OVS - ArticlesOVS - Latest News

ട്രാന്‍സ്ഫര്‍ ഭാഗം 1 :-

എന്താണ് മലങ്കര സഭ? എന്താണ് മലങ്കര സഭയുടെ സ്വഭാവം?

ഈ ചോദ്യങ്ങള്‍ക്കാണ് ആദ്യം ഉത്തരം കണ്ടെത്തേണ്ടത്‌. മലങ്കര സഭ ക്രിസ്തു ശിഷ്യനായ മാര്‍തോമാ സ്ലീഹായാല്‍ സ്ഥാപിതമാണ് എന്ന് നാം വിശ്വസിക്കുന്നു. മാര്‍ത്തോമാ ശ്ലീഹായുടെ പട്ടത്വനല്‍വരത്താല്‍ അനുഗ്രഹീതമായ ഈ സഭ പിന്തുടര്‍ച്ചക്കരായി എപ്പിസ്കോപ്പമാരിലൂടെയാണ് നിലനില്‍ക്കുന്നത്. ആയതിനാല്‍ സഭയില്‍ വൈദീക പരമായ അധികാരം എപ്പിസ്കോപ്പാമാരില്‍ മാത്രമാണ്. അതുകൊണ്ട് മലങ്കര സഭ പൂര്‍ണമായും എപ്പിസ്കോപ്പല്‍ സ്വഭാവത്തില്‍ ഉള്ളതാണോ എന്നത് ഒരു തര്‍ക്ക വിഷയം ആയിരുന്നു. ഇതിനെ സംബന്ധിച്ച് തിരുവിതാംകൂര്‍, കൊച്ചി റോയല്‍ കോടതി മുതല്‍ സുപ്രിം കോടതി വരെ കണ്ടെത്തിയ കാര്യങ്ങള്‍ സമാന സ്വഭാവത്തില്‍ ഉള്ളതും ആയിരുന്നു. എന്നിട്ടും രണ്ടാം സമുദായകേസിലും ഇത് വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. എന്നാല്‍ തര്‍ക്കങ്ങള്‍ക്ക് എല്ലാം വിരാമം ഇട്ടുകൊണ്ട്‌ കോടതികളുടെ കണ്ടെത്തലുകള്‍ ഇപ്രകാരം ആയിരുന്നു മലങ്കര സഭക്കു ചില എപ്പിസ്കോപ്പല്‍ സവിശേഷത ഉണ്ടെകിലും അത് തികച്ചും ഒരു എപ്പിസ്കോപ്പല്‍ സഭ അല്ലെന്നുള്ള വീക്ഷണമാണ് എല്ലായിടത്തുനിന്നും ഉണ്ടായതു. രണ്ടാം സമുദായ കേസിലെ വാദികളുടെ ഒരു ആവശ്യവും ഇതായിരുന്നു (1995 supreme court Judgment paragraph 139 “ Though in para (1) of the plaint in O.S. 4/79 and assertion is made that the “ Malankara Orthodox Syrian Church is an autocephalous division of the Orthodox Syrian church which traces its origin to Jesus Christ and his apostles, the relief asked for in the plaint for a declaration that the Malankara Church is Episcopal in character and is not a union of autonomous church units” ) ഇതിനു കോടതി നല്‍കിയ വിധിയും ഇപ്രകാരം ആയിരുന്നു 1995 supreme court Judgment paragraph 141 (8) “ So far as the declaration of the Malankara Church being Episcopal in character is concerned, all we need hold is that it is Episcopal to the extent it is so declared in the 1934 Constitution. The Said Constitution also governs the affairs of the Parish Churches and shall prevail.” വ്യക്തമായി പറഞ്ഞാല്‍ ” Episcopal to the extent it is so declared in the 1934 Constitution” ഭരണഘടനയില്‍ എത്രത്തോളം എപ്പിസ്കോപ്പസി ഉണ്ടോ അത്രയും മാത്രമേ നമ്മുടെ സഭ എപ്പിസ്കോപ്പല്‍ ആണ് എന്നെ പറയാന്‍ ഒക്കൂ. അങ്ങനെ മലങ്കര സഭ 1934 ലെ സഭാ ഭരണഘടനാ അനുശാസിക്കുന്നിടത്തോളം എപ്പിസ്കോപ്പല്‍ ആണ് എന്ന് ഉറപ്പിച്ചു പറയാം. ആയതിനാല്‍ 1934 ലെ സഭാ ഭരണഘടനാ വച്ചുകൊണ്ട് മാത്രമേ ഇത്തരത്തില്‍ ഉള്ള പ്രശ്നങ്ങള്‍ക്കു പരിഹാരം ഉണ്ടാവുകയുള്ളൂ.

