അഭിവന്ദ്യ പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാൾ
മാവേലിക്കര: ഓർത്തോഡോക്സ് സഭയുടെ മാവേലിക്കര ഭദ്രാസന പ്രഥമ മെത്രാപ്പോലീത്തായായിരുന്ന അഭിവന്ദ്യ പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ നാലാം ഓർമ്മപ്പെരുന്നാൾ മാവേലിക്കര ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസന ആസ്ഥാനമായ തെയോഭവൻ അരമനയിൽവെച്ച് 2016 ജൂലൈ 24 മുതൽ ഓഗസ്ററ് 1 വരെ ആചരിക്കുന്നു. പ്രധാന പെരുന്നാൾ ദിവസമായ ഓഗസ്റ്റ് ഒന്നാം തീയതിയിലെ ചടങ്ങുകൾക്ക് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിക്കും. അഭി. പൗലോസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്തായുടെ സമരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള അവാർഡുകൾ അന്നേ ദിവസം വിതരണം ചെയ്യും. വിവിധ ദിവസങ്ങളിലായി നിലക്കൽ ഭദ്രാസനാധിപനും മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്തായുമായ അഭി. ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ, യൂ.കെ, യൂറോപ്പ്, ആഫ്രിക്കാ ഭദ്രാസനാധിപൻ അഭി. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്താ എന്നിവർ വിശുദ്ധ കുർബ്ബാന അർപ്പിക്കും. കൊട്ടാരക്കര-പുനലൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്താ അനുസ്മരണ പ്രഭാഷണം നടത്തും.