പ്രസന്നം മാനസികാരോഗ്യ കേന്ദ്രം:- കൂദാശയും ഉദ്ഘാടനവും
പിറവം:- മലങ്കര ഓർത്തഡോൿസ് സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിന്റെ ജീവകാരുണ്യ പ്രവർത്തനത്തിനായി രൂപീകൃതമായ മാർ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പുതിയ സംരംഭമായി വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ട്റിയുടെ സമീപം കാരിക്കോട്ടിൽ “പ്രസന്നം” മാനസികാരോഗ്യ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നു. മാർ പക്കോമിയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനാലാമത്തെ സംരംഭമാണ് “പ്രസന്നം”. നിരാശ്രയരായ മാനസിക രോഗികളെ സംരക്ഷിക്കുവാൻ തക്ക രീതിയിൽ വിഭാവനം ചെയ്‌തിരിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം മലങ്കര ഓർത്തഡോൿസ് സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ 2016 ഓഗസ്റ്റ് 19ന് വൈകിട്ട് 3 മണിക്ക് നിർവ്വഹിക്കുന്നതാണ്. “പ്രസന്നം” കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ ജോസഫ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ ചരമ രജത ജൂബിലി സ്മാരകമായി സമർപ്പിക്കുന്നതോടൊപ്പം ചരമ രജത ജൂബിലി ചികിത്സാ സഹായവും വിതരണം ചെയ്യുമെന്നു കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ അറിയിച്ചു.