതല ഇട്ടൂപ്പ് റമ്പാന്‍ ഏറ്റെടുത്തു. കേണല്‍ മണ്‍ട്രോ അതിനെ പിന്താങ്ങി. അതിനു പുറകില്‍ വ്യക്തമായ സാമ്രാജ്യത്വ അജണ്ട അദ്ദേഹത്തിനുണ്ടായിരുന്നു. വട്ടിപ്പണത്തിന്‍റെ കുടിശ്ശിക ഇണ്ടായിരുന്ന നാലുവര്‍ഷത്തെ പലിശ 3360 രൂപ കേണല്‍ മണ്‍ട്രോ ഇട്ടുപ്പ് റമ്പാനെ ഏല്പിച്ചു. അങ്ങിനെ കോട്ടയത്ത് തിരുവിതാംകൂര്‍ റീജന്‍റ് മഹാറാണി ഗൗരിലക്ഷ്മിഭായി ദാനംനല്‍കിയ സ്ഥലത്ത് റമ്പാന്‍ സെമിനാരി പണി ആരംഭിച്ചു. ഇട്ടൂപ്പ് റമ്പാന് റീശ് മല്പാന്‍ സ്ഥാനത്തിനു താല്പര്യമില്ലായിരുന്നെന്നും ഈ പരാമര്‍ശനം വ്യക്തമാക്കുന്നു.
ഇതിനിടയില്‍ ഒരു പ്രതിസന്ധി കടന്നുവന്നു. നിയമപ്രകാരം മലങ്കര മെത്രാന് നല്കേണ്ട വട്ടിപ്പണപ്പലിശ കേവലം ഒരു റമ്പാന് നല്‍കിയതിനെ മദ്രാസിലെ ബ്രിട്ടീഷ് അധികാരികള്‍ അംഗീകരിച്ചില്ല. ഈ സാങ്കേതികതടസംകൊണ്ടു പണം മടക്കി അടയ്ക്കുവാന്‍ അവര്‍ അവശ്യപ്പെട്ടു. കേണല്‍ മണ്‍ട്രോയ്ക്കോ ഇട്ടുപ്പ് റമ്പാനോ ഇതു സാദ്ധ്യമായിരുന്നില്ല. ഈ പ്രതിസന്ധി മറികടക്കാനുള്ള മാര്‍ഗ്ഗം എന്ന നിലയില്‍ ഇട്ടുപ്പ് റമ്പാനോട് മേല്പട്ട സ്ഥാനം ഏല്‍ക്കാന്‍ കേണല്‍ മണ്‍ട്രോ ആവശ്യപ്പെട്ടു. റമ്പാന് മനസില്ലായിരുന്നങ്കിലും സമ്മതിക്കാതിരിക്കാന്‍ സാദ്ധ്യമായിരുന്നില്ല. തൊഴിയൂരിന്‍റെ കിടങ്ങന്‍ മാര്‍ പീലക്സീനോസ് മെത്രാപ്പോലീത്താ പകലോമറ്റം കുടുംബവാഴ്ച അവസാനിപ്പിക്കാനും, ഇട്ടുപ്പ് റമ്പാനെ മെത്രാനായി വാഴിക്കുന്നതിനും മലങ്കര പള്ളിയോഗത്തിന്‍റെ സമ്മതം വാങ്ങി അദ്ദേഹത്തെ മാര്‍ ദീവന്നാസ്യോസ് രണ്ടാമനായി വാഴിച്ചു. ഇതേ പള്ളിയോഗ നിശ്ചയപ്രകാരമാണ് മാര്‍ത്തോമ്മ ഒമ്പതാമനെ അദ്ദേഹം വടിയും മുടിയും വയ്പ്പിച്ചത്. മാര്‍ത്തോമ്മാ എട്ടമനുമായി അദ്ദേഹം ഏറ്റുമുട്ടാന്‍ തയാറായില്ല. … (സെമിനാരി) റമ്പാന്‍റെ മട്ടപ്രകാരം 990 മീനമാസത്തില്‍ പണികള്‍ മിക്കവാറും കുറവു തീര്‍ത്തശെഷം ആഞ്ഞൂരുനിന്നും കിടങ്ങന്‍ എന്നു പേരുപറയുന്ന മാര്‍ പീലക്സീനോസു മെത്രാനെ വരുത്തി സെമിനാരിയില്‍ ഇരുത്തി പഠിത്വം തുടങ്ങിക്കണമെന്നു വിചാരിച്ചതിനു മാര്‍ത്തൊമ്മന്‍ മെത്രാന്‍ വിരോധം പറയുകയാല്‍ ഇട്ടൂപ്പ് റമ്പാന്‍ തന്നെ ഏതാനും ചെമ്മാശന്മാരെ വരുത്തി പഠിത്വം തുടങ്ങി… എന്ന ഇട്ടുപ്പ് റൈട്ടറുടെ പരമര്‍ശനം അത് തെളിയിക്കുന്നു.