വിശ്വാസം പട്ടത്വം ശിഷണം എന്നിവ ഹൂദായ കാനോന്റെയും ഭരണഘടനയുടെയും അടിസ്ഥാനത്തില്‍

ഹൂദായ കാനോനില്‍ പ്രതിപാതിക്കുന്ന തരത്തിലുള്ള വിശ്വാസം പട്ടത്വം ശിഷണം എന്നിവ മാത്രം അടിസ്ഥാനമാക്കി മാത്രം ആണോ ഇന്ന് മലങ്കര സഭ പോകുന്നത്? അല്ല എന്നുവേണം മനസിലാക്കാന്‍. കാരണം കനോനിലെ പല വ്യവസ്ഥകള്‍ കാലാ കാലങ്ങളായി മാറ്റിയിട്ടുണ്ട്. ഹൂദായ കനോനില്‍ പറഞ്ഞിരിക്കുന്നതില്‍ നിന്ന് പലതും വിരുദ്ധമായി ആണ് ഇന്ന് നാം കാണുന്ന പല നിയമങ്ങളും രീതിയും ഉണ്ടാക്കിയത്. ഉദാഹരണത്തിന് സ്ത്രികള്‍ക്കു പള്ളി ഭരണത്തിലുള്ള പങ്കാളിത്വം, പൊതുയോഗ വോട്ടവകാശം, വലിയ നോമ്പ് കാലഘട്ടത്തില്‍ ഗള്‍ഫ്‌ നാടുകളിലെ പള്ളികളില്‍ വെള്ളിയാഴ്ച കുര്‍ബാന, സിങ്കപ്പൂര്‍ മലെഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് ഉള്ള അനുവാദം, പ്രത്യക സാഹചര്യത്തില്‍ മാത്രം പള്ളികള്‍ കിഴക്ക് പടിഞ്ഞാറു ദിശയില്‍ നിന്നും മാറ്റി സ്ഥാപിക്കുന്നത്, വൈദീകര്‍ക്കും മേല്പട്ടക്കാര്‍ക്കും 30 വയസിനു മുന്‍പ് പട്ടം കൊടുക്കുന്നു, ശെമ്മാശന്‍മാര്‍ ആയതിനു ശേഷം വിവാഹം കഴിക്കുന്നതിനുള്ള അനുവാദം, ആത്മഹത്യ ചെയ്തവരെ സംസകരിക്കുന്നതിനുള്ള പ്രത്യക ക്രമം, വൈദീകരുടെ രണ്ടാം വിവാഹം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ വിശ്വാസ പരമായ വിപരീധങ്ങള്‍ എന്ന് ഹൂദായ കാനോൻ പറയുന്നവ ഈ സഭയില്‍ നടന്നു വരുന്നു. അതില്‍ തന്നെ എറ്റവും വിപരീദം എന്ന് പറയുന്നതു തന്നെ നമ്മുടെ 1934 ലെ സഭാ ഭരണഘടനയില്‍ കാണുന്നുണ്ട് എന്നത് വിസ്മരിച്ചുകൂടാ. ഹൂദായ കാനോൻ മൂന്നാം ഖണ്ഡിക 13 :“ആചാര്യത്വത്തിലേക്ക് പ്രവേശിക്കുവാനുള്ളവരുടെ തെരഞ്ഞെടുപ്പു ജനങ്ങൾ നടത്തുന്നത് അനുവദനീയമല്ല. ഇങ്ങനെയെങ്കിൽ മേല്പട്ടക്കാരുടെ തിരഞ്ഞെടുപ്പ് ജനങ്ങൾ നടത്തുന്നത് എത്രമാത്രം അവിഹിതമായിരിക്കും” എന്നാല്‍ 