തെരിസാപ്പള്ളിപ്പട്ടയവും കേരളത്തിന്‍റെ സാമൂഹ്യവ്യവസ്ഥയും
കേരള ചരിത്രത്തിലെ അതീവ പ്രാധാന്യമുള്ള രേഖയാണ് തെരിസാപ്പള്ളിപ്പട്ടയം. കേരളത്തില്‍ ലഭ്യമായ കേരളത്തെപ്പറ്റിയുള്ള ഏറ്റവും പുരാതന രേഖകളില്‍ ഒന്ന് എന്നതു മാത്രമല്ല, കൊളോണിയല്‍പൂര്‍വ നസ്രാണികളുടെ അസ്ഥിത്വം തെളിയിക്കുന്ന ഏറ്റവും പുരാതന കേരളീയ ലിഖിതമായി ചരിത്രകാരന്മാര്‍ പൊതുവെ അംഗീകരിക്കുന്ന പ്രമാണം എന്ന പ്രാധാന്യവും തെരിസാപ്പള്ളിപ്പട്ടയത്തിനുണ്ട്.
മലങ്കര മെത്രാപ്പലീത്താമാരുടെ സൂക്ഷിപ്പിലുള്ള തെരിസാപ്പള്ളിപ്പട്ടയം അടക്കമുള്ള ചെപ്പേടുകളുടെ പകര്‍പ്പുകള്‍ 1808-ല്‍ ഡോ. ക്ലോഡിയസ് ബുക്കാനന്‍ എടുത്ത് ഇംഗ്ലണ്ടിലേയ്ക്കു കൊണ്ടുപോയി. പക്ഷേ അതിനപ്പറ്റി ആദ്യമായി ഒരു പഠനം നടത്തുന്നത് 1860-കളില്‍ ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടാണ്. കോട്ടയത്ത് മലങ്കര മെത്രാപ്പലീത്തായായ പാലക്കുന്നത്ത് മാര്‍ മാത്യൂസ് അത്താനാസ്യസിന്‍റെ കൈവശമുള്ള ചെപ്പേടുകള്‍ പരിശോധിച്ച ഡോ. ഗുണ്ടര്‍ട്ട്, അതിന്‍റെ ഒരു സംക്ഷിപ്തരൂപം തന്‍റെ നസ്രാണികളുടെ പഴമ എന്ന ഗ്രന്ഥത്തില്‍ ചേര്‍ത്തു പ്രസിദ്ധീകരിച്ചു. പിന്നീട് ടി. ഗോപിനാഥ റാവു, എ. സി. ബര്‍ണല്‍, കെ. എന്‍. ഡാനിയേല്‍, ടി. കെ. ജോസഫ്, ഇസഡ്. എം. പാറേട്ട് എന്നിവരും തെരിസാപ്പള്ളിപ്പട്ടയം പഠനവിധേയമാക്കി. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ ഇതിനെപ്പറ്റി യാതൊരു പഠനവും നടന്നിട്ടില്ല. ഇവരില്‍ ടി. ഗോപിനാഥ റാവു ഒഴികെയുള്ളവര്‍ മൂലരേഖ പരിശോധിക്കാതെ അദ്ദേഹത്തിന്‍റെ വിവര്‍ത്തനത്തെ ആസ്പദമാക്കിയാണ് പഠനങ്ങള്‍ നടത്തിയത്.
ദി ട്രാവന്‍കോര്‍ ആര്‍ക്കിയോളജിക്കല്‍ സീരീസ് എന്ന ആധികാരിക ഗ്രന്ഥരചനയ്ക്കായി ചെപ്പേടുകള്‍ പരിശോധിച്ച ഗോപിനാഥ റാവു, അവയെപ്പറ്റി, ഏതാനും തകിടുകള്‍ വീതം നഷ്ടപ്പെട്ട രണ്ടു കൂട്ടം ചെപ്പേടുകള്‍ എന്ന ധാരണയിലാണ് എത്തിച്ചേര്‍ന്നത്. ഈ കാഴ്ചപ്പാടോടെയാണ് പില്‍ക്കാല രചയിതാക്കളും തെരിസാപ്പള്ളിപ്പട്ടയത്തെ സമീപിച്ചത്. എന്നാല്‍ സമീപകാലത്ത് ഇംഗ്ലണ്ടിലെ ഡി മോണ്ട്ഫോര്‍ട്ട് സര്‍വകലാശാലയുടെ ഇന്ത്യാ സമുദ്ര വ്യാപാരവും വ്യാപാര ശ്രംഖലയും എന്ന ബ്രഹത് പഠനപദ്ധതിയുടെ ഭാഗമായി ഡോ. എം. ആര്‍. രാഘവ വാര്യരും ഡോ. കേശവന്‍ വെളുത്താട്ടും തരിസാപ്പള്ളിപ്പട്ടയങ്ങള്‍ വീണ്ടും പഠനവിധേയമാക്കി. ഈ പഠനത്തിലൂടെ ഗോപിനാഥ റാവു മുതലുള്ള ചരിത്രകാരന്മാര്‍ കരുതിയിരുന്നതുപോലെ രണ്ടു വ്യത്യസ്ത തരിസാപ്പള്ളിപ്പട്ടയങ്ങളുടെ ഭാഗങ്ങളല്ല ഇന്നു ശേഷിച്ചിരിക്കുന്നതെന്നും, മറിച്ച്, അതൊരു പൂര്‍ണ്ണ പട്ടയമാണ് എന്ന് അവര്‍ കണ്ടെത്തി. കൂടാതെ പട്ടയത്തിന്‍റെ കാലം ക്രിസ്തുവര്‍ഷം 849 ആണെന്ന് അവര്‍ സ്ഥിതീകരിച്ചു. തരിസാപ്പള്ളിപ്പട്ടയ പഠനത്തിലെ സുപ്രധാനമായ ഒരു കണ്ടെത്തലായിരുന്നു ഇത്. പക്ഷേ അക്കാലത്തെ കേരളത്തിലെ ആഭ്യന്തര വ്യാപാര ശ്രംഖല, തരിസാപ്പള്ളിയുടേയും പള്ളിയാരുടേയും ഘടന, നസ്രാണി പാരമ്പര്യങ്ങളും ഇതര സൂചനകളും തമ്മിലുള്ള പൊരുത്തം ഇവയും പഠനവിധേയമാക്കേണ്ടിയിരിക്കുന്നു.
ഗോപിനാഥ റാവുവിനേപ്പോലെ പ്രഗല്ഭനായ ഒരു രേഖാശാസ്ത്ര പണ്ഡിതന് (Epigraphist) ഇപ്രകാരം ഒരു പ്രമാദം പറ്റിയതിന്‍റെ കാരണം കണ്ടെത്തണമെങ്കില്‍ തരിസാപ്പള്ളിപ്പട്ടയത്തിന്‍റെ പ്രയാണ ചരിത്രം മനസിലാക്കണം. അടിസ്ഥാനപരമായി നസ്രാണികള്‍ അഥവാ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ലഭിച്ചതാണ് തരിസാപ്പള്ളിപ്പട്ടയം. തരിസാപ്പള്ളി ചെപ്പേടുകള്‍ എന്ന പേരിലാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇവയും ഇവയോടൊപ്പം ഇരവികോര്‍ത്തന്‍ ചെപ്പേട്, ക്നായിത്തൊമ്മന്‍ ചെപ്പേട് ഇവയും ചേര്‍ത്ത് Syrian Christian Copper Plates എന്ന് പാശ്ചാത്യ രേഖകളില്‍ അറിയപ്പെട്ടതുതന്നെ ഇതില്‍നിന്നാണ്. നസ്രാണികളുടെ ആദ്യത്തെ ലത്തീന്‍ മെത്രാനായ ഫ്രാന്‍സിസ് റോസിന്‍റെ വിവരണപ്രകാരം പതിനാറാം നൂറ്റാണ്ടില്‍ നസ്രാണികളുടെ പേര്‍ഷ്യന്‍ മെത്രാനായ മാര്‍ യാക്കോബ് ഇത് കൊച്ചീക്കോട്ടയില്‍ പോര്‍ട്ടുഗീസുകാര്‍ക്ക് പണയംവെച്ചു. അത് കൈമറിഞ്ഞ് ബ്രിട്ടീഷുകാരുടെ കൈവശമെത്തി. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തില്‍ തിരുവിതാംകൂറിലെ ബ്രിട്ടീഷ് റെസിഡന്‍റായിരുന്ന കേണല്‍ മക്കാളി കൊച്ചീക്കോട്ടയില്‍നിന്നും ഇതു കണ്ടെടുത്ത് അന്നത്തെ മലങ്കര മെത്രാനെ തിരിച്ചേല്‍പ്പിച്ചു. പക്ഷേ ക്നായിത്തൊമ്മന്‍ ചെപ്പേട് അപ്പോഴേയ്ക്കും നഷ്ടപ്പെട്ടിരുന്നു. 1877-ല്‍ മലങ്കര മെത്രപ്പോലീത്താ മാര്‍ മാത്യൂസ് അത്താനാസ്യോസ് കാലം ചെയ്യുന്നതുവരെ ഇത് മലങ്കര മെത്രാന്മാരുടെ കൈവശത്തില്‍ അവരുടെ ആസ്ഥാനമായ കോട്ടയം പഴയ സെമിനാരിയിലാണ് ഇവ സൂക്ഷിച്ചിരുന്നത്. ഡോ. ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട് തരിസാപ്പള്ളിപ്പട്ടയം പൂര്‍ണ്ണരൂപത്തില്‍ പരിശോധിക്കുന്നത് ഇക്കാലത്താണ്.
1836-ല്‍ മാവേലിക്കര പടിയോലവഴി ബ്രിട്ടീഷ് മിഷിനറിമാരെ പഴയ സെമിനാരിയില്‍നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് മലങ്കര നസ്രാണികളുടെ ഇതര സ്വത്തുക്കളോടൊപ്പം ചെപ്പേടുകളിന്മേലും മിഷിനറിമാര്‍ അവകാശവാദം ഉന്നയിച്ചു. ഈ തര്‍ക്ക പരിഹാരത്തിനായി തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയോഗിച്ച കൊച്ചി പഞ്ചായത്തു കോടതി 1840-ല്‍ ചെപ്പേടുകള്‍ മലങ്കര മെത്രാന്‍റെ കൈവശം ഇരിക്കേണ്ടതാകുന്നുവെന്നു വിധിച്ചു. 1877 വരെ ഈ നില തുടര്‍ന്നങ്കിലും മാര്‍ മാത്യൂസ് അത്താനാസ്യോസ് കാലം ചെയ്തതിനേത്തുടര്‍ന്ന് വീരരാഘവപ്പട്ടയം എന്ന ഇരവികോര്‍ത്തന്‍ ചെപ്പേടും തരിസാപ്പള്ളിപ്പട്ടയവും അന്യ കൈവശത്തിലായി. ഇതിനെത്തുടര്‍ന്ന് മലങ്കര മെത്രപ്പോലീത്താ പുലിക്കോട്ടില്‍ മാര്‍ ദീവന്നാസ്യോസ് അഞ്ചാമന്‍ കോടതിയെ സമീപിച്ചു. 1889-ല്‍ തിരുവിതാംകൂര്‍ റോയല്‍ കോടതി ചെപ്പേടുകള്‍ മലങ്കര മെത്രപ്പോലീത്തായ്ക്ക് മടക്കി നല്‍കാന്‍ വിധിച്ചു. പക്ഷേ മാര്‍ ദീവന്നാസ്യോസിന് വീരരാഘവപ്പട്ടയവും തരിസാപ്പള്ളിപ്പട്ടയത്തിന്‍റെ മൂന്നു തകിടുകളും മാത്രമാണ് കോടതിവഴി തിരികെ ലഭിച്ചത്. തരിസാപ്പള്ളിപ്പട്ടയത്തിന്‍റെ രണ്ടു തകിടുകള്‍ മടക്കി നല്‍കിയില്ല. ഈ അവസ്ഥയിലാണ് ഗോപിനാഥ റാവു പട്ടയം പരിശോധിച്ചതും, അതിന്‍റെ വ്യാഖ്യാനത്തില്‍ അദ്ദേഹത്തിന് തെറ്റുപറ്റാനിടയായതും. 2013 ഡിസംബര്‍ 2-ന് ഡോ. എം. ആര്‍. രാഘവ വാര്യര്‍ കോട്ടയം ദേവലോകം അരമനയിലെത്തി മലങ്കര മെത്രപ്പോലീത്തായുടെ സൂക്ഷിപ്പിലുള്ള ഏടുകള്‍ ഈ ലേഖകന്‍റെ സാന്നിദ്ധ്യത്തില്‍ പരിശോധിച്ചാണ് ഗോപിനാഥ റാവുവിന് പറ്റിയ പ്രമാദത്തിന്‍റെ കാരണം കണ്ടെത്തിയത്.
