OVS - ArticlesOVS - Latest NewsOVS-Kerala News

ഓര്‍ത്തഡോക്‌സ് സഭയുടെ ലക്ഷ്യം ശാശ്വത സമാധാനം.

സഭാതര്‍ക്കം സംബന്ധിച്ച ചില സത്യങ്ങള്‍ താഴെ നല്‍കുന്നു.

മലങ്കരസഭാതര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ പാത്രിയര്‍ക്കീസ് അനുഭാവികളുടെ (1934-ലെ ഭരണഘടനയിലും, 2017-ലെ സുപ്രീംകോടതി വിധിയിലും നല്കുതില്‍ അധികമായി അന്തിയോക്യ പാത്രിയര്‍ക്കീസിന് ചില അവകാശങ്ങളും അധികാരങ്ങളും നല്‍കണമെന്ന് ശഠിക്കുന്നവര്‍) പള്ളികള്‍ കൈയേറുവാനാണ് ഓര്‍ത്തഡോക്‌സ് സഭ ശ്രമിക്കുന്നതെന്ന് കുപ്രചരണം മറുഭാഗം സര്‍വ്വശക്തിയും ഉപയോഗിച്ചു നടത്തുന്നുണ്ട്. മലങ്കരസഭയുടെ ലക്ഷ്യം ശാശ്വത സമാധാനമാണ്. മലങ്കരസഭയുടെ പുരാതനമായ പള്ളികള്‍ എല്ലാം കലഹങ്ങള്‍ ആരംഭിക്കുന്നതിനു വര്‍ഷങ്ങള്‍ക്കു മുമ്പ്, സഭ ഒന്നായിരുന്ന കാലത്ത് സ്ഥാപിതമായവയാണ്. അവ പാത്രിയര്‍ക്കീസ് അനുഭാവികളുടെ മാത്രം പള്ളികളാണെന്ന അവകാശവാദം തന്നെ സത്യവിരുദ്ധമാണ്. വിഘടനങ്ങളോ കക്ഷിഭേദമോ ഇല്ലാതെ എല്ലാവരും ചേർന്ന് ആരാധന നടത്തിയിരുന്ന പിറവം, കോതമംഗലം, കട്ടച്ചിറ ആദിയായവയും, മറ്റനേകം പള്ളികളും, 1973 മുതല്‍ നടന്ന കയ്യേറ്റങ്ങളിലൂടെ പാത്രിയര്‍ക്കീസ് വിഭാഗം കൈയടക്കി. അവിടെ നിന്നെല്ലാം ഓര്‍ത്തഡോക്‌സ് സഭയുടെ വൈദികരെ പുറത്താക്കി. അന്ന് ആ കൈയേറ്റങ്ങളെ അപലപിക്കുവാന്‍ കേരളത്തിലെ സാമൂഹ്യസംഘടനകളോ നേതാക്കളോ ആരും മുതിർന്നില്ല. ഓര്‍ത്തഡോക്‌സ് സഭ വേദന കടിച്ചമര്‍ത്തി, നിയമവാഴ്ചയും വ്യവസ്ഥാപിതമായ ഭരണക്രമങ്ങളും ആ പള്ളികളില്‍ പുനഃസ്ഥാപിക്കപ്പെടുന്നതിനുവേണ്ടി, കോടതികളെ സമീപിക്കുക മാത്രമാണ് ചെയ്തത്. ആ നിയമപോരാട്ടത്തിൻ്റെ വിജയമാണ് 2017 ജൂലൈ 3-ന് സംഭവിച്ചത്.

നിയമപരമായി സഭയിലെ 1064 പള്ളികളിലും 1934-ലെ ഭരണഘടന അനുസരിച്ച് ഭരണം നടക്കണം എന്ന് സുപ്രീം കോടതിയുടെ തീര്‍പ്പ് നടപ്പിലാക്കുവാന്‍ മാത്രമാണ് സഭ ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും. ഈ വിധികൊണ്ട് :

