OVS - Latest NewsOVS-Kerala News

സ്നേഹസ്പർശം പദ്ധതിക്ക് പിന്തുണയുമായി യേശുദാസും

കോട്ടയം ∙ കാൻസർ രോഗികൾക്കായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ ആരംഭിക്കുന്ന സ്നേഹസ്പർശം ചികിത്സാ സഹായപദ്ധതിക്ക് പിന്തുണയുമായി ഗാനഗന്ധർവൻ യേശുദാസും. കോട്ടയം പ്രസ് ക്ലബിൽ നടന്ന ചടങ്ങിലാണ് പദ്ധതിക്കു യേശുദാസ് പിന്തുണ അറിയിച്ചത്.

യൂ.ആർ.എഫ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് സ്വീകരിക്കാൻ പ്രസ് ക്ലബിൽ എത്തിയ യേശുദാസ്, സ്നേഹസ്പർശം പദ്ധതിയുടെ ഉദ്ഘാടന സമ്മേളനം സംബന്ധിച്ച് വാർത്താസമ്മേളനത്തിന് എത്തിയ ഡോ. യൂഹാനോൻ മാർ ദീയസ്ക്കോറോസിനോട് പദ്ധതിയെക്കുറിച്ച് ചോദിച്ചറിയുകയും പൂർണ പിന്തുണ അറിയിക്കുകയുമായിരുന്നു. നിർധനരായ കാൻസർ രോഗികളുടെ ചികിത്സാ സഹായത്തിനായി ഓർത്തഡോക്സ് സഭ ആരംഭിക്കുന്ന ഈ പദ്ധതി മഹത്തായ കർമമാണെന്നും തന്നാലാവുന്ന എല്ലാ സഹായവും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

നിർധനരായ കാൻസർ രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്നതിന് അഞ്ചു കോടി രൂപയുടെ സഹായനിധി സ്വരൂപിക്കുകയാണ് സ്നേഹസ്പർശം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ സപ്തതിയുടെ ഭാഗമായി തുടക്കം കുറിക്കുന്ന പദ്ധതി, പരുമലയിൽ ആരംഭിക്കുന്ന സെന്‍റ് ഗ്രീഗോറിയോസ് ഇന്റർനാഷണൽ കാൻസർ കെയർ സെന്ററിലൂടെയാണ് നടപ്പാക്കുന്നത്.

കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ 22-ന് നടക്കുന്ന സമ്മേളനത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം. വൈകിട്ട് അഞ്ചിന് നടത്തുന്ന സമ്മേളനത്തിൽ ഇത്യോപ്യൻ ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ആബൂനാ മത്ഥിയാസ് പദ്ധതി ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിക്കും. കലാ, സാംസ്കാരിക, സാമൂഹിക, സേവന രംഗങ്ങളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഗായിക കെ.എസ്. ചിത്രയെയും ആതുരസേവന രംഗത്ത് മാതൃകാപരമായ സേവനമനുഷ്ഠിച്ച ഡോ. വി.പി. ഗംഗാധരനെയും സ്നേഹസ്പർശം പുരസ്കാരം നൽകി ആദരിക്കും. തുടർന്ന് കെ.എസ്. ചിത്രയുടെ സംഗീതാർച്ചനയും ഉണ്ടായിരിക്കും.

error: Thank you for visiting : www.ovsonline.in