ക്രിസ്തുവര്‍ഷം ഒന്‍പതാം നൂറ്റാണ്ടില്‍ കൊല്ലത്തു സ്ഥാപിച്ച തരിസാപ്പള്ളിക്കും പള്ളിയാര്‍ക്കും അവിടുത്തെ ഭരണാധികാരി ഭൂമിയും പ്രത്യക അവകാശങ്ങളും വിടുപേറു കൊടുക്കുന്ന ദാനരേഖയാണ് തരിസാപ്പള്ളിപ്പട്ടയം. കേരളത്തിലെ ഹൈസ്കൂള്‍ ക്ലാസുകളില്‍ അയ്യനടികള്‍ തിരുവടികള്‍ മരുവാന്‍സപ്പീറീശോയ്ക്ക് തെരിസാപ്പള്ളി ചെപ്പേട് നല്കി എന്ന് പഠിക്കുന്നതിനപ്പുറം ഈ രേഖ ഉണ്ടാകുവാനുള്ള സാഹചര്യത്തെപ്പറ്റി നസ്രാണികള്‍ക്ക് ശക്തമായ വായ്മൊഴിവഴക്കം ഉണ്ടായിരുന്നു. മാര്‍ സാബോര്‍ മാര്‍ അഫ്രോത്ത് എന്നീ മേല്പട്ടക്കാരുമായി ബന്ധപ്പെടുത്തിയാണ് നസ്രാണി പാരമ്പര്യത്തില്‍ തരിസാപ്പള്ളിപ്പട്ടയം കടന്നുവരുന്നത്.
… കര്‍ത്താവിന്‍റെ കാലം 825 ല്‍ കൊല്ലം 1-ല്‍ മാര്‍ ചാവോറും മാര്‍ അപ്പ്രോത്തും ഇങ്ങനെ രണ്ടു അപ്പസ്ക്കോപ്പന്മാര്‍ സവറീശു എന്നു പേരുള്ള കച്ചവടക്കാരന്‍റെ കൂടെ വന്നു. ... എന്നു നിരണം ഗ്രന്ഥവരിയും, … വീണ്ടും, നമ്മുടെ കര്‍ത്താവിനുടെ ആണ്ട 825-ല്‍ പറിശു എന്ന പെരുള്ള ഒരു കച്ചവടക്കാരനും, സുറിയാനിക്കാരായ കാദീശങ്ങള്‍ എന്ന, മാര്‍ ചാബൊറും മാര്‍ അപ്രൊത്തും എന്ന, രണ്ട എപ്പീസ്കൊപ്പെന്മാരും മലയാളത്തിന്നവരുവന്ന കൊല്ലത്തു കുടിയിരുന്നു. … എന്നു കരവട്ടുവീട്ടില്‍ മാര്‍ ശെമവോന്‍ ദീവന്നാസ്യോസും, … 825-ക്കു കൊല്ലംമെല്‍ സവറിശു എന്നു മറുനാമമുള്ള കച്ചവടക്കാരന്‍ ംരംയ്യോബിനൊടുകുടെ ചാബൊറെന്നും അപ്രൊത്തെന്നും പെരായ രണ്ടു മെത്രാമ്മാര കൊരക്കെണി കൊല്ലത്തുവന്നു. അവര നെസ്തോറുകാരായിരുന്നു. അങ്ങിനെ നെസ്തൊറു പടിത്തവും മലയാളത്തി നടന്നുവന്നു … എന്ന് ഇടവഴിക്കല്‍ ക്രോണിക്കിളും 18-19 നൂറ്റാണ്ടുകളില്‍ ചുരുക്കത്തില്‍ രേഖപ്പെടുത്തുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ത്ഥത്തില്‍ കൂടുതല്‍ വിശദമായി ഈ വിഷയത്തെപ്പറ്റിയുള്ള നസ്രാണി വായ്മൊഴിവഴക്കം രേഖപ്പെടുത്തുന്നുണ്ട്. പ്രകരണ കര്‍ത്താക്കളാണ് ഇവയുടെ ഒരു മുഖ്യ ശ്രോതസ് … ഏകദേശം ഈ സന്ധിക്ക (ഒന്‍പതാം നൂറ്റാണ്ടിന്‍റെ പ്രാരംഭത്തില്‍) ബാബിലോണില്‍നിന്ന മാര്‍ ശാഫോറും മാര്‍ അഫ്രോത്തും എന്നു പേരായ രണ്ടു മെല്പട്ടക്കാര്‍ കൊല്ലത്തു വന്നിറങ്ങി കായങ്കുളത്തു വാണിരുന്ന ശങ്കരഇരവിശ്രീ രാജാവിങ്കല്‍നിന്നു കിട്ടിയ അനുവാദപ്രകാരം അവര്‍ അവിടത്തെ രാജ്യങ്ങളില്‍ ചില പള്ളികളെ പണിയിക്കുകയും പലരെ മാര്‍ഗ്ഗത്തില്‍ ചെര്‍ത്ത സുറിയാനിസ്സഭയെ പുഷ്ടിപിടിപ്പിക്കുകയും ചെയ്തു. … എന്നു റവ. ഇട്ടിയേരാ ഈപ്പനും, … ഇങ്ങനെ നടന്നു വരുമ്പോള്‍ ക്രിസ്താബ്ദം 825-ല്‍ (ഇതു തന്നെ കൊല്ല വര്‍ഷം 1-2) ഇയൊബ എന്ന ഇരട്ട പെരുള്ള ബാര്‍ യെശു മുതലാളിയും മാര്‍ സാബൊര്‍ എന്നും മാര്‍ അപ്രൊത്ത എന്നും രണ്ടു മെല്പട്ടക്കാരും കൊല്ലത്ത വന്നിറങ്ങി. ആയത ഇവര്‍ നെസ്തോറിയ വിശ്വാസക്കാര്‍ ആയിരുന്നതിനാല്‍ എന്നു തോന്നുന്നു. ഇവര്‍ വന്നത ഇയൊബിന്‍റെ കപ്പലില്‍ ആയിരുന്നു. ഇത പരദേശികള്‍ ഇവിടെ കുടിയിരിപ്പാനായി വന്ന മൂന്നാം വരവ എന്ന പറയപ്പെടാം. ഇവരും അന്നു വെണാടു വാഴുന്ന ശങ്കരന്‍ ഇരവിശ്രീയൊടു സ്ഥാനമാനങ്ങളും പദവികളും വാങ്ങി. ആ സംഗതിക്ക് കൊല്ലത്തെ ഇപ്പൊളുള്ള പള്ളിയില്‍ ശിലാരേഖ കാണാനുണ്ടുപോലും. മെല്പറഞ്ഞ ആളുകള്‍ കൂടി കൊല്ലം ഒന്നാം ആണ്ട മകരമാസം 29-നു ഞായറാഴ്ച ചിങ്ങംരാശി കര്‍ക്കിടകക്കൂറ്റില്‍ പള്ളിക്കു അടിസ്ഥാനം ഇട്ടു. ഇവര്‍ പള്ളിക്കൂടങ്ങള്‍ ഉണ്ടാക്കിച്ച പഠിപ്പിച്ച പ്രകാരവും മനസ്സുള്ളവരെ മാര്‍ഗ്ഗത്തില്‍ മാര്‍ഗ്ഗത്തില്‍ ചെര്‍ത്തുകൊള്ളുന്നതിനു കൂടെ അനുവാദം വാങ്ങിച്ചിരുന്നതിനാല്‍ പലരെയും മതാനുസാരികളാക്കി പള്ളികളും വയ്പിച്ച പ്രകാരവും പ്രമാണം ഉണ്ട. … എന്നു റവ. ജി. കുരിയനും രേഖപ്പെടുത്തുന്നു. … ബാറെശു മുതലാളി എന്ന ഇയൊബിന്‍റെ സന്തതികള്‍ ഇന്ന കൊല്ലക്കാര്‍ മുതലാളിമാര്‍ എന്ന പേരായി ചാത്തന്നൂര്‍ പാര്‍ക്കുന്നുണ്ട. യേശു എന്ന പേര ദുഷിച്ച കോശി എന്നായി. കൊല്ലത്തുകോശിമാപ്പിള എന്നു പ്രസിദ്ധം. മേല്പട്ടക്കാരെ കാദീശങ്ങള്‍ എന്നു പറയുന്നുണ്ട്. ഇവരുടെ പേരില്‍ പള്ളികള്‍ കൊല്ലത്തും കായങ്കുളത്തും ഉദിയമ്പേരൂരും ഉണ്ട. … എന്നൊരു അടിക്കുറിപ്പും അദ്ദേഹത്തിന്‍റെതായി ഉണ്ട്.
റവ. കെ. കുരുവിള തന്‍റെ പ്രകരണത്തില്‍ … ഒമ്പതാമത്തെയൊ പത്താമത്തെയൊ ശതാബ്ദത്തില്‍ പരദേശ ക്രിസ്ത്യാനികളുടെ ഒരു സംഘം കൊല്ലത്തുവന്നു കുടിയേറി. ഈ സമയത്തു മലയാള സഭ ഭരിപ്പാനായിട്ടു മാര്‍ സാഫോര്‍ എന്നും അപ്രൊത്തു എന്നും നാമങ്ങളുള്ള രണ്ടു മേലദ്ധ്യക്ഷന്മാരെ നെസ്തോറിയാ പാത്രിയര്‍ക്കവു നിയോഗിച്ചയച്ചു. അവരുടെ വരവിനെക്കുറിച്ചു കേട്ട ഉടനെ അന്നത്തെ അര്‍ക്കുദയാക്കൊനും ജനങ്ങളും ചിത്തമോദത്തോടെ കൊല്ലത്തു ചെന്നു പൂജ്യതയെറിയ ആ വേദത്തലവന്മാരെ അലങ്കാര ഘോഷങ്ങളോടെ എതിരേല്ക്കയും യോഗ്യമാംവണ്ണമുള്ള സല്കാരങ്ങള്‍ കഴിക്കുകയും ചെയ്തു. സുവിശേഷ ബൊധകരില്‍ വ്യാപരിക്കെണ്ട ശീലം ഈ വേദാദ്ധ്യക്ഷരില്‍ അതിശൊഭിതമായി വിളങ്ങിയിരുന്നതിനാല്‍ അവരെക്കുറിച്ചുള്ള സല്‍ക്കീര്‍ത്തി നാട്ടില്‍ എങ്ങും പരന്നു. അന്നു വാണിരുന്ന രാജാവു എടപ്രഭുക്കള്‍ കീഴുദ്ധ്യോഗസ്ഥര്‍ എന്നിവരെല്ലാം അവര്‍ക്കു അനുകൂലരും സ്വാധീനരും സ്വാധീനരും ആയ് വന്നു. അവര്‍ നാട്ടിലെങ്ങും നിരവഗ്രഹമായി സഞ്ചരിച്ച വേദം അറിയിച്ചകൊള്‍വാനും അവരുടെ ഉപദേശത്തെ സ്വീകരിക്കാന്‍ ഈഗ്രഹിക്കുന്നവരെ സഭയില്‍ ചേര്‍ത്തുകൊള്‍വാനും അവര്‍ക്ക അനജ്ഞയും ലഭിച്ചു. ഈ സമയം ദാനശൌണ്ഡരായ ചില ധനികര്‍ പള്ളിച്ചിലവിനുവേണ്ടി ഓരൊരൊ സ്ഥിരവസ്തുക്കളെ ദാനം ചെയ്തപ്രകാരം കാണുന്നു. പരദേശത്തുനിന്നു വന്നു കുടിയെറിയവരില്‍ മരുവാന്‍ സവരീശോ എന്നൊരുവന്‍ തനിക്കു കുരക്കേണിയില്‍ കടല്‍ത്തീരത്തു ഉദകദാനമായി ലഭിച്ച കുറഞ്ഞോരു ഭൂമിയും ചിറ്റാഴ്മയ്ക്കുള്ള ഏതാനും ജാതിക്കാറരെയും ഈശോദതവിരായി പണിയിച്ച താരിസാപ്പള്ളിക്കു എഴുതിക്കൊടുത്തു. ഇതിനാല്‍ അവിടെ അധിവസിച്ചിരുന്ന ക്രിസ്ത്യാനി സമൂഹത്തിനു ആകെപ്പാടെ ഗുണസിദ്ധിയുണ്ടായി. അന്നു മലയാളം വാണിരുന്ന ചക്രവര്‍ത്തിയുടെ പേര്‍ സ്ഥാനുരവിഗുപ്തന്‍ എന്നായിരുന്നു. ആ പെരുമാളിന്‍റ കോവിലധികാരിയും വേണാടു വാണിരുന്ന അയ്യന്‍ അടിയാള്‍ മുതലായവരും മുതല്‍പേരും കൂടിയത്രെ ഇതിന്‍റെ ആധാരം ചെമ്പോലയില്‍ എഴുതിക്കൊടുത്തതു. ഈ ദാനഭൂമി എപ്പേര്‍പ്പെട്ട മെല്‍വിചാരക്കറരും രക്ഷകര്‍ത്താക്കളുമായിട്ടു അഞ്ചുവണ്ണം എന്ന യഹൂദ സമുദായത്തെയും മണിഗ്രമക്കാരെയും നിയമിക്കയുണ്ടായി. ചെമ്പേടുകള്‍ അഞ്ചെണ്ണം ഉണ്ടു. പദവി തെക്കന്‍ മലയാളത്തിലും ഇപ്പോള്‍ നടപ്പില്ലാത്ത രണ്ടു ഭാഷയിലും എഴുതിയിരിക്കുന്നു. യഹൂദരില്‍ നാലുപേര്‍ അതില്‍ അടയാളം വെച്ചിട്ടുണ്ട്.
