ദരിദ്രർക്കു സഹായം നൽകുന്നതു ദൈവത്തിന് നൽകുന്നതിന് തുല്യം: ഡോ. സഖറിയ മാർ തെയോഫിലോസ്
പൂക്കോട്ടുംപാടം ∙ ദരിദ്രർക്കു സഹായം നൽകുന്നതു ദൈവത്തിന് നൽകുന്നതിന് തുല്യമാണെന്ന് ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഡോ. സഖറിയ മാർ തെയോഫിലോസ് പറഞ്ഞു. അതിനാൽ അവസരമുണ്ടാക്കി മറ്റുള്ളവരെ സഹായിക്കണമെന്ന് പാട്ടക്കരിമ്പ് ആദിവാസി കോളനിയിൽ തയ്യൽ യന്ത്രങ്ങൾ വിതരണം ചെയ്ത് അദ്ദേഹം അഭിപ്രായപ്പെട്ടു. പഞ്ചായത്തംഗം കെ. മീനാക്ഷി ആധ്യക്ഷ്യം വഹിച്ചു.
ചുങ്കത്തറ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി വികാരി ഫാ. ജോക്കബ് വർഗീസ്, സഭാ മാനേജിങ് കമ്മിറ്റി അംഗം എ.കെ.ബേബി, ജോസഫ് ഡാനിയേൽ, ഇന്റലിജൻസ് സിഐ ആർ.സന്തോഷ്, ഡപ്യൂട്ടി റേഞ്ച് ഓഫിസർ പി.കെ.മുജീബ് റഹ്മാൻ, എസ്എെമാരായ ടി.പി.ശിവദാസൻ, എ.സദാശിവൻ,എഎസ്ഐ കെ.ഹമീദ്, ഐടിഡിപി എപിഒ ഹെറാൾഡ് ജോൺ, മഹിളാ സമഖ്യ കോ–ഓർഡിനേറ്റർ എം.റെജീന, എന്നിവർ പ്രസംഗിച്ചു. ഭദ്രാസനത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 13 യുവതികൾക്കാണ് യന്ത്രങ്ങൾ നൽകിയത്.
സ്വന്തം കാലിൽ നിൽക്കാനുള്ള അവരുടെ ആഗ്രഹം മനസ്സിലാക്കിയ മാർ തെയോഫിലോസ് എംബ്രോയ്ഡറി ഉൾപ്പെടെ തയ്യൽ പരിശീലിപ്പിക്കാൻ നാലു മാസത്തേക്ക് അധ്യാപികയേയും നിയോഗിച്ചു. വേതനം ഭദ്രാസനം വഹിക്കും. മാർ തെയോഫിലോസിനെ അന്തരിച്ച മൂപ്പന്റെ ഭാര്യ ചാത്തി പൊന്നാട ചാർത്തി സ്വീകരിച്ചു. ചടങ്ങിൽ മൂപ്പൻ ഗോപാലൻ ക്രൈസ്തവ ഭക്തി ഗാനം ആലപിച്ചത് സദസ്സിന് കൗതുകം പകർന്നു.