പുതിയ പ്രുമിയോന്‍ – ഹൂത്തോമോ പുസ്തകം പ്രകാശിപ്പിക്കുന്നു
കോട്ടയം: മലങ്കര സഭയിലെ പരിശുദ്ധന്മാരുടെയും ശുദ്ധിമതികളുടേയും പിതാക്കന്മാരുടേയും ഓര്‍മ്മദിനങ്ങളില്‍ ഉപയോഗിക്കുവാനുള്ള പ്രുമിയോന്‍ – ഹൂത്തോമോകള്‍ തയാറായി. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണ വിഭാഗമായ എം. ഒ. സി. പബ്‌ളിക്കേഷന്‍സ് ആണ് പ്രസിദ്ധീകരിക്കുന്നത്. പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പെരുന്നാളിന് പഴയ സെമിനാരിയില്‍വെച്ച് പ. കാതോലിക്കാ ബാവാ പ്രകാശിപ്പിക്കും എന്ന് എം. ഒ. സി. പബ്‌ളിക്കേഷന്‍സ് പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്താ അറിയിച്ചു.
മലങ്കര സഭയില്‍ പള്ളികള്‍, ത്രോണോസുകള്‍, തിരുശേഷിപ്പുകള്‍ ഇവ സ്ഥാപിക്കപ്പെടുകയും വിപുലമായി പെരുന്നാള്‍ ആഘോഷിക്കപ്പെടുകയും ചെയ്യുന്നവരുടെ പ്രുമിയോന്‍ – ഹൂത്തോമോകള്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പരമ്പരാഗതവും പുതുതായി രചിച്ചവയുമടക്കം 73 സന്ദര്‍ഭങ്ങള്‍ക്കുള്ള പ്രുമിയോന്‍ – ഹൂത്തോമോകള്‍ ആണ് തയാറായിരിക്കുന്നത്. സ്മരണിയ പിതാക്കന്മാരുടെ ജീവിതവും സംഭാവനകളും ധ്യാനാത്മകമായി വര്‍ണ്ണിക്കുന്ന പരമ്പരാഗത ശൈലിയില്‍ തയാറാക്കിയ പ്രുമിയോന്‍ – ഹൂത്തോമോകളോടൊപ്പം ഓരോ പരിശുദ്ധന്മാരുടെയും ലഘു ജീവചരിത്രവും ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരമൊരു കൃതി സുറിയാനി പാരമ്പര്യത്തില്‍ ആദ്യമെന്നു കരുതപ്പെടുന്നു.
ഒരുകൂട്ടം പണ്ഡിതര്‍ ഒരു വര്‍ഷത്തിലധികം അദ്ധ്വാനിച്ചാണ് ഈ കൃതി തയാറാക്കിയത്. പെരുന്നാളുകളെ കൂടുതല്‍ സജീവമാക്കാന്‍ ഉതകുന്ന പ്രുമിയോന്‍ – ഹൂത്തോമോ പുസ്തകം പ. വട്ടശ്ശേരില്‍ തിരുമേനിയുടെ പെരുന്നാളിന് പഴയ സെമിനാരിയില്‍ ലഭ്യമാകും.
https://ovsonline.in/true-faith/orthodox-faith/