കൊല്ലം മുന്‍കാലങ്ങളില്‍ വന്‍കച്ചവടം നടന്നിരുന്ന ഒരു തുറമുഖപ്പട്ടണം ആയിരുന്നു. സുറിയാനിക്കാറരില്‍ വളരെപ്പേര്‍ അവിടെയും പാര്‍ത്തുവന്നു. വടക്കുള്ള സുറിയാനിക്കാര്‍ക്കു മഹാദേവര്‍പട്ടണംപോലെ തെക്കുള്ളവര്‍ക്കു കൊരക്കേണി കൊല്ലവും പ്രധാനസ്ഥലമായിരുന്നു. … എന്നു രേഖപ്പെടുത്തുന്നു.
1869-ല്‍ പുകിടിയില്‍ ഇട്ടുപ്പ് റൈട്ടര്‍ നല്‍കുന്ന വിവരണവും സമാനമാണ്. അദ്ദേഹത്തിന്‍റെ ഭാഷ്യപ്രകാരം …. എന്നാല്‍ നമ്മുടെ കര്‍ത്താവിന്‍റെ ആണ്ട 825-നു കൊല്ലം ഒന്നാം ആണ്ട ബാബിലൊണില്‍നിന്നും നെസ്തൊറിയന്‍ പാത്രിയര്‍ക്കീസിന്‍റെ കല്പനയാല്‍ മാര്‍ ശാബൊര്‍ എന്നും മാര്‍ അപ്പ്രൊത്ത എന്നും പെരായ രണ്ട എപ്പിസ്കൊപ്പന്മാര അയക്കപ്പെട്ടിരുന്നു. അവര്‍ ശവറിസ എന്നു പെരായ ഒരു കച്ചവടക്കാരന്‍റെ ഉരുവില്‍ കൊല്ലത്തു വന്നിറങ്ങി. ഈ വര്‍ത്തമാനം അന്നത്തെ അര്‍ക്കദയക്കോനും ജനങ്ങളും കെട്ട ഉടനെ കൊല്ലത്ത എത്തി കൊലാഹലത്തൊടെ എപ്പിസ്കൊപ്പന്മാരെ എതിരെറ്റു. നാടു വാഴും രാജാക്കന്മാരുമായി കൂടിക്കാഴ്ചയും കഴിച്ചു പ്രീതി വരുത്തിയുംകൊണ്ടു ഓരോ ദിക്കില്‍ സഞ്ചരിച്ചു ദിഷ്ടിതിപൊലെ അനുവാദപ്രകാരം പള്ളികള്‍ വെയ്പിച്ചു സഭയെ വര്‍ദ്ധിപ്പിച്ചുവന്നു. ഈ എപ്പിസ്കൊപ്പന്മാരുടെ വരവിന്‍ ശെഷമത്രെ നെസ്തൊറിയ വിശ്വാസം അല്പമായി മലയാളത്തിലും കലരുന്നതിന്ന സംഗതി ആയ്ത. എന്നാല്‍ സുറിയാനിക്കാരുടെ നടത്തയും അവസ്ഥയും മര്യാദയും നന്നെന്നു നാടു വാഴും രാജാക്കളും ബൊധിച്ച ഇരരൊട അധികം ദയയുള്ളവരായി താര്‍ന്ന മാര്‍ഗ്ഗത്തില്‍ ചെര്‍ക്കുന്നതിന അനുവദിക്കുകയും … എന്നാണ് നസ്രാണി പാരമ്പര്യം.
ഇതേകാലത്ത് തരിസാപ്പള്ളിപ്പട്ടയം നേരിട്ടു പരിശോധിച്ച ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് തന്‍റെ നസ്രാണികളുടെ പഴമ എന്ന കൃതിയില്‍ … കൊല്ലം ഒന്നു (ക്രി. 825) ശബൊര്‍, അബ്രൊസ്സ അങ്ങിനെ രണ്ടു മൂപ്പന്മാരു തവരിശു എന്ന കച്ചവടക്കാരന്‍റെ കുട വന്നു എന്നു നസ്രാണികള്‍ ചൊല്ലുന്ന പാരമ്പര്യം. അവര്‍ അന്നു നെസ്തോര്യ സഭകള്‍ക്ക അച്ചനായി വാഴുന്ന തിമൊതയന്‍ (ക്രി. 770 – 820) പല ദിക്കിലും സുവിശേഷം അറിയിപ്പാന്‍ അയച്ചവരുടെ കൂട്ടത്തില്‍ ഉള്ളവരായിരിക്കും. ഇതിന്നും കാലനിര്‍ണ്ണയം ഇല്ല. അവര്‍ വന്ന സമയം ചിലര്‍ മെല്‍പ്പറഞ്ഞ കൊല്ലത്തില്‍ നൂറു സംവല്‍സരം ചെര്‍ത്തു പറയുന്നു. ഇരുവരും വന്നിറങ്ങി കൊല്ലത്തു രാജാവിനെ കണ്ടു അവന്‍റെ സമ്മതം വരുത്തി ആകുന്നെടത്തൊളം വിശ്വാസികള്‍ക്ക ഉറപ്പു വരുത്തി പള്ളികളെ എടുപ്പിച്ചു. ഉദയമ്പെരൂര്‍ മുതലായ നാടുകളില്‍ നായന്മാരെ മറ്റും സഭയില്‍ ചെര്‍ത്തു കൊള്ളുകയും ചെയ്തു. വെണാട്ടില്‍ ഒക്കയും സത്യവെദം അറിയിപ്പാനും മനസുള്ളവരെ സ്നാനം ചെയ്യിക്കാനും അവര്‍ക്കു രാജ കല്പനയായ പ്രകാരം പറയുന്നു. അവര്‍ മരിച്ചു പൊയതിന്‍റെ ചെയ്ത ഉപകാരങ്ങള്‍ മറക്കാതെ ഇരിക്കാന്‍ പള്ളികള്‍ക്ക അവരുടെ നാമവും ഇട്ടു. അവര്‍ക്ക ദ്രവ്യ ബഹുമാനങ്ങളെ കല്പിച്ചിരിക്കുന്നു എങ്കിലും ശെഷമുള്ളവര്‍ അവരുടെ വിശ്വാസത്തെയും സ്നെഹത്തെയും പിന്തുടര്‍ന്ന പ്രകാരം ഒന്നും കെള്‍ക്കാറില്ല. അവരുടെ കുടെ വന്ന തവരിശു (സപീരിശൊ) വിന്‍റെ പെര്‍ ഒരു ചെപ്പെട്ടില്‍ കാണ്‍കകൊണ്ടു ആ എഴുത്തിന്‍റെ വിവരം പറയുന്നു. അതാവിത:
ഗൊസ്ഥാണു രവിഗുപ്തന്‍ എന്ന പെരുമാള്‍ മറുതല ജയിച്ചു വന്ന … ആണ്ടില്‍ വെണാട്ടു വാഴുന്ന അയ്യനടികളും മെല്പടി പെരുമാളുടെ കൊയിലധികാരിയും ഇരുന്നരുളി പുന്നത്തല, പൂളക്കുടി ഈ രണ്ടു അയല്‍പതിയും മറ്റും ഉള്‍പടവെച്ചു കുരക്കെണി കൊല്ലത്തു ഇശൊ ദാനവിരായി ചെയ്യിച്ച തരിസാപ്പള്ളിക്കു കൊടുത്ത അട്ടിപ്പെറാവതു, നഗരത്തിന്‍റെ ഉടയവന്‍ മരുവാന്‍ സപീരീശൊ കടല്‍പുറത്ത ഒരു ദെശവും നാങ്കുടി ഈഴവര്‍, ഈഴദാസര്‍, എണ്മരുമായി ഒരുകുടി തച്ചര്‍, നാങ്കുടി വെള്ളാളര്‍, ഒരു കുടി വണ്ണാര്‍ മറ്റും അതില്‍ പാര്‍ക്കുന്ന കുടിയാന്മാരെയും തരിസാപ്പള്ളിക്കു കൊടുത്തിരിക്കുന്നു. ഭൂമിയുടെ അതിര്‍ കിഴക്ക വയല്‍കാടും കായിലും ഉള്‍പട തെങ്കിഴക്ക ചിറുവാതില്‍ക്കാല്‍ മതിലും പടിഞ്ഞാറു കടലും വടക്കു തൊരണത്തൊട്ടവും വടക്കുകിഴക്കു പുന്നത്തല അണ്ടിലന്‍ തൊട്ടവും ഇന്നാലതിരില്‍ അകപ്പെട്ട ഭൂമിയുടെ അനുഭവവും എപ്പെര്‍പ്പെട്ട ഇറയും അനമെല്‍നീര്‍ മുതലായ 72 ജന്മിഭൊഗങ്ങളും കൂട പള്ളിയാര്‍ക്കു കൊടുത്തിരിക്കുന്നു. യഹൂദവാഴി അഞ്ചുവര്‍ണ്ണവും നസ്രാണിവാഴി മണിഗ്രാമവും ഇരുവരും കാരാളരുടെ സ്ഥാനത്തിലായി ഭൂമിയേയും കുടികളെയും രക്ഷിക്കെണ്ടു. ഇവര്‍ക്ക അന്യായം ഉണ്ടായില്‍ കൊയില്ക്ക കൊടുക്കുന്ന പാതാരം തടുത്തു തങ്ങള്‍ തന്നെ തീര്‍ക്കണം. തങ്ങള്‍ ചെയ്യും പിഴ ഉണ്ടാകില്‍ തങ്ങളെ കൊണ്ടെ ആരാഞ്ഞു കൊള്ളണം. പള്ളിയാര്‍ കുടിയാന്മാരെ ദെശാചാരപ്രകാരം ശിക്ഷിച്ചു തലവില, മുലവില മുതലായ പിഴ അഴിവും വാങ്ങിക്കൊള്ളണം എന്നും അവര്‍ക്കു സമ്മതിച്ചു കൊടുത്തിരിക്കുന്നു … എന്നാണ് ഈ സംഭവപരമ്പരകളെ വര്‍ണ്ണിച്ചിരിക്കുന്നത്.
ഒരു സഹസ്രാബ്ദംകൊണ്ട് വായ്മൊഴിവഴക്കങ്ങള്‍ക്ക് വരാവുന്ന അപചയവും ചില പൊരുത്തക്കേടുകളും ഈ വിവരണങ്ങളില്‍ ഉണ്ട് എങ്കിലും നസ്രാണികള്‍ക്ക് തരിസാപ്പള്ളിസ്ഥാപനവും അതിന്‍റെ പശ്ചാത്തലവും വ്യക്തമായി അറിയാമായിരുന്നു എന്ന് ഈ വിവരണങ്ങള്‍ എല്ലാം സൂചിപ്പിക്കുന്നു.