യാഥാര്‍ത്ഥ്യം ഇതായിരിക്കെ പകലോമറ്റം കുടുംബവാഴ്ചയുടെ അന്തകന്‍, വേദപുസ്തക പരിഭാഷകന്‍ മുതലായ അനേക വിശേഷണങ്ങളാണ് ചിലര്‍ സമീപകാലത്ത് അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തത്. ഇതിനാകട്ടെ അവലംബിക്കുന്നത് ദ്വിതീയവും ത്രിതീയവും അതിനുമുപരിയുമായ പാശ്ചാത്യ രേഖകളും! ഇട്ടൂപ്പ് റമ്പാനെന്ന മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍റെ വ്യക്തിത്വത്തിനും, നിശ്ചയദാര്‍ഡ്യത്തിനും കടകവിരുദ്ധമാണ് ഇവ. അവയൊക്കെ മുഖവിലയ്ക്കെടുത്താല്‍ അദ്ദേഹം തികഞ്ഞ അവസരവാദിയാണെന്നു വരും. അദ്ദേഹത്തിന്‍റെ സവിശേഷമായ വ്യക്തിത്വത്തിന് അചിന്ത്യമായ ഒന്നാണിത്.
പക്ഷേ രസകരമായ വസ്തുത, അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ വ്യക്തിത്വവും സംഭാവനകളും ചിത്രീകരിക്കുന്ന രേഖകള്‍ പഠനവിധേയമായിട്ടില്ലന്നാണ്. പഴയ സെമിനാരിയിലെ ആദ്യ വിദ്യാര്‍ത്ഥിയും മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍റെ ശിഷ്യനും ശെമ്മാശനുമായിരുന്ന ഇടവഴിക്കല്‍ പീലിപ്പോസ് കത്തനാര്‍ രചന ആരംഭിച്ച് മൂന്നു തലമുറ തുടര്‍ച്ചയായി എഴുതിയ അപ്രകാശിതമായ ഇടവഴിക്കല്‍ ക്രോണിക്കിള്‍സിലെ ദൃക്സാക്ഷി വിവരണങ്ങളിലാണ് ഈ മനോഹരചിത്രം മുഖ്യമായും വരഞ്ഞിട്ടിരിക്കുന്നത്.
