സ്നേഹസ്പർശം പദ്ധതിക്ക് പിന്തുണയുമായി ചിത്രയും ; ഉദ്ഘാടനം 22ന്
കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ്ദ്വിതീയൻ കാതോലിക്കാ ബാവായുടെ സപ്തതി സ്മാരക കാൻസർ സഹായ പദ്ധതിയുടെ (സ്നേഹസ്പർശം)ഉദ്ഘാടനം 22നു വൈകുന്നേരം അഞ്ചിനു കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കും. മാമ്മൻ മാപ്പിള ഹാളിൽ എത്യോപ്യൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ആബൂനാ മഥ്യാസ് പാത്രിയർക്കീസ് ബാവ പദ്ധതി ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോ സ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും.ഡോ. വി.പി. ഗംഗാധരൻ മുഖ്യപ്രഭാഷണം നടത്തും.
ഡോ. ഗീവർഗീസ് മാർ അത്താനാസിയോസ് സഫ്രഗൻ മെത്രാപ്പോലീത്ത, ആർച്ച് ബിഷപ് മാർ മാത്യുമൂലക്കാട്ട്, സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ് തോമസ് കെ. ഉമ്മൻ എന്നിവർ പ്രസംഗിക്കും.കെ.എസ്. ചിത്രയ്ക്കും, ഡോ. വി.പി. ഗംഗാധരനും സ്നേഹസ്പർശം പുരസ്കാരം നൽകി ആദരിക്കും.തുടർന്നു ഡോ. കെ.എസ്. ചിത്ര സംഗീതാർച്ചന നടത്തും.
വിശിഷ്ടാതിഥികളെ വൈകുന്നേരം 4.30ന് മാർ ഏലിയാ കത്തീഡ്രൽ അങ്കണത്തിൽനിന്നു മാമ്മൻ മാപ്പിള ഹാളിലേക്ക് സ്വീകരിക്കും. 150 കോടിയിൽപ്പരം രൂപ മുതൽമുടക്കി അത്യധുനികസൗകര്യങ്ങളോടും കൂടി പരുമല യിൽ ആരംഭിക്കുന്ന സെന്റ് ഗ്രീഗോറിയോസ് ഇന്റർനാഷണൽ കാൻസർ കെയർ സെന്ററിലൂടെയാണ് നിർധനരായ രോഗികൾക്ക് സഹായം ലഭ്യമാക്കുന്നത്. കാൻസർ രോഗം ബാധിച്ചവർക്ക് ഗുണമേന്മ ഉറപ്പുവരുത്തുന്ന ചികിത്സയും മരുന്നും ലഭ്യമാക്കുന്നതാണ് സ്നേഹസ്പർശം പദ്ധതി. കാതോലിക്കാ ബാവായുടെ സപ്തതി ആഘോഷങ്ങൾ ഒഴിവാക്കി സ്‌ഥിര നിക്ഷപം സ്വരൂപിച്ച് അതിലൂടെ ലഭിക്കുന്ന പലിശയാണ് ജാതിമത ഭേദമെന്യേയുള്ള കാൻസർ രോഗികൾക്ക് നൽകുന്നത്. പ്രവേശനം സൗജന്യ പാസുമൂലം നിയന്ത്രിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തിൽ ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്ത, ഫാ. സി. ജോൺ ചിറത്തിലാട്ട്, ഫാ. മോഹൻ ജോസഫ്, ഫാ. വർഗീസ് ലാൽ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം എ.കെ. ജോസഫ്, പിആർഒ. പ്രഫ. പി.സി. ഏലിയാസ് എന്നിവർ പങ്കെടുത്തു.