ഏതാണ്ട് മുക്കാല്‍ നൂറ്റാണ്ടിനു ശേഷം തരിസാപ്പള്ളിപ്പട്ടയത്തിന്‍റ ശാസ്ത്രീയ പുനര്‍വായന നടത്തിയപ്പോഴും അത് എങ്ങുമെത്താതെ നില്‍ക്കുകയാണ്. കേരളത്തിന്‍റെ മുഖ്യധാരാ ചരിത്രത്തില്‍ കൊളോണിയല്‍പൂര്‍വ നസ്രാണികളുടെ അസ്തിത്വം അംഗീകരിക്കാന്‍ വിമുഖത കാട്ടിയ ഇളംകുളം കുഞ്ഞന്‍പിള്ള പ്രഭൃതികളുടെ പിടിയില്‍ നിന്നും ഡോ. എം. ആര്‍. രാഘവ വാര്യരും ഡോ. കേശവന്‍ വെളുത്താട്ടും പൂര്‍ണ്ണമായും മോചിതരായില്ല എന്നാണ് അവര്‍ പ്രസിദ്ധീകരിച്ച തരിസാപ്പള്ളിപ്പട്ടയം (2013, കോട്ടയം, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം) എന്ന കൃതിയില്‍ നിന്നും മനസിലാകുന്നത്. പള്ളിയാര്‍ യഹൂദരേയും പാഴ്സികളേയുംപോലെ ഇവിടെ കുടിയേറിയ ഒരു വിദേശ ജനവര്‍ഗ്ഗമാണ് എന്ന മുന്‍വിധിയില്‍നിന്നും ഗ്രന്ഥകര്‍ത്താക്കള്‍ പൂര്‍ണ്ണമായും വിമുക്തരായതായി തോന്നുന്നില്ല. നസ്രാണി പാരമ്പര്യം പരിശോധിക്കാതിരുന്നതും, കെ. എന്‍. ഡാനിയേല്‍ (The Copper Plates of St. Thomas Christians, 1925) ഇസഡ്. എം. പാറേട്ട് (മലങ്കര നസ്രാണികള്‍ വാല്യം ഒന്ന്, 1964, മലങ്കര നസ്രാണികള്‍ – പദവിയും ജാത്യാചാരങ്ങളും, 1965) എന്നീ പഠനങ്ങള്‍ പരിഗണിച്ചില്ല എന്നതുമാണ് ഡോ. എം. ആര്‍. രാഘവ വാര്യര്‍, ഡോ. കേശവന്‍ വെളുത്താട്ട് എന്നിവര്‍ക്ക് തരിസാപ്പള്ളിപ്പട്ടയം എന്ന കൃതിയുടെ രചനയില്‍ പറ്റിയ ഏറ്റവും വലിയ പ്രമാദം. അതിനാലാണ് ഈ വിഷയത്തിലുള്ള നസ്രാണി വായ്മൊഴി വഴക്കങ്ങള്‍ ഇവിടെ വിശദമായി രേഖപ്പെടുത്തിയത്. ഖേദപൂര്‍വം രേഖപ്പെടുത്തിയാല്‍, പ്രാദേശിക പാരമ്പര്യത്തെ അവഗണിച്ച് പ്രസ്ഥാവിത പഠനത്തില്‍ യുറോപ്യരുടെ വിശകലനങ്ങള്‍ക്കു പ്രാമുഖ്യം കൊടുത്ത ഡോ. എം. ആര്‍. രാഘവ വാര്യര്‍, അദ്ദേഹംതന്നെ ചൂണ്ടിക്കാട്ടിയ ഓറിയന്‍റലിസത്തിന്‍റെ മുഷ്ക്കില്‍ (നിരണം ഗ്രന്ഥവരി, 2000) വീണുപോയി എന്നും, കേരള ചരിത്രത്തെപ്പറ്റി ഇളംകുളം കുഞ്ഞന്‍പിള്ളയുടെ അഭിപ്രായങ്ങള്‍ അപ്രമാദിത്വമുള്ള പൊളിയാത്ത വേലിയും ഇളകാത്ത കോട്ടയുമായി അദ്ദേഹം സ്വീകരിക്കുന്നു എന്നും പറയേണ്ടിവരും.
ഒരു വിദേശ ജനവര്‍ഗ്ഗം മാത്രമായാണ് കൊല്ലത്തെ തരിസാപ്പള്ളി സ്ഥാപനവുമായി ബന്ധപ്പെട്ട ജനവിഭാഗത്തെ ഇവര്‍ കണക്കാക്കുന്നത്. പക്ഷേ മുകളില്‍ പറഞ്ഞ നസ്രാണി പാരമ്പര്യങ്ങള്‍ കണക്കിലെടുത്താല്‍ സബറീശോ അഥവാ ബാറിശോ മുതലാളി എന്ന വിദേശ വ്യാപാരിയും, മാര്‍ സാബോര്‍ മാര്‍ അഫ്രോത്ത് എന്നീ നെസ്തോറിയന്‍ മെത്രാന്മാരും മാത്രമല്ല, തദ്ദേശീയരായ നസ്രാണി പരിഷയും ഈ പ്രക്രിയയില്‍ ഭാഗഭാക്കാണ്. അവര്‍ മാത്രമല്ല, മാര്‍ സാബോര്‍ മാര്‍ അഫ്രോത്ത് എന്നിവര്‍ പരിവര്‍ത്തനം ചെയ്ത നവനസ്രാണികളും ഈ ചട്ടക്കൂടിലേയ്ക്കു കടന്നുവരുന്നുണ്ട്. തരിസാപ്പള്ളിപ്പട്ടയത്തിന്‍റെ മാത്രം അടിസ്ഥാനത്തില്‍പ്പോലും ഈ വസ്തുത തമസ്ക്കരിക്കാനാവില്ല.
തരിസാപ്പള്ളിയമായി ബന്ധപ്പെട്ട നസ്രാണി പാരമ്പര്യത്തെ വെറും കെട്ടുകഥയായി തള്ളിക്കളായാനാവില്ല. അതിന് ഏറ്റവും പ്രത്യക്ഷമായ കാരണം ഡോ. എം. ആര്‍. രാഘവ വാര്യരും ഡോ. കേശവന്‍ വെളുത്താട്ടും തരിസാപ്പള്ളിപ്പട്ടയത്തില്‍ പുതുതായി വായിച്ചെടുത്ത ഉപ്പു കുറുക്കുന്ന എരുവിയരുടെ സാന്നിദ്ധ്യം തന്നെ. പില്‍ക്കാല ചരിത്രത്തില്‍ നസ്രണികളുടെ ആശ്രിത ജാതികളായി രേഖപ്പെടുത്തപ്പെട്ടിട്ടുളള പതിനേഴിമ്പരിഷയില്‍പ്പെട്ട ഒന്നാണ് ഉരവാരന്‍. ഇവര്‍ മാത്രമല്ല, തരിസാപ്പള്ളിപ്പട്ടയത്തില്‍ പരാമര്‍ശിക്കുന്ന എല്ലാ ജാതികളും പതിനേഴിമ്പരിഷയില്‍ ഉള്‍പ്പെടും. അവര്‍ എന്ന് എങ്ങിനെ നസ്രാണികളുടെ ആശ്രിത ജാതികളായി എന്ന ചോദ്യത്തിന് ഉത്തരംതേടി ചെല്ലുമ്പോളാണ് കേരളത്തിന്‍റെ സാമൂഹിക വ്യവസ്ഥാ രൂപീകരണത്തിന്‍റെ ചിത്രം തരിസാപ്പള്ളിപ്പട്ടയത്തില്‍ തെളിയുന്നത്.
ക്രിസ്തുവര്‍ഷം 825-ലാണ് മലയാള അബ്ദമായ കൊല്ലവര്‍ഷം ആരംഭിക്കുന്നത്. ഇത്തരമൊരു അബ്ദരൂപീകരണത്തിനു പല കാരണങ്ങള്‍ പറയുന്നുണ്ട് എങ്കിലും കൃത്യമായ ഒന്ന് ക്ലിപ്തപ്പെടുത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. എന്തായാലും അത് ചരിത്രഗതിയിലെ ഒരു നിര്‍ണ്ണായക വഴിത്തിരിവാണന്നത് നിസംശയമാണ്. അത് ശ്രീശങ്കരാചാര്യരുടെ ജന്മ(ദിഗ്വിജയ) വര്‍ഷമാണന്ന വാദം പിന്നാലെ പരിഗണിക്കാം. ഏതായാലും കൊല്ലം നഗരം അഥവാ തുറമുഖം സ്ഥാപിച്ച വര്‍ഷം എന്ന ഡോ. എം. ആര്‍. രാഘവ വാര്യരുടേയും ഡോ. കേശവന്‍ വെളുത്താട്ടിന്‍റേയും വാദം സ്വീകരിക്കാനാവില്ല. കാരണം, ഇവര്‍ ചൂണ്ടിക്കാട്ടുന്ന ഒരു തുറമുഖമാകാന്‍ കൊല്ലത്തിനു ഒന്‍പതാം നൂറ്റാണ്ടില്‍ ഉണ്ടായിരുന്ന ഭൂമിശാസ്ത്രപരമായ അനുകൂല ഘടകങ്ങള്‍ അതിനു നൂറ്റാണ്ടുകള്‍ക്കു മുമ്പുമുതലേ അവിടെ ഉണ്ടായിരുന്നു. എന്നു മാത്രമല്ല, കല്ലടയാറുവഴി കുളത്തൂപ്പുഴമുതലുള്ള ജലവ്യാപാരപാതയും, പാണ്ടിനാട്ടില്‍നിന്നും ആര്യങ്കാവ്, തുമ്പമണ്‍, കടമ്പനാട് വഴിയും കൊട്ടാരക്കര, കുണ്ടറ വഴിയുമുള്ള വ്യാപാര പാതകളും അവസാനിക്കുന്ന കൊല്ലത്ത് ഒന്‍പതാം നൂറ്റാണ്ടുവരെ ഒരു തുറമുഖം ഇല്ലായിരുന്നു എന്ന പരാമര്‍ശനം അവിശ്വസനീയമാണ്. കൊല്ലത്തിന്‍റെ മാര്‍ത്തോമ്മാ പൈതൃകവും മുകളില്‍ പറഞ്ഞ പാതകളിലെ പുരാതന നസ്രാണി കേന്ദ്രങ്ങളും ആര്യങ്കാവിലേയും കുളത്തൂപ്പുഴയിലേയും അയ്യപ്പക്ഷേത്രങ്ങളുടെ സാന്നിദ്ധ്യവും അവഗണിച്ചാല്‍പ്പോലും കൊല്ലം അന്ന് മുസിരിസിനു സമാനമായ ഒരു തുറമുഖമല്ലായിരുന്നു എന്നു കരുതാനാവില്ല. ഇതോടൊപ്പം ചൈനയില്‍നിന്നും ഈജിപ്ഷ്യന്‍ തുറമുഖങ്ങള്‍ വരെ നീളുന്ന സമുദ്രമാര്‍ഗ്ഗമുള്ള സമാന്തര പട്ടുമാര്‍ഗ്ഗത്തിലേയും (maritime Silk route) സുഗന്ധവര്‍ഗ്ഗ (fragrance) പാതയിലേയും മുഖ്യ ഇടത്താവളമായി (Trans-shipment port) വാണിജ്യ ഭൂപടത്തില്‍ നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഇടംപിടിച്ച കൊല്ലം, തരിസാപ്പള്ളി പട്ടയ കാലത്തു മാത്രമാണ് തുറമുഖമായി വികസിച്ചത് എന്ന വാദം തികച്ചും യുക്തിരഹിതമാണ്.
ഗുണ്ടര്‍ട്ടിന്‍റെ വിവരണത്തിലെ … നെസ്തോര്യ സുവിശേഷകര്‍ ചീന രാജ്യത്തില്‍ വന്നു (636 ക്രി). കൊയ്മയുടെ അനുവാദത്തൊടെ സുവിശെഷം അറിയിച്ചു. അനെകം സഭകളെ ചെര്‍ത്തു പാര്‍ത്തശെഷം ക്യന്‍സും മഹാരാജാവിന്‍റെ വാഴ്ചയില്‍ (780-805) ഉശു എന്ന ഉപദെഷ്ടാവ് മലയാളത്തില്‍നിന്നു വന്നു വെദം ഉണര്‍ത്തിച്ചപ്പൊള്‍ മഹാരാജാവ് അവനെ ബഹുമാനിച്ചു മന്ത്രി ആക്കുകയും ചെയ്തു. നസ്രാണികള്‍ ചീനത്തു പൊകുന്നതുമല്ലാതെ അവിടെവെച്ച മെത്രാനായ ദാവീദ (ഏകദെശം 800 ക്രി) മെല്‍ പറഞ്ഞ തിമൊതയന്‍ അച്ചന്‍റെ അനുജ്ഞയൊടും കുടെ തൊമാ മുതലായ പട്ടക്കാരെ ഈ മലനാട്ടിലെക്കും അയച്ചിരിക്കുന്നു. ചീനക്കാരുടെ കപ്പല്‍ പണ്ടെ മലങ്കരയില്‍ കൊല്ലം തുടങ്ങി എഴിമലയൊളം അണഞ്ഞപ്രകാരം പല യാത്രക്കാര്‍ അറിയിച്ചിരിക്കുന്നു. പരദെശത്തില്‍ നിന്നുവന്ന കച്ചവടക്കാരുടെ പെര്‍ കെരള ഉല്‍പ്പത്തിയില്‍ പറയുന്ന ദിക്കില്‍ ചീനര്‍ എന്ന നാമവും ഉണ്ടു. … എന്ന പരാമര്‍ശനം പ്രത്യേകം ശ്രദ്ധേയമാണ്.
