ഓർത്തഡോക്സ് സഭ പരിസ്ഥിതി ദിനം ആചരിച്ചു
പത്തനംതിട്ട :- മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ഓർത്തഡോക്സ് സഭ പരിസ്ഥിതി കമ്മിഷന്റെയും മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിന്റെയും നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. സഭാ പരിസ്ഥിതി കമ്മിഷൻ പ്രസിഡന്റ് കുര്യാക്കോസ് മാർ ക്ലിമ്മീസ് അധ്യക്ഷത വഹിച്ചു.
ദേവാലയങ്ങൾ പരിസ്ഥിതി ബോധവൽക്കരണത്തിന് മുൻഗണന നൽകണമെന്ന് മാർ ക്ലിമ്മീസ് പറഞ്ഞു. ഡോ. ജോസഫ് മാർ ദിവന്നാസിയോസ് പ്രഭാഷണം നടത്തി. കമ്മിഷൻ ജനറൽ സെക്രട്ടറി ഫാ. ഡോ. മിഖായേൽ സഖറിയ, ഡോ. ജോർജ് വി. തോമസ്, പ്രഫ. മോഹൻ വർഗീസ്, പ്രഫ. ബിനോയ് ടി. തോമസ്, വികാരി ഫാ. ബിജു മാത്യൂസ്, സണ്ണി വർഗീസ് എന്നിവർ പ്രസംഗിച്ചു. സെന്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ വൃക്ഷത്തൈ നട്ടു. രാവിലെ മാർ ദിവന്നാസിയോസിന്റെ കാർമികത്വത്തിൽ കുർബാനയും നടന്നു.
പുത്തൂർ ∙ കാരിക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു വികാരി ഫാ. തോമസ് മാത്യൂസ് തട്ടാരുതുണ്ടിൽ വൃക്ഷത്തൈകൾ നട്ടു. ദിനാചരണത്തിനു പുത്തൂർ ഗ്രൂപ്പ് ഓർഗനൈസർ ജെ.ജിജിൻ, യുവജന പ്രസ്ഥാന പ്രതിനിധികളായ തോമസ് പകലോമറ്റം, റോബിൻ കല്ലുവിള തുടങ്ങിയവർ നേതൃത്വം നൽകി.
ഹരിപ്പാട് :- സെന്റ് തോമസ് ഓർത്തഡോക്സ് മിഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ പശ്ചിമ മേഖലയിൽ പെട്ട 14 പള്ളികളിൽ ആറായിരത്തോളം വൃക്ഷത്തൈകൾ വിതരണം ചെയ്തു. ഇതിന്റെ ഉദ്ഘാടനം മിഷൻ സെന്റർ വളപ്പിൽ വൃക്ഷത്തൈ നട്ടു മിഷൻ സെന്റർ വൈസ് പ്രസിഡന്റ് ഫാ. ബിജി ജോൺ നിർവഹിച്ചു. ആത്മായ വൈസ് പ്രസിഡന്റ് സുനിൽ കെ. ജോർജ്, സെക്രട്ടറി കെ. പാപ്പച്ചൻ, ട്രഷറർ റോബിൻ ചാക്കോ എന്നിവർ പ്രസംഗിച്ചു.
കുമ്പഴ :- സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ലോക പരിസ്ഥിതി ദിനം ആചരിച്ചു. വൃക്ഷത്തൈ വിതരണം, ജംക്‌ഷനിലും മാർക്കറ്റിലും പരിസര പ്രദേശങ്ങളിലും ശുചീകരണം, പച്ചക്കറി വിത്ത് വിതരണം, ഓടകൾ വൃത്തിയാക്കൽ, മാലിന്യ കൂമ്പാരങ്ങൾ നീക്കം ചെയ്യൽ എന്നിവ ഇതോടനുബന്ധിച്ച് നടത്തി.മാലിന്യങ്ങൾ നീക്കം ചെയ്ത സ്ഥലത്ത് വൃക്ഷ തൈകളും നട്ടു. പ്രകൃതി സംരക്ഷണത്തിന്റെയും പരിസ്ഥിതി ദിനത്തിന്റെയും സന്ദേശം ഉൾക്കൊള്ളുന്ന പ്ലക്കാർഡുകളും ജംക്‌ഷന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു. വികാരി ഫാ. ലിറ്റോ ജേക്കബ്, ഫാ. ഫിലിപ്പോസ് ഏബ്രഹാം, അനൂജ് ജോൺസൺ, ലിജിൻ ജേക്കബ്, നിതിൻ മണക്കാട്ടുമണ്ണിൽ, ബെൻസൻ ടി. സജി, റിജോ ജോൺ, ഡെന്നീസ് സാബു, റിച്ചു ബിജു എന്നിവർ നേതൃത്വം നൽകി.
അടൂർ :- മരത്തണലിൽ പരിസ്ഥിതി ദിനാചരണം നടത്തി കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിലെ എംജിഒസിഎസ്എം പ്രവർത്തകർ ശ്രദ്ധേയരായി. അടൂർ ഗാന്ധിസ്മൃതി മൈതാനിയിലെ മരത്തണലിലാണ് പരിസ്ഥിതി ദിനാചരണം നടത്തിയത്. നഗരസഭ അധ്യക്ഷ ഷൈനി ജോസ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഉമ്മൻ തോമസ് അധ്യക്ഷത വഹിച്ചു. കൊൽക്കത്ത ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് പരിസ്ഥിതി സന്ദേശം നൽകി. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് സന്ദേശ റാലിയും കലാപരിപാടികളും നടത്തി. കൗൺസിലർമാരായ അന്നമ്മ ഏബ്രഹാം, ബിജു വർഗീസ് ഫാ. ജിജി കെ. ജോയി, ഫാ. മൈക്കിൾ, സൈമൺ തോമസ്, മോബൻ കോശി എന്നിവർ പ്രസംഗിച്ചു.