OVS - Latest NewsOVS-Exclusive NewsOVS-Kerala News

പാത്രിയര്‍ക്കീസ് ബാവ അര്‍ത്താറ്റ് – പഴഞ്ഞി കത്തീഡ്രലുകള്‍ സന്ദര്‍ശിക്കും

കൊച്ചി/കുന്നംകുളം  : പരിശുദ്ധ സഭയുടെ ക്ഷണം സ്വീകരിച്ചു മുഖ്യാതിഥിയായി നവംബര്‍ 19(ശനിയാഴ്ച) മുതല്‍ മലങ്കരയില്‍ എത്തുന്ന എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ആബൂനാ മത്ഥിയാസ് ഒന്നാമ്മൻ പാത്രിയര്‍ക്കീസ് ബാവ വി.കന്യാമറിയതിന്‍റെ നാമധേയത്വത്തില്‍ സ്ഥാപിക്കപ്പെട്ട ചരിത്ര പ്രസിദ്ധ ദേവാലയങ്ങളായ അര്‍ത്താറ്റ് – പഴഞ്ഞി പള്ളികള്‍ നവംബര്‍ 20 (ഞായറാഴ്ച്ച) സന്ദര്‍ശിക്കുന്നു.

അന്നേ ദിവസം രാവിലെ 8 മണിക്ക് അര്‍ത്താറ്റ് സെന്‍റ് മേരീസ്‌ കത്തീഡ്രലില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ പരിശുദ്ധ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിദിയന്‍ ബാവായോടൊപ്പം പാത്രിയര്‍ക്കീസ് ബാവ സംയുക്ത കാര്‍മ്മീകത്വം വഹിക്കും. തുടര്‍ന്ന് അര്‍ത്താറ്റ് ഇടവക പുലിക്കൊട്ടില്‍ തിരുമേനിയുടെ സ്മരണക്കായി പുറത്തിറക്കുന്ന തപാല്‍ സ്റ്റാമ്പ്‌ പ്രാകാശനം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്ക് പഴഞ്ഞി സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ സന്ദര്‍ശിക്കുന്ന സംഘം പഴഞ്ഞി ഇടവക ഒരുക്കിയ സ്വീകരണത്തിന് ശേഷം പരിശുദ്ധ ബാവായും പാത്രിയര്‍ക്കീസ് ബാവായും ചേര്‍ന്ന് പുലിക്കൊട്ടില്‍ തിരുമേനിയുടെ സ്മരണാര്‍ത്ഥം സ്ഥാപിച്ച ചരിത്ര മ്യൂസിയം ഉദ്ഘാടനം നിര്‍വഹിക്കും.

തുടര്‍ന്ന്, മലങ്കര മെത്രാപ്പോലീത്തയായിരുന്ന ‘സഭാജ്യോതിസ്സ്’ പുലിക്കോട്ടില്‍ ജോസഫ്‌ മാര്‍ ദിവന്നാസ്യോസ് തിരുമേനിയുടെ ചരമദ്വിശതാബ്ദിയാഘോഷങ്ങളുടെ ആഗോള സമാപനം നടക്കുന്ന സമ്മേളനനഗരിയായ കുന്നംകുളം മലങ്കര ആശുപത്രി മൈതാനത്തേക്ക് തിരിക്കും. വൈകീട്ട് 3 മണി മുതല്‍ ക്രൈസ്തവ കാലാ സംസ്കാരിക പരിപാടികള്‍ വേദിയില്‍ അരങ്ങേറും. മലങ്കര സഭയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ സംഗമിക്കുന്ന സമ്മേളനം 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.സി മൊയ്ദീന്‍, മെത്രാപ്പോലീത്തമാര്‍, വൈദീകര്‍ , സഭാ സ്ഥാനികള്‍, സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. ഒരു വര്‍ഷം നീണ്ടുനിക്കുന്ന ചരമദ്വിശതാബ്ദി ആഘോഷങ്ങളുടെ സമാപനം പ്രൌഢഗംഭീരമാക്കത്തക്കവിധമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.

23-ന് പരുമല സെന്‍റ് ഗ്രിഗോറിയോസ് രാജ്യാന്തര ക്യാന്‍സര്‍ സെന്‍ററിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഒന്നാം ഘട്ട കൂദാശയിലും പാത്രിയര്‍ക്കീസ് ബാവ പങ്കെടുക്കും.

പരുമല ക്യാന്‍സര്‍ സെന്‍റെര്‍ കൂദാശ 23 ന്

error: Thank you for visiting : www.ovsonline.in