ക്രിസ്തുവര്‍ഷം 7-8 നൂറ്റാണ്ടുകളില്‍ത്തന്നെ ചൈനയില്‍ ശക്തമായ പേര്‍ഷ്യന്‍ നെസ്തൊറിയന്‍ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി വ്യക്തമായ ചരിത്ര രേഖകളുണ്ട്. വടക്കന്‍ ചൈനയിലെ സെമിരയ്ച്ന്‍ക്സ് (Semiryechensk) നെസ്തോറിയന്‍ സെമിത്തേരിയിലെ ഇന്ത്യാക്കാരന്‍ സജീക്കിന്‍റെ ശവകുടീരം ഇന്ത്യാ-ചൈനാ നെസ്ത്യോറിയന്‍ സഭാ ബന്ധത്തിന്‍റെ പ്രകടമായ തെളിവാണ്. അതു മാത്രമല്ല, ഇക്കാലഘട്ടത്തില്‍ ചൈനയിലെ നെസ്തോറിയന്‍ ക്രൈസ്തവര്‍ ത് ചിന്‍ (T ’chin) എന്നാണ് അറിയപ്പെട്ടിരുന്നത് എന്ന് തെളിവുസഹിതം ജോണ്‍ സ്റ്റുവര്‍ട്ട് രേഖപ്പെടുത്തുന്നു. ചൈനീസ് ഉച്ചാരണ പ്രത്യേകത പരിഗണിച്ചാല്‍ ഇത് തരിസാ എന്നതിന്‍റെ രൂപഭേദമല്ലന്ന് പറയാനാവില്ല. ചൈനയും കേരളവും തമ്മില്‍ നിലനിന്നിരുന്ന സമുദ്രയാന ബന്ധവും ഗുണ്ടര്‍ട്ടിന്‍റെ മുകളില്‍ പരാമര്‍ശിച്ച നിഗമനവും പരിഗണിച്ചാല്‍ തരിസാപ്പള്ളി പട്ടയത്തില്‍ ഒപ്പുവെച്ചിട്ടുള്ള പേര്‍ഷ്യക്കാരില്‍ ചിലരെങ്കിലും ചൈനയില്‍നിന്നു എത്തിവരാകാന്‍ പാടില്ലായ്കയില്ല.
നസ്രാണി പാരമ്പര്യമനുസരിച്ച് തരിസാ എന്നത് ത്രിസൈശുബ്ഹോ എന്ന സുറിയാനി പദത്തിന്‍റെ പ്രാദേശിക തത്ഭവമാണ്. സത്യവിശ്വാസം (Orthodox) എന്നാണ് ഇതിന്‍റെ അര്‍ത്ഥം. തരിസാപ്പള്ളിയുടെ കാര്യത്തില്‍ ഈ വസ്തുത വ്യക്തമായി റ്റി. കെ. ജോസഫ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതില്‍നിന്നും വ്യത്യസ്ഥമായി, History of Kerala – യുടെ കര്‍ത്താവായ കെ. പി. പദ്മനാഭ മേനോന്‍, സെമറ്റിക് മൂലമുള്ള തരിസ എന്ന പദത്തിന് പ്രാര്‍ത്ഥന എന്ന അര്‍ത്ഥമാണ് നല്‍കുന്നത്. ബൈബിളിലെ തര്‍ഷീഷ് എന്ന പദത്തില്‍ ഇതിന്‍റെ മൂലം ചിലര്‍ കണ്ടത്തുന്നതായും അദ്ദേഹം സൂചിപ്പിക്കുന്നു.
പ്രകരണ കര്‍ത്താവായ റവ. കെ. കുരുവിള … നെസ്തോറിയരെ തരിസാ ക്രിസ്ത്യാനികള്‍ എന്നു വിളിച്ചുവന്നു. ഇവരുടെ തലവരില്‍ ചിലര്‍ തര്‍സൂസില്‍ നിന്നുള്ളവരായിരുന്നതിനാലത്രെ അവര്‍ക്കു ഈ പേരു വീണത് എന്നു തോന്നുന്നു. … എന്നു രേഖപ്പെടുത്തുന്നു. പക്ഷേ ബൈബിളിലെ തര്‍ഷീഷ് കപ്പലുകള്‍ എന്നതിന് ദീര്‍ഘദൂര സമുദ്ര വ്യാപാരത്തിനുപയോഗിക്കുന്ന വലിയ കപ്പലുകള്‍ എന്നു മാത്രമേ അര്‍ത്ഥമുള്ളു എന്നും, അതിനു പ്രത്യേകിച്ച് ഒരു സ്ഥലവുമായി ബന്ധമില്ലന്നും ബൈബിള്‍ നിഘണ്ടു വ്യക്തമാക്കുന്നുണ്ട്. ഇതിനു സമാന്തരമായി, ഉത്തര പേര്‍ഷ്യയില്‍ നിലവിലിരുന്ന സോഗ്ധിയന്‍ ഭാഷയില്‍ ക്രിസ്തുമാര്‍ഗ്ഗക്കാര്‍ തരിസാ എന്നാണ് അറിയപ്പെട്ടിരുന്നത് എന്ന സ്ഥിതീകരിക്കാത്ത ഒരു നിഗമനമാണ് ഡോ. രാഘവ വാര്യര്‍ ചൂണ്ടിക്കാണിക്കുന്നത്. ഭയം എന്നര്‍ത്ഥമുള്ള തര്‍സക്ക് എന്ന സോഗ്ധിയന്‍ വാക്കില്‍നിന്നാണ് ദൈവഭയമുള്ളവര്‍ എന്ന അര്‍ത്ഥത്തില്‍ തരിസാ എന്നു ക്രിസ്ത്യാനികള്‍ അറിയപ്പെട്ടത് എന്നു അദ്ദേഹം വിശദീകരിക്കുന്നു. പേര്‍ഷ്യയിലും ടാര്‍ട്ടാര്‍ പ്രദേശത്തും ക്രിസ്ത്യനികള്‍ തെര്‍സാ എന്നാണ് അറിയപ്പെട്ടിരുന്നതെന്ന് റ്റി. കെ. ജോസഫും പറയുന്നു. പക്ഷേ ത്രീസാ എന്ന സുറിയാനി വാക്കില്‍ നിന്നാണ് തര്‍സാ ഉണ്ടായതെന്നും മുകളില്‍ പറഞ്ഞ സത്യവിശ്വാസം എന്നു പ്രയോഗാര്‍ത്ഥമുള്ള ചൊവ്വുള്ള, ഋജുവായ എന്നീ അര്‍ത്ഥങ്ങളാണ് ആ വാക്കിനെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.
ശ്രദ്ധേമായ വസ്തുത, ഇവയില്‍ ഏതാണ്ട് എല്ലാ വ്യാഖ്യാനങ്ങളും തന്നെ നസ്രാണി പാരമ്പര്യത്തിന് അനുരൂപമാണ് എന്നതാണ്. സത്യവിശ്വാസം (Orthodox) എന്ന വ്യാഖ്യാനമെടുത്താല്‍ വ്യവസ്ഥാപിതമായ ഒരു ക്രിസ്തുമാര്‍ഗ്ഗം എന്ന നിലയില്‍ നെസ്തോറിയന്‍ വിശ്വാസത്തിന് അവരുടെ കാഴ്ചപ്പാടില്‍ അതു യോജിക്കും. തര്‍ഷീഷ് എന്ന പദം ആധാരമാക്കി, അതിന് ദീര്‍ഘദൂര സമുദ്ര വ്യാപാരത്തിനുപയോഗിക്കുന്ന വലിയ കപ്പലുകള്‍ എന്ന അര്‍ത്ഥമെടുത്താലും ഒരു വ്യാപാരി സമൂഹം എന്ന നിലയില്‍ നസ്രാണിക്കു യോജിക്കും. ഇക്കാലത്ത് ചൈന മുതല്‍ കേരളംവഴി ചെങ്കടല്‍ തീരംവരെ നീണ്ടുകിടന്ന നെസ്തോറിയന്‍ ക്രിസ്ത്യാനികളുടെ ഒരു തരിസാ വ്യാപര ശംഖലയുടെ (Tharissa network) സാദ്ധ്യതയെപ്പറ്റി ഈ ലേഖകന്‍ മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. (The Indian Way of Christianity, 2012) ഇത് വലിയ കപ്പലുകള്‍ (തര്‍ഷീഷ്) ഉപയോഗിച്ച് ദീര്‍ഘദൂര സമുദ്ര വ്യാപാരം നടത്തുന്ന വര്‍ത്തക വര്‍ഗ്ഗം എന്നു വ്യഖ്യാനിച്ചാലും തെറ്റൊന്നുമില്ല. പക്ഷേ സമുദ്രസാമീപ്യം ഇല്ലാത്ത ടാര്‍ട്ടാറിലും ഉത്തര ഇറാനിലും ഈ അര്‍ത്ഥം എങ്ങിനെ യോജിക്കും എന്ന സംശയം നിലനില്‍ക്കും.
ഡോ. രാഘവ വാര്യര്‍ ചൂണ്ടിക്കാണിക്കുന്ന സോഗ്ധിയന്‍ ഭാഷാ പ്രയോഗം പരിഗണിക്കാം. സോഗ്ധിയന്‍ ഭാഷയും അക്ഷരമാലയും അരാമായ ഭാഷയില്‍നിന്നും രൂപമെടുത്തതാണ്. അതേപോലെ പൗരസ്ത്യ-പാശ്ചാത്യ സുറിയാനികള്‍ അരമായ ഭാഷയുടെ പരിഷ്കൃത രൂപങ്ങളുമാണ്. ഇന്നത്തെ ഉത്തര ഇറാന്‍ ഭാഗത്താണ് സോഗ്ധിയന്‍ ഭാഷ പ്രചാരത്തിലിരുന്നത്. ആ പ്രദേശം അന്ന് ബാഗ്ദാദിലെ കാതോലിക്കായുടെ അധികാരാതിര്‍ത്തിയിലുള്ള ഫാരാസ് എന്ന ഭദ്രാസനമായിരുന്നു (Diocese). തരിസാപ്പള്ളിപ്പട്ടയ കാലത്ത് കേരളത്തിലെ നസ്രാണികള്‍ ആത്മീയമായി ബന്ധപ്പെട്ടിരുന്നത് ഫാരസിലെ മെത്രാപ്പോലീത്തായുമായി ആയിരുന്നുയെന്ന് മുകളില്‍ പ്രസ്ഥാവിച്ച നെസ്തോറിയന്‍ കാതോലിക്കാ മഹാനായ മാര്‍ തീമോത്തിയുടെ എഴുത്തുകളുടേയും ഇതര തെളിവുകളുടേയും അടിസ്ഥാനത്തില്‍ ചരിത്രകാരന്മാര്‍ മുമ്പുതന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേ സമയംതന്നെ, തരിസാപ്പള്ളി പട്ടയത്തിലെ പേര്‍ഷ്യന്‍ സാക്ഷികളാരും തരിസാ എന്ന് ഉപയോഗിക്കുന്നില്ലാ എന്നും അവരിലൊരാള്‍ താന്‍ സൊറവാസ്ട്രിയന്‍ മതക്കാരനാണന്നു പ്രഖ്യാപിക്കുന്നുണ്ടന്നതും ഡോ. രാഘവ വാര്യരുടെ വാദത്തെ ദുര്‍ബലപ്പെടുത്തുന്നു. എന്നു തന്നെയല്ല, ആ പ്രദേശത്തിന്‍റെ സമദ്രരാഹിത്യം മൂലം അവിടുന്നുള്ള ഒരാള്‍ കൊല്ലം തുറമുഖവും വ്യാപാര മേഖലയും നവീകരിക്കാനുള്ള സാദ്ധ്യത വിരളമാണ്. അതിനുള്ള സാങ്കതിക ജ്ഞാനം അത്തരമൊരാള്‍ക്ക് എവിടെനിന്നു ലഭിച്ചു എന്ന പ്രശ്നമാണ് ഉദിക്കുന്നത്.
തരിസാപ്പള്ളിപ്പട്ടയത്തില്‍ നിന്നും വ്യക്തമാകുന്നത് ശാസന വര്‍ഷമായ ക്രിസ്തു 849-നു മുമ്പുതന്നെ കൊല്ലത്തെ തരിസാപ്പള്ളി സ്ഥാപിക്കപ്പെട്ടു എന്നതാണ്. ഇത് നസ്രാണി പാരമ്പര്യവുമായി ഒത്തുപോകുന്നു. വായ്മൊഴിവഴക്കപ്രകാരം കൊല്ലവര്‍ഷം ഒന്നില്‍ സബറീശോയും മെത്രാന്മാരും കൊല്ലത്തെത്തി. കാല്‍ നൂറ്റാണ്ടിനു ശേഷമാണ് തരിസാപ്പള്ളിപ്പട്ടയം ചമയ്ക്കുന്നത്. ഇക്കാലത്തിനിടയില്‍ പള്ളിയും പള്ളിയാരും കൊല്ലത്ത് ശക്തമായ ഒരു അസ്തിത്വമായി (entity) മാറിയതായി തരിസാപ്പള്ളിപ്പട്ടയം വ്യക്തമാക്കുന്നു. അതിനെ കൂടുതല്‍ ശക്തമാക്കുന്ന ഒരു രാജകീയ വിളംബരമാണ് (Royal Charter) തരിസാപ്പള്ളിപ്പട്ടയം എന്നു വിവക്ഷിക്കുന്നതില്‍ തെറ്റില്ല.