  • ഇടവകപ്പള്ളികളുടെ സ്ഥാവര ജംഗമ വസ്തുക്കള്‍ കൈവശപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നില്ല.
  • ഇടവകപ്പള്ളികളുടെ ഭരണം ഇടവകക്കാര്‍ തന്നെയാണ് നടത്തേണ്ടത്.
  • ഓരോ വര്‍ഷവും ഇടവക പൊതുയോഗം തിരഞ്ഞെടുക്കുന്ന ഭരണസമിതിയാണ് ഭരിക്കേണ്ടത്.
  • പള്ളികള്‍ കയ്യേറുകയല്ല, പള്ളികളിലും സഭയിലും 1934-ലെ ഭരണഘടനയനുസരിച്ച് നിലനിന്നിരുന്ന ഭരണക്രമം പുനഃസ്ഥാപിക്കുക മാത്രമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ലക്ഷ്യം.
  • സുപ്രീംകോടതി വിധി നടപ്പാക്കപ്പെടുമ്പോള്‍, 1934-ലെ സഭാഭരണഘടന അനുസരിച്ച് നിയമിതനായിരിക്കുന്ന മെത്രാപ്പോലീത്തയാല്‍ നിയമിതരായിരിക്കുന്ന വൈദികരാണ് ഇടവകഭരണത്തിനു നേതൃത്വം നല്‍കേണ്ടത്. അതല്ലാതെ വിശ്വാസികളാരും ഇടവകപ്പള്ളി വിട്ടുപോകേണ്ടി വരില്ല. ഒരു വിശ്വാസിപോലും പുറത്തുപോകണമെന്ന് പരിശുദ്ധ കാതോലിക്കാബാവായോ, ഉത്തരവാദിത്തമുള്ള സഭാനേതാക്കളോ ആവശ്യപ്പെട്ടിട്ടില്ല. 1934-ലെ ഭരണഘടനയ്ക്കനുസരിച്ച് എല്ലാ ഇടവകാംഗങ്ങള്‍ക്കുമുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടും. ഇടവകഭരണത്തില്‍ സജീവമായി പങ്കാളികളാകുവാനുള്ള അവസരം എല്ലാ ഇടവകാംഗങ്ങള്‍ക്കും ലഭിക്കും. എന്നാല്‍ സമാന്തരമായ മറ്റൊരു ഭരണസംവിധാനം ഒരു പള്ളിയിലും അനുവദനീയമല്ല എന്ന് സുപ്രീം കോടതിവിധിയില്‍ സ്പഷ്ടമാക്കിയിട്ടുണ്ട്.
  • ഇടവകപ്പള്ളിയില്‍ നിന്ന് ഒരു വിശ്വാസിയും മാറിപ്പോകേണ്ടി വരില്ല; ആരെയും പുറത്താക്കില്ല.
  • വിശ്വാസത്തിലും ആരാധനാനുഷ്ഠാനങ്ങളിലും ഇരുവിഭാഗവും തമ്മില്‍ വ്യത്യാസമുണ്ടെന്ന പ്രചരണം സത്യവിരുദ്ധമാണ്. ഇരുവരുടെയും ആരാധനാക്രമങ്ങള്‍ തമ്മില്‍ അണുവിട വ്യത്യാസമില്ല. മാമോദീസാ, വിവാഹം മുതലായ കൂദാശകള്‍ ഇരുവിഭാഗവും പരസ്പരം അംഗീകരിക്കുന്നുമുണ്ട്.
  • മേല്‍പ്പറഞ്ഞ സത്യങ്ങള്‍ പാത്രിയര്‍ക്കീസ് അനുഭാവികള്‍ എല്ലാവരും മനസ്സിലാക്കുകയും മറിച്ചുള്ള എല്ലാ പ്രചരണങ്ങളും സത്യവിരുദ്ധമാണെന്ന് തിരിച്ചറിയുകയും ചെയ്യണം.
  • 1958-ലെ സമാധാനം താത്ക്കാലികമായിരുന്നു. അത്തരമൊരു സമാധാനം ഇനിയും ശാശ്വതമാവുകയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. 1958, 1995, 2017 എന്നീ വര്‍ഷങ്ങളിലെ സുപ്രീംകോടതി വിധികള്‍ അടിസ്ഥാനപ്പെടുത്തി, വിഘടനവാദങ്ങള്‍ ഉപേക്ഷിച്ച് സഭ സമ്പൂര്‍ണ്ണമായി ഒന്നായി തീരുന്ന അവസ്ഥ മാത്രമേ ശാശ്വതമാവുകയുള്ളു. അപ്രകാരമുള്ള സമാധാനത്തിനായി കക്ഷിഭേദമെന്യേ എല്ലാവരും ഒരുമിച്ചു കൈകോര്‍ക്കുവാന്‍ ആഹ്വാനം ചെയ്യുന്നു.

മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം വിശ്വാസികള്‍ മനസ്സിലാക്കി, ഇന്‍ഡ്യയുടെ പരമോന്നത കോടതിയുടെ വിധി നടപ്പാക്കുവാന്‍ സമാധാനപരമായി സഹകരിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു . 2017 ജൂലൈ 3-ലെ വിധിക്കു ശേഷം, ഉടന്‍തന്നെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവാ തിരുമേനി, സഭമുഴുവനും, 1934-ലെ ഭരണഘടന അംഗീകരിച്ച്, എ. ഡി. 52 -ല്‍ പരിശുദ്ധ മാര്‍ത്തോമ്മ ശ്ലീഹായാല്‍ സ്ഥാപിതമായ പുരാതനസഭയില്‍ ഒരുമിച്ചു നിന്ന് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാവണം എന്ന് ആഹ്വാനം ചെയ്തിരുന്നു . ഈ കാര്യങ്ങള്‍ മാദ്ധ്യമങ്ങള്‍ വഴി വ്യക്തമാക്കിയിട്ടു ള്ളതാണ്. വീണ്ടും ഒരിക്കല്‍ക്കൂടി സഭയുടെ നിലപാട് പൊതുസമൂഹത്തെ അറിയിക്കുന്നു .

പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ്,
മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ

മലങ്കര സഭാ ന്യൂസ്  Android Application →  OVS Online ഇല്‍ നിന്നുമുള്ള വാര്‍ത്തകളും ലേഖനങ്ങളും നിങ്ങളുടെ മൊബൈലില്‍ ഉടന്‍ തന്നെ ലഭ്യമാകുവാന്‍ ഞങ്ങളുടെ Android Application ഇന്‍സ്റ്റോള്‍ ചെയ്തോളൂ

https://ovsonline.in/articles/malankara-church-dispute-2/

error: Thank you for visiting : www.ovsonline.in