OVS - Latest NewsOVS-Kerala News

സത്യവിരുദ്ധമായ നിലപാട് ആരെടുത്താലും എതിർക്കും: മാത്യൂസ് മാർ സേവേറിയോസ്

മട്ടാഞ്ചേരി :- ക്രൈസ്തവമല്ലാത്തതും സത്യവിരുദ്ധവുമായ നിലപാട് ആരെടുത്താലും അതു തെറ്റാണെന്നു പറയാനുള്ള ധൈര്യം മലങ്കര സഭയ്ക്കുണ്ടെന്നു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സിനഡ് സെക്രട്ടറി ഡോ. മാത്യൂസ് മാർ സേവേറിയോസ്. കൂനൻകുരിശു തീർഥാടന കേന്ദ്രം ദേവാലയ കൂദാശ ചടങ്ങുകളോടനുബന്ധിച്ചു നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിസ്ഥാനപരമായ തെറ്റു ചൂണ്ടിക്കാണിക്കുക എന്നതാണു മലങ്കരസഭാ മക്കൾ ചെയ്യുന്നത്. നല്ല കാര്യങ്ങൾ ആരു പറഞ്ഞാലും അതു സ്വീകരിക്കാനും ഉൾക്കൊള്ളാനും മലങ്കര സഭ എന്നും തയാറാണ്.

മലങ്കര സഭയ്ക്ക് അതിന്റെ വീക്ഷണത്തിൽ ധൈര്യസമേതം തല ഉയർത്തിനിന്ന ചരിത്രമാണുള്ളത്. വൈദേശിക മേധാവിത്വത്തിനെതിരെ മലങ്കര സഭ പ്രതികരിച്ചതു കസേരയ്ക്കു വേണ്ടിയുള്ള വടംവലിയല്ല. മലങ്കര സഭാ വിശ്വാസികളെ അധിനിവേശ ദൈവശാസ്ത്രം യേശുക്രിസ്തു പഠിപ്പിച്ചിട്ടില്ല. അടിസ്ഥാനപരമായ വിശ്വാസ വിപരീതത്തിന് എതിരെ എന്നും പോരാടും. അതിന്റെ വലിയ പ്രഖ്യാപനമാണ് 1653ൽ നടന്നത്. മലങ്കര സഭയുടെ ചരിത്രത്തിൽ ഈ ദേവാലയത്തിന് അഭിമാനകരമായ സ്ഥാനമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കൂനൻകുരിശു കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ. യാക്കോബ് മാർ ഐറേനിയസ് അധ്യക്ഷത വഹിച്ചു.

ഡോ. അലക്സിയോസ് മാർ യൗസേബിയോസ്, കെ.എൽ. മോഹനവർമ, ജിജി തോംസണ്‍, രാമവർമ കുട്ടപ്പൻ തമ്പുരാൻ, ശിവൻ മഠത്തിൽ, കൂനൻകുരിശ് തീർഥാടന കേന്ദ്രം വികാരി ഫാ. ബെഞ്ചമിൻ തോമസ്, മലങ്കര ഓർത്ത‍ഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി ഡോ. ജോർജ് ജോസഫ്, കൂനൻകുരിശ് പ്രോജക്ട് കൺവീനർ ജോൺ സാമുവൽ കുരുവിള തുടങ്ങിയവർ പ്രസംഗിച്ചു. വിശുദ്ധ കൂദാശയുടെ രണ്ടാംഭാഗം ഡോ. മാത്യൂസ് മാർ സേവേറിയോസിന്റെ മുഖ്യകാർമികത്വത്തിൽ രാവിലെ നടത്തി. ഡോ. യാക്കോബ് മാർ ഐറേനിയസ്, ഡോ. അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. ജോഷ്വ മാർ നിക്കോദീമോസ് എന്നിവർ സഹകാർമികരായിരുന്നു. തീർഥാടക കേന്ദ്ര പ്രതിഷ്ഠയും നടത്തി.

error: Thank you for visiting : www.ovsonline.in