തരിസാപ്പള്ളിപ്പട്ടയം വിശകലനം ചെയ്താല്‍ ലഭിക്കുന്ന ചില വസ്തുതകളുണ്ട്. അവ,
1. ഭൂമി ഉദകപൂര്‍വം ദാനമേറ്റ് നഗരം പണിത സബറീശോയാണ് കൊല്ലം തെരിസാ പള്ളിയുടേയും സ്ഥാപകന്‍.
2. തരിസാപ്പള്ളിക്കാണ് നിശ്ചിത അതിരുകള്‍ക്കുള്ളിലുള്ള ഭൂമിയും, ചില പ്രത്യേക തൊഴില്‍ വിഭാഗക്കാരായ ജാതികളേയും ദാനം നല്‍കുന്നത്.
3. പള്ളിയാര്‍ക്ക് മുമ്പുതന്നെ ചില സവിശേഷ അധികാരങ്ങള്‍ ലഭിച്ചിരുന്നു. അവയുടെ കൈകാര്യ കര്‍ത്താവ് സബറീശോ ആയിരിക്കും.
ഇവിടെ പരിഗണിക്കേണ്ട വസ്തുത, മുന്നം പള്ളിയാര്‍ പെറ്റുടൈയ… എന്നിത്യാദി തരിസാപ്പള്ളിപ്പട്ടയത്തിനു മുമ്പ് പള്ളിയാര്‍ക്ക് ലഭിച്ച അവകാശങ്ങള്‍ സൂചിപ്പിക്കുന്നതാണ്. എന്ന് എവിടുന്ന് ആര്‍ക്ക് ഈ അവകാശങ്ങള്‍ ലഭിച്ചു എന്നതാണ് സംഗതമായ ചോദ്യം. ക്രിസ്തുവര്‍ഷം 849-ലെ തെരിസാപ്പള്ളിപ്പട്ടയത്തിനുമുമ്പ് സബറീശോയ്ക്കോ പേര്‍ഷ്യന്‍ കുടിയേറ്റക്കാര്‍ക്കോ ഏതെങ്കിലും ദാനരേഖ ലഭിച്ചതായി പരാമര്‍ശനമില്ല. ഡോ. രാഘവ വാര്യരാകട്ടെ അത് ക്നായിത്തൊമ്മന്‍ ചെപ്പേടാണോ എന്ന് സന്ദേഹം പ്രകടിപ്പിച്ച് അന്വേഷണം അവസാനിപ്പിക്കുന്നു. നസ്രാണികള്‍ക്ക് മറ്റേതെങ്കിലും ശാസനം ലഭിച്ചോ എന്ന് അന്വേഷിക്കുന്നില്ല. അത് ഇരവികോര്‍ത്തന്‍ ചെപ്പേട് എന്ന വീരരാഘവപ്പട്ടയം ആണോ എന്നു സംശയിക്കുന്നുപോലുമില്ല. ആയ് രാജ്യത്തിന്‍റെയും പിന്നീട് വേണാടിന്‍റെയും തലസ്ഥാനമായിരുന്ന തിരുവിതാംകോട്ടെ നസ്രാണികളും തങ്ങള്‍ക്ക് വീരരാഘവപ്പട്ടയത്തിന് സമാനമായ ഒരു ചെപ്പേട് ലഭിച്ചതായി അവകാശപ്പെടുന്നുണ്ട്. ഒരുപക്ഷേ വീരരാഘവപ്പട്ടയം ക്രിസ്തുവര്‍ഷം പതിനാലാം നൂറ്റാണ്ടിലേതു മാത്രമാണെന്ന ഇളംകുളം കുഞ്ഞന്‍പിള്ളയുടെ നിഗമനംമൂലമാകാം ആ സാദ്ധ്യത ഡോ. രാഘവ വാര്യര്‍ ഒഴിവാക്കിയത്.
ഇരവികോര്‍ത്തന്‍ ചെപ്പേട് നസ്രാണിക്കു ലഭിച്ചതാണന്നുപോലും അംഗീകരിക്കാന്‍ വിമുഖത കാട്ടുന്ന ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ശാസനകാലം 1320 ആണെന്ന വാദത്തിനു വിരുദ്ധമായി രേഖപ്പെടുത്തിയ പി. ശങ്കുണ്ണി മേനോന്‍, വി. നാഗമയ്യ മുതലുള്ള ചരിത്രകാരന്മാരെ അദ്ദേഹം പൂര്‍ണ്ണമായും തമസ്ക്കരിച്ചു.
ക്രിസ്തുവര്‍ഷം 230, 680, 775 എന്നീ വര്‍ഷങ്ങളില്‍ ദാനകാല ഗ്രഹനില ഒത്തുവരുന്ന ഇരവികോര്‍ത്തന്‍ ചെപ്പേടില്‍ … പറകൊണ്ടളന്നു നിറകൊണ്ടുതൂക്കി നൂല്‍കൊണ്ടുപാകി എണ്ണിന്‍റെതിലും എടുക്കുന്നതിലും ഉപ്പിനൊടു ശര്‍ക്കരയൊടു കസ്തൂരിയൊടു വിളക്കെണ്ണയൊടു ഇടയില്‍ ഉള്ളതു എപ്പേര്‍പ്പെട്ടതിനും തരകും അതിനടുത്ത ചുങ്കമും കുടെ … കുടുത്താം … എന്നാണ് ദത്തവാനു കിട്ടുന്ന അവകാശങ്ങളില്‍ ഒന്ന്. തരിസാപ്പള്ളിപ്പട്ടയത്തിലെ …വാരക്കോലും കപ്പാനും പൈഞ്ചകണ്ടിയും മുന്നം പെറ്റുടൈയന നാനും വിടുപെറാക … എന്ന് പള്ളിയാര്‍ക്ക് മുമ്പു ലഭിച്ചിരുന്ന അവകാശങ്ങള്‍ താനും വിട്ടുകൊടുക്കുന്നു എന്ന പരാമര്‍ശനം ഇവിടെ പരിഗണിക്കണം. വാ(പാ)രക്കോല്‍, വെള്ളിക്കോല്‍ (Steelyard) എന്ന ഭാരം അറിയാനുള്ള ഉപകരണമാണന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സമീപകാലംവരെ കേരളത്തില്‍ ഉപയോഗിച്ചിരുന്ന, 250-300 കിലോഗ്രാം തൂക്കം വരുന്ന, ഭാരത്തിന്‍റ ഒരു മാപകമായിരുന്നു കണ്ടി. (കണ്ടിക്ക് മറ്റു പല അര്‍ത്ഥങ്ങളുമുണ്ട്) കൊല്ലത്തെ ചുങ്കസ്ഥലത്ത് അളവിന്‍റേയും തൂക്കത്തിന്‍റേയും അധികാരം നസ്രാണികള്‍ക്കായിരുന്നുയെന്ന് 1348-ല്‍ ജോണ്‍ ദ മരിഞ്ഞോളി രേഖപ്പെടുത്തുന്നുണ്ട്. 1504-ല്‍ കൊല്ലം സന്ദര്‍ശിച്ച പോര്‍ട്ടുഗീസ് വൈസ്രോയി അല്‍ഫോണ്‍സ് ദ ആല്‍ബുക്കര്‍ക്കിനോട് കൊല്ലത്തെ അളവിന്‍റേയും തൂക്കത്തിന്‍റേയും അധികാരം തങ്ങള്‍ക്കായിരുന്നു എന്നും, സമീപകാലത്ത് തങ്ങളില്‍ ഒരാള്‍ ചെയ്ത തെറ്റിന് രാജാവ് അത് തിരിച്ചെടുത്തു എന്നും നസ്രാണികള്‍ അറിയിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വാരക്കോലും കപ്പാനും പൈഞ്ചകണ്ടിയും അളവുതൂക്കങ്ങളുടെ അടിസ്ഥാന പ്രമാണങ്ങള്‍ (Standard measures) ആണന്നു കരുതാം. ഇരവികോര്‍ത്തന്‍ ചെപ്പേട് അനുസരിച്ച് ഈ പശ്ചാത്തലത്തില്‍ തരിസാപ്പള്ളിപ്പട്ടയം പരിഗണിക്കുമ്പോള്‍ കൊല്ലത്തെ തരിസാപ്പള്ളിക്കും പള്ളിയാര്‍ക്കും കൊല്ലം നഗരത്തിലെ അഥവാ തുറമുഖത്തെ ഔദ്യോഗിക അളവുതുക്കങ്ങളുടെ അധികാരമാണ് (Protector of standard weights and measures) വീണ്ടും കൊടുക്കുന്നത് എന്ന് കാണാം. പില്‍ക്കാല രേഖകള്‍ ഇതു ശരിവയ്ക്കുന്നുണ്ട്. പുതിയ അന്തര്‍ദേശീയ വ്യാപാര മേഖലയില്‍ ഈ ഏകീകൃത മാപകങ്ങള്‍ ഏര്‍പ്പെടുത്തി എന്നും, അതിന്‍റെ ഉത്തരവാദിത്വം സബറീശോവിനെ ഏര്‍പ്പിച്ചു എന്നും കരുതുന്നതാണ് യുക്തി. സുഗമമായ അന്തര്‍ദേശീയ വ്യാപരത്തിന് അത്യന്താപേഷിതമായ ഘടകമാണ് ഏകീകൃത മാപകങ്ങള്‍ (Standard measures) എന്നത് സുവദിതമായ വസ്തുതയാണ്.
ഈ പശ്ചാത്തലത്തില്‍ വീണ്ടും സമകാലികമായ കൊല്ലവര്‍ഷാരംഭത്തിലേയ്ക്കു മടങ്ങിവരാം. എന്തോ ചില പ്രത്യേക രാഷ്ട്രീയ സാഹചര്യംമൂലം – അതു ദേശീയമോ അന്തര്‍ദേശീയമോ ആകാം – കൊല്ലം തുറമുഖത്തിനു ഇക്കാലത്തു പ്രാധാന്യം വര്‍ദ്ധിക്കുന്നു. വിദേശ വര്‍ത്തകനായ സബറീശോ കൊല്ലത്ത് ഒരു ആധുനിക തുറമുഖവും തുറമുഖ നഗരവും വികസിപ്പിക്കാനുള്ള ചുമതല കൈയ്യേറ്റ് അതിനാവശ്യമായ ഭൂമിയും ഏറ്റുവാങ്ങുന്നു. അദ്ദേഹം കപ്പല്‍ച്ചാല്‍ തോണ്ടി, തുറമുഖവും നഗരവും പണിതീര്‍ത്തു. ഇതേകാലത്തുതന്നെ അദ്ദേഹമോ അദ്ദേഹത്തൊടൊപ്പമുള്ള മെത്രാന്മാരോ തരിസാപ്പള്ളി പണികഴിപ്പിക്കുന്നു. ഒരു അന്തര്‍ദേശീയ വ്യാപാര കേന്ദ്രമായി (International trade zone) വികസിപ്പിച്ച പുതിയ നഗരപ്രാന്തം ഭരണാധികാരി പള്ളിക്കു ദാനം ചെയ്യുന്നു. അവിടെ നിശ്ചിത തോതിലുള്ള അളവുകളും തൂക്കങ്ങളുമെന്ന(Standard measures) പള്ളിയാരുടെ സവിശേഷധികാരങ്ങളടക്കം നടപ്പിലാക്കാന്‍ സബറീശോയെത്തെന്ന ചുമതലയേല്‍പ്പിക്കുന്നു. ഈ ആധുനിക അന്തര്‍ദേശീയ വ്യാപാര കേന്ദ്രം ഉപയോഗിക്കുന്ന വിദേശ വ്യാപാരികളുടെ പ്രതിനിധികള്‍ അതിനു സാക്ഷി നില്‍ക്കുന്നു. കപ്പല്‍ചാല്‍ തോന്‍റി ആധുനിക തുറമുഖം സ്ഥാപിച്ചത് പുതിയ അബ്ദത്തിന്‍റെ ആരംഭമായി. (കുളം തോണ്ടുക എന്ന പ്രയോഗം ഉദാഹരണം) ഇങ്ങനെ ചിന്തിക്കുന്നത് യുക്തിഭദ്രമാണ്.