പഴയ സെമിനാരി സ്ഥാപനത്തിലേയ്ക്കു നയിച്ച സംഭവവികാസങ്ങള്‍ ഇടവഴിക്കല്‍ ക്രോണിക്കിള്‍സ് വിവരിക്കുന്നത് ഇപ്രകാരമാണ്. … മാര്‍ ദീവന്നാസ്യോസ് മെത്രാപൗലീത്തായുടെ അനന്തിരവനായിരിക്കുന്ന മാര്‍ത്തൊമ്മ അപ്പിസ്ക്കോപ്പ പള്ളികള്‍ വിചാരിച്ചുവരുമ്പോള്‍ മിഥുനമാസം 984-മാണ്ട ആ ദെഹത്തിന്‍റെ ശെഷക്കാരന്‍ തൊമ്മന്‍ കത്തനാരെ മെത്രാനായിട്ടു വാഴിച്ച കണ്ടനാട്ടുവച്ചു മരിച്ച കോലംചെരി പള്ളിയില്‍ അടക്കുകയും ചെയ്തു. ആ ദെഹം മെത്രാനായിട്ടു നടന്നുവരുമ്പോള്‍ പുലിക്കോട്ടു ഇട്ടൂപ്പു കത്തനാരു മെത്രാനൊട രണ്ടാമത റമ്പാന്‍സ്താനം ഏല്‍ക്കുകയും അയാളുടെ അനന്തരവന്‍ ഇട്ടൂപ്പിനെ ശെമ്മാശപട്ടം ഏല്പിക്കയും ചെയ്തു.
ഇങ്ങനെയിരിക്കുമ്പോള്‍ മൂവായിരം പൂവിരാകനു രൂപാ 10,500ക്കു നൂറ്റുക്കു എട്ടു രൂപാവീതം ആണ്ടോന്നുക്കു 840 രൂപ വീതം പലിശയുള്ളതില്‍ ഒരു ആണ്ടക്ക വിരാകന്‍ 240 മെക്കാളി സായിപ്പിനൊടു മെത്രാന്‍ പറ്റുശീട്ടും എഴുതിക്കൊടുത്തു വാങ്ങിച്ചതുകൊണ്ട പയിതങ്ങളെയും ചെമ്മാശന്മാരെയും പടിപ്പിക്കുന്നതിനായിട്ട ഒരു സെമിനാരി പണിചെയ്യിക്കമമെന്നു ഇട്ടൂപ്പറെമ്പാന്‍ പറഞ്ഞാറെ ആയ്തു മെത്രാന്‍ അനുസരിക്കാഴികയാല്‍ തമ്മില്‍ വിവാദിച്ചു മെത്രാനു സ്താനതികവില്ലന്നും സുറിയാനിമര്യാദ നടത്തുന്നില്ലന്നും അന്നു റെസഡണ്ടായിരുന്ന കര്‍ണ്ണല്‍ മണ്ട്രോ സായിപ്പ അവര്‍കളെ റമ്പാന്‍ ബോധിപ്പിച്ച. പള്ളിക്കാററെയുംകൂട്ടി കാര്യെങ്ങളെകെട്ടു അറിയേണ്ടതിങ്കല്‍ 986-മാണ്ടു മിഥുനമാസത്തില്‍ എല്ലാപേരും പുതിയകാവു പള്ളിയില്‍ കൂടി. ബാവാന്മാരെ വരുത്തേണ്ടിന്നു മെത്രാനും ശെഷംപെരും ചെര്‍ന്ന അന്ത്യോക്കിയായ്ക്കു അയക്കേണ്ടതിന്നുള്ള കുറി എഴുത്തിട്ടതിന്നെ മണ്ട്രേല്‍ സായ്വവര്‍കളുടെ കയ്യില്‍ കൊടുക്കുകയും ചെയ്തു.
987-മാം ആണ്ടില്‍ കല്ലിക്കട്ടുശീമയില്‍ ആഞ്ഞൂ പാര്‍ത്തിരുന്ന ശീരന്‍ മെത്രാന്‍ കുന്നംകുളങ്ങരെക്കാരന്‍ കെടങ്ങന്‍ വറുഗീസു കത്തനാരെ പീലയ്ക്കുസീനൊസു മെത്രാപൗലീത്താ എന്നു പേരുവിളിച്ചു വാഴിച്ചുംവെച്ച് അയാള്‍ മരിക്കയും ചെയ്തു.