1934 ഭരണഘടനാ 113 വകുപ്പ് അനുസരിച്ച് “ ഒരാള്‍ക്ക് എപ്പിസ്കോപ്പ ആയോ മെത്രപോലിത ആയോ പട്ടം കൊടുക്കണം എങ്കില്‍ ആ ആളെ ആ സ്ഥാനത്തേക്ക് അസോസിയേഷന്‍ തിരെഞ്ഞെടുക്കേണ്ടതും ആ തെരഞ്ഞെടുപ്പിനെ എപ്പിസ്കോപ്പല്‍ സിനഡ് അന്ഗീകരിക്കുന്ന പക്ഷം സിനഡിന്റെ സഹകരണത്തോട് കൂടി കാനോന്‍ നിബന്ധന അനുസരിച്ച് കാതോലിക്ക ആ ആളിന് പട്ടം കൊടുക്കേണ്ടതും ആകുന്നു. തെരഞ്ഞെടുപ്പിന് അസോസിയേഷന്‍ ഹാജറുള്ള പട്ടക്കരുടെയും അല്മായക്കരുടെയും പ്രത്യേകം  പ്രത്യേകം  ഭൂരിപക്ഷം ഉണ്ടായിരിക്കേണ്ടതാകുന്നു”. ഈ പ്രസ്തുത ഭരണഘടന 113, പ്രകാരം കാനോന്‍ നിബന്ധന നോക്കിയിരുന്നെങ്കില്‍ മലങ്കര സഭയില്‍ ഒറ്റ മെത്രപോലിതന്മാര്‍ പോലും ഉണ്ടാകുമായിരുന്നില്ല. മാത്രമല്ല ഈ ഗണത്തില്‍ മലങ്കര മെത്രപോലിതയും ഉണ്ടാകുമായിരുന്നില്ല എന്നും പറയാം കാരണം അദ്ദേഹത്തെയും തിരഞ്ഞെടുക്കുന്നതും  അസോസിയേഷന്‍ ആണല്ലോ (ഭരണഘടനാ 97). കാലഘട്ടത്തിനു അനുസൃതമായി എല്ലാ നിയമങ്ങളും മാറ്റുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും അതാതു സമതികള്‍ക്ക് അവകാശം ഉണ്ട് അധികാരം ഉണ്ട്. അതിനുള്ള ഉറപ്പും 1934 ലെ സഭാ ഭരണഘടനയിലുടെയും ബഹു സുപ്രിം കോടതി ഉത്തരവ് വഴിയും കിട്ടിയിട്ടുണ്ട്. സഭാ ഭരണഘടന വകുപ്പ് 107,108 പ്രകാരം സഭയുടെ വിശ്വാസം, പട്ടത്വം, ശിഷണം എന്നിവ സംബന്ധമായ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് പരി എപ്പിസ്കോപ്പല്‍ സുന്നഹദോസില്‍ മാത്രം നിഷിപ്തമയിട്ടുള്ളതെന്നു നിസംശയം പറയാവുന്നതാണ്. ആയതിനാല്‍ ഹൂദായ കനോനിലെ വിശ്വാസവും വിശ്വാസപരമായ കാര്യങ്ങളും മെത്രപോലിതന്‍ ട്രാന്‍സ്ഫര്‍ ആയി ബന്ധമുള്ള ഒന്നല്ല എന്ന് ഉറപ്പാക്കുന്നു.

എന്താണ് സഭയുടെ വിശ്വാസം, പട്ടത്വം, ശിഷണം. മെത്രപോലിതന്‍ സ്ഥലം മാറ്റവും ഇതും തമ്മില്‍ എന്തെകിലും ബന്ധം ഉണ്ടോ ?