പതിനാറാം നൂറ്റാണ്ടുവരെയുള്ള ലോകഗതി (World order) ഇന്ത്യാ സമുദ്ര വ്യാപാരത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നു എന്നാണ് വയ്പ്പ്. അതാകട്ടെ കേരളത്തിലെ കുരുമുളകു തേടിയുള്ള കപ്പലുകളും കടല്‍മാര്‍ഗ്ഗങ്ങളും മുഖ്യപങ്കു വഹിക്കുന്നതും. പക്ഷേ അതിനു സമാന്തരമായി ഒരു ഇറക്കുമതിയും (Reciprocal trade) ഇതേ തുറമുഖങ്ങളില്‍ നടന്നിരുന്നു. … ഉപ്പിനൊടു ശര്‍ക്കരയൊടു കസ്തൂരിയൊടു വിളക്കെണ്ണയൊടു … എന്ന വീരരാഘവപ്പട്ടയ വിവരണത്തില്‍ ഇറക്കുമതി വിഭവമായ കസ്തൂരിയും ഉള്‍പ്പെടുന്നുണ്ട്. ചെമ്പ്, രസം, തൂത്തനാകം, കറുത്തീയം മുതലായ ലോഹങ്ങളും, കര്‍പ്പൂരം, കുങ്കുമം, പട്ട് തുടങ്ങിയവയും ഈ പട്ടികയില്‍ ഉള്‍പ്പെടും. ഇവ ഉള്‍നാടുകളിലെത്തണം. അതേപോലെ തന്നെ കേരളത്തിന്‍റെ ഉള്‍നാടുകളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കുരുമുളക് അടക്കമുള്ള കയറ്റുമതി വിഭവങ്ങള്‍ തുറമുഖങ്ങളിലുമെത്തണം. അത്തരമൊരു സംവിധാനത്തിന്‍റെ സൂചനകളും തരിസാപ്പള്ളിപ്പട്ടയം നല്‍കുന്നുണ്ട്.
കേരളത്തിന്‍റെ കുരുമുളകു ധനശാസ്ത്രവും അതിനെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയവും ചര്‍ച്ച ചെയ്യുമ്പോള്‍ മിക്കപ്പോഴും വിസ്മരിക്കപ്പെടുന്ന ഒരു അതിപ്രധാന വസ്തുതയാണ് കുരുമുളകിന്‍റെ യഥാര്‍ത്ഥ ശ്രോതസ്. തുറമുഖങ്ങളോ അവയുടെ സമീപ പ്രദേശങ്ങളോ യാതൊരുതരത്തിലും ഭൂമിശാസ്ത്രപരമായി കുരുമുളക് ഉത്പാദന മേഖലയല്ല. അത് കേരളത്തിന്‍റെ ഉള്‍നാടുകളാണ്. അതിനാല്‍ കരുമുളകും ഇതര സുഗന്ധവ്യജ്ഞനങ്ങളും ഉള്‍നാടുകളില്‍നിന്ന് (Hinter lands) കേരള തുറമുഖങ്ങളിലെത്തുന്ന സംവിധാനം (Trade system) പഠനവിധേമാക്കാതെ ഇന്ത്യാ സമുദ്ര വ്യാപാരവും വ്യാപാര ശ്രംഖലയും സംബന്ധിച്ചുള്ള പഠനം പൂര്‍ണ്ണമാകുകയില്ല. ഇവിടെയാണ് മാര്‍ സാബോര്‍, മാര്‍ അഫ്രോത്ത് എന്നിവരുടെ സുവിശേഷീകരണത്തെപ്പറ്റിയുള്ള നസ്രാണി പാരമ്പര്യത്തിന്‍റെ പ്രസക്തി. കേരള തുറമുഖങ്ങളില്‍ രൂപമെടുത്ത ക്രിസ്തുമാര്‍ഗ്ഗം ഉള്‍നാടുകളിലേയ്ക്കു വ്യാപിച്ചത് കരമാര്‍ഗ്ഗവും ജലമാര്‍ഗ്ഗവുമുള്ള വ്യാപാരപാതകളുടെ ഓരങ്ങളില്‍ പുതിയ വാണിജ്യകേന്ദ്രങ്ങള്‍ സ്ഥാപിച്ചാണ്. അവയാണ് പിന്നീട് അങ്ങാടികളും പള്ളികളും ആയി വികസിച്ചത്. ഓരോ തുറമുഖത്തിന്‍റെയും വ്യാപാരാഭിവൃദ്ധിയനുസരിച്ച് അവിടെനിന്നാരംഭിക്കുന്ന വ്യാപാരപാതകളിലെ നസ്രാണി സങ്കേതങ്ങളുടെ വികസനത്തിന്‍റെ തീവൃതയും വര്‍ദ്ധിക്കും. കയറ്റുമതിച്ചരക്കുകളുടെ ശേഖരണത്തിനും ഇറക്കുമതിച്ചരക്കുകളുടെ വിതരണത്തിനും വേറേ മാര്‍ഗ്ഗം ആരായേണ്ടതില്ല. തീരദേശ ഉല്‍പ്പന്നങ്ങള്‍ ഉള്‍നാടുകളിലെത്തുന്നതും ഇതേ മാര്‍ഗ്ഗത്തിലാണ്.
മരുവാന്‍ സപ്പറീശോ സ്ഥാപിച്ച കൊല്ലത്തെ പുതിയ അങ്ങാടി കേന്ദ്രീകരിച്ചുള്ള വ്യാപരത്തെപ്പറ്റി ഡോ. രാഘവ വാര്യര്‍ സൂചനമാത്രമാണ് നല്‍കുന്നത്. നാടെങ്ങും ആവശ്യമുള്ള ഉപ്പ് കേരള കടല്‍ത്തീരത്ത് ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഭൂരിഭാഗവും തീര്‍ച്ചയായയും വിപണനം ചെയ്യപ്പെടുന്നത് ഉള്‍നാടുകളിലാണ്. അതേപോലെ അവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഉണക്കമല്‍സ്യവും കയറും. ഇവയെല്ലാം വ്യാവസായിക ഉല്‍പ്പന്നങ്ങളാണ്. കുന്നംകുളം മുതല്‍ ചാത്തന്നൂര്‍ വരെയുള്ള നസ്രാണി ഹൃദയഭൂമിയിലെ വ്യാവസായിക ഉല്‍പ്പന്നങ്ങളുടെ വ്യാപാരക്കുത്തക നസ്രാണികള്‍ക്കായിരുന്നുയെന്ന് ഈ ലേഖകന്‍ തെളിയിച്ചിട്ടുണ്ട്. (നസ്രാണി സംസ്കാരം ദേശീയത. 2013) തെക്ക് തിരുവിതാംകോട്ട് ഈ അവകാശം നസ്രാണികള്‍ക്കയിരുന്നു എന്ന് ഇതര രേഖകളുണ്ട്. തരിസാപ്പള്ളിപ്പട്ടയത്തില്‍ സൂചിപ്പിക്കുന്ന കള്ളിന്‍റെ മിച്ചോല്പാദനം ശര്‍ക്കര, ചാരായം എന്നീ വ്യാവസായിക ഉല്‍പ്പന്നങ്ങളായി സംസ്ക്കരിക്കപ്പെട്ടാല്‍ അതു നസ്രാണി വ്യാപാരത്തിന് അനുരൂപമാകും. നസ്രാണി അങ്ങാടികളില്‍ ഹമാറാ (മദ്യ) വ്യാപാരം ഉണ്ടായിരുന്നതായി ഉദയംപേരൂര്‍ സുന്നഹദോസിന്‍റെ കാനോനാകളും ആര്‍ച്ച്ബിഷപ്പ് മെനസീസിന്‍റെ ചരിത്രകാരനായ അന്‍റോണിയോ ഗുവായോയും സാക്ഷിക്കുന്നുണ്ട്.
ക്രിസ്തുവര്‍ഷം ഒന്‍പതാം നൂറ്റാണ്ടിനു മുമ്പ് കൊല്ലത്തവസാനിക്കുന്ന വാണിജ്യപാതകളില്‍ കാര്യമായ നസ്രാണി സാന്നിദ്ധ്യം ഉണ്ടായതായി പാരമ്പര്യമില്ല. അപ്പോഴേയ്ക്കും കേരളത്തില്‍ നമ്പൂതിരി കേന്ദ്രീകൃത ജാതി വ്യവസ്ഥ നടപ്പിലായി എന്നത് കണക്കിലെടുത്താല്‍ അക്കാലത്ത് ഒരു ജാതി-ബന്ധിത തൊഴില്‍ക്കൂട്ടമായി മാത്രമേ ഒരു വാണിജ്യ സമൂഹത്തിന് രൂപംകൊള്ളാനാവു. കൊല്ലത്തെ സബറീശോ പണിയിച്ച് അതിശീഘ്രം പുരോഗമിക്കുന്ന വ്യാപാര മേഖലയ്ക്ക് ആവശ്യമായ ഉല്‍പ്പെന്നങ്ങള്‍ എത്തിച്ചുനല്‍കാന്‍ കൊല്ലത്ത് എത്തിച്ചേരുന്ന വാണിജ്യ പാതകള്‍ കേന്ദ്രീകരിച്ച് പുതിയ വ്യാപരകേന്ദ്രങ്ങളും അവ നടത്തിക്കൊണ്ടുപോകാനുള്ള വര്‍ത്തക ജനവര്‍ഗ്ഗവും ഉണ്ടായേതീരു. മുകളില്‍പറഞ്ഞ ജാതിവ്യവസ്ഥമൂലം പൊതുസമൂഹത്തില്‍നിന്നും ആര്‍ക്കെങ്കിലും വ്യാപരികളായി മാറാന്‍ അവര്‍ നസ്രാണി ആകേണ്ടിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മാര്‍ സാബോര്‍, മാര്‍ അഫ്രോത്ത് എന്നിവരുടെ പ്രവര്‍ത്തനത്തെ വിശകലനം ചെയ്താല്‍ തെരിസാപ്പള്ളി വ്യാപാരകേന്ദ്രത്തിന്‍റെ വികസനത്തിനു അനുരൂപമായി വ്യാപാര പാതകളില്‍ പുതിയ വര്‍ത്തക – നസ്രാണി – സമൂഹങ്ങളും രൂപമെടുക്കുന്നതായി കാണാം. പ്രാദേശിക ജനവിഭാഗങ്ങളില്‍നിന്നും തൊഴില്‍കൂട്ടങ്ങളെ – Functional groups – ചാതുര്‍വര്‍ണ്യത്തിലേയ്ക്ക് ഉള്‍ക്കൊണ്ടുകൊണ്ട് നമ്പൂതിരി-കേന്ദ്രീകൃത സാമൂഹികവ്യവസ്ഥ രൂപം പ്രാപിച്ചുകൊണ്ടിരുന്ന അക്കാലത്ത് ഇത് ക്ഷിപ്രസാദ്ധ്യമായിരുന്നു താനും.
