സ്ലീബാ പെരുന്നാൾ
സെപ്റ്റംബർ മാസം 14-ആം തീയതി ആഘോഷിക്കപ്പെടുന്ന ഒരു പ്രധാന മോറാനായപെരുനാളാണിത്. യേശുക്രിസ്തുവിനെ ക്രൂശിച്ചതായ സ്ളീബാ കണ്ടെടുത്തതിൻ്റെ ഓർമ്മയായാണ് അന്നേ ദിവസം സ്ലീബാ പെരുന്നാൾ ആഘോഷിക്കുന്നത്.
ഈ കുരിശിനെക്കുറിച്ച് പുതിയ നിയമത്തിൽ യാതൊരു പരാമർശവും കാണുന്നില്ല. യരുശലെമിലെ കുറിലോസ് ഒരു പ്രസംഗത്തിൽ (ക്രി. വി. 350) കുറെ നാളുകളായി ഈ കുരിശ് യരുശലേമിലെ സഭയുടെ കൈവശമുണ്ട് എന്ന് പറയുന്നു.
ഏഴാം നൂറ്റാണ്ടിൽ കുസ്താന്ദിനോപോലീസിൽ രചിക്കപ്പെട്ട ‘ക്രോണിക്കോൺ പാസ്ക്കലി’ (chronicon paschali) എന്ന കൃതിയിൽ കർത്താവിൻ്റെ സ്ളീബാ എ. ഡി. 320-ൽ സെപ്റ്റംബർ 14-ആം തീയതി കണ്ടെടുത്തു എന്ന് കൃത്യമായി പറയുന്നുണ്ട്.
ഈ കണ്ടുപിടിത്തത്തെ സംബന്ധിക്കുന്ന വ്യത്യസ്തങ്ങളായ പാരമ്പര്യങ്ങൾ ഇന്നു നിലവിലുണ്ട്. അവയിൽ ഭൂരിഭാഗവും, കുസ്തന്തിനോസ് ചക്രവർത്തിയുടെ മാതാവ് ഹേലേനിയെയാണ് പ്രധാന കഥാപാത്രമായി ചിത്രീകരിക്കുന്നത്. എ. ഡി. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മിലാനിലെ അംബ്രോസാണ് രാഞ്ജിയുടെ പങ്കിനെകുറിച്ച് ആദ്യം പരാമർശിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിൽ സുറിയായിൽ നിലനിന്നിരുന്ന പാരമ്പര്യമനുസരിച്ച് ഹേലേനി യരൂശലേമിൽ യെഹൂദന്മാരുടെ ഇടയിൽ കുരിശ് അന്വേഷിക്കുകയുണ്ടായി. യൂദാസ് എന്നു പേരുള്ള ഒരു യഹൂദൻ രാഞ്ജിയോട് എല്ലാ വിവരങ്ങളും പറഞ്ഞുകൊടുത്തു. അയാൾ കാണിച്ചു കൊടുത്ത സ്ഥലം കുഴിച്ചു നോക്കിയപ്പോൾ അവിടെ മൂന്നു കുരിശുകൾ കിട്ടി. ഇതിൽ കർത്താവിൻ്റെ സ്ളീബാ ഏതെന്നു തിരിച്ചറിയുവാനായി അവർ ഓരോ കുരിശും ഒരു മൃതശരീരത്തിൻ്റെ മേൽ വച്ചുനോക്കി. അവയിൽ ഒരെണ്ണം മൃതശരീരത്തിൽ വച്ചപ്പോൾ അതിനു ജീവൻ കിട്ടി. അങ്ങനെ ആ കുരിശ് കർത്താവിൻ്റെതാണെന്ന് അവർ തിരിച്ചറിഞ്ഞു. ഈ പാരമ്പര്യമാണ് മലങ്കര ഓർത്തഡോക്സ് സഭ ഉപയോഗിക്കുന്ന ആരാധനാക്രമങ്ങളിൽ കാണുന്നത്.
സ്ളീബാ പെരുന്നാൾ ദിവസം രാവിലെ വി. കുർബാന അർപ്പിക്കണമെന്നതല്ലാതെ മറ്റു പ്രത്യേക ശുശ്രുഷകൾ ഏതെങ്കിലും നടത്താനുള്ളതായി ആരാധനാക്രമങ്ങളിൽ കാണുന്നില്ല. ചില ദേവാലയങ്ങളിൽ സ്ലീബ ആഘോഷം നടത്തുന്നുണ്ട്.
കൊയ്ത്തുകാലത്തു വരുന്ന പെരുന്നാളാകയാൽ, പല പള്ളികളിലും, പ്രത്യേകിച്ച് കോട്ടയത്തിനു വടക്കുഭാഗത്തുള്ള പള്ളികളിൽ അവിലും മലരും അരിവറുത്തതും തേങ്ങയും, മറ്റും ചേർത്ത് നേർച്ച നടത്താറുണ്ട്. ഇതിന് “പുത്തരി പെരുന്നാൾ ” എന്നും ആ പ്രദേശങ്ങളിൽ പേര് പറയാറുണ്ട്.
സ്ലീബാ വാഴുക സ്വർഗ്ഗത്തിൽ സ്ലീബാ വാഴുക ഭൂമിയിലും സ്ലീബാ പള്ളികൾ ദയാറാകൾക്കെല്ലാം ആകട്ടെ കോട്ട.
സമാഹരണം,
Abel Thomas Denny
കൊച്ചുപ്ലാപ്പറമ്പിൽ