വിശ്വാസം
വി മാമോദീസ കൈക്കോണ്ടവരും വി ത്രിത്വത്തിന്റെ ദൈവത്വം, പുത്രന്റെ മനുഷ്യാവതാരം, പരിശുദ്ധല്മാവിന്റെ പുറപ്പാടു, വി സഭ എന്നിവയിലും, അവയില്‍ നിഖ്യ വിശ്വാസപ്രമാണത്തിന്റെ ഉപയോഗം, വി പാരമ്പര്യങ്ങളുടെ ദൈവനിശ്വാസം, ദൈവമാതാവിന്റെയും ശുദ്ധിമാന്മാരുടെയും മധ്യസ്ഥത, മരിച്ചവരുടെ ഓര്‍മ ഏഴ് കൂദാശകളുടെ കര്‍മ്മങ്ങള്‍, നോമ്പ് മുതലായ നിയമാനുസരണമുള്ള അനുഷ്ടനങ്ങള്‍ എന്നിവയിലും വിശ്വസമുള്ളവരും അവയെ അനുഷ്ടിക്കേണ്ട ബാധ്യത സ്വീകരിച്ചിട്ടുള്ളവരും ആയ എല്ലാ സ്ത്രീപുരുഷന്മാരും ഈ സഭയിലെ അംഗങ്ങള്‍ ആയിരിക്കുന്നതാകുന്നു എന്നതാണ് സഭാ ഭരണഘടന 4 ല്‍ പറയുന്നത്. സഭയുടെ അംഗം ആയിരിക്കണം എങ്കില്‍ ഇപ്രകാരം വിശ്വാസം ഉള്ളവര്‍ ആകണം എന്ന് ആ നിര്‍വചനത്തിലൂടെ നമുക്ക് ചുരുക്കത്തില്‍ പ്രസ്ഥാവിക്കാം. അതാണ് സഭയുടെ വിശ്വാസ സംഹിത. ഭരണഘടനാ 108 പ്രകാരം സഭയുടെ വിശ്വാസങ്ങളെ ഭേദപ്പെടുതുന്നതിനു ആര്‍ക്കും തന്നെ അവകാശം ഇല്ലാത്തതാകുന്നു. സഭയുടെ വിശ്വാസത്തെ ആര്‍ക്കും ഭേദഗതി വരുത്താന്‍ സാധിക്കുന്നതും അല്ല. എന്നാല്‍ വിശ്വാസം ഇന്നതാണെന്നുള്ളതിനെ സംബന്ധിച്ച് തര്‍ക്കം ഉണ്ടായാല്‍ എപ്പിസ്കോപ്പല്‍ സിനഡിനു തീരുമാനം ചെയ്യാവുന്നതും ഇതിന്റെ അവസാന തീരുമാനം ആകമാന സുന്നഹദോസിനു ഇരിക്കുന്നതും ആകുന്നു. ഒരു മെത്രപോലിത ഇന്നയിടത്തായിരിക്കണം എന്ന് പറയുന്നത് വിശ്വാസപരമായ കാര്യം ആണോ? അത് ഭരണപരമായ കാര്യം അല്ലെ (Administration). ആയതിനാല്‍ വിശ്വാസപരമായ കാര്യത്തില്‍ ബന്ധിക്കുന്ന ഒന്നല്ല മെത്രപോലിത്തന്‍ ട്രാന്‍സ്ഫര്‍ എന്ന് ഉറപ്പിച്ചു പറയാം.