വിരരാഘവപ്പട്ടയത്തിന്‍റെ കാലം ക്രിസ്തുവര്‍ഷം 775 ആണെന്ന ബെര്‍ണലിന്‍റെ നിഗമനം അംഗീകരിക്കുന്ന വില്യം ലോഗാന്‍ തന്‍റെ മലബാര്‍ മാനുവലില്‍ അതിലുള്ള ശുകപുരം പന്നിയൂര്‍ എന്നീ നമ്പൂതിരി ഗ്രാമങ്ങളുടെ സാന്നിദ്ധ്യവും തരിസാപ്പള്ളിപ്പട്ടയത്തിലെ അവരുടെ അസാന്നിദ്ധ്യവും ചൂണ്ടിക്കാണിക്കുന്നുണ്ട്. വീരരാഘവപ്പട്ടയത്തില്‍ ദത്തവാന് അനേകം പദവികള്‍ എണ്ണിപ്പറഞ്ഞു കൊടുക്കുമ്പോള്‍ …വാണിയരും ഐങ്കമ്മാളരെയും അടിമകടുത്താം… എന്നു മാത്രമാണ് ജാതികളെപ്പറ്റിയുള്ള പരാമര്‍ശനം. അതേ സമയം തരിസാപ്പള്ളിപ്പട്ടയത്തില്‍ തൊഴില്‍പരമായ അനേകം ജാതികളെപ്പറ്റി (Occupational Castes) പരാമര്‍ശനമുണ്ട്. ക്രിസ്തുവര്‍ഷം 849 ആയപ്പോഴേയ്ക്കും തൊഴില്‍ക്കൂട്ടങ്ങളെ ജാതിയും ഉപജാതിയുമായി വര്‍ഗ്ഗീകരിക്കുന്ന കുലധര്‍മ്മത്തില്‍ അധിഷ്ഠിതമായ നമ്പൂതിരി കേന്ദ്രീകൃത സാമൂഹ്യ വ്യവസ്ഥ കേരളത്തില്‍ നിലവില്‍വന്നു എന്ന് ഇതില്‍നിന്നും അനുമാനിക്കാം. കേരളത്തിന്‍റെ സാമൂഹ്യ നിര്‍മ്മിതി പഠനത്തില്‍ തരിസാപ്പള്ളിപ്പട്ടയത്തിന്‍റെ പ്രാധാന്യം അവിടെയാണ്. വീരരാഘവപ്പട്ടയത്തിലെ വിദേശ ജനവര്‍ഗ്ഗത്തിന്‍റെ അഭാവവും തരിസാപ്പള്ളിപ്പട്ടയത്തിലെ അവരുടെ സാന്നിദ്ധ്യവും ലോഗാന്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
കൊല്ലവര്‍ഷാരംഭം ശ്രീശങ്കരാചാര്യരുടെ ജന്മ(ദിഗ്വിജയ) വര്‍ഷമാണന്ന വാദം ഇവിടെ പ്രസക്തമാകുന്നു. കേരളത്തില്‍ നമ്പൂതിരി-കേന്ദ്രീകൃത സാമൂഹ്യവ്യവസ്ഥ പൂര്‍ണ്ണമായത് ഇക്കാലത്താണന്ന് മാത്രം അതിന് അര്‍ത്ഥകല്പന നടത്തിയാല്‍ മതി. കൊല്ലം പട്ടണത്തിന്‍റെ നവീകരണവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയ പുതിയ അബ്ദം രൂപം കൊടുത്തത് ഇതേ കാലത്താണ്. തങ്ങളുടേതായ ഒരു സാമൂഹിക വ്യവസ്ഥിതി രൂപമെടുത്ത കാലഘട്ടത്തില്‍ ആരംഭിച്ച കൊല്ലവര്‍ഷത്തെ നമ്പൂതിരിമാര്‍ ഔദ്യോഗികമാക്കിയതില്‍ അസ്വഭാവികതയൊന്നുമില്ല. അത്തരം പിന്‍ബലമില്ലാഞ്ഞതിനാലാണ് പില്‍ക്കാലത്ത് കൊച്ചി അഴിമുഖ രൂപീകരണവുമായി ബന്ധപ്പെട്ട് സമാനരീതിയില്‍ രൂപമെടുത്ത പുതുവെയ്പ്പ് അബ്ദം പ്രചരിക്കാതിരുന്നത്.
ഇനി പരിഗണിക്കാനുള്ളത് തരിസാപ്പള്ളിയുടേയും അങ്ങാടിയുടേയും സ്ഥാനമാണ്. തരിസാപ്പള്ളിപ്പട്ടയത്തിലൊരിടത്തും പള്ളി പുതിയ വ്യാപാര മേഖലയിലാണന്ന് സൂചനയില്ല. തരിസാപ്പള്ളിപ്പട്ടയത്തിന്‍റെ ന്യായീകരണത്തിന് അത് അവിടെ ആയിരിക്കണമെന്നുമില്ല. … കൊല്ലം ഒന്നാം ആണ്ട മകരമാസം 29-നു ഞായറാഴ്ച ചിങ്ങംരാശി കര്‍ക്കിടകക്കൂറ്റില്‍ പള്ളിക്കു അടിസ്ഥാനം ഇട്ടു… എന്ന് നസ്രാണി പാരമ്പര്യം പറയുന്നു. പക്ഷേ കൃത്യ സ്ഥലം അവിടെ സൂചിപ്പിക്കുന്നില്ല. സബറീശോയുടെ പിന്‍മുറക്കാരായ കൊല്ലക്കാരന്‍ മുതലാളിമാരുടെ പാരമ്പര്യമനുസരിച്ച് പോര്‍ട്ടുഗീസ് അധിനവേശകാലത്ത് തെരിസാപ്പള്ളി അവരുടെ കോട്ടയ്ക്കുള്ളിലായി. അവര്‍ പള്ളി കൈയടക്കുകയും നവക്രൈസ്തവരെ പ്രവേശിപ്പിക്കുകയും ചെയ്തതോടെ ജാത്യാഭിമാനികളായ നസ്രാണികള്‍ അവിടെനിന്നും പിന്‍വാങ്ങുകയും 1519-ല്‍ തുറമുഖത്തുനിന്ന് മുക്കാല്‍ കിലോമീറ്റര്‍ മാറി മേലേക്കൊല്ലത്ത് ഇന്നുള്ള കാദീശാപ്പള്ളി സ്ഥാപിക്കുകയും ചെയ്തു. ഈ പള്ളിയാലാണ് …ആ സംഗതിക്ക് കൊല്ലത്തെ ഇപ്പൊളുള്ള പള്ളിയില്‍ ശിലാരേഖ കാണാനുണ്ടുപോലും … എന്നു റവ. ജി. കുര്യന്‍ പറയുന്ന വട്ടെഴുത്തു ശിലാരേഖ. അതേ നൂറ്റാണ്ടില്‍ത്തന്നെ തരിസാപ്പള്ളി കടലെടുത്തുപോയതായും രേഖകളുണ്ട്.
…പരദേശത്തുനിന്നു വന്നു കുടിയെറിയവരില്‍ മരുവാന്‍ സവരീശോ എന്നൊരുവന്‍ തനിക്കു കുരക്കേണിയില്‍ കടല്‍ത്തീരത്തു ഉദകദാനമായി ലഭിച്ച കുറഞ്ഞോരു ഭൂമിയും ചിറ്റാഴ്മയ്ക്കുള്ള ഏതാനും ജാതിക്കാറരെയും ഈശോദതവിരായി പണിയിച്ച താരിസാപ്പള്ളിക്കു എഴുതിക്കൊടുത്തു. … എന്ന റവ. കുരുവിള രേഖപ്പെടുത്തിയ പാരമ്പര്യം മുഖവിലയ്ക്കെടുത്താല്‍ തരിസാപ്പള്ളിപ്പട്ടയത്തില്‍ പറയുന്ന വ്യാപാര മേഖല പള്ളിയുടെ ചുറ്റുമല്ല. അതേസമയം തരിസാപ്പള്ളിപ്പട്ടയത്തില്‍ പറയുന്ന വ്യാപാര മേഖല എവിടെയാണ് എന്നൊരന്വേഷണം സമീപകാലംവരെ ആരും നടത്തിയിരുന്നില്ലതാനും. 2014-ല്‍ ഡോ. എന്‍. എം. നമ്പൂതിരി സൂക്ഷ്മ സ്ഥലനാമ പഠനസങ്കേതം (Micro Toponomical Analysis) അനുസരിച്ചു നടത്തിയ പ്രാഥമിക പഠനമാണ് ഇതിന് ഏക അപവാദം. അദ്ദേഹത്തിന്‍റെ നിഗമനപ്രകാരം തങ്കശ്ശേരിക്കടുത്താണ് പ്രസ്ഥാവിത വ്യാപാര മേഖല. തരിസാപ്പള്ളിപ്പട്ടയത്തില്‍ പറയുന്ന അതിരുകളില്‍ പലതും ഇന്നും ദൃശ്യമാണ്. പഴയ സര്‍വേ മാപ്പുകളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഈ പഠനം നടത്തിയത്. ഈ വിഷത്തില്‍ ഉപരിപഠനം നടക്കേണ്ടിയിരിക്കുന്നു.
മുകളില്‍ വിവരിച്ച പശ്ചാത്തലത്തില്‍ തരിസാപ്പള്ളിപ്പട്ടയത്തില്‍ വിവരിക്കുന്ന അന്തര്‍ദേശീയ വ്യാപാര കേന്ദ്രത്തെ (International trade zone) പരിശോധിച്ചാല്‍ ലഭിക്കുന്ന ശ്രദ്ധേയമായ ചില വസ്തുതകളുണ്ട്.
1. അവിടെ ഏകീകൃതമായ അളവു-തൂക്കങ്ങളുണ്ട്.
2. ക്ലിപ്തപ്പെടുത്തിയ നികുതികളുണ്ട്.
3. വ്യക്തമായ നികുതിപിരിവുകാരും വ്യാപാര മേല്‍നോട്ടക്കാരുമുണ്ട്.
4. സിവില്‍-ക്രിമിനല്‍ അധികാരം പള്ളിയാര്‍ക്കാണന്ന് വ്യക്തമാക്കിയിരിക്കുന്നു.
5. രാജാവിനോ രാജകിങ്കരന്മാര്‍ക്കോ അവിടെ പ്രവേശനം ഇല്ല.
6. യതാക്രമം പ്രാദേശികവും അന്തര്‍ദേശീയവുമായ വ്യാപാരക്കൂട്ടങ്ങളായ (trade guilds) മണിഗ്രാമവും അഞ്ചുവര്‍ണ്ണവുമാണ് നഗരത്തിന്‍റെ കാരാളര്‍.
7. വ്യാപാരത്തര്‍ക്കങ്ങള്‍ വ്യാപാരക്കൂട്ടങ്ങളായ (Chamber of Commerce)) ആയ അഞ്ചുവര്‍ണ്ണവും മണിഗ്രാമവും തീര്‍ത്തുകൊള്ളണം.
8. കരമാര്‍ഗ്ഗവും ജലമാര്‍ഗ്ഗവും ഉള്‍നാടന്‍ ഗതാഗതത്തിനുള്ള സൗകര്യമുണ്ട്.
അതായത്, അധുനിക സങ്കേതമനുസരിച്ചുതന്നെ തികച്ചും വ്യാപാര സ്വഭാവത്തോടുകൂടി ശാസ്ത്രീയമായി സംവിധാനം ചെയ്യപ്പെട്ട ഒരു മേഖല (trade zone) എന്നു ഇതിനെ പറയാം. പട്ടയത്തിലെ അറുനൂറ്റവരുടെ സാന്നിദ്ധ്യം വ്യപാര മേഖലയ്ക്കു പൊതുവായി നല്‍കുന്ന സുരക്ഷാ വാഗ്ദാനമായി കണക്കാക്കുന്നതിലും തെറ്റില്ല. അതുപോലെ മാര്‍ സാബോര്‍, മാര്‍ അഫ്രോത്ത് എന്നിവര്‍ പുതിയ പള്ളികള്‍ സ്ഥാപിച്ചു എന്നത് വ്യാപാര വിഭവസമാഹരണത്തിനുള്ള ഉപകേന്ദ്രങ്ങള്‍ (Extension centres) എന്നു കണക്കാക്കണം. അവയും അതില്‍നിന്നും വികസിച്ച പുതിയ ആവാസ കേന്ദ്രങ്ങളും ചേര്‍ന്നാണ് നസ്രണികളുടെ കുരക്കേണിക്കൊല്ലം കൂറ് രൂപമെടുക്കുന്നത്.
മരുവാന്‍ സബറീശോയേയും നസ്രാണികളേയും ഇത്തരത്തില്‍ പ്രോല്‍സാഹിപ്പിക്കാന്‍ പ്രാദേശിക ഭരണാധികാരിയെ പ്രേരിപ്പിച്ച ചേതോവികാരമെന്താണ്? പേര്‍ഷ്യന്‍ കുടിയേറ്റക്കാരുടെ അന്തര്‍ദേശീയ ബന്ധങ്ങളും, നസ്രാണികളുടെ ആഭ്യന്തര വ്യാപാര ശ്രംഖലയും സ്വരുമിപ്പിച്ചാല്‍ തന്‍റെ ഖജനാവിലെത്തുന്ന അധിക നികുതി കൊല്ലം വഴുന്നവര്‍ക്ക് തീര്‍ച്ചയായും ഒരു പ്രചോദനമാകണം. ശാസ്ത്രീയവും സുരക്ഷിതവും ക്രമബന്ധവുമായ ഒരു വ്യാപാരമേഖല യഹൂദര്‍ അറബികള്‍ പേര്‍ഷ്യക്കാര്‍ തുടങ്ങിയ വര്‍ത്തകരേയും ആവേശം കൊള്ളിച്ചിരിക്കണം. തരിസാപ്പളളിപ്പട്ടയത്തില്‍ നസ്രാണികളേയും പേര്‍ഷ്യന്‍ കുടിയേറ്റക്കാരെയും പൊതുവായി ഉള്‍ക്കൊള്ളുന്ന തരിസാപ്പള്ളിയേയും പള്ളിയാരെയും അളവുതൂക്കങ്ങളുടേയും നികുതിപിരിവിന്‍റെയും ചുമതല ഏല്പ്പിക്കുന്നതും, വിവിധ ദേശക്കാര്‍ അതിനു സാക്ഷി നില്‍ക്കുന്നതും മറ്റൊന്നല്ല സൂചിപ്പിക്കുന്നത്.