ഡോവർ സെന്റ് തോമസിൽ രക്തദാന ക്യാംപ്
ഡോവർ (ന്യൂജഴ്സി):- കമ്മ്യൂണിറ്റി ബ്ലഡ് സർവ്വീസസിന്റെ സഹകരണത്തോടെ ഡോവർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു. ജൂലൈ 3 ഞായറാഴ്ച ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 5 വരെയാണ് ഇടവക മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്യാംപ് നടക്കുന്നത്.
സ്വാതന്ത്ര്യദിനത്തിൽ ‘ജീവന്റെ സമ്മാനം നൽകൂ’ എന്ന ആപ്തവാക്യവുമായാണ് ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. തുടർച്ചയായ 4–ാം വർഷമാണ് ഈ ക്യാംപ് നടക്കുന്നത്. ഇടവകയിലെ സജീവമായി പ്രവർത്തിക്കുന്ന ആധ്യാത്മിക പ്രസ്ഥാനങ്ങളിലൊന്നായ സമാജം. ‘പ്രമേഹ രോഗവും നിവാരണ മാർഗ്ഗങ്ങളും’ എന്ന വിഷയത്തിലൂന്നിയ സെമിനാർ നടത്തിയിരുന്നു. കാത്തലിക്ക് പാറ്റേഴ്സൺ രൂപതയുടെ കീഴിൽ ഡോവർ ടൗൺഷിപ്പിൽ പ്രവർത്തിക്കുന്ന ചാരിറ്റി പ്രസ്ഥാനമായ ‘ഹോപ് ഹൗസിൽ’ എല്ലാ മൂന്ന് മാസം കൂടുമ്പോഴും ഭക്ഷണപദാർത്ഥങ്ങളും തണുപ്പ് സമയത്ത് കമ്പിളി പുതപ്പുകൾ, വസ്ത്രങ്ങൾ എന്നിവയും എത്തിച്ചുകൊടുക്കുന്നുണ്ട്. സമീപ ഇടവകയായ സെന്റ് മേരീസ് കാത്തലിക് ചർച്ചിലെ സൂപ്പ് കിച്ചണിലും സമയാസമയങ്ങളിൽ ആവശ്യത്തിലേറെ ഭക്ഷണപദാർത്ഥങ്ങളും എത്തിച്ചു കൊടുക്കുന്നു. ഡിഫൻസീവ് ഡ്രൈവിംഗ് കോഴ്സ് നടത്തി ഇടവകാംഗങ്ങളിൽ ബോധവൽക്കരണം നടത്തുകയും ചെയ്തു.
ജൂലൈ 3 ഞായറാഴ്ച വി. കുർബാനയ്ക്കുശേഷം ഇപ്പോൾ നടന്നു വരുന്ന ഒവിബിഎസിന്റെ സമാപന സമ്മേളനവും റാലിയും ക്രമീകരിച്ചിട്ടുണ്ട്. ഇടവകയുടെ പെരുന്നാൾ ജൂലൈ 8, 9 (വെളളി, ശനി) തീയതികളിലായി നടക്കും. ഫാ. ലാബി ജോർജ് പനയ്ക്കാമറ്റമാണ് പ്രധാന കാർമ്മികൻ.
വിവരങ്ങൾക്ക് :
വികാരി ഫാ. ഷിബു ഡാനിയൽ :845 641 9132
ട്രസ്റ്റി സുനോജ് തമ്പി : 862 216 4829
സമാജം സെക്രട്ടറി എൽസി തോമസ് :973 998 5551