പട്ടത്വം
മനുഷ്യ വര്‍ഗ്ഗത്തിന്റെ രക്ഷക്കുവേണ്ടി നമ്മുടെ കര്‍ത്താവു കല്പിച്ചു നിശ്ചയിച്ചിട്ടുള്ള അപ്രത്യക്ഷ നന്മകളുടെ പ്രത്യക്ഷ കര്‍മങ്ങള്‍ ആകുന്ന കൂദാശകള്‍ 7 എണ്ണം ആണെന്ന് ഭരണഘടന പ്രതിപാതിച്ചിരിക്കുന്നു അവ സ്ഥാപന കൂദാശകള്‍ ആയി 5 ഉം സ്വീകരണ കൂദാശകള്‍ 7 ഉം ആണ്. സ്ഥാപന കൂദാശകള്‍ ഇവയാണ്  1. വി പട്ടത്വ കൂദാശ 2. വി മൂറോന്‍ കൂദാശ 3. വി പള്ളി കൂദാശ 4.വി തബലീത്താ കൂദാശ 5. വി തൈലങ്ങളുടെ കൂദാശ. സ്വീകരണ കൂദാശകള്‍ ഇവയാണ് 1. വി മാമോദീസ 2. വി മൂറോന്‍ 3. വി കുര്‍ബാന 4. വി പട്ടത്വം 5. വി കുമ്പസാരം 6. വി വിവാഹം 7. വി തൈലാഭിഷേകം. സഭയില്‍ നടക്കുന്ന സകല ശുശ്രുഷകളെയും നടത്തുന്നത് പട്ടത്വം ആകുന്നു. ആയതിനാല്‍ സര്‍വ കൂദാശകളെയും പിടിച്ചടക്കുന്ന ശക്തി പട്ടത്വതിനുണ്ട്. അതോ വിളിക്കപ്പെട്ടവര്‍ക്കു മാത്രം ലഭിക്കുന്നതും. പട്ടത്വ വിഭാഗങ്ങള്‍ 3 ആയി തിരിക്കാം അവ 1 പ്രധാന ആചാരത്വ വരം 2. ആചാരത്വ വരം 3. ശുശ്രുഷയുടെ വരം. ഇവയില്‍ സ്ഥാനങ്ങളും അവയ്ക്കുള്ള അധികാരങ്ങളും പലതാകുന്നു. സഭയില്‍ ഭിന്നതയും കുഴപ്പങ്ങളും വരാതിരിക്കാന്‍ അധികാരവും അവകാശവും അനുസരിച്ച് ഓരോരുവനിലും ഇത് വ്യപരിക്കുകയും ചെയ്യുന്നു. പ്രധാന ആചാര്യത്വത്തില്‍ പത്രിയര്‍കീസു അല്ലെങ്കില്‍ കാതോലിക്ക, മേത്രാപോലീത്ത എപ്പിസ്കോപ്പാ എന്നീ ശ്രേണിയിലും. ആചാര്യത്വത്തില്‍ ഫെരെദ യൂത്തോ, കോര്‍ എപ്പിസ്കോപ്പ, കൊഹനെ എന്നീ ശ്രേണിയിലും. ശുശ്രുഷയില്‍ ആര്‍ക്കദിയാക്കോന്‍ ശെമ്മാശന്‍ എന്നിവയിലും ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ആയതിനാല്‍ ഇപ്രകാരം നല്‍കപ്പെട്ടിരിക്കുന്ന അധികാരത്തെയാണ് പട്ടത്വം എന്ന് വിളിക്കപ്പെടുന്നത്. ഒരു വ്യക്തിക്ക് സഭയില്‍ പട്ടം കൊടുക്കണമോ വേണ്ടയോ എന്നു പറയാനും അവര്‍ യോഗ്യത ഉള്ളവര്‍ ആണോ എന്ന് പരിശോധിക്കപെടുന്നതിന്റെ  അവസാന വാക്ക് സുന്നഹദോസാണ്. ആ അവകാശത്തില്‍ ആരുടെയും കൈ കടത്തലും ഇല്ല. എങ്ങനെ പട്ടം കൊടുക്കണം എന്ന് ഭരണഘടന 110 മുതല്‍ 114 വരെ പറയുന്നുമുണ്ട്. പക്ഷെ ഒരു മെത്രപോലിത ഇന്ന സ്ഥലത്ത് ആയിരിക്കണം ഭരണം നടത്തേണ്ടത് എന്ന് നിശ്ചയിക്കപെടുന്നത് പട്ടത്വം ഉരിയപെടലോ പട്ടത്വ കാര്യത്തില്‍ ജനങ്ങളുടെ ഇടപെടലോ അല്ല. ആയതിനാല്‍ മെത്രപോലിതന്‍ ട്രാന്‍സ്ഫര്‍ എന്നത് പട്ടത്വത്തെ ബാധിക്കുന്ന ഒന്നല്ല എന്ന് വേണം മനസിലാക്കാന്‍.
