OVS - Latest NewsOVS-Pravasi News

സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ചർച്ച് ഓഫ് ഹൂസ്റ്റണിൽ ശ്ലീഹമാരുടെ പെരുന്നാൾ കൊണ്ടാടി

ഹൂസ്റ്റൺ:- വി. പത്രോസ്, പൗലോസ് ശ്ലീഹമാരുടെ നാമത്തിലുളള ഹൂസ്റ്റണിലെ ഏക ദേവാലയമായ സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് പളളിയിലെ പെരുന്നാൾ ജൂൺ 25, 26 (ശനി, ഞായർ) തീയതികളിൽ കൊണ്ടാടി.

25 ന് ശനിയാഴ്ച വൈകിട്ട് 6 ന് ഇടവക ഭദ്രാസനാധിപൻ അലക്സിയോസ് മാർ യൂസേബിയോസ് മെത്രാപ്പോലീത്ത കൊടി ഉയർത്തി പെരുന്നാളിന് തുടക്കം കുറിച്ചു. തുടർന്ന് സന്ധ്യാ പ്രാർഥനയും റവ. ഫാ. പി. എ. ഫിലിപ്പിന്റെ വചന പ്രഘോഷണവും ഉണ്ടായിരുന്നു. സന്ധ്യാ പ്രാർഥനയ്ക്കു റവ. ഫാ. മാത്തുക്കുട്ടി വർഗീസ്, റവ. ഫാ. മാമ്മൻ മാത്യു, റവ. ഫാ. പി. എം. ചെറിയാൻ, റവ. ഫാ. രാജേഷ് കെ. ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 8 ന്സ്റ്റാഫോർഡ് യൂണിവേഴ്സൽ ഫർണിച്ചർ സ്പോൺസർ ചെയ്ത ഏലിയാസ് ഏഞ്ചൽവോയിസിന്റെ മൂസിക്കൽ നൈറ്റ് ഉണ്ടായിരുന്നു. തുടർന്ന് ജിജി മോൻ അത്താണിക്കലിന്റെ നേതൃത്വത്തിൽ നടന്ന വർണ്ണ ശബളമായ കരിമരുന്ന് പ്രയോഗം പെരുന്നാളിനെ ഹൂസ്റ്റണിലെ മറ്റ് ഇടവക പെരുന്നാളുകളിൽ നിന്നും വ്യത്യസ്തമാക്കി. ശേഷം നടന്ന സ്നേഹ വിരുന്നിന് കമ്മിറ്റി അംഗം സന്ദീപ് മറ്റമന, സ്ത്രീ സമാജം സെക്രട്ടറി ഏലിയാമ്മ അവിര എന്നിവർ നേതൃത്വം നൽകി.

26 ഞായറാഴ്ച രാവിലെ അഭി. തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന മൂന്നിൻമേൽ കുർബാനയ്ക്ക് റവ. ഫാ. ജോൺ ഗീവർഗീസ്, റവ. ഫാ. പി. എ. ഫിലിപ്പ് എന്നിവർ സഹകാർമ്മികരായിരുന്നു. ഭദ്രാസനത്തിലെ പ്രമുഖ സീനിയർ വൈദികൻ റവ. ഫാ. ഡോ. സി. ഒ. വർഗീസ്, റവ. ഫാ. ഷോൺ മാത്യുവും ശുശ്രൂഷകളിലുടനീളം സന്നിഹിതരായിരുന്നു.

കമ്മറ്റി അംഗം രജി സ്കറിയായോടൊപ്പം ഷാജി ഏബ്രഹാം , സജി മത്തായി തുടങ്ങിയ 15– ഓളം പേർ മദ്ബഹായിൽ ശുശ്രൂഷകരായിരുന്നു.ഷെബിൻ ബോബന്റെ കീബോർഡിൽ സ്മിതാ സജി, ആനി ഏബ്രഹാം, ലീലാമ്മ ശാമുവേൽ, ജോൺ യോഹന്നാൻ തുടങ്ങിയവർ നയിച്ച ക്വയർ ശ്രുതി മധുരമായ ഗാനങ്ങളാൽ ഇടവകയെ ഭക്തി സാന്ദ്രമാക്കി.

വി. കുർബാനയ്ക്കുശേഷം നടന്ന വർണ്ണശബളമായ റാസ്യ്ക്ക് ഇടവക സെക്രട്ടറി ഷിജിൻ തോമസ്, ട്രസ്റ്റി രാജു സ്കറിയ എന്നിവർ നേതൃത്വം നൽകി.പെരുന്നാൾ വിജയത്തിനായി ഇടവക വികാരി റവ. ഫാ. ഐസക് ബി. പ്രകാശിനോടൊപ്പം ഇടവക അസി. സെക്രട്ടറി റിജോ ജേക്കബും അജി സി. പോളും കോ ഓർഡിനേറ്റേഴ്സായി പ്രവർത്തിച്ചു.

ഹൂസ്റ്റണിലും സമീപ പ്രദേശങ്ങളിൽ നിന്നും പെരുന്നാളിനു സംബന്ധിച്ച എല്ലാ വിശ്വാസികൾക്കും വികാരി റവ. ഫാ. ഐസക് ബി. പ്രകാശ് നന്ദി രേഖപ്പെടുത്തി.റാസായ്ക്കുശേഷം ആശീർവാദവും റജി ജോർജ് തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.ഉച്ചയ്ക്ക് 2 മണിയോടു തിരുമേനി കൊടിയിറക്കിയതോടെ ഈ വർഷത്തെ പെരുന്നാൾ പര്യവസാനിച്ചു.സെക്രട്ടറി ഷിജിൻ തോമസ് അറിയിച്ചതാണ് ഈ വിവരം.

error: Thank you for visiting : www.ovsonline.in