പിന്നത്തേതില്‍, ഇട്ടുപ്പ് റമ്പാന്‍റെ ശേഖരത്തില്‍ ഉണ്ടായിരുന്ന ചില പള്ളിക്കാറരെക്കൊണ്ടും റമ്പാനെക്കൊണ്ടും പറ്റുചീട്ടിവാങ്ങിച്ചുംകൊണ്ട, 988-മാണ്ടുവരയുള്ള വട്ടിപ്പണം പലിശ 960 വിരാകന്‍ റമ്പാന്‍റെ പക്കല്‍ കൊടുക്കയും, ആയ്തു ചിലവിട്ടു കൊട്ടയത്തു സെമിനാരി റമ്പാന്‍ പണിയിയ്ക്കുകയും ചെയ്തുവരുമ്പോള്‍ റമ്പാന്‍ കാല്ലിക്കൊട്ടുശ്ശീമയില്‍ ചെന്നു പീലക്കുസീനോസിനൊട ദീവന്നാസ്യോസെന്ന പെരുവിളിച്ചു മെത്രാന്‍റെ സ്താനം ഏറ്റു കൊട്ടയത്തു സെമ്മിനാരിയില്‍ പാര്‍ത്തുവരുന്ന സങ്ങതിയിങ്കല്‍ 990-ല്‍ തൊമ്മന്‍ മെത്രാനു ദീനമായി. അയാളുടെ ശെഷക്കാരന്‍ എത്രയും വയസനാകുന്ന അയിപ്പു കത്തനാരെ മെത്രാനായിട്ടു വാഴിച്ചു മരിച്ചു പുത്തന്‍ഗാവു പള്ളിയില്‍ അടക്കുകയും ചെയ്തു.
ഇതിന്‍റെ ശെഷം മെത്രാന്‍റെ വക മുതല്‍കാര്യങ്ങളും അന്തിയോക്കിയായില്‍നിന്നും കൊണ്ടുവന്ന സഖല വസ്തുക്കളും തീര്‍പ്പുകള്‍ തിരുവെഴുത്തുകള്‍ ഒക്കയും 3000 പൂവിരാകന്‍റെ കടലാസുകളും ശെഷം ആധാരങ്ങളും സെമിനാരിയില്‍ വരുത്തി വയിപ്പിക്കുകയും അയിപ്പു മെത്രാനെ കടമറ്റത്തയക്കുകയും അയാള്‍ അവിടെപാര്‍ത്തു കാലം കഴിക്കയും ചെയ്തു. കടമറ്റത്തു മാര്‍ത്തൊമ്മന്‍ മെത്രാന്മാര കാണം ഇട്ട 30 പറ കണ്ടം ഉണ്ടായിരുന്നതുകൊണ്ടത്രെ അദെഹം ചെലവു കഴിച്ചത.
വ്യാഖ്യാനം ആവശ്യമില്ലാത്തവിധം വ്യക്തമാണ് ഈ വിവരണം. …പുലിക്കോട്ടു ഇട്ടൂപ്പു കത്തനാരു മെത്രാനൊട രണ്ടാമത റമ്പാന്‍സ്താനം ഏല്‍ക്കുകയും … എന്ന ഭാഗത്തിനു മാത്രം വിശദീകരണം ആവശ്യമുണ്ട്. ഇതേപ്പറ്റി ….65-മാണ്ട, പാര്‍ശ്ശാവിന്‍റെ പട ഭയപെട്ട പുലിക്കൊട്ടില്‍ ഇട്ടൂപ്പ കത്തനാര ചെലയില്‍ കൂടി. കുന്നംകുളങ്ങരെ നിന്നും കരിങ്ങാശ്രെ പള്ളിയില്‍ വന്ന താമസിയ്ക്കുംപ്പൊള്‍. പട ഭയപെട്ട ഇട്ടൂപ്പു കത്തനാരു മുതലായി നാലു കത്തങ്ങള്‍ റമ്പാന്‍റെ അടുക്കല്‍ ചെല്ലുകയാല്‍, അവരെ റമ്പാന്‍ ഉടുപ്പ ഇടുവിച്ചപ്രകാരം പെരുംമ്പടപ്പില്‍ വല്ല്യതമ്പുരാനെ തിരുമനസറുവിയ്ക്കകൊണ്ട, റമ്പാന്‍റെ അനുജന്‍ ചാലി കൊരയെ കൊണ്ട, 6000 പുത്തന്‍ പ്രാച്ചിത്തം ചെയിച്ച. ഇനിമെലാല്‍ നമ്മുടെ രാജ്യത്തിന്നകത്തു പാര്‍ത്തുകൂടാ എന്നു കല്പിച്ച, രാജ്യത്തുനിന്ന വെളിയില്‍ വിടുകയും ചെയ്തു. റമ്പാന്‍റെ ഉടുപ്പ ഇട്ടിരുന്ന ഇട്ടൂപ്പു കത്തനാരു മുതലായ നാലുപെരയും ദീവന്നാസ്യൊസു മെത്രാന്‍റെ അടുക്കല്‍ കൂട്ടിഅയച്ച. കുപ്പായവും കീറി. കുറ്റവും പൊക്കി, കത്തങ്ങളെപൊലെ അവരു പാര്‍ക്കയും ചെയ്തു. … എന്ന വ്യക്തമായ വിശദീകരണം പത്തൊമ്പതാം നൂറ്റാണ്ടിലെ മറ്റൊരു കൈയ്യെഴുത്തു ഗ്രന്ഥമായ കരവട്ടുവീട്ടില്‍ മാര്‍ ശീമോന്‍ ദീവന്നാസ്യോസിന്‍റെ നാളാഗമത്തില്‍ നല്‍കുന്നുണ്ട്.
1806-ല്‍ സുറിയാനിയില്‍നിന്നും പരിഭാഷ ചെയ്ത് ബോംബെ കൂറിയര്‍ പ്രസില്‍ റവ. ക്ലോഡിയസ് ബുക്കാനന്‍ 1811-ല്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ച ആദ്യ മലയാള വേദപുസ്തകത്തിന്‍റെ പരിഭാഷയുടെ കൃത്യമായ വിവരണവും ഇടവഴിക്കല്‍ കത്തനാര്‍ നല്‍കുന്നുണ്ട്.
… ബക്കാനന്‍ സായ്വ കണ്ടസമയം പറഞ്ഞതുപൊലെ സുറീയാനിയില്‍നിന്നും ഏവന്‍ഗെലി കായംകുളത്തുകാരന്‍ പീലിപ്പോസു റമ്പാശ്ചനെക്കൊണ്ടു പൊരുള്‍തിരിപ്പിച്ച കല്ക്കട്ടയ്ക്ക് അയച്ചിരുന്നത മലയാളത്തില്‍ അച്ചടിപ്പിച്ചു 982-മാണ്ട വന്നുചേര്‍ന്നു. ആയ്ത പള്ളികള്‍ക്ക തൊമ്മന്‍ മെത്രാന്‍ കൊടുക്കുകയും ചെയ്തു. ഏവന്‍ഗെല്യ പൊരുള്‍ തിരിച്ചവനും മാര്‍ ഈവാന്യോസ് ബാവായുടെ ശിഷ്യനുംമായിരിക്കുന്ന പീലിപ്പോസു റമ്പാന്‍ 987- മാണ്ടു തുലാമാസം 28-നു മരിച്ചു കണ്ണന്‍കോട പള്ളിയില്‍ അടങ്ങി…
കോട്ടയത്തു സെമിനാരിയില്‍ വിദ്യാഭ്യാസം ആരംഭിച്ചതിന്‍റെയും അതിനുശേഷം ബ്രിട്ടീഷ് സാമ്രാജ്യത്വം അതിന്മേല്‍ പിടിമുറുക്കാന്‍ നടത്തിയ ശ്രമത്തേയും പറ്റിയുള്ള തുടര്‍വിവരണങ്ങളും അതീവ ശ്രദ്ധേയമാണ്.