ശിഷണം
സഭയുടെ ആചാരങ്ങള്‍ക്കും, വിശ്വാസത്തിനും, ഭരണഘടനാ സംവിധാനങ്ങള്‍ക്കും വിരുദ്ധമായി പ്രവൃത്തിക്കുക വഴിയാണ് ശിഷണ നപടികള്‍ ഉണ്ടാകുന്നതു. ഇതു സഭയിലെ പ്രധാന ആചാര്യത്വം മുതല്‍ അല്‍മായ ഗണത്തില്‍ ഉള്ളവര്‍ക്ക് വരെ ബാധകവുമാണ്. ഏതൊരു സഭയുടെയും വിശ്വാസപരമായ നിലനില്‍പ്പിനും കെട്ടുറപ്പിനും ഇത് ആവശ്യവും ആണ്. മുളന്തുരുത്തി സുന്നഹദോസിനു ശേഷം സഭയില്‍ ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാവുകയും അത് വഴി സഭയുടെ കെട്ടുറപ്പിന് വേണ്ടി ചില നിയമ സംവിധാങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തിരുന്നു. അതുവഴി മുന്‍കാലങ്ങളില്‍ നിന്നും വിഭിന്നമായി കാനോന് നിയമങ്ങളുടെ പ്രസക്തി നഷ്ടമാവുകയും സഭാ ഭരണഘടനക്ക് പ്രസക്തി കൈവരികയും ചെയ്തു. ഒരു കാലത്ത് കാനോന്‍ മാത്രം അടിസ്ഥാനമാക്കി മാത്രമായിരുന്നു സഭയില്‍ എല്ലാ വിഭാഗത്തില്‍ ഉള്ളവരെയും ശിക്ഷിച്ചിരുന്നത്. അന്നുള്ള ശിക്ഷണ രീതി മുടക്കുക, നിരോധനത്തില്‍ നിര്‍ത്തുക, വേർതിരിച്ചു നിര്‍ത്തുക, മഹറോന്‍ ചൊല്ലുക, ശപിച്ചു തള്ളുക എന്നിവയൊക്കെയായിരുന്നു. അതുകൊണ്ട് തന്നെ കാനോന്‍ നിയമങ്ങള്‍ ഇന്നത്തെ സാഹചര്യത്തോട് പൊരുത്തപ്പെടാത്തതും കാലഹരണപ്പെട്ടതും ആയതിനാല്‍ ആ നിയമങ്ങളില്‍ പലതും ഇന്ന് നമ്മുടെ സഭ പാലിക്കുന്നില്ല എന്നതും കണ്ടു കഴിഞ്ഞതാണ്. ഈ നിയമങ്ങളുടെ ചില തിക്താനുഭവങ്ങള്‍ അന്ത്യോകിയന്‍ പിതാക്കന്മാര്‍ വഴി നമ്മുടെ സഭയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട് എന്നും വിസ്മരിച്ചുകൂടാ. 1934 സഭ ഭരണഘടനക്കു ശേഷം എല്ലാ ശിഷണ നടപടികളും ഭരണഘടനാ അടിസ്ഥാനത്തില്‍ മാത്രമാണ് നടന്നുവരുന്നതും പ്രയോഗത്തില്‍ ആയിരിക്കുന്നതും. അത് പ്രകാരം ഭരണഘടന 10, 11, 115, 116, 117, 118, 119 വകുപ്പുകള്‍ പരിശോധിക്കപ്പെടെണ്ടതും അത് പ്രകാരം നടപ്പിലിരിക്കുന്നതും ആകുന്നു. ഇതില്‍ ഒന്നും തന്നെ മെത്രപോലിതന്‍ ട്രാന്‍സ്ഫര്‍ എന്ന വിഷയത്തില്‍ ഉള്‍പ്പെടുന്നില്ല എന്നും മനസിലാക്കാവുന്നതാണ്.