… 2- ആം പുസ്തകം. കൊട്ടയത്തു സെമ്മിനാരി പണിചെയ്യിച്ച വിവരത്തിനും പിന്നെ മദം ഇടപെട്ടുണ്ടായ വിവരത്തിനും കൊട്ടയത്ത എടവഴിക്കല്‍ പീലിപ്പൊസു കത്തനാരു ചുരുക്കത്തില്‍ എഴുതിപൊരുന്ന 2-ആം പുസ്തകം.
ഞാനും മറ്റു പെരിയ ചെമ്മാച്ചന്മാരുംകുടെ കൊട്ടയത്തു ചെറിയപള്ളിയില്‍, വെങ്കിടത്തു ചാണ്ടി കത്തനാരുടെയും പുന്നത്ര കുര്യന്‍ കത്തനാരുടെയും കുടെപടിച്ച ചെമ്മാച്ചന്മാരിയിട്ടു പാര്‍ക്കുമ്പോള്‍ സിമ്മനാരിയില്‍ പൊയി പടിയ്ക്കുന്നതിന്ന ഞങ്ങളെ വിട്ടയയ്ക്കുകയും ചെയ്തു. ഞങ്ങള്‍ അവിടെ പടിച്ചുപാര്‍ക്കുമ്പോള്‍ മെത്രാപ്പൌലീത്താ ചെല്ലുന്നതിന്നു മണ്ട്രോ സായ്പ്പിന്‍റെ എഴുത്തുവന്നു. മെത്രാപ്പൌലീത്തായും പുന്നത്ര കുര്യന്‍ കത്തനാരും വേങ്കിടത്ത ചാണ്ടി കത്തനാരും മെത്രാന്‍റെ അനന്തിരവന്‍ ഇട്ടൂപ്പു ചെമ്മാശും തെക്കെത്തലയ്ക്കല്‍ കുര്യന്‍ ചെമ്മാശും ഞാനുംകൂടെ കൊല്ലത്തിനുപൊയി സായ്പ്പിനെ കണ്ടാറെ, സിമ്മിനാരിയില്‍ കൂടെപാര്‍ത്ത മെത്രാപ്പൌലീത്തായ്ക്ക വേണ്ടുന്ന സഹായംചെയ്യുന്നതിനായിട്ടു മിസിയൊന്‍, തൊമ്മസ നൊര്‍ട്ടന്‍ പാതിരിയെ വരുത്തിയിട്ടുണ്ടെന്നും അയാളെ സിമ്മനാരിയില്‍ കൂടെപാര്‍പ്പിക്കണമെന്നും പറഞ്ഞാറെ, ഞങ്ങള്‍ രണ്ടു ജാതിയും രണ്ടു വേദക്കാറരും ആകകൊണ്ടു ഒന്നിച്ചു പാര്‍ക്ക കഴിയില്ലന്നു മെത്രാപ്പൌലീത്താ പറയുകയും ചെയ്തു. അതിന്‍റെ ശെഷം അയാള്‍ ആലപ്പിഴെ പാര്‍ക്കട്ടെന്നും കൂടെക്കൂടെ സെമ്മിനാരിയില്‍ വരുമെന്നും ആവശ്യമുള്ള കാര്യങ്ങള്‍ അയാളോടു പറഞ്ഞാല്‍ നമുക്കെഴുതികൊടുത്തയച്ച നിവൃത്തിച്ചുതരുമെന്നും സായ്പ്പവര്‍കളെ പറകയാല്‍ ആയ്ത കൊള്ളാമെന്നു മെത്രാപ്പൌലീത്താ കല്പിച്ചു. അന്നു മേലെഴുതിയ മിസിയൊന്‍ പാദ്രി അവിടെയുണ്ടായിരുന്നതിനാല്‍ അയാളെയും കണ്ടു നന്ദിപറഞ്ഞുപോരികയും ചെയ്തു.