ആയതിനാല്‍ മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ വിശ്വാസം പട്ടത്വം ശിഷണം എന്നീകാര്യങ്ങളില്‍ മാത്രമല്ല സഭയുടെ ഭരണപരവും ഘടനാപരവുമായ സൂഷ്മവും വിശദവും ആയ കാര്യങ്ങളില്‍ പോലും ഹൂദായ കാനോന്‍ മാര്‍ഗരേഖയും മാനധണ്ടവും ആയി സഭ സ്വീകരിക്കുന്നോ എന്നതിന് ഭാഗീകം ആയി മാത്രം നാം ഇപ്പോള്‍ സ്വീകരിക്കുന്നു എന്നെ പറയാന്‍സാധിക്കുകയുള്ളൂ

ഹൂദായ കാനോന്‍ എഴുതപ്പെട്ട കാലഘട്ടത്തില്‍ സഭാ ഭരണഘടനയോ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനോ, മാനേജിംഗ് കമ്മറ്റി വര്‍ക്കിംഗ്‌ കമ്മറ്റി എന്നിവ ഒന്നും ഇല്ലായിരുന്നു. ഹൂദായ കാനോന്‍ ഇവ എല്ലാത്തത്തിലും മുകളില്‍ എല്ലാ നിയമ സംവിധാനവും ഉള്‍ക്കൊള്ളുന്ന അത്യുന്നത സ്ഥാനം വഹിച്ചിരുന്നു എങ്കില്‍ മറ്റു ഒരു പ്രമാണങ്ങളും പിന്നീടു രൂപപ്പെടുത്തെണ്ടി വരികയില്ലായിരുന്നു. ആ നിയമ സംവിധാനത്തില്‍ എപ്പിസ്കോപ്പസിയില്‍ അതിഷ്ടിതമായ നിയമം മാത്രം മതിയായിരുന്നു. പിന്നീടു എന്തിനാണ് എപ്പിസ്കോപ്പസിക്കൊപ്പം ജനാധിപത്യ സംവിധാനവും അല്‍മായ പങ്കളിത്വവും ഉണ്ടാക്കിയത്. അപ്പോള്‍ കാലഘട്ടത്തിനു യോജിച്ച രീതിയില്‍ ഏതു നിയമ സംഹിതയും മാറ്റുന്നതിനും നടപ്പില്‍ വരുത്തുന്നതിനും സാധിക്കും സാധിക്കണം. വെറും വാദത്തിനു വേണ്ടി ഹൂദായ കാനോനില്‍ പറയുന്നപോലെ മെത്രപോലിത്ത ഒരിടത്തു മാത്രം സേവനം ചെയ്യണം എന്നുള്ളതു എങ്ങനെ ഉറപ്പിച്ചു പറയാന്‍ ഒക്കും. സഭയുടെ വളര്‍ച്ചക്കും പുരോഗതിക്കും ഏതാണോ നല്ലത് അത് പ്രവര്‍ത്തീകം ആക്കുന്നതല്ലേ സഭയ്ക്കും സമൂഹത്തിനും നല്ലത്. അതിനു പ്രത്യകിച്ചു നിയമ നിര്‍മാണത്തിന്റെ കാര്യങ്ങള്‍ ഒന്നും തന്നെ ആവശ്യമില്ല. ഇനി അത് ഒരു നിയമം ആക്കണം എങ്കില്‍ അതിനു ഹൂദായ കാനോന്‍ ഒരു തടസ്സവും അല്ല.

മലങ്കര സഭയില്‍ പൊതുവായ രീതിയില്‍ മെത്രോപോലിത്തമാരുടെ ട്രാന്‍സ്ഫര്‍ നടപ്പാക്കണോ ?

View Results

Loading ... Loading ...

 

error: Thank you for visiting : www.ovsonline.in