– എന്നാല്‍ പോരുംവഴിക്കു – ബുക്കാനാന്‍ പാതിരിയുടെയും മെക്കാളി സായിപ്പിന്‍റെയും കാലംതൊട്ടുതന്നെ കോഴിക്കുഞ്ഞിനെ കണ്ട ആനറാഞ്ചനെപ്പോലെ സുറിയാനിക്കാറരായ നമ്മളുടെമെല്‍ ഇക്ലീഷ് മനസുവെച്ചിരക്കുന്നു എന്നും ദൈയ്വം തന്നെ രക്ഷിക്കട്ടെയെന്നു മെത്രാപൗലീത്താ പറയുകയും ഇക്ലീഷുസായിപ്പന്മാരുമായിട്ടുള്ള അയിയ്ക്കതയ്ക്കു ആവശ്യമില്ലാരുന്നു എന്നു ഇവിടംമുതല്‍ മെത്രാപൗലീത്തായുടെ മനസില്‍ കരളുകയും എറ്റവും വിഷാദം കൊള്ളുകയും ചെയ്തു. പിന്നത്തേതില്‍ സെമിനാരിയ്ല്‍ പര്‍ത്തു കാര്യങ്ങള്‍ വിചാരിക്കുകയും പട്ടക്കാരുടെ പെങ്കെട്ട നടത്തുകയും ചെയ്തു.മേലെഴുതിയ മിസിയൊന്‍ നൊട്ടന്‍ പാതിരി ആലപ്പിഴെ ചെന്നു പാര്‍ക്കയും കൂടെക്കൂടെ സെമിനാരിയില്‍ വരികയും ചെയ്തുകൊണ്ടിരുന്നു. …
1816-ല്‍ കല്കട്ടായുടെ ഇംക്ലീഷ ഫൊര്‍ട്ടബിഷപ്പ് മിടില്‍ട്ടന്‍ കൊട്ടയത്തുവന്നു മെത്രാപൗലീത്തായെയും കണ്ടു സന്തോഷവാക്കുകള്‍ പറഞ്ഞുപൊകയും ചെയ്തു. ഈ ബിഷപ്പ ഏറ്റവും നല്ലവനത്രെ. …
ഇത്രയും വിവരങ്ങളാണ് ഇടവഴിക്കല്‍ കത്തനാര്‍ മാര്‍ ദീവന്നാസ്യോസ് ദ്വിതീയനെപ്പറ്റി നല്‍കുന്നത്. ബ്രിട്ടീഷ് ബാന്ധവത്തപ്പറ്റി അവരുമായി ആദ്യം കണ്ടുമുട്ടിയ വലിയ മാര്‍ ദീവന്നാസ്യോസിന്‍റെ ... മനുഷ്യരുടെ ചതിവും നേരുകേടും കൊണ്ടു യാക്കോബായെക്കാരന്നു പേരു പറയുന്നതല്ലാതെ പ്രവൃത്തി ഇല്ലായ്കയാല്‍ ഏറ്റം താമസം കൂടാതെ ഇംഗ്രേസു മാര്‍ഗം ആകുവാന്‍ എടവരുമെന്നും … എന്ന പ്രവചനം (നിരണം ഗ്രന്ഥവരി) ആ ബന്ധം സ്ഥാപിച്ച മാര്‍ ദീവന്നാസ്യോസ് ദ്വിതീയനും ക്ഷണേനെ ബോദ്ധ്യമായി എന്ന് ഈ ഭാഗം വ്യക്തമാക്കുന്നു. ആഗ്ലിക്കന്‍ ബന്ധത്തിന്‍റെ ദൂഷ്യഫലങ്ങളില്‍നിന്നും ഇന്നും നസ്രാണിക്ക് കരകയറുവാന്‍ കഴിഞ്ഞിട്ടില്ലാ എങ്കിലും ആധുനിക പാശ്ചാത്യ വിദ്യാഭ്യാസത്തിലേയ്ക്കു ആ ബന്ധം വാതില്‍ തുറന്നു എന്ന ഗുണഫലവും നിലനില്‍ക്കുന്നു.
പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍റെ ദേഹവിയോഗവേളയില്‍ ഇടവഴിക്കല്‍ പീലിപ്പോസ് കത്തനാര്‍ രേഖപ്പെടുത്തിയ ചരമക്കുറിപ്പ് അത്യന്തം പ്രധാന്യമര്‍ഹിക്കുന്നു. ഒരു ഉത്തമ സന്യാസി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ അറിയപ്പെടാത്തതും അനന്യവുമായ മുഖം ഈ ചരമക്കുറിപ്പ് അനാവരണം ചെയ്യുന്നുണ്ട്.
... മെലെഴുതിയ ആണ്ടു വൃശ്ചികം 12-നു ഈ മെത്രാപ്പോലീത്താ കാലം ചെയ്തു സെമ്മനാരിത്തന്നെ അടക്കുകയും ചെയ്തു. ഇദ്ദേഹം ബുദ്ധിയും ധൈര്യവും ദൈയ്വഭക്തിയും ഉള്ളവനും, ദ്രവ്യാഗ്രഹവും ചതിവും ഇല്ലാത്തവനും, ദൈയ്വകാര്യവും ലോകകാര്യവും നന്നായി അറിയുന്നവനും, നല്ല സംസാരിയും, ആരെയും ഭയം കൂടാത്തവനും, പക്ഷഭേദം ഇല്ലാത്തവനുമായിരുന്നു. അദ്ദേഹം 40 സംവല്‍സരംവരെ ചൊറു, നെയ്യു, പാല്‍, മല്‍സ്യമാംസം, മുതലായ്തു ഭക്ഷിക്കാതെ ഫലമൂലാദികള്‍ തിന്നുകൊണ്ടിരുന്നു…
ഈ ലേഖകന്‍റെ അറിവില്‍ ഇത്ര ദീര്‍ഘകാലം ഇത്ര കഠിനവൃതം എടുത്ത മറ്റാരും മലങ്കരയിലില്ല. ഈ ഭക്ഷണവൃതം പാലിക്കുന്ന അതേ സമയംതന്നെ അദ്ദേഹം പ്രവര്‍ത്തനനിരതനായിരുന്നു എന്നതു അതിന്‍റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. ആ മഹത്വ്യക്തിത്വത്തിന്‍റെ ആകെത്തുകയാണ് അദ്ദേഹത്തിന്‍റെ അന്ത്യകാല സഹചാരി ചുരുങ്ങിയ വാക്കുകളില്‍ വരച്ചിട്ടിരിക്കുന്നത്. ഈ വാക്കുകളില്‍ തെളിയുന്ന മാര്‍ ദീവന്നാസ്യോസ് ദ്വിതീയന്‍റെ ശ്രേഷ്ഠ വ്യക്തിത്വത്തോടുള്ള ബഹുമാനമാണ് തന്‍റെ മരണക്കിടക്കിയില്‍ വെച്ച് സെമിനാരി സ്ഥാപകന്‍റെ പേരഅനന്തിരവന്‍ പുലിക്കോട്ടില്‍ ഇട്ടൂപ്പ് കത്തനാരെ നിര്‍ബന്ധിച്ച് ശീമയ്ക്കയച്ച് മേല്പട്ടസ്ഥാനമേല്പിക്കാന്‍ ഇടവഴിക്കല്‍ പീലിപ്പോസ് കത്തനാരെ പ്രേരിപ്പിച്ചത്.
അദ്ദേഹത്തിന്‍റെ കണക്കുകൂട്ടല്‍ പിഴച്ചില്ല. താന്‍ കണ്ടെത്തിയ ഇട്ടൂപ്പ് കത്തനാര്‍ പുലിക്കോട്ടില്‍ മാര്‍ ജോസഫ് ദീവന്നാസ്യോസ് അഞ്ചാമനായി മലങ്കരസഭയെ രാജതുല്യം ഭരിക്കുകയും ആധുനിക മലങ്കരസഭയ്ക്ക ആത്മീയവും ലൗകീകവുമായ അടിസ്ഥാനം ഇടുകയും ചെയ്തു.
ഡോ. എം. കുര്യന്‍ തോമസ്